ദില്ലി: അയക്കുന്ന എല്ലാ വാട്സാപ്പ് സന്ദേശങ്ങളും ഉറവിടത്തിലേക്ക് പിന്തുടരാൻ പറ്റണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ വീണ്ടും രംഗത്ത്. നിലവിലെ എൻക്രിപ്ഷൻ സംവിധാനം നിലനിർത്തിക്കൊണ്ട് തന്നെ പങ്കുവക്കപ്പെടുന്ന മെസ്സേജുകൾ കണ്ടെത്തുവാൻ കഴിയുന്ന സംവിധാനം ഒരുക്കണമെന്നാണ് സർക്കാർ വാട്സാപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

മുമ്പും സമാനമായ ആവശ്യം സർക്കാർ വാട്സാപ്പിന് മുമ്പിൽ വച്ചിരുന്നു. 2018 മുതലാണ് വ്യാജവാർത്തയുമായി ബന്ധപ്പെട്ട് സർക്കാർ വാട്സാപ്പിന് മേൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയത്. ഈ സമ്മർദ്ദം ശക്തമായപ്പോൾ സന്ദേശങ്ങൾ ഫോ‌ർവേഡ് ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തുകയും പത്ര മാധ്യമങ്ങളിൽ ബോധവൽക്കരണ പരസ്യം നൽകുകയുമാണ് വാട്സാപ്പ് ചെയ്തത്. ഇതിനപ്പുറം ഒന്നും ചെയ്യാനാകില്ലെന്നും എൻക്രിപ്ഷൻ സംവിധാനത്തെ ഇല്ലാതാക്കാതെ സന്ദേശങ്ങളെ അവയുടെ ഉറവിടത്തിലേക്ക് പിന്തുടരാൻ ആകില്ലെന്നും വാട്സാപ്പ് നേരത്തെ വ്യക്തമാക്കിയിരിക്കുകയാണ്. 

എല്ലാ സന്ദേശങ്ങളും വായിക്കാൻ കഴിയണമെന്ന് ആവശ്യപ്പെടുന്നില്ലെന്ന് പറയുന്ന സർക്കാർ വൃത്തങ്ങൾ സംശയകരമായ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തേണ്ട സാഹചര്യം വരുമ്പോൾ അതിന് കഴിയണമെന്ന് മാത്രമാണ് അവശ്യമെന്ന് വ്യക്തമാക്കുന്നു. എന്നാൽ എൻക്രിപ്ഷൻ സംവിധാനത്തെ അപ്പാടെ ഇല്ലാതാക്കാതെ ഇത് സാധ്യമല്ലെന്ന നിലപാടിലാണ് വാട്സാപ്പ്. നിലവിൽ ഉപയോക്താക്കൾ തമ്മിൽ കൈമാറുന്ന സന്ദേശങ്ങൾ വാട്സാപ്പിന് പോലും വായിക്കാൻ കഴിയില്ലെന്നാണ് കമ്പനി നിലപാട്. ഇക്കാര്യത്തിൽ പുതുതായി ഒന്നു പറയാനില്ലെന്ന് വാട്സാപ്പ് വ്യക്തമാക്കി. 

2000ത്തിലെ ഐടി ആക്ടിന്‍റെ 79ആം വകുപ്പിൽ ഐടി മന്ത്രാലയം കഴിഞ്ഞ ഡിസംബറിൽ നി‍ർദ്ദേശിച്ച മാറ്റങ്ങളിലൊന്ന് എല്ലാ സാമൂഹ്യമാധ്യമങ്ങൾക്കും സന്ദേശങ്ങളുടെയും പോസ്റ്റുകളുടെയും ഉറവിടം കണ്ടെത്താനാകണമെന്നതായിരുന്നു. വ്യാജ വാർത്തയുടെ വ്യാപനം തടയാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും ഇത് അത്യാവശ്യമാണെന്നാണ് സർക്കാർ നിലപാട് എന്നാൽ ഈ ആവശ്യം അൽപ്പം കടന്നതാണെന്നും സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണെന്നും വാട്സാപ്പ് ശക്തമായി വാദിക്കുന്നു.

വാട്സാപ്പിന്‍റെ എറ്റവും വലിയ മാർക്കറ്റുകളിലൊന്നാണ് ഇന്ത്യ. യുപിഐ അധിഷ്ഠിത പേ മെന്‍റ് സംവിധാനം ഇവിടെ അവതരിപ്പിക്കുന്നതിനായി വളരെ കാലമായി വാട്സാപ്പ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ആർബിഐയിൽ നിന്നുള്ള അനുമതി ലഭിക്കാത്തതാണ് ഇത് വൈകാൻ കാരണമെന്നാണ് റിപ്പോർട്ട്. എൻക്രിപ്ഷൻ സംവിധാനത്തിലെ നിലപാട് തുടരുകയാണെങ്കിൽ ഇത് ഉടനെ ലഭിക്കാൻ സാധ്യതയില്ല.