Asianet News MalayalamAsianet News Malayalam

97 -ാമത്തെ വയസ്സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് വിദ്യാദേവി, നാട്ടുകാര്‍ക്കുവേണ്ടി എപ്പോഴും പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം

ഈ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിക്കാനായി ആത്മാര്‍ത്ഥമായി പ്രയത്നിച്ച എല്ലാവരോടും നന്ദിയുണ്ട്. സ്ഥലത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. എല്ലായിടത്തും വെള്ളമെത്തിക്കുന്നതിനും ശുചിത്വത്തിനുമായിരിക്കും പ്രധാന്യം നല്‍കുക.

97 year old Vidya devi won panjayath pols
Author
Rajasthan, First Published Jan 20, 2020, 9:15 AM IST

തൊണ്ണൂറ് പോയിട്ട് ഒരു 80 വയസ്സൊക്കെയാകുമ്പോള്‍ത്തന്നെ ഏതെങ്കിലും മൂലക്കിരുത്തും നമ്മള്‍ വീട്ടിലെ വയസ്സായവരെ. ചിലര്‍ക്ക് ആരോഗ്യപ്രശ്‍നങ്ങളൊക്കെ കാണും. ചിലര്‍ ആരോഗ്യമുള്ളവരായിരിക്കും. എന്നാലും അവര്‍ക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്നത് നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാണ്. പക്ഷേ, ചില മനുഷ്യരുണ്ട്, പ്രായത്തിനൊന്നും തോല്‍പ്പിക്കാന്‍ പറ്റാത്ത മനുഷ്യര്‍. വിദ്യാ ദേവിയും അങ്ങനെ തന്നെ.

തന്‍റെ 97 -ാമത്തെ വയസ്സിലാണ് വിദ്യാ ദേവി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നത്. രാജസ്ഥാനിലെ ശികാര്‍ ജില്ലയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് വിദ്യാ ദേവി മത്സരിക്കുന്നത്. പുരാനാവാസ് പഞ്ചായത്തില്‍നിന്നും മത്സരിച്ച ഇവര്‍ 207 വോട്ടിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ നേടിയത് 843 വോട്ടാണ്. ആരതി മീനയെയാണ് ഇവര്‍ തോല്‍പ്പിച്ചത്. ഏതായാലും തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞതോടെ ഗ്രാമവാസികളോട് നന്ദി പറയാനും മധുരം വിതരണം ചെയ്യാനും വിദ്യാ ദേവി മറന്നില്ല. 

വിജയത്തെ കുറിച്ച് ചോദിച്ചവരോട്, വളരെയധികം സന്തോഷം തോന്നുന്നുവെന്നും ആദ്യമായിട്ടാണ് ഒരു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതെന്നും വിദ്യാ ദേവി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിക്കാനായി ആത്മാര്‍ത്ഥമായി പ്രയത്നിച്ച എല്ലാവരോടും നന്ദിയുണ്ട്. സ്ഥലത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. എല്ലായിടത്തും വെള്ളമെത്തിക്കുന്നതിനും ശുചിത്വത്തിനുമായിരിക്കും പ്രധാന്യം നല്‍കുക, മാത്രമല്ല, പാവപ്പെട്ട എല്ലാ വിധവകള്‍ക്കും പെന്‍ഷന്‍ എത്തിക്കും, പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുകയും ചെയ്യും എന്നാണ് നന്ദി പറഞ്ഞുകൊണ്ട് വിദ്യാ ദേവി പറഞ്ഞത്. 

രാഷ്ട്രീയം അവര്‍ക്ക് വീട്ടുകാര്യം കൂടിയാണ്. നേരത്തെ വിദ്യാ ദേവിയുടെ അമ്മായി അച്ഛനും, ഭര്‍ത്താവും മകനുമെല്ലാം ഇവിടെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.വയസ്സ് 97വ ആയിരുന്നുവെങ്കിലും രണ്ട് കിലോമീറ്റര്‍ നടന്നാണ് വിദ്യാ ദേവി നോമിനേഷന്‍ നല്‍കാന്‍ പഞ്ചായത്തിലെത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയും കുറേ നടന്നുവെങ്കിലും ആരോഗ്യ പ്രശ്‍നങ്ങളൊന്നും തന്നെ തനിക്കില്ലായെന്നും ഈ തൊണ്ണൂറ്റിയേഴുകാരി പറയുന്നു. രാജസ്ഥാനില്‍ 87 പഞ്ചായത്തുകളിലേക്കായി 26,800 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios