Asianet News MalayalamAsianet News Malayalam

അമേരിക്കയ്ക്ക് പിന്നാലെ വാവേയ്ക്കെതിരെ നടപടിയുമായി ബ്രിട്ടനും

ചൈനയ്ക്കുവേണ്ടി വാവേ ചാരവൃത്തി നടത്തുന്നുവെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് തീരുമാനം. രാജ്യസുരക്ഷയാണ് മുഖ്യമെന്നാണ് ബ്രിട്ടന്‍റെ നിലപാട്. എന്നാല്‍ നീക്കത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ചൈന ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 

UK bans Huawei from 5G networks
Author
London, First Published Jul 14, 2020, 8:45 PM IST

ലണ്ടൻ: ചൈനീസ് കമ്പനി വാവേയ്ക്കെതിരെ ബ്രിട്ടനും. 5ജി സാങ്കേതികവിദ്യാ ശൃംഖലയില്‍നിന്നും നിരോധിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. 2027ഓടെ വാവേയുടെ പങ്ക് പൂര്‍ണമായി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഈ വര്‍ഷം ഡിസംബര്‍ 31ന് ശേഷം കമ്പനിയുടെ ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും നിരോധനമുണ്ട്. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് ഈ നീക്കമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കമ്പനിയെ പൂര്‍ണമായി നിരോധിക്കുന്ന നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരുത്തുമെന്നാണ് ഡിജിറ്റല്‍ സെക്രട്ടറി ഒലിവര്‍ ഡൌഡെന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ വ്യക്തമാക്കിയത്. സെമി കണ്ടക്ടര്‍ സാങ്കേതികവിദ്യ വാവേയ്‌ക്ക് ലഭ്യമാക്കുന്നതിൽ യുഎസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ 5ജി സാങ്കേതികവിദ്യാ വിതരണരംഗത്ത് കമ്പനിയുടെ ശേഷിയെ കാര്യമായി ബാധിക്കുമെന്നാണ് ബ്രിട്ടന്റെ നിരീക്ഷണം.

എന്നാല്‍ പെട്ടന്ന് കമ്പനിയെ ഒഴിവാക്കുന്നത് 5ജി വിന്യാസത്തെയും സേവനത്തെയും ബാധിക്കുമെന്നതിനാലാണ് ഘട്ടം ഘട്ടമായി നിരോധിക്കുന്നത്. ചൈനയ്ക്കുവേണ്ടി വാവേ ചാരവൃത്തി നടത്തുന്നുവെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് തീരുമാനം. രാജ്യസുരക്ഷയാണ് മുഖ്യമെന്നാണ് ബ്രിട്ടന്‍റെ നിലപാട്. അതേസമയം ഈ നീക്കത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ചൈന ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 

 


 

Follow Us:
Download App:
  • android
  • ios