ദില്ലി: റീചാര്‍ജ് ചെയ്തില്ലെങ്കില്‍ സിം കണക്ഷന്‍ ഡീ ആക്ടിവേറ്റ് ചെയ്യും എന്ന രീതിയില്‍ പ്രീ–പെയ്ഡ് അക്കൗണ്ട് ഉപഭോക്താക്കൾക്കു മുന്നറിയിപ്പു നൽകിയ ടെലികോം കമ്പനികൾക്ക് ടെലികോം റെഗുലേറ്ററി അതോററ്ററിയുടെ താക്കീത്.  ഭാരതി എയർടെല്ലിനും വൊഡഫോൺ-ഐഡിയക്കുമാണ് ഇത് സംബന്ധിച്ച് ട്രായ് നോട്ടീസ് അയച്ചത്.

ചില പ്ലാനുകൾക്കു കീഴിൽ വരുന്ന ഉപഭോക്താക്കൾക്കാണ് ടെലികോം കമ്പനികൾ മുന്നറിയിപ്പു നൽകിയത്. അക്കൗണ്ടിൽ നിശ്ചിത ബാലൻസുണ്ടായിട്ടും സേവനങ്ങൾ തുടരണമെങ്കിൽ നിർബന്ധമായും റീചാർജ് ചെയ്യണമെന്നുള്ള മുന്നറിയാപ്പാണ് എസ്എംഎസായി ഉപയോക്താക്കള്‍ക്ക് ലഭിച്ചത്. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതായി ട്രായ് വ്യക്തമാക്കി. 

മൂന്നു ദിവസത്തിനകം ഈ വിഷയത്തിൽ വ്യക്തത വരുത്തിയുള്ള എസ്എംഎസ് ഉപയോക്താക്കൾക്കു അയക്കണമെന്നും ട്രായ് കമ്പനി പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്കി.കോളുകളൊന്നും വിളിക്കാതെ തന്നെ ഇൻ‌ കമിങ് സൗകര്യം നിലനിർത്തുന്ന മിനിമം റീചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കളെ പരമാവധി ഒഴിവാക്കുക എന്ന നയത്തിലേക്ക് ടെലികോം കമ്പനികൾ പ്രവേശിച്ചതോടെയാണ് കർശന നിലപാടുമായി ട്രായ് രംഗത്തെത്തിയിട്ടുള്ളത്.