Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ ആദ്യം അറസ്റ്റ് വരിച്ച വനിതാ സ്വാതന്ത്ര്യ സമരസേനാനി-കമലാദേവി ചതോപാധ്യായ| സ്വാതന്ത്ര്യസ്പര്‍ശം

ഇന്ത്യയിൽ ആദ്യം അറസ്റ്റ് വരിച്ച വനിതാ സ്വാതന്ത്ര്യസമരസേനാനി, ആദ്യമായി നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിച്ച വനിത. സരസ്വത ബ്രാഹ്മണ സമുദായത്തിൽ വിധവാവിവാഹവും വിവാഹമോചനവും നടത്തിയ ആദ്യ വനിത. 

 

കമലാദേവി ചതോപാധ്യായയ്ക്ക് ഒട്ടേറെ പ്രഥമസ്ഥാനങ്ങളുണ്ട്. ഇന്ത്യയിൽ ആദ്യം അറസ്റ്റ് വരിച്ച വനിതാസ്വാതന്ത്ര്യസമരസേനാനി, ആദ്യമായി നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിച്ച വനിത.  സരസ്വത ബ്രാഹ്മണ സമുദായത്തിൽ വിധവാവിവാഹവും വിവാഹമോചനവും നടത്തിയ ആദ്യ വനിത. തന്റെ സമുദായത്തിൽ വിദേശവിദ്യാഭ്യാസം നേടിയ ആദ്യ സ്ത്രീ.
സ്വാതന്ത്ര്യ സമര സേനാനി, സാമൂഹ്യപരിഷ്കർത്താവ്, രാഷ്ട്രീയനേതാവ്, സാസ്കാരിക നായിക, കൈത്തറി-കരകൗശലപ്രചാരക , വനിതാവകാശപ്രവർത്തക, നടി. ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ എത്രയും പ്രതികൂലമായ സാഹചര്യങ്ങളുമായി പോരാടി ഇത്ര വൈവിധ്യമുള്ള കർമ്മപഥങ്ങളിൽ മികവ് തെളിയിച്ച വനിതകൾ വിരലിലെണ്ണാവുന്നവർ മാത്രം.

1903 ഏപ്രിൽ 3ന് മംഗലാപുരത്ത് ദേശീയവാദികളായ ബ്രാഹ്മണകുടുംബത്തിൽ ജനനം. അച്ഛൻ ജില്ലാ കളക്ടർ അനന്തയ്യ ധരേശ്വർ. അമ്മ ഗിരിജാദേവിയിൽ നിന്നായിരുന്നു കമലയ്ക്ക് ലഭിച്ച സ്വതന്ത്ര്യചിന്തയുടെ പാരമ്പര്യം. അച്ഛൻ നേരത്തെ മരിച്ചു. അമ്മയുടെ കുടുംബവീട്ടിൽ ബാല്യം ചെലവഴിക്കുമ്പോൾ തന്നെ യാഥാസ്ഥിതികബ്രാഹ്മണ്യത്തെ ചോദ്യം ചെയ്തു കമല.

പതിനാലാം വയസ്സിൽ വിവാഹം. രണ്ട് കൊല്ലം പിന്നിട്ടപ്പോൾ  തന്നെ വൈധവ്യം. തുടർന്ന്  മദിരാശി ക്വീൻ മേരീസ് കോളേജിൽ  ചേർന്ന കമലയുടെ അടുത്ത സുഹൃത്തായത്  സുഹാസിനി ചതോപാധ്യായ. സരോജിനി നായിഡുവിന്റെ അനുജത്തിയും പിന്നീട് കമ്യുണിസ്റ്റ് വിപ്ലവകാരിയുമായ സുഹാസിനി. സുഹാസിനിയുടെ സഹോദരൻ ഹരീന്ദ്രനാഥ്  ചതോപാധ്യായയുമായി കമലയുടെ പ്രണയവിവാഹം.അത്  സരസ്വത ബ്രാഹ്മണ സമുദായത്തിലെ ആദ്യ വിധവാവിവാഹം. തുടർന്ന് കമലയും ഹരീന്ദ്രനാഥും ലണ്ടനിലേക്ക്. കമല ലണ്ടൻ സർവകലാശാലയിൽ ചേർന്നു. അക്കാലത്ത് ഇരുവരും ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി കൂടുതൽ അടുക്കുന്നു.  ഇന്ത്യയിലേക്കു മടങ്ങി കോൺഗ്രസ്സിൽ സജീവമായി നിസ്സഹകരണപ്രസ്ഥാനത്തിലും സേവാ ദളിലും പങ്കാളിയായി. ഗാന്ധിജി വനിതാ സേവാദളിന്റെ ചുമതല കമലയ്ക്ക് നൽകി.

തിയോസഫിസ്റ്റും സ്ത്രീകളുടെ വോട്ടവകാശസമരനേതാവും ഇന്ത്യൻ സ്വാതന്ത്ര്യസമയത്തിന്റെ അനുകൂലിയും ഒക്കെ ആയ അയർലാന്റുകാരി മാർഗററ്റ് കസിൻസ് ഇന്ത്യയിലെത്തിയപ്പോൾ കമല അടുത്ത സുഹൃത്തായി. കസിൻസ് ആൾ ഇന്ത്യാ വിമൻസ് കോൺഫറൻസ് അധ്യക്ഷയായപ്പോൾ കമല സ്ഥാപക സംഘടനാ സെക്രട്ടറി.കസിൻസിൽ നിന്ന്  പ്രചോദനം ഉൾക്കൊണ്ട് 1926 ലെ മദിരാശി പ്രവിശ്യാ തെരഞ്ഞെടുപ്പിൽ കമല മത്സരിച്ചു. നേരിയ വോട്ടിന് തോറ്റെങ്കിലും  ഇന്ത്യയിൽ നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ വനിതയായി കമല. 1930 ൽ ഗാന്ധിജി കമലയെ ഉപ്പു സത്യാഗ്രഹസംഘാടകസമിതിയിൽ ഉൾപ്പെടുത്തി. സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. ഇന്ത്യയിൽ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അറസ്റ്റ് വരിക്കുന്ന ആദ്യ വനിതയായി കമല. വനിതകളുടെ വിദ്യാഭ്യാസത്തിന് രംഗത്തിറങ്ങിയ കമല  ദില്ലിയിലെ ആദ്യത്തെ വനിതാ കോളേജായ ലേഡി ഇർവിൻ  കോളേജ് സ്ഥാപനത്തിനു മുൻകൈ എടുത്തു.  

അതിനിടെ വിവാഹമോചനം നേടിയ കമല രണ്ട് സിനിമകളിൽ നായികയായി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യൻ കരകൗശലകലകളുടെ ഏറ്റവും പ്രമുഖ വക്താവായി അവർ. സ്ത്രീകളുടെ  സഹകരണപ്രസ്ഥാനങ്ങൾ, കേന്ദ്ര കൈത്തറി-കരകൗശലസ്ഥാപങ്ങൾ, സംഗീതനാടക അക്കാദമി, നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ എന്നിവയുടെ ഒക്കെ സ്ഥാപനത്തിൽ മുഖ്യപങ്ക് വഹിച്ചു. ഒപ്പം മാണി മാധവചാക്യാരുടെ കീഴിൽ കൂടിയാട്ട പഠനവും.  കർമ്മസമ്പന്നമായ സമ്പൂർണ ജീവിതത്തിനു ശേഷം 1988 ൽ എൺപത്തഞ്ചാം വയസ്സിൽ കമല അന്തരിച്ചു