Asianet News MalayalamAsianet News Malayalam

മേക് ഇൻ ഇന്ത്യ: 4000 കോടി രൂപ മുതൽമുടക്കിൽ ഇന്ത്യയിൽ വിവോയുടെ പുതിയ പ്ലാന്‍റ്

പുതിയ നിർമ്മാണ കേന്ദ്രത്തിന്റെ വരവോടെ സ്മാർട്ട് ഫോണ്‍ വിപണിയിൽ വിലക്കുറവ്, പുതിയ തൊഴിൽ അവസരങ്ങൾ എന്നിങ്ങനെയുള്ള വലിയ മാറ്റങ്ങൾക്ക് വരുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു

vivo new plant in uttarpradesh
Author
Uttar Pradesh, First Published Dec 20, 2018, 3:20 PM IST

ദില്ലി: മുൻനിര സ്മാർട്ട് ഫോണ്‍ നിർമാതാക്കളായ വിവോ ഇന്ത്യയിൽ വൻ മുതൽമുടക്കിനൊരുങ്ങുന്നു. 'മേക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി 4000 കോടി  രൂപ മുതൽമുടക്കിൽ വിവോയുടെ ഇന്ത്യയിലെ രണ്ടാമത്തെ പ്ലാന്റാണ് ഉത്തർപ്രദേശിൽ സ്ഥാപിക്കുക. ഇതിനായി 169 ഏക്കർ സ്ഥലം വിവോ ഏറ്റെടുത്തുകഴിഞ്ഞു.

പുതിയ നിർമ്മാണ കേന്ദ്രത്തിന്റെ വരവോടെ സ്മാർട്ട് ഫോണ്‍ വിപണിയിൽ വിലക്കുറവ്, പുതിയ തൊഴിൽ അവസരങ്ങൾ എന്നിങ്ങനെയുള്ള വലിയ മാറ്റങ്ങൾക്ക് വരുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ''ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഉത്പന്ന നവീകരണവും, ശ്രദ്ധയും, മൂല്യവും നൽകാനുള്ള പ്രതിബദ്ധതയോടെയാണ് വിവോ 2014ൽ ഇന്ത്യൻ വിപണിയിലേക്ക്‌ പ്രവേശിച്ചത്.

അന്ന് മുതൽ ഇന്ത്യ ഞങ്ങളെ  സംബന്ധിച്ചിടത്തോളം ഒരു പ്രധാന വിപണിയാണ്. ഇന്ന് ഇന്ത്യയിൽ ഞങ്ങൾ  വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക്  പ്രവേശിച്ചുകൊണ്ട് ഞങ്ങളുടെ പ്രതിബദ്ധതയെ വീണ്ടും ഊട്ടിയുറപ്പിക്കുകയാണ്. കൂടാതെ, പുതിയ പ്ലാന്റ് ഉയർന്ന ഗുണമേന്മയുള്ള ജോലിയും, പരിശീലന അവസരങ്ങളും നൽകുക വഴി ചുറ്റുമുള്ള പ്രദേശത്തിന് വലിയ ആനുകൂല്യം നൽകുമെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് വിവോ ഇന്ത്യ ബ്രാൻഡ് സ്ട്രാറ്റജി ഡയറക്ടർ നിപുൺ  മാര്യ പറഞ്ഞു.

നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന വിവോ സ്മാർട്ട് ഫോണുകള്‍ എല്ലാം തന്നെ ഗ്രെറ്റർ നോയിഡയിലെ നിർമ്മാണകേന്ദ്രത്തിൽ നിർമ്മിച്ചവയാണ്. ലോകത്തിലെ തന്നെ വിവോയുടെ നാല് പ്രധാന നിർമാണ യൂണിറ്റുകളിൽ ഒന്നാണ് ഗ്രെറ്റർ നോയിഡ പ്ലാന്റ്. 300 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച നോയിഡ പ്ലാന്റിൽ  5000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

ഇതിലൂടെ വർഷം 2 ദശലക്ഷം യൂണിറ്റ് സ്മാര്‍ട്ട് ഫോണുകളാണ് നിർമിക്കുന്നത്. പുതിയ പ്ലാന്റിന്റെ വരവോടെ ആദ്യ ഘട്ടത്തിൽ തന്നെ 5000 ത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നാണ് പ്രതീക്ഷ.

പുതിയ തൊഴിലവസരങ്ങൾ,  ശമ്പള വർദ്ധനവ്, നൈപുണ്യ വികസനം എന്നീ മേഖലകളിൽ തികഞ്ഞ സാമൂഹിക സാമ്പത്തിക വളർച്ചയ്ക്ക് ഈ നിക്ഷേപം വഴിയൊരുക്കും. പുതിയ പ്ലാന്റിന്റെ വരവോടെ വാർഷിക നിർമ്മാണം 50 ദശലക്ഷം യൂണിറ്റ് ആക്കാനാണ് വിവോ പദ്ധതിയിടുന്നത്. 

Follow Us:
Download App:
  • android
  • ios