Asianet News MalayalamAsianet News Malayalam

Chicken Price Hike : ചിക്കൻ ഇനി കുറച്ച് പൊള്ളും; കുത്തനെ ഉയർന്ന് കോഴിവില

തമിഴ്‌നാട്ടിൽ കോഴിയുല്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം

First Published Mar 17, 2022, 12:48 PM IST | Last Updated Mar 17, 2022, 3:18 PM IST

സംസ്ഥാനത്ത് കോഴിയിറച്ചി (Chicken price) വില കുതിക്കുന്നു. 240 രൂപയാണ് കോഴിക്കോട് ഒരു കിലോ ഇറച്ചിയുടെ വില. ബ്രാൻഡഡ് കോഴിയിറച്ചിക്ക് കിലോയ്ക്ക് 289 രൂപയാണ് വില. തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് തിരിച്ചടിയായത്. കോഴിത്തീറ്റയുടെ വില കൂടിയതും നിരക്കുയരാൻ കാരണമായി എന്ന് കച്ചവടക്കാർ പറയുന്നു. രണ്ട് മാസം മുമ്പ് നൂറ് രൂപയില്‍ താഴെയുണ്ടായിരുന്ന ചിക്കന് ഓഫ് സീസണായിട്ടുപോലും വില 200 കടന്നു. സാധാരണ ചൂടുകാലമായ മാര്‍ച്ച്-ഏപ്രില്‍-മെയ് മാസങ്ങളില്‍ കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കുറയുകയും വില കുറയുകയുമാണ് പൊതുവേ ഉണ്ടാകാറ്. എന്നാല്‍ ഇത്തവണ ചൂടിനൊപ്പം ചിക്കന്‍ വിലയും കുതിച്ചുയരുകയാണ്. അതോടൊപ്പം കോഴികൃഷി നഷ്ടമായതിനാല്‍ ആഭ്യന്തര കോഴിയുല്‍പാദനത്തിലും വലിയതോതില്‍ ഇടിവുണ്ടായി. കോഴിക്കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില ക്രമാതീതമായി ഉയര്‍ന്നതാണ് വില വര്‍ധനക്ക് കാരണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കൂടിയത്. 90 രൂപയുണ്ടായിരുന്ന ഒരു കിലോ കോഴിയുടെ ഉല്‍പാദന ചെലവ് ഇപ്പോള്‍ 103 രൂപ വരെ എത്തിയെന്ന് കര്‍ഷകര്‍ പറയുന്നു.