ഇന്ത്യയിലെ തന്നെ പിപിപി മോഡലിൽ നി‍‌‌ർമ്മിക്കപ്പെടുന്ന ആദ്യത്തെ ലാപ്ടോപ്പാണ് കേരളത്തിന്‍റെ കൊക്കോണിക്സ്. യഥാർത്ഥ്യത്തിൽ ഇന്ത്യയിൽ ഒരു കമ്പനിയും ലാപ്ടോപ്പുകളോ കമ്പ്യൂട്ടറുകളോ നിർമ്മിക്കുന്നില്ല, വിവിധ ഘടകങ്ങൾ ഇറക്കുമതി ചെയ്ത് അസംബിൾ ചെയ്യുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. ഈ വ്യവസ്ഥയിലേക്കാണ് സ്വന്തം ലാപ്ടോപ്പുമായി കൊക്കോണിക്സ് കടന്നു വരുന്നത്. 

നാൽപ്പത് ശതമാനം ഘടകങ്ങളും ഇവിടെ തന്നെ നിർമ്മിക്കുക, മെമ്മറിയും, പ്രോസസ്സറും അടക്കമുള്ള ബാക്കി 60 ശതമാനം ഘടകങ്ങൾ ഇറക്കുമതി ചെയ്ത് കേരളത്തിൽ വച്ച് തന്നെ സംയോജിപ്പിക്കുക, ഇതാണ് കോക്കോണിക്സ് വിഭാവനം ചെയ്തത്. ഇത് എത്രത്തോളം സാധ്യമായി? കൊക്കോണിക്സ് ലാപ്ടോപ്പിന്‍റെ മറ്റ് ഫീച്ചറുകൾ എന്തൊക്കെ?

സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കറുമായി നടത്തിയ അഭിമുഖം

കോക്കോണിക്സ്, ആ പേര് തന്നെ വിചിത്രമാണല്ലോ ?

വ്യത്യസ്തമായ ഒരു പേര് വേണമെന്നുണ്ടായിരുന്നു അങ്ങനെ അന്വേഷിച്ച് അഭിപ്രായങ്ങൾ ക്ഷണിച്ചപ്പോൾ കിട്ടിയ പേരാണ് കോക്കോണിക്സ്. ഒരു രസകരമായ പേരാണ്. കോക്കോനട്ടും ഇലക്ട്രോണിക്സും ചേർന്നാൽ കോക്കോണിക്സ്. വ്യത്യസ്തമായ ഒരു സംരംഭമാണല്ലോ, അപ്പോൾ പേരും വ്യത്യസ്തമായിക്കോട്ടെ എന്ന് കരുതി. അങ്ങനെ കേരളത്തിന്‍റെ ലാപ്ടോപ്പ് കൊക്കോണിക്സ് ആയി മാറി. 

ഇന്ത്യയിൽ കമ്പ്യൂട്ടറുകൾ നിർമ്മിക്കുന്നില്ല അസംബിൾ  ചെയ്യുകമാത്രമാണ് ചെയ്യുന്നത്. കൊക്കോണിക്സ് വിഭാവനം ചെയ്യപ്പെട്ടപ്പോൾ പറഞ്ഞിരുന്നത് 40 ശതമാനം ഘടകങ്ങൾ ഇവിടെ തന്നെ നിർമ്മിക്കുമെന്നാണ്. അത് എത്രത്തോളം സാധ്യമായിട്ടുണ്ട് ?
  
ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മൾ സ്വയം പര്യാപ്തത നേടിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇന്ത്യയിൽ അസംബ്ലിങ്ങ് മാത്രമാണെന്ന് പറഞ്ഞല്ലോ. ഇതിന് കാരണം നമ്മുടെ വ്യാപാര കരാറുകളാണ്. ഇവിടെയുണ്ടാക്കുന്നതിനെക്കാൾ എത്രയോ തുച്ഛമായ തുകയ്ക്ക് പുറത്ത് നിന്ന് ഇറക്കുമതി ചെയ്ത് ഉപയോഗിക്കാൻ കഴിയും. ഇന്ത്യയിൽ നിർമ്മിക്കുന്ന വസ്തുക്കളുടെ എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത് പോലുള്ള കാര്യങ്ങളെക്കുറിച്ച് വിവിധ കേന്ദ്രമന്ത്രാലയങ്ങളുമായി ചർച്ച ചെയ്തിരുന്നു. എന്നാൽ ഈ ചർച്ചകൾ ഇതുവരെ പൂർണ്ണമായി ഫലപ്രാപ്തിയിലെത്തിയിട്ടില്ല, ഇപ്പോഴും ചർച്ചകൾ നടക്കുകയാണ്.

