ദില്ലി: ഇന്ത്യയില്‍ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രതിരോധം തീര്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും 100 കോടി രൂപ വിലമതിക്കുന്ന 4,00,000 സംരക്ഷിത ഹസ്മത് സ്യൂട്ടുകള്‍ സംഭാവന നല്‍കി ടിക് ടോക്ക്. ആദ്യ ബാച്ച് 20,675 സ്യൂട്ടുകള്‍ ഇന്ന് രാവിലെയോടെ ടിക് ടോക്ക് ഇന്ത്യയിലെത്തിച്ചു.

രണ്ടാം ബാച്ച് 1,80,375 സ്യൂട്ടുകള്‍ ശനിയാഴ്ചയ്ക്ക് മുമ്പ് ഇന്ത്യയില്‍ എത്തിക്കും. തുടര്‍ന്നുള്ള ആഴ്ചകളില്‍ ബാക്കി 2,00,000 സ്യൂട്ടുകള്‍ ഘട്ടം ഘട്ടമായി എത്തിക്കുമെന്നാണ് ടിക് ടോക്ക് സര്‍ക്കാറിന് അയച്ച കത്തില്‍ പറയുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് അയച്ച കത്തില്‍ ടിക്ക് ടോക്ക് തലവന്‍ നിഖില്‍ ഗാന്ധി ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന് സ്യൂട്ടുകള്‍ എത്തിക്കാനുള്ള സഹായത്തിന് നന്ദി പറഞ്ഞു. 

കൊവിഡ് 19 വ്യാപിക്കുന്നത് തടയാന്‍ അവബോധവും വളര്‍ത്താന്‍ രാജ്യത്തുടനീളം വിവിധ കാമ്പെയ്‌നുകള്‍ ആരംഭിച്ചതായും ടിക് ടോക് അറിയിച്ചു.  250 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഏറ്റവും വലിയ വീഡിയോ ഷെയറിങ് ആപ്പാണ് ഇന്ത്യയില്‍ ടിക് ടോക്.

ഡോക്ടര്‍മാര്‍ക്കുള്ള സ്യൂട്ടുകളും ഗ്ലൗസുകളുമടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത ദാരിദ്ര്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ടിക് ടോക്കിന്റെ സഹായം ചെറിയ ആശ്വാസമാകും. ചികിത്സ തന്ന പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ ദാരിദ്ര്യം അനുഭവപ്പെടുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.