നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന അവകാശവാദങ്ങൾ പലപ്പോഴും തൊണ്ടതൊടാതെ വിഴുങ്ങാൻ വളരെ പ്രയാസമാണ്.  കാർമേഘങ്ങളുടെ മറവിൽ പോർ വിമാനങ്ങളെയും തെളിച്ച് നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെപ്പറ്റിയുള്ള പരാമർശത്തിന് മേലെ ട്രോളുകളുടെ പെരുമഴയായിരുന്നു. അതിന്റെ ബഹളങ്ങൾ ഒടുങ്ങും മുമ്പുതന്നെ അടുത്ത വെടി പൊട്ടിച്ചിരിക്കുകയാണ് അദ്ദേഹം.  1987-88 കാലഘട്ടത്തിൽ താൻ ഡിജിറ്റൽ കാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തി എന്നാണ് ന്യൂസ് നേഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്. ചുമ്മാ ഉപയോഗിച്ചിട്ടുണ്ട് എന്ന് മാത്രമല്ല പറഞ്ഞത്, അന്നത്തെ ബിജെപി നേതാക്കളിൽ പ്രമുഖനായിരുന്ന ലാൽ കൃഷ്ണ അദ്വാനിയുടെ കളർ ചിത്രങ്ങൾ പകർത്തി, അതിനെ ദില്ലിയിലേക്ക് ഈമെയിൽ അയച്ചു കൊടുത്തു എന്നും പറഞ്ഞുകളഞ്ഞു മോദി. 

അതൊരല്പം കടന്നുപോയി. മോഡിയുടെ ഇത്തരത്തിലുള്ള വീരവാദങ്ങളോട് സ്വതവേ പ്രതികരിക്കാത്ത പലരും അതിനെതിരെ പ്രസ്താവനകളുമായി സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തി. അതിൽ രാഷ്ട്രീയക്കാരും, പത്രപ്രവർത്തകരും, സാമ്പത്തിക, സാങ്കേതികവിദ്യാ രംഗങ്ങളിലെ വിദഗ്ധരും ഒക്കെ ഉണ്ടായിരുന്നു. 

സാമ്പത്തിക വിദഗ്ധയായ രൂപ സുബ്രഹ്മണ്യ തന്റെ ട്വീറ്റിലൂടെ ചൂണ്ടിക്കാണിച്ചത്, പാശ്ചാത്യലോകത്തുപോലും 1988-ൽ ഇന്റര്നെറ് എന്നത് വിരലിലെണ്ണാവുന്ന ഉത്പതിഷ്ണുക്കളായ ധനാഢ്യർക്കു മാത്രം ലഭ്യമായിരുന്ന ഒരു ആഡംബരമായിരുന്നു. ഗവേഷകരും, അക്കാദമിക് പണ്ഡിതരും, ശാസ്ത്രജ്ഞരും ഒക്കെ അവരുടെ ലാബുകളിൽ കഷ്ടിച്ച് ഉപയോഗിച്ച് തുടങ്ങിയിരുന്ന ഒരു സാങ്കേതികവിദ്യ മോദി അന്നേ പരിചയിച്ചിരുന്നു എന്നൊക്കെ പറഞ്ഞാൽ ആരും മൂക്കത്ത് വിരൽ വെച്ച് പോവും.  ഇന്ത്യയിൽ ഇന്റർനെറ്റ് എന്ന സാങ്കേതികവിദ്യ സൗകര്യം ഉപഭോക്താക്കളിലേക്ക് ഔദ്യോഗികമായി എത്തുന്നത് 1995 -ലാണ്. 


 
'ഭൂലോക നുണയൻ' എന്നാണ് ഈ പരാമർശത്തിന്റെ പേരിൽ ഒരു ട്വിറ്റർ ഉപഭോക്താവ് മോദിയെ വിശേഷിപ്പിച്ചത്. 

