Asianet News MalayalamAsianet News Malayalam

വാഴക്കൂമ്പ് മുറിച്ചുമാറ്റിയാല്‍ എന്താണ് ഗുണം? വാഴക്കര്‍ഷകര്‍ക്ക് കൂടുതല്‍ വിളവുണ്ടാക്കാന്‍ ചില ടിപ്‌സ്

കന്നുകള്‍ നടുമ്പോള്‍ ശ്രദ്ധിക്കണം. മുകളിലേക്ക് നേര്‍ത്ത് വാള്‍മുനപോലെയുള്ള സൂചിക്കന്നുകള്‍ നടാന്‍ ഉപയോഗിക്കണം. വാഴക്കന്ന് ഇളക്കി വെച്ചാല്‍ നടുന്നതിനും കാലാവധിയുണ്ട്. നേന്ത്രവാഴക്കന്ന് ആണെങ്കില്‍15 മുതല്‍ 20 ദിവസത്തിനുള്ളില്‍ നടുന്നതാണ് നല്ലത്.

advantages of chopping off the banana flower
Author
Thiruvananthapuram, First Published Dec 14, 2019, 2:53 PM IST

വാഴക്കുലയില്‍ പെണ്‍പൂക്കള്‍ വിരിഞ്ഞുകഴിഞ്ഞാല്‍ പിന്നീട് വിരിയുന്നതാണ് ആണ്‍പൂക്കള്‍. ചിലയിനം വാഴകളില്‍ അവ കൊഴിഞ്ഞുപോകും. എന്തിനാണ് വാഴക്കൂമ്പ് മുറിച്ചുമാറ്റുന്നത്? വാഴക്കര്‍ഷകര്‍ക്ക് കൂടുതല്‍ വിളവുണ്ടാക്കാന്‍ സഹായിക്കുന്ന ചില ടിപ്‌സ് ഇതാ.

അവസാന പടല വിരിഞ്ഞുകഴിഞ്ഞാല്‍ വാഴക്കൂമ്പ് വളരെ ശ്രദ്ധയോടെ മുറിച്ചുമാറ്റുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ വാഴ മണ്ണില്‍ നിന്നും ആഗിരണം ചെയ്യുന്ന പോഷകമൂല്യങ്ങള്‍ കായകളിലേക്ക് തന്നെ കേന്ദ്രീകരിക്കപ്പെടും. അപ്പോള്‍ വാഴക്കുലയുടെ തൂക്കം കൂടും. പൂക്കളുടെ ദളങ്ങളില്‍ പൂപ്പേനുകള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇത്തരം പേനുകള്‍ കായകളില്‍ പരുപരുപ്പ് ഉണ്ടാക്കുകയും ഭംഗിയില്ലാതാക്കുകയും ചെയ്യും.

ആണ്‍പൂക്കളില്‍ നിന്ന് ഉണ്ടാകുന്ന തേന്‍ ചില പ്രത്യേകതരം ഫംഗസുകളുടെ വളര്‍ച്ചയ്ക്ക് യോജിച്ചതാണ്. ഇത് കാരണം പൂപ്പല്‍ബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. നേന്ത്രന്‍, ഞാലിപ്പൂവന്‍ ,പാളയംകോടന്‍ എന്നിവയുടെ കൂമ്പ് നാരുകളാല്‍ സമ്പന്നവും ഭക്ഷിക്കാന്‍ ഏറ്റവും അനുയോജ്യവുമാണ്. വവ്വാലുകളും മറ്റു പക്ഷികളും ആണ്‍പൂക്കളില്‍ നിന്നും തേന്‍ കുടിക്കാന്‍ വരും. അപ്പോള്‍ കായകളില്‍ മുറിവുകളും പാടുകളും ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ടും വാഴക്കൂമ്പ്  മുറിച്ചുകളയുന്നതാണ് അഭികാമ്യം.

ചെങ്ങാലിക്കോടന്റെ പ്രത്യേകത

ആണ്‍പൂക്കള്‍ കൊഴിയാത്ത വാഴയിനങ്ങളുമുണ്ട്. അത്തരത്തില്‍പ്പെട്ടതാണ് ചെങ്ങാലിക്കോടന്‍. കേരളത്തില്‍ ആദ്യമായി ഭൗമസൂചിക പദവി ലഭിച്ച വാഴയിനമാണിത്. തൃശൂരിലെ എരുമപ്പെട്ടിയിലാണ് ഈ വാഴയുടെ ഉത്ഭവം. ഇതിന്റെ മൂത്ത കായകള്‍ പഴുത്താല്‍ നല്ല സ്വര്‍ണനിറത്തില്‍ ചുവപ്പും തവിട്ടും കലര്‍ന്ന നിറമായിരിക്കും. ഒരു കായയ്ക്ക് 400 മുതല്‍ 500 ഗ്രാം തൂക്കമുണ്ടായിരിക്കും.

ഇതിന്റെ ഇടത്തരം വലുപ്പമുള്ള വാഴയില്‍ നിന്നും കുലവെട്ടിയ ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ കന്നുകള്‍ വേര്‍പെടുത്തിയാണ് നടാനുപയോഗിക്കുന്നത്. നാല് മാസം മൂപ്പുള്ള കന്നുകളാണ് വേണ്ടത്. മണ്ണും ചാണകവും ചാരവും ചേര്‍ത്തുണ്ടാക്കിയ കുഴമ്പില്‍ 20 മിനിറ്റ് മുക്കിവെക്കണം. പിന്നീട് കന്ന് പുറത്തെടുത്ത് നാലുദിവസം വെയിലത്തും 15 ദിവസം തണലിലും ഉണക്കിയാണ് നടുന്നത്.

