Asianet News MalayalamAsianet News Malayalam

ഗദ്ദര്‍ കലാപം; ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി  ജീവന്‍വെടിഞ്ഞ പ്രവാസി രക്തസാക്ഷികള്‍

വടക്കേ അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തി സൈന്യത്തില്‍ കലാപം സംഘടിപ്പിക്കാന്‍ പദ്ധതിയിട്ട ഗദ്ദര്‍ പാര്‍ട്ടിയുടെ പോരാട്ടത്തിന്റെ കഥ
 

First Published Jun 10, 2022, 12:13 PM IST | Last Updated Jun 10, 2022, 12:57 PM IST

ജർമ്മനി, ഇറ്റലി, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളൊക്കെ കേന്ദ്രീകരിച്ച് പ്രവാസി ഇന്ത്യക്കാർ ഇന്ത്യൻ ദേശീയസമരത്തിൽ സജിവമായിരുന്നു.  പക്ഷെ മിക്ക പ്രവാസി സംഘടനകളും വിശ്വസിച്ചത് ബ്രിട്ടനെതിരെ സായുധസമരത്തിലൂടെയും യുദ്ധത്തിലൂടെയും തന്നെ ബ്രിട്ടനെ ഇന്ത്യയിൽ നിന്നും പുറത്താക്കുക ആയിരുന്നു. 

വടക്കേ അമേരിക്കയിൽ സ്ഥാപിച്ച ഇന്ത്യൻ പ്രവാസി ദേശീയസംഘ ആയിരുന്നു ഗദ്ദർ പാർട്ടി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം പതിനായിരക്കണക്കിന് പഞ്ചാബി ഗ്രാമീണർ   അമേരിക്കയ്ക്കും കാനഡയ്ക്കും കുടിയേറി. ഇവർ ഇന്ത്യൻ സ്വാതന്ത്ര്യപ്രവർത്തനങ്ങൾക്കായി 1913 ൽ ഓർഗോൺ കേന്ദ്രമാക്കി രൂപീകരിച്ചതാണ് ഗദ്ദർ പാർട്ടി. ഏറെയും സിഖ് വംശജരായിരുന്നു അംഗങ്ങൾ. അമേരിക്കയിലെ വിവിധ സർവകലാശാലകളിൽ വിദ്യാര്തഹികളായിരുന്നു ഇവരിൽ പലരും. ഗദ്ദർ ഹിന്ദുസ്ഥാൻ എന്നൊരു പത്രവും ഇവർ നടത്തി. പിന്നീട് പ്രശസ്തരായ ഭായി പരമാനന്ദ്, കർത്താർ സിങ് സാരാഭ, ലാലാ ഹർദയാൽ, വിഷ്ണു പിങ്ഗലെ, താരകാനാഥ്  ദാസ് തുടങ്ങിയവരൊക്കെ ഇതിൽ ഉൾപ്പെട്ടു. 

ഒന്നാം ലോകമഹായുദ്ധത്തോടെ അമേരിക്കയിലെ ഗദ്ദർ പ്രവർത്തകർ ഇന്ത്യക്ക് മടങ്ങിവന്നു. ബ്രിടീഷ് ഇന്ത്യൻ സേനയിലെ ഇന്ത്യൻ സൈനികരുടെ ഒരു കലാപം സംഘടിപ്പിക്കുകയായിരുന്നു ലക്‌ഷ്യം. ഗദ്ദർ കലാപം എന്നത്  അറിയപ്പെട്ടു.   പക്ഷെ ബ്രിട്ടീഷ് അധികാരികൾ  ഈ നീക്കം കണ്ടെത്തി പരാജയപ്പെടുത്തി. തുടർന്ന് ഇതിലുൾപ്പെട്ട 291 പേരെ  ഒന്നാം ലാഹോർ ഗൂഢലോചനക്കേസിൽ പ്രതികളാക്കി വിചാരണ ചെയ്തു. കർത്താർ സിങ്ങും വിഷ്ണു പിങ്ഗലെയുമടക്കം  നാൽപ്പത്തി രണ്ട പേരെ തൂക്കിക്കൊന്നു. 114 പേരെ ജിഇവപര്യന്തത്തിനു ശിക്ഷിച്ചു . ഇതേ തുടർന്നാണ് ഡിഫൻസ് ഓഫ് ഇന്ത്യ നിയമം അടക്കം കടുത്ത നിയമങ്ങൾ പാസ്സാക്കിയത്. ഗദ്ദർ പാർട്ടി തന്നെ ഇതോടെ നാമാവശേഷമായി. ഗദ്ദർ രക്തസാക്ഷികളായിരുന്നു ഭഗത് സിങ്ങിനെയും മറ്റും ആരാധനാമൂർത്തികൾ.