എങ്ങനെയാണ് നമ്മൾ സ്വന്തം കമ്പ്യൂട്ടർ നിർമ്മാണം എന്ന ആശയത്തിലേക്കെത്തുന്നത് ? 

നമ്മുടെ രാജ്യം എറ്റവും കൂടുതൽ വിദേശനാണയം ചിലവഴിക്കുന്നത് എണ്ണ ഇറക്കുമതി ചെയ്യാനാണ്, രണ്ടാം സ്ഥാനത്ത് സ്വർണ്ണമാണ്, മൂന്നാമത് ഇലക്ട്രോണിക്സ് വസ്തുക്കളും. നിലവിലെ നിരക്കിലാണെങ്കിൽ അധികം വൈകാതെ ഇത് ഒന്നാം സ്ഥാനത്തെത്തും. അത് കൊണ്ട് തന്നെ ഇലക്ട്രോണിക് ഉപകരണ നിർമ്മാണത്തിൽ നമ്മൾ സ്വയം പര്യാപ്തരാകേണ്ടത് അത്യാവശ്യമാണ്. അങ്ങനെയാണ് സ്വന്തം കമ്പ്യൂട്ടറുകളും സെർവ്വറുകളും നിർമ്മിക്കുക എന്ന ആശയത്തിലേക്ക് വരുന്നത്. 

ഇന്ത്യയിൽ പിപിപി മോഡലിൽ കമ്പ്യൂട്ടറുകൾ നിർമ്മിക്കുന്ന ആദ്യ സംരംഭമാണല്ലൊ കൊക്കോണിക്സ്. എങ്ങനെയാണ് കെൽട്രോണും കെ എസ് ഐഡിസിയും യു എസ് ടി ഗ്ലോബലും ഇതിന്റെ് ഭാഗമാകുന്നത്?

കെൽട്രോൺ കേരളത്തിന്റെസ അഭിമാനമായിരുന്ന സ്ഥാപനമാണ് വീണ്ടും പഴയ പ്രതാപത്തിലേക്ക് ഉയരാൻ കൊതിക്കുന്ന കെൽട്രോൺ സ്വാഭാവികമായും പദ്ധതിയുടെ ഭാഗമാകുകയായിരുന്നു. തുടക്കത്തിൽ കെൽട്രോണിനെ മാത്രം വച്ച് ഈ പദ്ധതി നടപ്പാക്കാനും ആലോചിച്ചിരുന്നു. പിന്നീട് ചില വെല്ലുവിളികൾ മൂലം ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇന്റെവൽ പോലുള്ള സ്ഥാപനങ്ങളുമായി ധാരണയിലെത്തുക എന്നത് കെൽട്രോൺ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ലല്ലോ. അത് പോലെ ഗവർൺമെന്റിടന്റെങ മാത്രം ചട്ടക്കൂടിൽ ഒതുങ്ങിയാൽ ശരിയാവില്ല എന്നും തോന്നി. അങ്ങനെയാണ് ആഗോള തലത്തിൽ ശ്രദ്ധേയമായ യുഎസ്ടി ഗ്ലോബൽ കടന്നു വരുന്നത്.

49 ശതമാനം ഓഹരി അവർക്കാണ്. കെൽട്രോണിന് 26 ശതമാനം ഓഹരിയാണുള്ളത്, കെഎസ്ഐഡിസിക്ക് 23 ശതമാനവും. അതായത് സർക്കാർ ഓഹരിയും 49 ശതമാനത്തോളമുണ്ട്. ബാക്കി ഉള്ള രണ്ട് ശതമാനം ആക്സെലറോൺ എന്ന സ്റ്റാർട്ടപ്പിനാണ്. വൈകാതെ ലോകം മുഴുവൻ അറിയപ്പെടാൻ സാധ്യതയുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നവരാണ് അവർ. കൂടുതൽ സ്വകാര്യ സംരംഭകർ വരാൻ തയ്യാറുകുമ്പോൾ കെഎസ്ഐഡിസി ഷെയറുകൾ കൈമാറുന്ന രീതിയിലാണ് നിലവിൽ കമ്പനിയുടെ രൂപം.

കെൽട്രോണിന്‍റെ മൺവിളയിലെ പ്ലാന്‍റിലാണല്ലൊ ഇപ്പോൾ നിർമ്മാണം..

