Asianet News MalayalamAsianet News Malayalam

ആ കുട്ടി യുകെയിലെ കഞ്ചാവുതോട്ടത്തിൽ അടിമയായി കഴിഞ്ഞത് വര്‍ഷങ്ങള്‍; വിയറ്റ്നാമില്‍നിന്നുള്ള പലായനങ്ങളുടെ കഥ

അവന്റെ കഥ ഏറെ അസാധാരണമായ ഒന്നാണ്. അതേസമയം തന്നെ, വിയറ്റ്നാമിൽ നിന്ന് യുകെയിലേക്ക് കടന്നുന്ന യുവാക്കൾക്ക് ഇപ്പോൾ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ ഒക്കെയും ഏതാണ്ട് ഇതേ സ്വഭാവത്തിലുള്ളത് തന്നെയാണ് താനും. വർഷങ്ങളായി ആധുനികകാലത്തെ അടിമത്തത്തിന്റെ കേസുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മൂന്നു പൗരത്വങ്ങളിൽ ഒന്ന് വിയറ്റ്നാമീസ് ആണ്. 

Boy abducted from Vietnam ends up a slave in a UK Cannabis farm
Author
UK, First Published Jan 23, 2020, 10:36 AM IST

കഴിഞ്ഞ വർഷം ഒക്ടോബറിൽ യുകെയിലെ എസ്സെക്സിൽ നിർത്തിയിട്ടിരുന്ന ഒരു ശീതീകരിക്കപ്പെട്ട ട്രെയിലർ ട്രക്കിനുള്ളിൽ നിന്ന് കണ്ടെടുക്കപ്പെട്ടത് 39 മൃതദേഹങ്ങളാണ്. ചൈനയിൽ നിന്നും വിയറ്റ്നാമിൽ നിന്നും മറ്റുമായി പുറപ്പെട്ടുവന്ന അനധികൃത കുടിയേറ്റക്കാരായിരുന്നു അന്ന് മരിച്ച യുവതീയുവാക്കൾ എല്ലാം തന്നെ. അന്ന് പുറത്തായത് അനധികൃത മനുഷ്യക്കടത്ത്‌ റാക്കറ്റായ സ്നേക്ക് ഹെഡ്സിന്റെ പാളിപ്പോയ ഓപ്പറേഷനുകളിൽ ഒന്നായിരുന്നു. അത്തരത്തിൽ, അനധികൃതമായ മാർഗ്ഗം അവലംബിച്ച് വിയറ്റ്‌നാമിൽ നിന്ന് യുകെയിലേക്ക് ശോഭനമായ ഒരു ഭാവിജീവിതം തേടി ഇറങ്ങിപ്പുറപ്പെട്ട 'ബാ' എന്ന വിയറ്റ്നാമീസ് യുവാവിന്റെ കഥയാണ് ബിബിസി കഴിഞ്ഞ ദിവസം പറഞ്ഞത്. ആരുടേയും കണ്ണുനനയിക്കുന്ന ഒന്നാണ് അവന്‍ അനുഭവിച്ചു തീർത്ത ദുരിതങ്ങളുടെ നേർസാക്ഷ്യം.

