Asianet News MalayalamAsianet News Malayalam

ഒരുപാട് പാമ്പുകളുള്ള ഇടമലക്കുടിയിൽ, കുട്ടികള്‍ക്കായി ജീവിക്കുന്ന മുരളി മാഷിന് ഊരുവിലക്കാണ്; ഇതുകൂടി കാണണം കേരളം

പിണറായി വിജയന്റെയും എ കെ ബാലന്റെയും ഓഫീസുകൾക്ക് മനസ്സിലാകാത്തത് ഇത്തരം അധ്യാപകരെയാണ്. ഇടമലക്കുടിയിൽ നടക്കുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ അഴിമതികളിലും തിരിമറികളിലും കുറ്റക്കാർക്കെതിരെ പരാതികൾ അയച്ചതിനാണ് പുറമെനിന്നുള്ള തത്പരകക്ഷികൾ ആദിവാസികളെ ഇരുവർക്കുമെതിരെ തിരിച്ചു വിട്ടിരിക്കുന്നത്. 

Idamalakkudi school teacher who faces ostracize PK Muraleedharan speaks
Author
Idukki, First Published Nov 22, 2019, 1:28 PM IST

വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്നും ഇടുക്കിയിലെ ഇടമലക്കുടിയിലേക്ക് കാട്ടിലൂടെയുള്ള ദൂരം കുറവായിരിക്കും. എങ്കിലും ബത്തേരിയിലെ സർവജന സർക്കാർ സ്കൂളിൽ പാമ്പുകടിയേറ്റ കുട്ടിയെ  അലംഭാവം കൊണ്ട് മരിക്കാൻ വിട്ട സി പി ഷാജിലിൽ നിന്നും ഇടമലക്കുടിയിൽ തന്‍റെ തുച്ഛശമ്പളം പോലും ആദിവാസിക്കുട്ടികൾക്കായി ചെലവിട്ട് ജീവിക്കുന്ന മുരളി മാഷിലേയ്ക്ക് ഒരുപാട് ദൂരമുണ്ട്. ആ ദൂരം മനസ്സിലാകാത്ത ഭരണാധികാരികളുടെ കനിവും കാത്താണ് മുരളി മാഷ് ഒരാഴ്ചയായി തിരുവനന്തപുരത്ത് തങ്ങുന്നത്. നീതി ഉറപ്പിച്ചു തരേണ്ടവർ മുഖം തിരിച്ചു നടന്നു പോകുമ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ ഇനിയെന്തു ചെയ്യണം എന്ന അനിശ്ചിതത്വം ഉണ്ട്. വയനാട്ടിൽ ഉള്ളതിലധികം പാമ്പുകൾ ഇടമലക്കുടിയിലുണ്ട്. എന്നാൽ വിദ്യാർത്ഥികളെ പാമ്പുകടിച്ചു മരിക്കാൻ വിട്ട ആളല്ല തുച്ഛ ശമ്പളമുള്ള മുരളി മാഷ്. അയാൾക്ക്‌ വിദ്യാർത്ഥികൾ അല്ലാതെ ഒരു ജീവിതമില്ല. നാല് ഏകാധ്യാപക വിദ്യാലയങ്ങൾ ഒന്നിച്ചു ചേർത്ത് ഒരു മുഴുവൻ സ്കൂളാക്കി അവിടെ കുട്ടികൾക്ക് താമസിച്ചു പഠിക്കാൻ വരെ വഴിയുണ്ടാക്കിയ ആൾ. ഉച്ചഭക്ഷണം സർക്കാർ നൽകുമ്പോൾ മറ്റുനേരങ്ങളിലെ ഭക്ഷണത്തിന്റെ ചെലവ് തന്റെ നിസ്സാര ശമ്പളത്തിൽ നിന്ന് കണ്ടെത്തിയ ഒരാൾ.

Idamalakkudi school teacher who faces ostracize PK Muraleedharan speaks

 

