കാലിഫോര്‍ണിയ: ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്റ‍‍‌‌‌ർനെറ്റ് ചാറ്റ് ആപ്പായ വാട്സാപ്പിന്റെ സേവനങ്ങൾ ലോകമെമ്പാടും രണ്ട് മണിക്കൂറോളം തടസപ്പെട്ടു. ചിത്രങ്ങളും, വീഡിയോകളും, സ്റ്റിക്കറുകളും കൈമാറ്റം ചെയ്യുന്നതിനായിരുന്നു പ്രശ്നം നേരിട്ടത്. വൈകിട്ട് നാല് മണിമുതലാണ് ഉപഭോക്താക്കൾ വാട്സാപ്പ് പ്രശ്നങ്ങൾ നേരിടുന്നതായി പരാതിപ്പെട്ട് തുടങ്ങിയത്. 

അഞ്ച് മണിയോട് കൂടി ഇന്ത്യ, ബ്രസീൽ, മലേഷ്യ, ഇന്തോനേഷ്യ എന്നിവടങ്ങളിലും സ്പെയിൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലും പ്രശ്നം വ്യാപകമായി റിപ്പോ‌‍ർട്ട് ചെയ്യപ്പെട്ടു. എന്നാൽ ടെക്സ്റ്റ് മെസേജുകൾ അയക്കുന്നതിനോ, വാട്സാപ്പ് വോയിസ് കോൾ ഉപയോ​ഗിക്കുന്നതിനോ പ്രശനം നേരിട്ടില്ല.  ആറ് മണിയോടടുപ്പിച്ച് പ്രശ്നം പരിഹരിക്കപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വാട്സാപ്പിന്റെ ഭാഗത്ത് നിന്നോ ഫേസ്ബുക്കിന്റെ ഭാഗത്തുനിന്നോ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. 

രണ്ട് മണിക്കൂറിനകം തന്നെ വാട്സാപ്പ് ഡൗൺ എന്ന  ഹാഷ്ടാഗ് ട്വിറ്ററിൽ ആഗോള തലത്തിൽ ട്രെൻഡിംഗ് ടോപിക് ആയി മാറി. ഇതാദ്യമായല്ല വാട്സാപ്പ് സേവനങ്ങൾ ഈ രീതിയിൽ തടസപ്പെടുന്നത്. 2019 ജൂലൈ മൂന്നിന് സമാന രീതിയിൽ വാട്സാപ്പിൽ മീഡിയ ഫയലുകൾ അയക്കുന്നതിന് തടസം നേരിട്ടിരുന്നു. അന്ന് വാട്സാപ്പിന് പുറമേ ഫേസ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും സമാനപ്രശ്നം നേരിട്ടിരുന്നു. മണിക്കൂറകളെടുത്താണ് അന്ന് പ്രശ്നം പരിഹരിക്കാനായത്.