Asianet News MalayalamAsianet News Malayalam

രത്നഗിരിയിലെ ബുള്ളറ്റ് മെക്കാനിക്ക്, ചതഞ്ഞ വിരലുകളുള്ള 12കാരന്‍

2014 ഒക്ടോബറില്‍ ഗോവയില്‍നിന്നും മഹാരാഷ്ട്രയിലെ പന്‍വേലിലേക്കുള്ള യാത്രയ്ക്കിടെയാണ് ഈ കുട്ടികളെ കണ്ടുമുട്ടുന്നത്. 

A Travelogue To Rathnagiri by James Kottarappally
Author
Ratnagiri, First Published Aug 22, 2019, 3:52 PM IST

"അയ്യേ... നിങ്ങള്‍ക്ക് മറാഠി അറിയില്ലേ...?"

അവന്‍ കളിയാക്കിച്ചിരിച്ചു. ഒപ്പം, അവന്റെ കൂട്ടുകാരും. ആ ചിരിയില്‍ പങ്കുചേര്‍ന്നപ്പോള്‍ അവനെക്കുറിച്ചും അവന്റെ കൂട്ടുകാരെക്കുറിച്ചുമുള്ള ദുഃഖങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും അലിഞ്ഞുപോയി. മഹാരാഷ്ട്രയിലെ രത്‌നഗിരി മേഖലയിലെ ഒരു ചെറുപട്ടണത്തിലെ ടൂവീലര്‍ വര്‍ക്ക്‌ഷോപ്പിലെ സഹായികളാണ് പത്തും പന്ത്രണ്ടും വയസുള്ള ഈ കുട്ടികള്‍. അതില്‍ പന്ത്രണ്ടുകാരനാണ് അവരുടെ നായകന്‍. അവനാണ് കളിയാക്കുന്നത്. 2014 ഒക്ടോബറില്‍ ഗോവയില്‍നിന്നും മഹാരാഷ്ട്രയിലെ പന്‍വേലിലേക്കുള്ള യാത്രയ്ക്കിടെയാണ് ഈ കുട്ടികളെ കണ്ടുമുട്ടുന്നത്. 

A Travelogue To Rathnagiri by James Kottarappally

ഗോവന്‍ ഭംഗി ആസ്വദിച്ച് പനാജിയില്‍നിന്നാണ് ആ യാത്ര ആരംഭിച്ചത്. ഏത് സഞ്ചാരിയേയും കൊതിപ്പിക്കുന്ന കാഴ്ചകളിലേക്കൊരു റൈഡായിരുന്നു അത്. പശ്ചിമഘട്ടമലനിരകളുടെ സൗന്ദര്യത്തിന്റെ മറ്റൊരു മുഖമാണ് ഗോവയില്‍നിന്ന് രത്‌നഗിരികൂടി പന്‍വേലിലേക്കുള്ള ഹൈവേ കാട്ടിത്തരുന്നത്. പുഴകളും കാടുകളും വയലുകളും മാന്തോപ്പുകളും വിശാലമായ താഴ്‌വാരങ്ങളുമൊക്കെയായി പച്ചപ്പിന്റെ മനോഹരമായ വഴികളിലൂടെ മുന്നോട്ട് നീങ്ങുകയാണ്. പെട്ടെന്നാണ് എന്തോ പൊട്ടി താഴെവീണ ശബ്ദം കേട്ടത്. ബുള്ളറ്റ് ഒതുക്കി നോക്കുമ്പോള്‍ സൈലന്‍സര്‍ റോഡില്‍ കിടക്കുന്നു. ക്ലാമ്പില്‍നിന്നും ഒടിഞ്ഞു വീണതാണ്. സൈലന്‍സര്‍ വീണ്ടും ഘടിപ്പിക്കാന്‍ നോക്കിയെങ്കിലും ക്ലാമ്പ് പൊട്ടിപോയതിനാല്‍ സാധിക്കുന്നില്ല. കൈവശമുണ്ടായിരുന്ന നൂല്‍കമ്പി ഉപയോഗിച്ച് ഒരുവിധം സൈലന്‍സര്‍ വണ്ടിയില്‍ കെട്ടിനിര്‍ത്തി യാത്ര തുടര്‍ന്നു. സൈലന്‍സര്‍ വീണ്ടും ഇളകിപോകുമെന്നതിനാല്‍ സാവധാനമായിരുന്നു റൈഡ്. 