മാഷിനും സുഹൃത്തായ ചിന്നത്തമ്പിക്കും അവരുടേതല്ലാത്ത തെറ്റിന് ഇടമലക്കുടിയിൽ ഇപ്പോൾ ഊരുവിലക്കുണ്ട്. താൻ പഠിപ്പിച്ചാൽ കുട്ടികളെ സ്കൂളിൽ അയയ്ക്കില്ല എന്നാണ് തെറ്റിദ്ധരിക്കപ്പെട്ട ഇടമലക്കുടിയിലെ ഒരുപാട് മുതുവാൻ മാതാപിതാക്കൾ ഇപ്പോൾ മുരളി മാഷിനോട് പറയുന്നത്. മലയരയ വിഭാഗത്തിൽ പെട്ട ആദിവാസിയാണ് മുരളി മാഷ്. മുതുവാൻമാർ മാത്രം നിവസിക്കുന്ന ഇടമലക്കുടിയിലെ മുതുവാൻ അല്ലാത്ത ഏകവ്യക്തി. ചിന്നത്തമ്പി മുതുവാൻ സമുദായക്കാരൻ തന്നെയാണ്. ഊരുവിലക്ക് പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സങ്കടം പറയാനും അദ്ദേഹം ഇടപെട്ട് സമാധാനമുണ്ടാക്കി കഴിഞ്ഞാൽ ഇടമലക്കുടിയിലേക്ക് തിരിച്ചുപോകാനുമാണ് അവർ തലസ്ഥാനത്തു വന്നത്. മുഖ്യമന്ത്രിയെ കാണാതെ മടങ്ങില്ല എന്ന് വാശിപിടിച്ച എഴുപത്തിയാറ്‌ വയസ്സുള്ള ചിന്നത്തമ്പി മുഖ്യമന്ത്രി നാളെ വിദേശ യാത്രയ്ക്ക് പോവുകയാണ് എന്നും ദിവസങ്ങൾ കഴിഞ്ഞേ മടങ്ങുകയുള്ളു എന്നും കേട്ടപ്പോൾ തളർന്നുപോയി. എഴുന്നേറ്റു നില്ക്കാൻ പോലുമാകാതെ അയാൾ തലസ്ഥാനത്ത് താത്കാലിക അഭയം നൽകിയ ഒരു വീട്ടിൽ കിടപ്പിലാണ്. അവസ്ഥ തുടർന്നാൽ മെഡിക്കൽ കോളജിലേക്ക് നീക്കേണ്ടി വരുന്ന അവസ്ഥ. 

ഡിപിഇപി യുടെ കീഴിൽ തുച്ഛ ശമ്പളത്തിൽ ഇടമലക്കുടിയിൽ രണ്ടുദശകം മുൻപ് അധ്യാപകനായി ചെന്നതാണ് മുരളി മാഷ്. അവിടെ തന്നെ മറ്റൊരു ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപികയായി ഭാര്യയുമുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയും ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയും കാരണം മാഷുടെ ഭാര്യ വൈകാതെ മരിച്ചു. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ നാട്ടിൽ കൊണ്ടുപോയി സ്വന്തം മാതാപിതാക്കളെ നോക്കാൻ ഏല്പിച്ചു ഇടമലക്കുടിയ്ക്ക് മടങ്ങിയ മുരളി മാഷ് പിന്നെ തിരിച്ചു പോയില്ല. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന മുതുവാൻ സമൂഹത്തിലെ കുട്ടികൾക്ക് അക്ഷര വെളിച്ചം കൊടുക്കാൻ ജീവിച്ചു. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനുള്ള അറിയും സാധനങ്ങളും മൂന്നാറിൽ നിന്നും ദേവികുളത്ത് നിന്നും തലച്ചുമടായി മാഷ് കൊണ്ടുവരും. അതും പതിനെട്ടു കിലോമീറ്റർ ചെങ്കുത്തായ കാനന പാതയിലൂടെ. അല്ലെങ്കിൽ സർക്കാർ നൽകുന്ന തുച്ഛമായ ചുമട്ടുകൂലിയുടെ കൂടെ പോരാത്ത തുക മാഷ് സ്വന്തം കയ്യിൽ നിന്നും നൽകും. കുട്ടികൾക്ക് പുസ്തകങ്ങളോ മരുന്നോ വസ്ത്രങ്ങളോ വേണ്ടി വന്നാൽ സ്വന്തം ശമ്പളം ചെലവാകും. കുട്ടികൾക്ക് ഒപ്പം കഴിക്കുന്ന ആഹാരവും രണ്ടോ മൂന്നോ ജോഡി വസ്ത്രങ്ങളും അല്ലാതെ തനിക്കായി ഒന്നും മാഷ് കരുതിവച്ചിരുന്നില്ല. 

പിണറായി വിജയന്റെയും എ കെ ബാലന്റെയും ഓഫീസുകൾക്ക് മനസ്സിലാകാത്തത് ഇത്തരം അധ്യാപകരെയാണ്. ഇടമലക്കുടിയിൽ നടക്കുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ അഴിമതികളിലും തിരിമറികളിലും കുറ്റക്കാർക്കെതിരെ പരാതികൾ അയച്ചതിനാണ് പുറമെനിന്നുള്ള തത്പരകക്ഷികൾ ആദിവാസികളെ ഇരുവർക്കുമെതിരെ തിരിച്ചു വിട്ടിരിക്കുന്നത്. ആദിവാസികളെ ആദിവാസികൾക്കെതിരെ തിരിച്ചു വിടുന്നത് കേരളത്തിലെ ആദിവാസി മേഖലകളിൽ പുതിയതല്ല. അങ്ങനെ നടക്കുന്ന എല്ലായിടത്തും സംഭവിക്കുന്നതാണ് ഇടമലക്കുടിയിലും സംഭവിച്ചത്. എന്നിട്ടും കേരളത്തിലെ അധികാരത്തിന്റെ ഇടനാഴികളിൽ അവരുടെ ശബ്ദം കേൾക്കപ്പെടുന്നില്ല. അവരുടെ വേദനകൾക്ക് ആരും ചെവി കൊടുക്കുന്നില്ല. അധ്യാപനത്തിന് മനുഷ്യത്വവും നന്മയും ആമുഖമാക്കിയ അധ്യാപകൻ നീതി തേടി തിരുവനന്തപുരത്ത് അലഞ്ഞു നടക്കുന്നു. അയാളുടെ മുന്നിൽ ഭാവി അനിശ്ചിതത്വമായി നിലനിൽക്കുന്നു.

