ദില്ലി: ജനപ്രിയ ​മൊബൈൽ ​ഗെയിം പ​ബ്ജിയും, മൊബൈൽ ഫോൺ നി‌ർമ്മാതാക്കളായ ഷവോമിയുടെ 141 ആപ്പുകളും അടങ്ങുന്നതാണ് പുതിയ പട്ടികയെന്നാണ് പുറത്ത് വരുന്ന വിവരം. ലുഡോ വേൾഡ്, സിലി, 1കാപ്പ്കട്ട്, ഫേസ്‌യു എന്നിവയും ഈ പട്ടികയിലുണ്ട്. വ്യക്തി വിവരങ്ങൾ ഉൾപ്പെടെ ചോർത്തുന്നതും ദേശീയ സുരക്ഷക്കും വെല്ലുവിളിയാകുന്നുവെന്ന് കണ്ടെത്തിയ 275 ആപ്പുകളുടെ പട്ടിക കേന്ദ്ര ഐടി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയെന്നാണ് റിപ്പോർ‍ട്ട്.

എക്ണോമിക്സ് ടൈംസ് റിപ്പോ‍‌‌ർട്ട് ചെയ്യുന്നതിനുസരിച്ച് ആലിബാബയുടെ അലി എക്സ്പ്രസ്സും, ടിക് ടോക്കിന്റെ മാതൃകമ്പനി ബൈറ്റ് ഡാൻസിന്റെ മറ്റ് രണ്ട് ആപ്പുകളായ റെസോയും, യു ലൈക്കും ഈ പട്ടികയിലുണ്ട്. പട്ടികയിലുൾപ്പെട്ടു എന്നത് കൊണ്ട് ഈ ആപ്പുകളെല്ലാം നിരോധിക്കപ്പെടണമെന്നില്ല. അതിനുള്ള സാധ്യത നിലനിൽക്കുന്നുവെന്ന് മാത്രമാണ് അ‌‌‌ർത്ഥമെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

നേരത്തെ തന്നെ ജനപ്രിയമായ പബ്ജി ലോക്ക് ഡൗൺ കാലത്ത് അൽഭുതകരമായ വള‌ർച്ചയായിരുന്നു സ്വന്തമാക്കിയത്. പബ്ജി യഥാ‌ത്ഥത്തിൽ ചൈനീസ് ​ഗെയിം അല്ലെങ്കിലും ​ഗെയിമിന്റെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെൻ്റ് ​ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കമ്പനിയാണ് പബ്‌ജി കോര്‍പ്പറേഷന്‍. സോളാണ് കമ്പനിയുടെ ആസ്ഥാനം. 

ടെൻസെന്റിന് ഈ ഒരൊറ്റ ഗെയിം കഴിഞ്ഞ മാസത്തിൽ മാത്രം സമ്മാനിച്ചത് 1700 കോടിയിൽപരം രൂപയുടെ വരുമാനമാണ്. ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ളേ എന്നിവയിൽ നിന്ന് മെയ് 1 മുതൽ മെയ് 31 വരെ ശേഖരിച്ച വിവരങ്ങൾ വെച്ചാണ്  ഈ വരുമാനം കണക്കാക്കപ്പെട്ടിട്ടുള്ളത് മെയ് 2020 -ലെ ഏറ്റവും കൂടുതൽ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയിൽ ഒന്നാമതായി ഇടം പിടിച്ച ​ഗെയിമാണ് പബ്ജി മൊബൈൽ. 

സെൻസ‌ർ ടവ‌ർ കണക്കനുസരിച്ച് മെയ് 2019 -ലെ കണക്കുകളുമായി താരതമ്യപ്പെടുത്തിയാൽ പബ്‌ജി മൊബൈൽ രേഖപ്പെടുത്തിയിട്ടുള്ളത് 41 ശതമാനം വളർച്ചയാണ്. മെയിലെ വരുമാനത്തിന്റെ പകുതിയിൽ അധികം വന്നിരിക്കുന്നത് ചൈനയിൽ നിന്നാണ്. 10 ശതമാനം ഇന്ത്യയിൽ നിന്നും, അഞ്ചു ശതമാനം സൗദിയിൽ നിന്നുമായിരുന്നു.

ഇന്ത്യയിൽ നിരോധിക്കപ്പെടുകയാണെങ്കിൽ വലിയൊരു യൂസ‌‌ർ ബേസാണ് പബ്ജിക്ക് നഷ്ടമാകുക.