കൊവിഡിനെതിരേ പടപൊരുതാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും. ബാങ്കിന്റെ സിഎസ്ആര്‍ പ്രൊജക്ടായ എസ്ബിഐ ഫൗണ്ടേഷനാണ് കോവിഡിനെതിരേ വിവിധ ആശ്വാസ പദ്ധതികള്‍ നടപ്പാക്കുന്നത്. ഇതിനു വേണ്ടി 30 കോടി രൂപയാണ് ബാങ്ക് നീക്കിവച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍, ആരോഗ്യ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തല്‍, ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കുക, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സുമായി സഹകരിച്ച് കോവിഡുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയ്ക്ക് സഹായം നല്‍കുവാനാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനായി ആരോഗ്യം എന്ന വിഷയത്തില്‍ പ്രത്യേക പദ്ധതി തയാറാക്കും. വെന്റിലേറ്റര്‍, പിപിഇ തുടങ്ങിയവ പ്രധാനപ്പെട്ട ആശുപത്രികളിലേക്ക് വിതരണം ചെയ്യും. ഇതിനകം രാജ്യത്തെ നാലു കേന്ദ്രങ്ങളില്‍ പ്രതിദിനം 10000 ഭക്ഷണപ്പൊതികള്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.

എക്കോ ഇന്ത്യ, ആരോഗ്യമന്ത്രാലയം എന്നിവയുമായി ചേര്‍ന്ന് വിവധ സംസ്ഥാനങ്ങളില്‍ 50000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പ്രോജക്ട് ഇക്കോ ഇന്ത്യ പദ്ധതിക്കു എസ്ബിഐ ഫൗണ്ടേഷന്‍ ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കുവാനായി യുഎസ്എഐഡിയുമായി ചേര്‍ന്ന് ഇന്ത്യ കോവിഡ്19 ഹെല്‍ത്ത് കെയര്‍ അലയന്‍സ് (ഐസിഎച്ച്എ) എന്ന പദ്ധതിക്കു തുടക്കം കുറിച്ചിട്ടുണ്ട്.

കൊവിഡ് 19 സാംക്രമിക രോഗത്തിനെതിരേയുള്ള പോരാട്ടത്തിനായി എസ്ബിഐ ഫൗണ്ടേഷന്‍ കോവിഡ്19 ദുരിതാശ്വാസ നിധിക്കു രൂപം നല്‍കിയിട്ടുണ്ടെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ അറിയിച്ചു. എസ്ബിഐയില്‍നിന്നു പെന്‍ഷന്‍ പറ്റിയ ഉദ്യോഗസ്ഥര്‍ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്തതായും അദ്ദേഹം പറഞ്ഞു. എസ്ബിഐ മഹിള സമിതി പ്രസിഡന്റ് റീതാ അഗര്‍വാളിന്റെ ആഭിമുഖ്യത്തില്‍ എസ്ബിഐയിലെ ജോലിക്കാരുടെ ഭാര്യമാരില്‍നിന്നു നിധിയിലേക്കു സംഭാവന സ്വരൂപിച്ചുവരികയാണ്. 2015ലാണ് എസ്ബിഐ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്.