ക്ലാമ്പ് ശരിയാക്കണം. വിജനമായ ഈ സ്ഥലത്ത് എവിടെയാവും ഒരു വര്‍ക്ക്‌ഷോപ്പ് കാണുക. ഏറെദൂരം പോകേണ്ടിവന്നു ഒരു വര്‍ക്ക്‌ഷോപ്പ് കണ്ടെത്താന്‍. എന്നാല്‍, ആ വര്‍ക്ക്‌ഷോപ്പുകാരന്‍ സൈലന്‍സര്‍ ശരിയാക്കിത്തരാന്‍ തയാറായില്ല. കാരണം, ബുള്ളറ്റ് പണിയാന്‍ അവര്‍ക്ക് അറിയില്ലത്രേ. ഇത്, എന്‍ജിനുമായി ബന്ധപ്പെട്ട കാര്യമൊന്നുമല്ലെന്നും ഏത് മെക്കാനിക്കിനും ചെയ്യാനാവുമെന്നും ദയവായി ചെയ്തുതരണമെന്നും അപേക്ഷിച്ചെങ്കിലും അവര്‍ കനിഞ്ഞില്ല. കൂറച്ചുകൂടി ദൂരം പിന്നിട്ടപ്പോള്‍ മറ്റൊരു വര്‍ക്ക്‌ഷോപ്പ് കാണാനായി. എന്നാല്‍, അവരും കൈ ഒഴിഞ്ഞു. രത്‌നഗിരിയില്‍ ബുള്ളറ്റിന്റെ ഒരു വര്‍ക്ക്‌ഷോപ്പുണ്ട്. അവിടെ ചെന്നാലേ ഇനി സൈലന്‍സര്‍ ശരിയാക്കാന്‍ പറ്റുകയുള്ളെന്ന് അവര്‍ പറഞ്ഞു. രത്‌നഗിരിയിലേക്ക് ഇനിയും 70 കിലോമീറ്ററുകളോളമുണ്ട്. 

A Travelogue To Rathnagiri by James Kottarappally

ഈ വഴിയില്‍, ചിലയിടങ്ങളില്‍ വിശാലമായ പാടശേഖരങ്ങള്‍ കാണാം. ഇപ്പോള്‍ ഇവിടെ കൊയ്ത്തുകാലമാണ്. സ്വര്‍ണം വിളഞ്ഞുനില്‍ക്കുന്ന പാടങ്ങളില്‍ തൊഴിലാളികള്‍ കൊയ്യുന്നതും കറ്റകള്‍ തലയില്‍ ചുമന്ന് നടന്ന് നീങ്ങുന്നതുമൊക്കെ കാഴ്ചയായി മുന്നിലുണ്ട്. എന്നാല്‍, ഈ ദൃശ്യങ്ങള്‍ ആസ്വദിക്കാനാവുന്നില്ല. സൈലന്‍സറിനെക്കുറിച്ചോര്‍ത്ത് മനസ് അസ്വസ്ഥമാണ്. ഇടയ്ക്കുള്ള ചെറുവര്‍ക്ക്‌ഷോപ്പുകളില്‍ ഭാഗ്യം പരീക്ഷിച്ചെങ്കിലും അവരെല്ലാം നിര്‍ദേശിച്ചത് രത്‌നഗിരിയിലുള്ള വര്‍ഷോപ്പുതന്നെയായിരുന്നു. സമയം വൈകുന്നേരമാകാറായി. എഴുപത് കിലോമീറ്ററും കഴിഞ്ഞു. വര്‍ക്ക്‌ഷോപ്പ് എവിടെ?  

