Asianet News MalayalamAsianet News Malayalam

പ്രീ ക്വാര്‍ട്ടറിലെത്താന്‍ ഇന്ത്യക്കിന്ന് വെറും ജയം പോരാ

U17 world cup India Ghana
Author
First Published Oct 12, 2017, 6:10 PM IST

ദില്ലി: തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ അണ്ടര്‍ 17 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയെന്ന നാണക്കേടിന്റെ പടിവാതിലിലാണ് ആതിഥേയരായ ഇന്ത്യന്‍ ടീം. ആദ്യ മത്സരത്തില്‍ അമേരിക്കയോട് എതിരില്ലാത്ത മൂന്നു ഗോളിനും രണ്ടാം മത്സരത്തില്‍ കൊളംബിയക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിനും തോറ്റതോടെ ആരാധകരുടെ പ്രതീക്ഷ ഏതാണ്ട് അവസാനിച്ചു. ഇനി ഘാനയ്ക്കെതിരെ ഒരു മത്സരം കൂടിയാണ് ഇന്ത്യക്ക് ബാക്കിയുള്ളത്. ലോകകപ്പ് നോക്കൗട്ടിലെത്താന്‍ ഇനി ഇന്ത്യയുടെ മുന്നില്‍ എന്തെങ്കിലും സാധ്യതകള്‍ അവശേഷിക്കുന്നുണ്ടോ. സാങ്കേതികമായി ഇന്ത്യക്കിനിയും പ്രീക്വാര്‍ട്ടറില്‍ എത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

അതിന് ആദ്യം വേണ്ടത് അവസാന മത്സരത്തില്‍ രണ്ടു തവണ ചാമ്പ്യന്‍മാരായിട്ടുള്ള ഘാനയെ തോല്‍പ്പിക്കുകയാണ്. ഒപ്പം ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അമേരിക്ക കൊളംബിയയെ തോല്‍പ്പിക്കുകയും വേണം. പ്രീ ക്വാര്‍ട്ടറിലെത്താന്‍ ആദ്യം പരിഗണിക്കുന്നത് ഗ്രൂപ്പിലെ പോയന്റ് നിലയാണ്. പോയന്റ് തുല്യമായാല്‍ ഗോള്‍ വ്യത്യാസം കണക്കിലെടുക്കും. ഇതും തുല്യമായാല്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ എത്ര ഗോള്‍ സ്കോര്‍ ചെയ്തുവെന്ന് നോക്കും.

അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം വെറുതെ ജയിച്ചാല്‍ മാത്രം ഇന്ത്യക്ക് മുന്നേറ്റം സാധ്യമാവില്ല. ഇന്ന് ഘാനയ്ക്കെതിരെ മൂന്നു ഗോള്‍ വ്യത്യാസത്തിലെങ്കിലും ജയിക്കണം. നിലവില്‍ ഇന്ത്യയുടെ ഗോള്‍ വ്യത്യാസം -4 ആണ്. ഘാനയ്ക്കും കൊളംബിയക്കും പൂജ്യം ആണ് ഗോള്‍ വ്യത്യാസം. ഘാനയ്ക്കെതിരെ മൂന്ന് ഗോളിന് ജയിച്ചാല്‍ ഇന്ത്യയുടെ ഗോള്‍ വ്യത്യാസം -1 ആകും. ഘാനയുടേത് -3 ആയി മാറും.

ഇതുമാത്രം പോരാ, അമേരിക്കയോട് കൊളംബിയ രണ്ടു ഗോള്‍ വ്യത്യാസത്തില്‍ തോല്‍ക്കുകയും വേണം. അപ്പോള്‍ കൊളംബിയയുടെ ഗോള്‍ വ്യത്യാസം -2 ആകും. ഇതോടെ ഗ്രൂപ്പിലെ മൂന്ന് ടീമുകള്‍ക്കും മൂന്ന് പോയന്റ് വീതമാകും. അപ്പോള്‍ ഗോള്‍ വ്യത്യാസം കണക്കിലെടുക്കേണ്ടിവരും. സ്വാഭാവികമായും ഇന്ത്യ തന്നെ അമേരിക്കക്കു പിന്നാലെ ഗ്രൂപ്പില്‍ രണ്ടാമന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തും.

Follow Us:
Download App:
  • android
  • ios