'ബാ'യെക്കണ്ടാൽ അവന് വയസ്സു പതിനെട്ടുതികഞ്ഞു എന്നൊന്നും ആരും വിശ്വസിക്കില്ല കേട്ടോ. തന്റെ അനുഭവങ്ങൾ പറഞ്ഞുതുടങ്ങുമ്പോൾ ആ പാവത്തിന്റെ സ്വതവേ മെല്ലിച്ച ഉടൽ ഒന്നുകൂടി ഒതുങ്ങും. നല്ല പ്രകാശമുള്ള ഒരു ട്യൂബ് ലൈറ്റിന്റെ ചോട്ടിൽ, അടുക്കളയിലെ തീന്മേശയിലിരുന്നുകൊണ്ട് ഞങ്ങൾ കഥ പറഞ്ഞുതുടങ്ങുമ്പോൾ, ഒരു ജാക്ക് റസ്സൽ നായ്ക്കുഞ്ഞ് ഞങ്ങളുടെ കാലിൽ ഉരുമ്മിക്കൊണ്ട് താഴെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. അവന്റെ യുകെയിലെ വളർത്തമ്മയുടെ ശബ്ദം ഇടയ്ക്കിടെ പശ്ചാത്തലത്തിൽ നിങ്ങൾക്ക് കേൾക്കാം. അവർ ബാ പറയാൻ മറക്കുന്ന വിശദാംശങ്ങൾ പൂരിപ്പിക്കാനായി അടുത്തുതന്നെ നിൽക്കുകയാണ്. തന്റെ കുഞ്ഞിന്റെ കഥ മാലോകർക്ക് കൃത്യമായി മനസ്സിലാക്കണമെന്ന് ആ സ്ത്രീക്ക് നിർബന്ധമുണ്ടെന്നു തോന്നുന്നു.

പഴകി കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി വടക്കൻ ഇംഗ്ലണ്ടിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ഉഴറി നടക്കുമ്പോൾ അധികൃതർ കണ്ടെത്തി ഫോസ്റ്റർ കെയറിനായി കൊണ്ടെത്തിച്ചതാണ് ബായെ ഈ കുടുംബത്തിൽ. കഷ്ടി ഒരു കൊല്ലമേ ആകുന്നുള്ളൂ അവർക്കിവനെ കിട്ടിയിട്ട്. "നിനക്കിപ്പോൾ സമാധാനമില്ലേ കുഞ്ഞേ..?" ഇടയ്ക്കിടെ അവന്റെ പുതിയ അമ്മ അവനോട് ചോദിക്കും. തന്റെ സ്നേഹവും പരിചരണവും ഈ ചെറിയ പ്രായത്തിലേ അവന്റെ മനസ്സിനേറ്റ മുറിവുകളുടെ വ്രണങ്ങൾ കാലാന്തരത്തിൽ കരിച്ചുകളയും എന്നവർക്ക് പ്രതീക്ഷയുണ്ട്. അതാണ് ഇടക്കിടക്ക് ഈ ചോദ്യം.

അവന്റെ കഥ ഏറെ അസാധാരണമായ ഒന്നാണ്. അതേസമയം തന്നെ, വിയറ്റ്നാമിൽ നിന്ന് യുകെയിലേക്ക് കടന്നുന്ന യുവാക്കൾക്ക് ഇപ്പോൾ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ ഒക്കെയും ഏതാണ്ട് ഇതേ സ്വഭാവത്തിലുള്ളത് തന്നെയാണ് താനും. വർഷങ്ങളായി ആധുനികകാലത്തെ അടിമത്തത്തിന്റെ കേസുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മൂന്നു പൗരത്വങ്ങളിൽ ഒന്ന് വിയറ്റ്നാമീസ് ആണ്. 2018 -ൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് അടിമത്തത്തിന്റെ ഏഴായിരത്തോളം കേസുകളാണ്. അതിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന വിയറ്റ്നാമിൽ നിന്നുമാത്രം യുകെയിൽ എത്തി നരകജീവിതം നയിക്കുന്നത് എഴുനൂറോളം അടിമകളാണ്. എല്ലാ കൊല്ലവും 18,000 പേരെങ്കിലും വിയറ്റ്നാമിൽ നിന്ന് അനധികൃതമാർഗ്ഗങ്ങളിൽ യുകെയിലേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ് കണക്ക്.

ബായെ വിയറ്റ്നാമിൽ നിന്ന് യുകെയിലേക്ക് കടത്തിയത് സ്നേക്ക് ഹെഡ്‌സിന്റെ സംഘങ്ങളിൽ ഏതോ ഒന്നാണ്. ഹോചിമിൻ സിറ്റിയിലെ തെരുവുകളിൽ ലോട്ടറി ടിക്കറ്റുകൾ വിറ്റുനടന്നിരുന്ന, തെരുവിലെ അഴുക്കുചാലിന്റെ തിണ്ണമേൽ കിടന്നുറങ്ങിയിരുന്ന ഒരു അനാഥബാല്യമായിരുന്നു ബായുടേത്. പലപ്പോഴും അവൻ പകലന്തിയോളം കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശ് തെരുവിലെ തിണ്ണമിടുക്കുള്ള തെമ്മാടികൾ തട്ടിപ്പറിക്കുമായിരുന്നു. ഒരുദിവസം അവനെ തെരുവിൽ നിന്ന് ഒരു സംഘമാളുകൾ ചേർന്ന് അവരുടെ വാനിൽ തട്ടിയെടുത്ത് ചൈനയിലെ ഇരുളടഞ്ഞ ഒരു ഗോഡൗണിലേക്ക് കടത്തുകയായിരുന്നു. കണ്ണുകൾ തുണികൊണ്ട് മൂടിക്കെട്ടിയ ആ യാത്രയിൽ അവൻ പലർക്കും കൈമാറ്റം ചെയ്യപ്പെട്ടു. പോകെപ്പോകെ അവർ സംസാരിച്ചിരുന്ന ഭാഷ മാറിമാറി വന്നു. ഒടുവിൽ അവന് മനസ്സിലാകാത്ത മാൻഡാരിനിൽ ആയി സംസാരം. താൻ ഒടുവിൽ എത്തിപ്പെട്ടത് ജനലുകളില്ലാത്ത വലിയൊരു ചൈനീസ് ഗോഡൗണിലാണെന്നും, അവർ തന്നെ കൂലിപ്പണിയെടുപ്പിക്കാൻ വേണ്ടി എങ്ങോട്ടോ കടത്താൻ പോവുകയാണ് എന്നും ബാ മനസ്സിലാക്കി.  

ആ ദിവസങ്ങളിൽ താൻ രക്ഷപ്പെടാതെ നോക്കാൻ വേണ്ടി നിർത്തിയിരുന്ന കാവൽക്കാരൻ എല്ലാ ദിവസവും തന്നെ യാതൊരു കാരണവുമില്ലാതെ മർദ്ദിക്കുമായിരുന്നു എന്ന് ബാ ഓർക്കുന്നു. അയാൾ അങ്ങനെ ചെയ്തിരുന്നത് എന്തിനായിരുന്നു എന്ന് അവന് ഇന്നും ബോധ്യമില്ല. ഒരു ദിവസം സഹികെട്ട് അവന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അവനെ പിന്തുടർന്ന് പിടികൂടിയ അയാൾ അവനു നൽകിയത് ക്രൂരമായ ശിക്ഷയായിരുന്നു. അവന്റെ നെഞ്ചിലും കൈകാലുകളിലും അയാൾ തിളക്കുന്ന വെള്ളം കൊണ്ട് പൊള്ളിച്ചു. വേദനകൊണ്ട് പുളഞ്ഞുപോയ അവന് അലറി നിലവിളിച്ചിട്ടും അയാൾ നിർത്തിയില്ല. ഒടുവിൽ അവന്റെ ബോധം മറഞ്ഞു. ദിവസങ്ങളോളം അവന്‍ അതേ കിടപ്പുകിടന്നു. അന്നനുഭവിക്കേണ്ടി വന്ന പ്രാണവേദനകളുടെ നീറുന്ന ഓർമയായി, അന്നത്തെ ആ ഭേദ്യത്തിൽ കരുവാളിച്ചുണ്ടായ പാടുകൾ ഇന്നും ബായുടെ ദേഹത്ത് കല്ലിച്ചുകിടപ്പുണ്ടെന്ന് അവന്റെ വളർത്തമ്മ കൂട്ടിച്ചേർത്തു.  