അതാ, ഒരു വര്‍ക്ക്‌ഷോപ്പ്. അവിടെ ബൈക്കുകള്‍ നിരത്തിയിരിക്കുന്നുണ്ടെങ്കിലും ബുള്ളറ്റുകളൊന്നും കാണുന്നില്ലല്ലോ? എങ്കിലും അവിടെയുമൊന്ന് അന്വേഷിക്കുകതന്നെ. പത്ത് വയസ് പ്രായം തോന്നിക്കുന്ന രണ്ട് കുട്ടികള്‍ വര്‍ക്ക്‌ഷോപ്പിലുണ്ട്. അവരോട് മെക്കാനിക്കിനെ തിരക്കി. അവര്‍ ഉച്ചത്തില്‍ നീട്ടിവിളിച്ചു. ബോലൂ... പന്ത്രണ്ട് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയാണ് വിളിക്കുത്തരമായി സമീപമെത്തിയത്. 

''എന്താണ് നിങ്ങളുടെ വണ്ടിയുടെ പ്രശ്‌നം?''
 ബോലു ചോദിച്ചു. 

''വണ്ടിയുടെ പുകക്കുഴല്‍, ക്ലാമ്പില്‍നിന്ന് ഒടിഞ്ഞുപോയി.''
ബോലു, വണ്ടിയുടെ സമീപമെത്തി വിശദമായി നോക്കി. ഒടിഞ്ഞുപോയ ക്ലാമ്പിന്റെ വലുപ്പം കണക്കാക്കാന്‍ അവന്‍ കൈപ്പത്തിയും വിരലുകളും ഉപയോഗിച്ച് ചില അളവുകളെടുത്തു. 

''മെക്കാനിക്ക് എപ്പോള്‍ വരും?''

ആ ചോദ്യം ഗൗനിക്കാതെ ബോലു സമീപമുള്ള സ്‌പെയര്‍പാര്‍ട്‌സ് കടയില്‍നിന്നും ക്ലാമ്പ് വാങ്ങി. അത് ഫിറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അതിന് വലുപ്പക്കൂടുതലാണ്. എന്നാല്‍, സ്‌പെയര്‍ പാര്‍ട്‌സ് കടയില്‍ അതിലും ചെറുതോ, വണ്ടിക്ക് പാകമാകുന്നതോ ആയ ക്ലാമ്പില്ല. ഇനിയെന്ത് ചെയ്യും? ബോലുവിന് കൂസലൊന്നുമില്ല. അവന്‍ കൈവിരലുകള്‍ ഉപയോഗിച്ച് വീണ്ടും അളവെടുത്ത് ആ ക്ലാമ്പില്‍ ചില അടയാളങ്ങളിട്ടു. വളരെ അനുഭവപരിചയമുള്ള മെക്കാനിക്കിനെപോലെയാണ് ആ പന്ത്രണ്ടുകാരന്റെ പ്രവൃത്തികള്‍. യാതൊരു പതര്‍ച്ചയുമില്ലാതെ, ആത്മവിശ്വാസത്തോടെ, ഇതൊക്കെയെന്ത്? ഇതെത്ര നിസാരം എന്ന ഭാവമാണ് അവന്. 

A Travelogue To Rathnagiri by James Kottarappally

ബോലു തന്റെ സഹായികളെ വിളിച്ചു. പത്തുവയസുകാരായ അവര്‍ രണ്ടുപേരും ഓടിയെത്തി. ആശാനും ശിഷ്യരുമെന്ന ഭാവമാണ് അവര്‍ക്ക്. ബോലുവിന്റെ നിര്‍ദേശം അനുസരിച്ച് ഇഷ്ടികവലുപ്പമുള്ള ഇരുമ്പ് കട്ടയും വലുപ്പമേറിയ ചുറ്റികകളും ഇരുമ്പിന്റെ ഉളിയും അവര്‍ കൊണ്ടുവന്നു. ആ ക്ലാമ്പിനെ മുറിച്ച് ചെറുതാക്കി, ദ്വാരമിട്ടാനാണ് അവര്‍ ശ്രമിക്കുന്നത്. ഇരുമ്പ് കട്ടയില്‍ വച്ച ക്ലാമ്പ് ഒരു കുട്ടി പിടിച്ചിരിക്കുന്നു. ക്ലാമ്പ് മുറിച്ച് ചെറുതാക്കേണ്ടിടത്താണ് ബോലു ഉളി പിടിച്ചിരിക്കുന്നത്. ചുറ്റിക മറ്റൊരു കുട്ടിയും. ചുറ്റിക ശക്തമായി ഉള്ളിയില്‍ അടിക്കുകയാണ്. സര്‍വശക്തിയുമെടുത്ത് അടിക്കാനാണ് ബോലു പറയുന്നത്. അടിക്ക് ശക്തിപോരെന്ന് പറഞ്ഞ് അവന്‍ ആ കുട്ടിയെ ചീത്തയും വിളിക്കുന്നുണ്ട്. ഭാഗ്യം, ഉളിയില്‍ പതിക്കാത്ത അടികള്‍ ബോലുവിന്റെ കൈയില്‍ കൊള്ളുന്നില്ല. 

അപ്പോഴാണ് ആ കൈകള്‍ ശ്രദ്ധിച്ചത്. ഉളിപിടിച്ച ബോലുവിന്റെ വലത്ത് കൈപ്പത്തിയിലെ തള്ളവിരലില്‍ നഖമില്ല. ചുറ്റികകൊണ്ടുള്ള അടിയേറ്റ് ചതഞ്ഞ് അവ എത്രയോകാലം മുന്നേ തന്നെ പോയിരുന്നു. അവന്റെ കൈകള്‍ക്ക് പന്ത്രണ്ടുകാരന്റെ മൃദുത്വമില്ല. തടിച്ച തഴമ്പുകളും ചതവും മുറിപ്പാടുകളാലും നിറഞ്ഞ ആ കൈപ്പത്തികള്‍ അവന്റെ ജോലിയുടെ കാഠിന്യം പറഞ്ഞുതന്നു. കുടുംബത്തിലെ ദാരിദ്രവും ജീവിതസാഹചര്യങ്ങളുമായിരിക്കാം അവരെ ഈ ജോലിയില്‍ എത്തിച്ചത്. കളിച്ചു വളരേണ്ട ഈ പ്രായത്തിലുള്ള കുട്ടികളെകൊണ്ട് വണ്ടി ശരിയാക്കിക്കേണ്ടിവന്നത് ദുഃഖത്തേക്കാളേറെ കുറ്റബോധമാണുണ്ടാക്കിയത്.

വിഷമത്തോടെ ഒരു അപരാധിയെപോലെ തലകുനിച്ച് അവര്‍ ജോലിചെയ്യുന്നത് നോക്കിനിന്നു. ആ ക്ലാമ്പ് മുറിക്കാന്‍ അവര്‍ ഏറെ നേരമെടുത്തു. ദ്വാരമിടാന്‍ ക്ലാമ്പില്‍വച്ച കൂര്‍ത്ത ഇരുമ്പ് കമ്പിയില്‍ ചുറ്റികയുടെ പ്രഹരം വീണ്ടും. ഒടുവില്‍, അവര്‍ ക്ലാമ്പ് അളവൊപ്പിച്ച് ചെറുതാക്കി സൈലന്‍സര്‍ ഘടിപ്പിക്കുന്നതില്‍ വിജയിച്ചു. 

''ഇനി ഭായിക്ക് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാം. സൈലന്‍സര്‍ താഴെ പോവില്ല.''
ബോലു ക്ലാമ്പ് ശരിയാക്കിയിട്ട് പറഞ്ഞു. 