എന്താണ് മുരളി മാഷ് ചെയ്ത തെറ്റ്? എന്താണ് അയാൾ ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന കുറ്റം? മാഷിന് ഊരുവിലക്ക് കല്പിച്ച ഊരുമൂപ്പന്മാരുടെ യോഗത്തിൽ പങ്കെടുക്കുകയും തീരുമാനം ഇരുവരെയും അറിയിക്കുകയും ചെയ്ത ഇടമലക്കുടി പഞ്ചായത്ത് പ്രസിഡണ്ടും സി പി എം നേതാവുമായ ഗോവിന്ദരാജ് ഇങ്ങനെ പറയുന്നു:  ''മധുരയിൽ നിന്നും പലായനം ചെയ്തു കാട്ടിൽ ചിതറിപ്പോയ ഉന്നത വർഗമാണ് ഞങ്ങൾ മുതുവാന്മാർ. ആ ഞങ്ങളെ മന്നാന്മാർ, ഊരാളികൾ, തേവന്മാർ, നായ്ക്കന്മാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഒന്നിച്ചു ചേർന്നുണ്ടായ ഒരു സങ്കലിത വർഗമായി മാഷുടെ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. അതിലാണ് പ്രശ്നം. മുതുവാൻ കുലത്തിന്റെ അഭിമാനമാണ് ചോദ്യം ചെയ്യപ്പെട്ടത്. ഒന്നോ രണ്ടോ വരികളിലെ ഇതുള്ളൂ. ബാക്കി എല്ലാം ഞങ്ങളെപ്പറ്റി നല്ല കാര്യങ്ങളാണ്. പക്ഷേ, ആ വരികൾ ഞങ്ങൾക്ക് പൊറുക്കാൻ ആകില്ല. ഇങ്ങനെയും ഐതിഹ്യമുണ്ട് എന്ന് മാത്രമേ മാഷ് പറഞ്ഞിട്ടുള്ളു. പക്ഷേ, മൂപ്പന്മാരുടെ തീരുമാനത്തെ എനിക്ക് ധിക്കരിക്കാൻ ആകില്ല.''

Idamalakkudi school teacher who faces ostracize PK Muraleedharan speaks

 

പുസ്തകം പിൻവലിച്ചു മാപ്പു പറഞ്ഞാലേ ഊരുവിലക്ക് പിൻവലിക്കൂ എന്നാണ് ഗോവിന്ദരാജ് പറയുന്നത്. ഇത് കേട്ടിട്ടും ആർക്കും കുലുക്കമില്ല. പ്രധാനമന്ത്രിയുടെ മാൻകി ബാത്തിലടക്കം പരാമര്‍ശിക്കപ്പെട്ടവരാണ് മുരളി മാഷും ചിന്നത്തമ്പിയും. കാട്ടിൽ ആദിവാസികൾക്ക് വേണ്ടി വായനശാല തുടങ്ങിയതിന്. മാഗ്‌സാസെ അവാർഡ് ജേതാവായ പി സായ്നാഥ് ഇടമലക്കുടി സന്ദർശിച്ചു മുരളി മാഷ് എന്ന നല്ല അധ്യാപകനെ കുറിച്ച് എഴുതിയിട്ടുണ്ട്. ചെന്നൈയിൽ നിന്നിറങ്ങുന്ന ഫൗണ്ടൻ ഇങ്ക് എന്ന ജേർണലിൽ ഒരു ലക്കത്തിൽ കവർ സ്റ്റോറി മുരളി മാഷുടെ സേവനങ്ങൾ ആയിരുന്നു. എന്നിട്ടും മന്ത്രി ബാലന്റെ ഓഫീസിൽ ജോലി ചെയ്യുന്ന കിർത്താഡ്‌സ് ഗവേഷകനും ആദിവാസി കാര്യങ്ങളിലെ അവസാനവാക്കുമായ മണിഭൂഷൺ ഇങ്ങനെ ഒരാളെക്കുറിച്ചു കേട്ടിട്ടുപോലുമില്ല. 

