Asianet News MalayalamAsianet News Malayalam

സഞ്ചാരികള്‍ക്കൊരു സന്തോഷവാര്‍ത്ത; ഇന്ത്യയില്‍ നിന്നും മ്യാന്‍മറിലേക്ക് ബസ്!

ഇന്ത്യയ്ക്കും മ്യാന്‍മറിനുമിടയില്‍ ബസ് സര്‍വീസ് വരുന്നു. ഏപ്രില്‍ മാസം മുതല്‍ ബസ് സര്‍വീസ് ആരംഭിക്കും

India Myanmar bus service to be flagged off from April 7
Author
Delhi, First Published Feb 22, 2020, 2:28 PM IST


സഞ്ചാരികള്‍ക്കൊരു സന്തോഷ വാര്‍ത്ത. ഇന്ത്യയ്ക്കും മ്യാന്‍മറിനുമിടയില്‍ ബസ് സര്‍വീസ് വരുന്നു. ഏപ്രില്‍ മാസം മുതല്‍ ബസ് സര്‍വീസ് ആരംഭിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാലില്‍ നിന്നും മ്യാന്‍മറിലെ മന്‍ഡലായിലേക്കാണ് ബസ് റൂട്ട് വരുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് പുതിയ ബസ് സര്‍വ്വീസ് തുടങ്ങുന്നത്. 

579 കിലോമീറ്റര്‍ ദൂരമാണ് ബസ് പിന്നിടുക. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്നു ദിവസമായിരിക്കും സര്‍വീസ് ഉണ്ടാകുക. പിന്നീട് ദിവസേന സര്‍വീസ് നടത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഏപ്രില്‍ ഏഴിന് ആദ്യ സര്‍വ്വീസ് തുടങ്ങും. 

ബസ് സര്‍വീസ് തുടങ്ങുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢമാകുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിങ് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം ടൂറിസം എന്നീ മേഖലകളില്‍ ഈ സര്‍വീസ് ഉപകാരപ്രദമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉഡാന്‍ പദ്ധതിയുടെ (ഉഡേ ദേശ് കാ ആം നാഗരിക്) ഭാഗമായി മണിപ്പൂരില്‍ നിന്നും മ്യാന്‍മറിലേക്ക് ഒരു വിമാന സര്‍വീസും തുടങ്ങുന്നുണ്ട്.

അതേസമയം ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നമുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള നീക്കത്തിലാണ് മ്യാന്‍മര്‍ സര്‍ക്കാര്‍. ഇതിനായി വിസ ഓണ്‍ അറൈവല്‍ സ്‌കീം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ മിനിസ്ട്രി ഓഫ് ഹോട്ടല്‍സ് ആന്‍ഡ് ടൂറിസം നേരത്തെ നീക്കം നടത്തിയിരുന്നു. ജപ്പാനില്‍ നിന്നും സൗത്ത് കൊറിയയില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് വിസ മാനദണ്ഡങ്ങളില്‍ 2020 സെപ്റ്റംബര്‍ 30 വരെ ഇളവ് അനുവദിക്കുന്നുവെന്ന് മ്യാന്‍മര്‍ നേരത്തെ അറിയിച്ചിരുന്നു. 

രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് 2018 ഡിസംബര്‍ ഒന്നു മുതല്‍ 2020 നവംബര്‍ 30 വരെ ഓണ്‍ അറൈവല്‍ വിസയില്‍ ഇളവ് നല്‍കിയിരിക്കുകയാണ്. ഏഷ്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മ്യാന്‍മറിലേക്ക് വരുന്നതിനായുള്ള വിസയില്‍ ഇളവ് നല്‍കിയത് മൂലം 2019ന്‍റെ ആദ്യ ആറ് മാസം കൊണ്ട് മാത്രം 2.14 മില്യണ്‍ വരുമാനമാണ് ടൂറിസത്തിലൂടെ മ്യാന്‍മറിലേക്ക് ഒഴുകിയത്.

ഇക്കാലയളവില്‍ ഏകദേശം 4,20,000 പേരാണ് മ്യാന്‍മറിലേക്ക് എത്തിയത്. 2018ല്‍ 1.72 മില്യണ്‍ ആളുകളാണ് മ്യാന്‍മറിലേക്ക് എത്തിയത്. 2020തോടെ രാജ്യത്തേക്ക് 7 മില്യണ്‍ ഡോളറാണ് ടൂറിസം രംഗത്ത് നിന്നും മാത്രം ലഭിച്ചത്.

Follow Us:
Download App:
  • android
  • ios