ശരിയായിരുന്നു ഈ ഭായ് പിന്നെയും ഇന്ത്യയിലെമ്പാടും സഞ്ചരിച്ചു; താഴെവീഴാത്ത ആ സൈലന്‍സറുമായി.

''ക്ലാമ്പ് ശരിയാക്കിയതിന് എത്രരൂപയായി?'' 

അതുവരെയും ഹിന്ദിയില്‍ സംസാരിച്ചിരുന്ന ബോലു ആ ചോദ്യത്തിന് മറാഠിയിലാണ് മറുപടി പറഞ്ഞത്. അക്കങ്ങള്‍ ഹിന്ദിയില്‍ പറയാന്‍ അറിയാത്തതിനാലാണ് അവന്‍ മാതൃഭാഷയായ മറാഠിയില്‍ പ്രതിഫലത്തുക പറഞ്ഞത്. മറാഠി മനസിലാകാത്തതിനാല്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. 

''അയ്യേ... നിങ്ങള്‍ക്ക് മറാഠി അറിയില്ലേ. മറാഠി അറിയാതെ എങ്ങനെയാണ് നിങ്ങള്‍ ഇന്ത്യയില്‍ സഞ്ചരിക്കുന്നത്?''

അവന്‍ പരിഹസിച്ചു ചിരിച്ചു. ഒപ്പം മറ്റ് രണ്ട് കുട്ടികളും. മറാഠി അറിയാത്ത ഒരാള്‍ മഹാരാഷ്ട്രയില്‍ വന്നിരിക്കുന്നു. ആ പരിഹാസച്ചിരിയില്‍ എല്ലാമുണ്ടായിരുന്നു; ആ കുട്ടികളുടെ അസ്ഥിത്വം, പിന്നെ അവരുടെ ജീവിതവും. ബോലു കരുതുന്നത് മറാഠി എല്ലാവര്‍ക്കും അറിയാമെന്നാണ്. ആ കളിയാക്കലില്‍ കൂടെ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അത്രയ്ക്കും നിഷ്‌കളങ്കവും സത്യസന്ധവുമായിരുന്നു ആ പരിഹാസം. അങ്ങനെ ചിരിക്കാനായതിനാല്‍ ഒരു നിമിഷത്തേക്കെങ്കിലും അവരെക്കുറിച്ചുള്ള ദുഃഖങ്ങള്‍ മാറിനിന്നു. 

A Travelogue To Rathnagiri by James Kottarappally

പ്രതിഫലവും നല്‍കി യാത്രതുടരുമ്പോള്‍ മനസില്‍ നിറയേയും ബോലുവും അവന്റെ കൂട്ടുകാരുമായിരുന്നു. ഇങ്ങനെ ബുള്ളറ്റില്‍ സഞ്ചരിച്ച് ജീവിതം ആസ്വദിക്കുമ്പോള്‍ മറുവശത്ത് ഒരുനേരത്തെ ആഹാരത്തിനായി കുട്ടികള്‍ കഠിനമായി ജോലി ചെയ്യുന്നു. ഇങ്ങനെ എന്തിന് റൈഡ് ചെയ്യണം. യാത്രമതിയാക്കി മടങ്ങിയാലോ എന്നുപോലും ആലോചിച്ചു. കുറ്റബോധവും നിരാശയും സങ്കടവുമൊക്കെ മനസിനെ കീഴടക്കി. ദിവസങ്ങള്‍ക്കുശേഷമാണ് ഈ വിഷമവൃത്തത്തില്‍നിന്നും രക്ഷപ്പെടാനായത്. കാഴ്ചയുടെ മനോഹാരിത മാത്രമല്ല, അസ്വസ്ഥതകള്‍ സൃഷ്‍ടിക്കുന്ന അനുഭവങ്ങള്‍ കൂടിയാണ് സഞ്ചാരങ്ങള്‍ എന്ന തിരിച്ചറിവില്‍ വീണ്ടും യാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

A Travelogue To Rathnagiri by James Kottarappally

Follow Us:
Download App:
  • android
  • ios