ഇടമലക്കുടിയിൽ കണ്ടുപോകരുത് എന്നാണ് ഊരുകൂട്ടത്തിന്റെ കല്പന. വധഭീഷണിയും ഉണ്ട്. എല്ലാം തെറ്റിദ്ധാരണ കൊണ്ടാണ് എന്നും മുഖ്യമന്ത്രി ഇടപെട്ട് ഒരനുരഞ്ജന യോഗം വിളിച്ചാൽ തെറ്റിദ്ധാരണകൾ മാറി ഇനിയും ഒന്നിച്ചു പോകാവുന്നതേയുള്ളു എന്നും മുരളി മാഷ് പറയുന്നു. ഇടമലക്കുടിയിൽ വിദ്വേഷം വിതയ്ക്കുന്ന അഴിമതിക്കാർക്കെതിരെ തങ്ങളുടെ കൈവശമുള്ള തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറാൻ ആണ് തങ്ങൾ വന്നത് എന്നാണ് മുരളി മാഷ് പറയുന്നത്. കൂട്ടിന് പുലിയും കാട്ടുപോത്തും ഉള്ള കെട്ടും മറയുമില്ലാത്ത ഈറ്റപ്പുരയില്‍ മുരളി മാഷ് ഒറ്റയ്ക്കിരുന്ന് എഴുതിത്തീര്‍ത്ത ഗോത്രചരിത്രമാണ് ഇപ്പോൾ വിവാദത്തിൽ ആയത്. മറ്റേതു ഗോത്ര ചരിത്രത്തിൽ എന്നതുപോലെ ഇവിടെയും പല ഐതിഹ്യങ്ങൾ ഐതിഹ്യങ്ങളായി തന്നെ പരാമർശിച്ചു. തത്പരകക്ഷികൾ അത് ദുർവ്യാഖ്യാനം ചെയ്തു. സർക്കാർ ഇടപെടൽ കൊണ്ട് മാത്രമേ അതിനു പരിഹാരമാകൂ...

മന്ത്രി ബാലന്റെ ഓഫീസിൽ വച്ച് കണ്ടപ്പോൾ മണിഭൂഷൺ ഉറപ്പിച്ചു പറഞ്ഞത് ഇതൊന്നും ഊരുവിലക്ക് അല്ലെന്നും ഈരു വിലക്കണമെങ്കിൽ മൈക്ക് പ്രചാരണമോ നോട്ടീസ് അടിക്കലോ വേണം എന്നാണെന്നും ആയിരുന്നു എന്ന് മുരളി മാഷ് പറയുന്നു. എന്നാൽ, ഗോവിന്ദരാജ് ഉറപ്പിച്ചു പറയുന്നത് തങ്ങൾ മുരളി മാഷെയും പുസ്തകം എഴുതാൻ വിവരങ്ങൾ നൽകിയ ചിന്നത്തമ്പിയെയും ഊരുവിലക്കി എന്ന് തന്നെയാണ്. ചിന്നത്തമ്പിയുടെ കൂടെ താമസിക്കുന്നിടത്തോളം കാലം ഭാര്യ മണിയമ്മയും ഊരുവിലക്ക് നേരിടും എന്ന് അയാൾ ഉറപ്പിച്ചു പറയുന്നു.

ഒരു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നാണ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ  ഊരുവിലക്ക് ഏർപ്പെടുത്തിയത് എന്ന് പഞ്ചായത്ത് പ്രസിഡണ്ട് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടും അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു നിസ്സാരവത്കരിക്കുകയാണ് ആദിവാസി ക്ഷേമ മന്ത്രിയുടെ ഓഫീസ്. സ്ഥലം എം എൽ എ യോഗം വിളിച്ചു പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ബാലൻ പറഞ്ഞിട്ടും അനുബന്ധ നടപടികൾ ആയിട്ടില്ല.

 ബത്തേരിയിലെ സ്കൂളിലെ അധ്യാപകനെതിരെ സോഷ്യൽ മീഡിയയിൽ മുറവിളി കൂട്ടുന്നവർക്ക് കുപ്രചാരണങ്ങളിൽ തകർന്നു പോകുന്ന കുട്ടികൾക്ക് വേണ്ടി ജീവിച്ച ഈ അധ്യാപകനുവേണ്ടിയും ഒരിറ്റു കണ്ണീർ പൊഴിക്കാവുന്നതാണ്. മുരളി മാഷിന് സർക്കാർ കൊടുക്കുന്ന പ്രതിമാസ ശമ്പളം കൂടി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം: മൂവായിരത്തി അഞ്ഞൂറ് രൂപ.

"

Follow Us:
Download App:
  • android
  • ios