വാഴയുടെ കന്നിന്റെ വേരുകള്‍ക്ക് ദോഷം വരാത്ത രീതിയില്‍ രണ്ടാഴ്ച കൂടുമ്പോള്‍ മണ്ണ് മുകളിലേക്ക് കൂട്ടിക്കൊടുക്കണം. മേല്‍വളങ്ങള്‍ ചേര്‍ത്താണ് മണ്ണ് കൂട്ടേണ്ടത്. മൈക്രോന്യൂട്രിയന്റ് ചേര്‍ത്താല്‍ മൂലകങ്ങളുടെ അഭാവം പരിഹരിക്കാം.

കുല വന്ന് 25 ദിവസമാകുമ്പോള്‍ വാഴയിലകള്‍ ഉപയോഗിച്ച് കുല പൊതിഞ്ഞ് കെട്ടണം. കുല വന്ന് 100 മുതല്‍ 110 ദിവസത്തിനുള്ളില്‍ കുല വെട്ടിയെടുക്കാം.

വാഴക്കൃഷി ചെയ്യുന്നവര്‍ക്കായി ചില ടിപ്‌സ്

വാഴക്കന്ന് ചരിച്ചു നടുന്നതാണ് നല്ല വിളവ് കിട്ടാന്‍ അഭികാമ്യം. ചൂടുവെള്ളത്തില്‍ പത്ത് മിനിറ്റ് മുക്കിവെച്ചുനട്ടാല്‍ നിമാ വിരകളെ തുരത്താവുന്നതാണ്. മാണവണ്ടിന്റെ ഉപദ്രവം വാഴക്കര്‍ഷകരെ കഷ്ടത്തിലാക്കുന്നുണ്ട്. ഇതൊഴിവാക്കാന്‍ വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ചേര്‍ത്താല്‍ മതി.

കന്നുകള്‍ നടുമ്പോള്‍ ശ്രദ്ധിക്കണം. മുകളിലേക്ക് നേര്‍ത്ത് വാള്‍മുനപോലെയുള്ള സൂചിക്കന്നുകള്‍ നടാന്‍ ഉപയോഗിക്കണം. വാഴക്കന്ന് ഇളക്കി വെച്ചാല്‍ നടുന്നതിനും കാലാവധിയുണ്ട്. നേന്ത്രവാഴക്കന്ന് ആണെങ്കില്‍15 മുതല്‍ 20 ദിവസത്തിനുള്ളില്‍ നടുന്നതാണ് നല്ലത്.

ബാക്കി എല്ലാ വാഴക്കന്നുകളും മൂന്നോ നാലോ ദിവസത്തിനുള്ളില്‍ നടാം. ഏത്തവാഴ നടാന്‍ അനുയോജ്യമായ സമയം അത്തം ഞാറ്റുവേലയാണ്.

മണ്ടയടപ്പ് എന്ന പ്രശ്‌നത്തില്‍ നിന്നും രക്ഷപ്പെടാന്‍ വാഴവിത്ത് നടുന്ന കുഴിയില്‍ അല്‍പം ചാണകപ്പൊടി ഇട്ടാല്‍ മതി.

വാഴകള്‍ക്കിടയില്‍ പയര്‍ വിതച്ചാല്‍ കളകളെ നിയന്ത്രിക്കാം. ടിഷ്യുകള്‍ച്ചര്‍ വാഴകള്‍ക്ക് മാണപ്പുഴുവിന്റെ ഉപദ്രവം കുറവായിരിക്കും.

ഏത്തവാഴകളുടെ സ്ഥിരം ശത്രുക്കളാണ് മാണവണ്ടും നിമാവിരകളും. വാഴക്കൂമ്പിനെയാണ് മാണവണ്ട് ആക്രമിക്കുന്നത്. ഈ വണ്ടിന്റെ മുട്ട വിരിഞ്ഞ് പുറത്തു വരുന്ന പുഴുക്കള്‍ തുരന്ന് നടുനാമ്പ് തിന്നുതീര്‍ക്കുമ്പോള്‍ വാഴക്കൂമ്പ് അടഞ്ഞുപോകും. നിമാവിരകള്‍ വാഴയുടെ വേരുകളുടെ പ്രവര്‍ത്തനക്ഷമതകുറച്ച് വിളവ് കുറയ്ക്കുകയാണ് ചെയ്യുന്നത്.

വാഴക്കന്ന് ചെത്തിയൊരുക്കി തിളച്ച വെള്ളത്തില്‍ മുക്കിയാല്‍ ഈ രണ്ടു ശത്രുക്കളെയും തുരത്താം. ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രോപിക്കല്‍ അഗ്രിക്കള്‍ച്ചര്‍ ആണ് ഈ കണ്ടുപിടുത്തം നടത്തിയത്.

വൃത്തിയാക്കിയ കന്നുകള്‍ തിളയ്ക്കുന്ന വെള്ളത്തില്‍ 20 മുതല്‍ സെക്കന്റ് സമയം മുക്കിവെക്കണം. തണുത്ത ശേഷം പച്ചച്ചാണകം, സ്യൂഡോമോണാസ് എന്നിവ ചേര്‍ന്ന കുഴമ്പില്‍ മുക്കി നാല് ദിവസം തണലത്തുണക്കണം. എന്നിട്ട് അടിവളം ചേര്‍ത്ത് നടാം. ഇത്തരത്തില്‍ നടുന്ന വാഴകള്‍ നല്ല വിളവ് തരും.


 

Follow Us:
Download App:
  • android
  • ios