Asianet News MalayalamAsianet News Malayalam

വിദ്വേഷ ഉള്ളടക്കം നീക്കം ചെയ്യുന്നത് തുടരും; കോണ്‍ഗ്രസിന് ഫേസ്ബുക്കിന്റെ ഉറപ്പ്

ആരോടും പക്ഷാപാതമില്ലെന്നും സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഇടമാണ് ഫേസ്ബുക്ക് നല്‍കുന്നതെന്നും നെയില്‍ പോട്‌സ് കത്തില്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെയുള്ള ആരോപണത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. 

Will continue to remove hateful content; Facebook to Congress
Author
New Delhi, First Published Sep 3, 2020, 7:50 PM IST

ദില്ലി: വിദ്വേഷം പരത്തുന്ന ഉള്ളടക്കം നീക്കം ചെയ്യുന്നത് തുടരുമെന്ന് കോണ്‍ഗ്രസിന് ഫേസ്ബുക്കിന്റെ ഉറപ്പ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫേസ്ബുക്കിന് അയച്ച കത്തിന് മറുപടിയായാണ് ഫേസ്ബുക്ക് കോണ്‍ഗ്രസിന് ഉറപ്പ് നല്‍കിയത്. ഏകപക്ഷീയമായിട്ടല്ല തീരുമാനങ്ങള്‍ എടുക്കുന്നതെന്നും വ്യത്യസ്ത കാഴ്ച്ചപ്പാടുള്ള ഒരുകൂട്ടം ആളുകളാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. 

ഫേസ്ബുക്ക് ഇന്ത്യയില്‍ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നും ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്തില്ലെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഫേസ്ബുക്ക് പബ്ലിക് പോളിസി ഡയറക്ടര്‍ നെയില്‍ പോട്ട്‌സിനാണ് കെസി വേണുഗോപാല്‍ കത്തയച്ചത്. ജാതി, മതം, വംശം, ദേശീയത എന്നിവയുടെ അടിസ്ഥാനത്തില്‍ ആരും ആക്രമിക്കപ്പെടാന്‍ പാടില്ലെന്നാണ് ഞങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്റേഡെന്നും ഇന്ത്യയില്‍ അത് പാലിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും ഫേസ്ബുക്ക് അറിയിച്ചു. ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമില്‍ പൊതുപ്രവര്‍ത്തകരുടെ വിദ്വേഷ പ്രചാരണങ്ങള്‍ നീക്കം ചെയ്യുന്നത് തുടരുമെന്നും അവര്‍ വ്യക്തമാക്കി. 

ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അംഖി ദാസിനെതിരെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. ആരോടും പക്ഷാപാതമില്ലെന്നും സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഇടമാണ് ഫേസ്ബുക്ക് നല്‍കുന്നതെന്നും നെയില്‍ പോട്‌സ് കത്തില്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെയുള്ള ആരോപണത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. 

സംഘടിതമായി വിദ്വേഷം പ്രചരിപ്പിക്കുന്നതും ഭീകവാദം തടയാനും തങ്ങള്‍ക്ക് വിദഗ്ധ സമിതിയുണ്ട്. ഒരാളല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വ്യത്യസ്ത വീക്ഷണമുള്ള ഒരുകൂട്ടം ആളുകളാണ് തീരുമാനമെടുക്കുന്നത്. ആരോപണം പ്രാദേശികമായും ആഗോളതലത്തിലും ഗൗരവമായി പരിശോധിക്കുമെന്നും പോളിസി ഡയറക്ടര്‍ പറഞ്ഞു. 

2020 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 22.5 ദശലക്ഷം വിദ്വേഷ പ്രചാരണങ്ങളാണ് നീക്കം ചെയ്തത്. 2017 അവസാന മൂന്ന് മാസത്തില്‍ 1.6 ദശലക്ഷം വിദ്വേഷ പ്രചാരണമാണ് നീക്കിയത്. ഇപ്പോള്‍ ഇരട്ടിയിലധികമായി. വിദ്വേഷ പ്രചാരണങ്ങള്‍ നീക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും ഫേസ്ബുക്ക് കത്തില്‍ ഉറപ്പ് നല്‍കി. 

Follow Us:
Download App:
  • android
  • ios