അവിടെ രണ്ട് അസംബ്ലി ലൈനുകളാണ് ഉള്ളത്, പതിനേഴ് ഘടകങ്ങളാണ് ഒരു ലാപ്ടോപ്പിനുള്ളത്. ഇവ യോജിപ്പിക്കാനും ടെസ്റ്റ് ചെയ്യാനുമുള്ള സംവിധാനം അവിടെ ഒരുക്കിയിട്ടുണ്ട്. പതിമൂന്നാം തീയതി ഇന്‍റെലിൽ നിന്നുള്ള ടീം ഇവിടം പരിശോധിക്കാൻ എത്തുന്നുണ്ട്. 

ആരായിരിക്കും കോക്കോണിക്സ് ലാപ്ടോപ്പിന്‍റെ ഉപഭോക്താക്കൾ ? സ്കൂൾ വിദ്യാർത്ഥികളായിരിക്കുമോ ?

കോക്കോണിക്സ് ഒരിക്കലും കുട്ടികൾക്ക് വേണ്ടിയുള്ള ലാപ്ടോപ്പ് അല്ല. സ്വന്തമായി ഒരു ജോലി കിട്ടി ആ ശമ്പളം കൊണ്ട് ലാപ്ടോപ്പ് വാങ്ങാൻ പോകുന്ന യുവാക്കളാണ് ഞങ്ങളുടെ ലക്ഷ്യം

എത്ര മോഡലുകളാണ് നമ്മൾ വിപണിയിലിറക്കാൻ പോകുന്നത് ? എന്തൊക്കെയായിരിക്കും പ്രത്യേകതകൾ ? 

ആറ് മോഡലുകളാണ് വിഭാവനം  ചെയ്തിരിക്കുന്നത്, ഇപ്പോൾ ആദ്യഘട്ടത്തിൽ മൂന്നെണ്ണമാണ് തയ്യാറായിട്ടുള്ളത്. ഇന്‍റെൽ ഐ 3 പ്രൊസസ്സർ അധിഷ്ഠിതമായ മോഡലുകളാണ് നിർമ്മിച്ചിരിക്കുന്നത് . ബ്രൗസിങ്ങിനും ഗെയിമിങ്ങിനുമാണ് ഇപ്പോൾ ലാപ്ടോപ്പുകൾ കൂടുതലായി ഉപയോഗിക്കപ്പെടുന്നതെന്നാണ് കണക്കുകൾ പറയുന്നത്. അങ്ങനെയുള്ളവർക്ക് ചേർന്നതായിരിക്കും കോക്കോണിക്സ് ലാപ്ടോപ്പ്. 

ഓപ്പൺ സോഴ്സിന്‍റെ വലിയ വക്താക്കളായിരുന്നു നമ്മൾ.  കൊക്കോണിക്സ് ഓപ്പൺ സോഴ്സ്  അധിഷ്ഠിതമായ സോഫ്റ്റവെയറായിരിക്കുമോ ഉപയോഗിക്കുക ?

പ്രത്യേകം ഡിസൈൻ ചെയ്ത ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്താണ് കൊക്കോണിക്സ് ഉപഭോക്താക്കളിലേക്ക് എത്തുക, എന്നാൽ ആർക്കെങ്കിലും അത് മാറ്റി വിൻഡോസ് പോലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം വേണമെന്ന് പറഞ്ഞാൽ അതും സാധ്യമാണ്. 

വില ?

നേരത്തെ പറഞ്ഞല്ലൊ. തന്‍റെ സ്വന്തം ശമ്പളത്തിൽ നിന്ന് ലാപ്ടോപ്പ് വാങ്ങാനെത്തുന്ന യുവാക്കളാണ് ലക്ഷ്യം. അവ‍ർക്ക് താങ്ങാൻ പറ്റുന്നതായിരിക്കും കോക്കോണിക്സ് ലാപ്ടോപ്പ് . 39,000 രൂപയ്ക്കടുത്താണ് ലാപ്ടോപ്പിന്റെ് വില നിശ്ചയിച്ചിരിക്കുന്നത്.

പതിനായിരം രൂപയ്ക്ക് ബേസിക് ലാപ്ടോപ്പ് കിട്ടുന്ന കാലമാണ് , ഈ കൊമേഴ്സ് സൈറ്റുകളിൽ വൻ ഓഫറുകളാണ് നിലവിലുള്ളത് ആളുകൾ കൊക്കോണിക്സ് വാങ്ങുമോ ?

