Asianet News MalayalamAsianet News Malayalam

ഇന്ത്യയിൽ അച്ഛാദിൻ എത്തിയോ; കാണാം ഇന്ത്യൻ മഹായുദ്ധം

നരേന്ദ്ര മോദി അധികാരത്തിൽ എത്തിയിട്ട് എട്ടു വർഷങ്ങൾ. ഇന്ത്യയിൽ എട്ടു വർഷത്തിൽ അച്ഛാ ദിൻ എത്തിയോ. കാശിയിലും മഥുരയിലും കാണുന്നത് രണ്ടായിരത്തി ഇരുപത്തിനാലിന്റെ സാംപിൾ വെടിക്കെട്ടോ?

നരേന്ദ്ര മോദി അധികാരത്തിൽ എത്തിയിട്ട് എട്ടു വർഷങ്ങൾ. ഇന്ത്യയിൽ എട്ടു വർഷത്തിൽ അച്ഛാ ദിൻ എത്തിയോ. കാശിയിലും മഥുരയിലും കാണുന്നത് രണ്ടായിരത്തി ഇരുപത്തിനാലിന്റെ സാംപിൾ വെടിക്കെട്ടോ?

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനം തുടരുകയാണ്. ക്വാഡ് ഉച്ചകോടിക്കടക്കം ജപ്പാനിലെത്തിയ മോദിക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. ജപ്പാനിലെ ഇന്ത്യൻ സമൂഹമടക്കം പ്രധാനമന്ത്രിയെ വരവേറ്റു. ഇന്ത്യൻ സമൂഹവുമായി ഏറെ നേരം സംവദിച്ച ശേഷമാണ് പ്രധാനമന്ത്രി മറ്റ് പരിപാടികൾക്ക് പോയത്. ഇന്തോ പസഫിക് മേഖലയിൽ (Indo Pacafic Region) ചൈന (China) നടത്തുന്ന ഇടപെടലുകളെ ശക്തമായി ചെറുക്കുമെന്ന് ക്വാഡ് ഉച്ചകോടി (QUAD Summit 2022). ചൈനക്കെതിരെ കടുത്ത നിലപാടാണ് ക്വാഡ് ഉച്ചകോടിയിൽ സ്വീകരിച്ചിട്ടുള്ളത്. കൂടാതെ, നിയമവിരുദ്ധവും അനിയന്ത്രിതവുമായ മത്സ്യബന്ധനം തടയാൻ ഉപഗ്രഹ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി.
നാവികം, ബഹിരാകാശം, ആരോഗ്യം, ദുരന്തനിവാരണം, സൈബർ സുരക്ഷ മേഖലകളിൽ ക്വാഡ് രാജ്യങ്ങൾ കൂടുതൽ സഹകരിക്കും. ക്വാഡ് രാജ്യങ്ങളിലെ 100 വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ പഠിക്കാൻ ഫെല്ലോഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. ഊർജ്ജ, ഗതാഗത മന്ത്രിമാരുടെ യോഗം ഉടൻ ചേരാനും ഉച്ചകോടിയിൽ തീരുമാനമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനിസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് ടോക്യോയിലേക്ക് പുറപ്പെടും മുന്‍പ് മോദി വ്യക്തമാക്കിയിരുന്നു. ആഗോള വിഷയങ്ങളില്‍ ഓസ്ട്രേലിയും ജപ്പാനുമായി കൂടുതല്‍ സഹകരണ കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
കഴിഞ്ഞ ദിവസം ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തിരുന്നു. ആഗോള വെല്ലുവിളികളെ ഇന്ത്യ ധൈര്യപൂർവം നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ പറഞ്ഞു. ജനാധിപത്യം ഇന്ത്യയിൽ കൂടുതൽ ശക്തമാകുന്നു. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാർ നിലവിലുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും രേഖപ്പെടുത്തുന്നത് റെക്കോർഡ് പോളിംഗ് ശതമാനമാണ്. ഇന്ത്യൻ ജനാധിപത്യം മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ വികസന യാത്രയിലെ നല്ല പങ്കാളിയാണ് ജപ്പാൻ. ബുദ്ധിസം ഇന്ത്യയേയും ജപ്പാനെയും ബന്ധിപ്പിക്കുന്നു. തീവ്രവാദം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെ ഒന്നിച്ച് നേരിടുന്നു.  കൊവിഡിൽ ലോകം പകച്ചപ്പോൾ ഇന്ത്യ ഉണർന്ന് പ്രവർത്തിച്ചു. മറ്റ് രാഷ്ട്രങ്ങളിലേക്ക് മരുന്നും, വാക്സീനും അയച്ച് സഹായിച്ചു.  ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ആശാ വർക്കർമാരെ ലോകാരോഗ്യ സംഘടന ആദരിച്ചത്. ആശാവർക്കർമാർക്ക് ആദരമർപ്പിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു