K Rail : കെ റെയിലിനെതിരായ പ്രതിഷേധം; മുണ്ടുകുഴിയിൽ സംഘർഷാവസ്ഥ
കെ റെയിലിനെതിരായ പ്രതിഷേധം; മുണ്ടുകുഴിയിൽ സംഘർഷാവസ്ഥ
കോട്ടയം (Kottayam) മാടപ്പള്ളി (Madappally) മുണ്ടുകുഴിയിൽ കെ റെയിൽ (K Rail) കല്ലിടലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മനുഷ്യശൃംഖല തീർത്തായിരുന്നു പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു. നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്. കല്ലിടൽ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു.
കോട്ടയം ജില്ലയിൽ കെ റെയിലിനെതിരായ സമരം ശക്തമാകുകയാണ്. വലിയ പ്രതിഷേധമാണ് മുണ്ടുകുഴിയിൽ നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്. കല്ലുമായെത്തിയ വാഹനം തുടർന്ന് തിരികെപ്പോകേണ്ടതായി വന്നു. മനുഷ്യശംഖല തീർത്ത് നാട്ടുകാർ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയുമാണുണ്ടായത്. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമർക്കാർ പറഞ്ഞു. മണ്ണെണ്ണ ഉയർത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി.