ഫോർഡ് റേഞ്ചറിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് ഫോർഡ് മോട്ടോർ കമ്പനി

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ ജനപ്രിയ മോഡലാണ് റേഞ്ചര്‍. 2020 -ൽ ഫോർഡ് റേഞ്ചറിന്റെ 42,941 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഈ വിജയം ആഘോഷിക്കുന്നതിനായി ഫോർഡ് റേഞ്ചറിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ഫോർഡ് മോട്ടോർ കമ്പനി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

റേഞ്ച്-ടോപ്പിംഗ് റേഞ്ചർ റാപ്‌റ്ററിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുതിയ എഡിഷന്‍.  ഫോർഡ് റേഞ്ചർ റാപ്‌റ്റർ സ്‌പെഷ്യൽ എഡിഷന്റെ പരിമിതമായ എണ്ണം മാത്രമേ നിർമ്മിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ലിമിറ്റഡ് എഡിഷൻ മോഡൽ വിഷ്വൽ അപ്‌ഗ്രേഡുകളുമായി മാത്രം വരും.

ഫോർഡിന്റെ പ്രധാന എസ്‌യുവിയായ എൻഡവറിന്റെ പിക്ക് അപ്പ് വകഭേദമാണ് റേഞ്ചർ റാപ്‌റ്റർ. എൻഡേവറിനെക്കാള്‍ കൂടുതല്‍ സ്‍പോര്‍ട്ടിയാണ് വാഹനം. ക്വാഡ്-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾക്ക് നടുവിലായി വലിപ്പം കൂടിയ കറുത്ത പ്ലാസ്റ്റിക് ഘടകങ്ങൾ ചേർന്ന ഗ്രില്ലാണ് റാപ്‌റ്ററിന്. സ്‌പോർട്ടി ബമ്പറും വശങ്ങളിൽ വീൽ ആർച്ചുകൾക്ക് പ്ലാസ്റ്റിക് കവറിങ്ങും നൽകിയിട്ടുണ്ട്. മൂന്നാം നിരയ്ക്ക് പകരം ഫ്ലാറ്റ് ബെഡ് ആണ്. അതിന് പുറകിലായാണ് കുത്തനെയുള്ള റെയിൽ ലൈറ്റും 'റാപ്‌റ്റർ' ബാഡ്‌ജിംഗും ഉള്ള ടെയിൽ ഗേറ്റ്. ഇന്ത്യ-സ്പെക് മോഡലിന്റെ ടയറിന്റെ വലിപ്പവും എൻഡേവറിന് സമാനമാണ് . അലോയ് വീലിന്റെ ഡിസൈനിംഗിലും മാറ്റമുണ്ടാകില്ല.

2.0 ലിറ്റർ എഞ്ചിൻ ആണ് ഓസ്ട്രേലിയ-സ്‌പെക്ക് ഫോർഡ് റേഞ്ചർ റാപ്‌റ്ററിന്‍റെ ഹൃദയം. 210.5 ബിഎച്ച്പിയും 500 എൻഎം പീക്ക് ടോർക്കും ഈ എഞ്ചിന്‍ നിർമ്മിക്കും. 168 ബിഎച്ച്പി പവറും 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻഡേവറിലെ 2.0-ലിറ്റർ ഇക്കോബ്ലൂ ടർബോ-ഡീസൽ എഞ്ചിനെക്കാൾ പവറും ടോർക്കും കൂടുതലാണ് റേഞ്ചർ റാപ്‌റ്ററിലെ എഞ്ചിന്. 

ഫോർഡ് റേഞ്ചർ റാപ്‌റ്ററിലേക്ക് യാന്ത്രിക അപ്‌ഡേറ്റുകളൊന്നുമുണ്ടാകില്ല. മറ്റ് റേഞ്ചർ മോഡലുകൾക്കൊപ്പം 2021 ഒക്ടോബറിൽ ഇത് യൂറോപ്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്യൻ വിപണികളിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന പിക്കപ്പ് ട്രക്ക് ടൊയോട്ട ഹിലക്സുമായിട്ടാണ് ഫോർഡ് റേഞ്ചർ മത്സരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona