പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം. മോഹൻലാലിന്റെ കരിയറിലെ വേറിട്ട കഥാപാത്രം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്യുന്നതും. വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

മലയാളത്തില്‍ ഏറ്റവും വലിയ ക്യാൻവാസില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം എത്തുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലമായി മകൻ പ്രണവ് മോഹൻലാലും അഭിനയിക്കുന്നുണ്ട്. മരക്കാര്‍ നാലാമനായിട്ടാണ് മോഹൻലാല്‍ അഭിനയിക്കുന്നത്. പ്രഭു, മഞ്ജു വാര്യര്‍, അര്‍ജുൻ, സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ് തുടങ്ങി വൻ താരങ്ങള്‍ ചിത്രത്തിലുണ്ട്. കടലില്‍ മായാജാലം കാണിക്കുന്നവൻ കുഞ്ഞാലി എന്നാണ് ട്രെയിലറില്‍ പറയുന്നത്. യുദ്ധം ജയിക്കും എന്ന് മോഹൻലാല്‍ പറയുന്നതും ട്രെയിലറിലുണ്ട്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എം എസ് അയ്യപ്പൻ നായരാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.