രാഷ്ട്രീയനിരീക്ഷകനായ സൽമാൻ സോസ് പറഞ്ഞത്, ഈ വീമ്പ് ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്ന ഒന്നാണ് എന്നായിരുന്നു. അദ്ദേഹം തന്റെ 1993-ലെ അമേരിക്കൻ ജീവിതം ഓർത്തെടുത്തുകൊണ്ട് ഇങ്ങനെ കുറിച്ചു, " അന്ന് AOL - അമേരിക്കാ ഓൺലൈൻ ആയിരുന്നു അവിടത്തെ പ്രധാന സർവീസ് പ്രൊവൈഡർ. അത് തന്നെ അവിടത്തെ യൂണിവേഴ്‌സിറ്റികളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.  അന്ന് അവിടത്തെ അവസ്ഥ അതായിരിക്കുമ്പോഴാണ്, നമ്മുടെ മോഡി 1988-ൽ ഇന്ത്യയിൽ മെയിൽ അയച്ചെന്ന് കള്ളം പറഞ്ഞിരിക്കുന്നത്. എത്ര അപഹാസ്യമാണിത്.. " 

മോദിയെ ഈ ഡിജിറ്റൽ കാമറ അവകാശവാദത്തിന് പേരിൽ കടന്നാക്രമിക്കുകയാണ് AIMIM നേതാവ് അസദുദ്ദിൻ ഒവൈസി ചെയ്തത്. കയ്യിൽ അഞ്ചു കാശില്ലാത്ത, സൂക്ഷിക്കാനും മാത്രം കാശ് കയ്യിൽ വരാത്തതുകൊണ്ട് പേഴ്‌സുപോലും ഇല്ലായിരുന്നു എന്ന് നൊസ്റ്റാൾജിയ പറയുന്ന പ്രധാനമന്ത്രി, 1988-ൽ ലക്ഷങ്ങൾ വിലയുള്ള ഡിജിറ്റൽ കാമറ സ്വന്തമാക്കിയിരുന്നു എന്നും അതുവച്ച് തുരുതുരാ പടങ്ങൾ പിടിച്ചിരുന്നു എന്ന് പറയുന്നത് എത്ര വലിയ വിരോധാഭാസമാണ്..?  എന്തും പറയാൻ മടിയില്ലാത്ത പ്രധാനമന്ത്രിയെ എങ്ങനെയാണ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശ്വസിക്കാനാവുക. 

സാമൂഹ്യമാധ്യമങ്ങളിൽ തന്നെ മറ്റുപലരും മോദി പറഞ്ഞതിനെ വസ്തുതകൾ കൊണ്ട് ഖണ്ഡിക്കാനും ശ്രമിച്ചു. ഷാഹിദ് അക്തർ എന്ന ഒരാൾ എഴുതിയത് ഇങ്ങനെയായിരുന്നു. വിപണിയിൽ വന്ന ആദ്യത്തെ ഡിജിറ്റൽ കാമറ 1990 -ൽ പുറത്തിറങ്ങിയ ഡൈകാം എന്ന മോഡലായിരുന്നു. പിന്നെ ലോജിടെക്‌ ഫോട്ടോമാൻ. പക്ഷേ, മോദിജി അത് 1988 -ൽ തന്നെ സ്വന്തമാക്കി. VSNL വഴി 1995  ഓഗസ്റ്റ് 14-നു മാത്രം ഇന്ത്യയിൽ വന്ന ഇന്റർനെറ്റും മോദിക്കു മാത്രം 1988-ലേ കിട്ടി. സത്യമെന്തെന്ന് ആരന്വേഷിക്കുന്നു. മോദിജി പറയുന്നത് എന്തോ അതാണ് സത്യം. 

1990 -ൽ ആദ്യമായി കമേഴ്സ്യലി നിർമിക്കപ്പെട്ട കാമറയുടെ ചിത്രവും ഒരാൾ പങ്കുവെച്ചു.

 ഇനി മോദിയാണോ ഇന്റർനെറ്റ് കണ്ടുപിടിച്ചത് എന്നുപോലും ഒരാൾ സംശയം പ്രകടിപ്പിച്ചു. 'മോദിജിയുടെ വീരവാദങ്ങൾ' എന്നൊരു പുസ്തകം താമസിയാതെ പുറത്തിറങ്ങും എന്ന് മറ്റൊരാൾ. ചായ വിറ്റ് ഉപജീവനം നയിച്ച, ദാരിദ്ര്യത്തിൽ പുലർന്നിരുന്ന മോദിജി എങ്ങനെ അക്കാലത്ത് ലക്ഷങ്ങൾ വിലയുണ്ടായിരുന്ന  ഡിജിറ്റൽ കാമറ സ്വന്തമാക്കി അക്കാലത്ത് എന്ന സംശയം ആർക്കും തീരുന്നില്ല.