ചെറിയ വില്ക്ക് കുറേ ഉത്പന്നങ്ങൾ വിൽക്കുകയല്ല കൊക്കോണിക്സിന്‍റെ ലക്ഷ്യം. ഗുണനിലവാരം ഉറപ്പ് വരുത്തും. മികച്ച ഉത്പന്നം ന്യായമായ വിലയ്ക്ക് ലഭ്യമാക്കിയാൽ അത് വാങ്ങാൻ ആളുകളുണ്ടാകും. ചൈനീസ് കൊടുങ്കാറ്റിനോട് പിടിച്ച് നിൽക്കാൻ കഴിയുന്ന ഒരു ഉത്പന്നമാണെങ്കിൽ മാതമ്രേ കൊക്കോണിക്സിന് പിടിച്ചു നിൽക്കാൻ പറ്റൂ. 

ഒരു സാധാരണക്കാരന് എപ്പോൾ വാങ്ങാൻ പറ്റും കൊക്കോണിക്സ് ?

ഗവർണമെന്‍റ് ഓഫീസുകളിലായായിരിക്കും ആദ്യ ഘട്ടത്തിൽ കോക്കോണിക്സ് എത്തുക. സർക്കാർ സ്ഥാപനങ്ങളിലെ ഉപയോഗത്തിന് അനുയോജ്യമായ മോഡലുകളാണ് തയ്യാറായിട്ടുള്ളത്. എന്തായാലും അടുത്ത ഓണത്തിന് മലയാളികളുടെ കൈയ്യിലേക്ക് കൊക്കോണിക്സ് ലാപ്ടോപ്പ് എത്തും. അപ്പോഴേക്കും ഡിസൈൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ കുറച്ചു കൂടി മെച്ചപ്പെടും. കൂടാതെ നമ്മൾ സ്വയം നിർമ്മിക്കുന്ന ഘടകങ്ങൾ അടങ്ങിയ ലാപ്ടോപ്പായിരിക്കും വിപണിയിലെത്തുക. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്കനുയോജ്യമായ കാര്യക്ഷമത കൂടിയ ബാറ്ററിയും ഡിസൈനും അപ്പോഴേക്കും ഉപഭോക്താക്കളിലേക്ക് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ

മലയാളി കൊക്കോണിക്സിനെ സ്വീകരിക്കുമോ ?

ഐ ഫോൺ വളരെ വിശേഷപ്പെട്ട ഒരു ഗാഡ്‍ജറ്റായാണ് വിലയിരുത്തപ്പെടുന്നത്. ഐ ഫോണിനെ ഐഡന്‍റിറ്റിയുടെ ഭാഗമാക്കിയവരുണ്ട്. അത് പോലെ മലയാളികൾ കോക്കോണിക്സിനെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കൊക്കോണിക്സ് ലാപ്ടോപ്പ് മലയാളികളുടെ ഐക്കൺ ആയി മാറുമെന്നാണ് പ്രതീക്ഷ, നമ്മളുടെ പ്രവാസികൾ കോക്കോണിക്സ് ലാപ്ടോപ്പ് അഭിമാനത്തോടെ ഉപയോഗിക്കുന്ന കാലമാണ് സ്വപ്നം. 

കൊക്കോണിക്സിന് അപ്പുറം കേരളത്തിന്‍റെ ഭാവി പദ്ധതികൾ

കോക്കോണിക്സ് ഒരു ഹാർഡ് വെയർ സംരംഭമാണ്. എല്ലാ വീടുകളിലേക്കും ഇന്റർർനെറ്റ് എത്തിക്കുന്ന സർക്കാരിന്റെ  കെ ഫോൺ എന്നത് ഒരു സർവ്വീസ് സംരംഭമാണ്. നമ്മൾ ഇപ്പോൾ പ്രധാനമായും ലക്ഷ്യമിടുന്നത് ബ്ലോക്ക് ചെയിനും ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസും ഓഗ്മെന്റടഡ് റിയാലിറ്റിയും പോലുള്ള മേഖലകളിൽ ഒരു മികച്ച തൊഴിൽ സേനയെ വാർത്തെടുക്കുക എന്നതാണ്. ഈ തൊഴിൽ സേനയിലൂടെ കേരളത്തിലേക്ക് വൻകിട വ്യവസായങ്ങളെ എത്തിക്കുകയാണ് ലക്ഷ്യം. വീഡിയോ കാണാം