താമസിയാതെ ബാ ട്രക്കുകൾ മാറിമാറിക്കേറി ഒടുവിൽ യുകെയിൽ എത്തിപ്പെട്ടു. അവസാനം കയറിയ ട്രക്കിലെ തണുത്ത മൗനം അവനിപ്പോഴും ഓർക്കുന്നുണ്ട്. പഴങ്ങളുടെ പെട്ടികൾക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന മനുഷ്യർ. കുറേ കഴിഞ്ഞപ്പോൾ തണുപ്പ് അസഹ്യമായി. അവന്റെ കൈനീളമുള്ള ഉടുപ്പുകൊണ്ട് തണുപ്പിനെ തടുക്കാൻ കഴിയാതെയായി. ഒടുവിൽ പഴപ്പെട്ടികളുടെ കാർഡ്‌ബോർഡുകൾ കീറിയെടുത്ത് അതുകൊണ്ടാണ് തണുപ്പിനെ പ്രതിരോധിക്കൽ. "എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നറിയില്ല. എന്തിനാണ് കടത്തുന്നത് എന്നറിയില്ല. ആകെ പേടിയായിരുന്നു ആ യാത്ര തീരും വരെ മനസ്സിൽ. പേടികൊണ്ട് ഉറങ്ങാൻ വയ്യ. സങ്കടം കൊണ്ട് ഒന്നും കഴിക്കാൻ വയ്യ. എനിക്കെന്താണ് സംഭവിക്കുക എന്നറിയില്ല. വല്ലാത്തൊരു അവസ്ഥയായിരുന്നു" ബാ പറഞ്ഞു .

അവനെ അവർ കടത്തിയത് യുകെയിലെ ഒരു അനധികൃത കഞ്ചാവുതോട്ടത്തിൽ അടിമപ്പണി ചെയ്യിക്കാൻ വേണ്ടിയായിരുന്നു. പ്രതിവർഷം 260 കോടി ഡോളറിന്റെ അനധികൃത കഞ്ചാവുവ്യാപാരമാണ് യുകെയിൽ നടക്കുന്നത് എന്നാണ് കണക്ക്. അവനെ കൊണ്ടുചെന്നെത്തിച്ചത് കാടുപിടിച്ചുകിടക്കുന്നൊരു കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഉപേക്ഷിക്കപ്പെട്ട ഒരു  ഇരുനില കെട്ടിടത്തിലേക്കായിരുന്നു.

Boy abducted from Vietnam ends up a slave in a UK Cannabis farm

 

അവിടത്തെ കഞ്ചാവു ചെടികളെ പരിപാലിക്കലായിരുന്നു അവനെ ഏൽപ്പിച്ച പണി. ലൈറ്റുകൾ കൃത്യമായ ഇടവേളകളിൽ ഇടണം, അണയ്ക്കണം. ഇടയ്ക്കിടെ വെള്ളമൊഴിക്കണം. നല്ല പരിപാലനം ആവശ്യമുള്ള കൃഷിയാണ് കഞ്ചാവിന്റേത്. ഏതെങ്കിലും ചെടി വാടിയാൽ, അന്നുതന്നെ ശിക്ഷ കിട്ടും. അവന് നല്ലവണ്ണം വേദനിക്കുന്നു എന്നുറപ്പിക്കാൻ ഗാർഡ് ചവിട്ടുന്നത് അവന്റെ പൊള്ളിയ മുറിവിന്റെ മുകളിൽ തന്നെയായിരുന്നു. അവന് ശമ്പളമൊന്നും ഉണ്ടായിരുന്നില്ല. അക്ഷരാർത്ഥത്തിൽ ഒരു അടിമയുടെ ജീവിതം. ആടുജീവിതം. 

അന്നൊക്കെ ബാ എന്നും ഉറങ്ങാൻ കിടക്കും മുമ്പ് സ്വയം പറഞ്ഞിരുന്നത് ഒരേയൊരു കാര്യം മാത്രമാണ്, "എന്തെങ്കിലുമൊക്കെ കഴിച്ച് ജീവൻ നിലനിർത്തണം. കാത്തിരിക്കണം. ഇനിയും അവസരം വരും. അന്ന് എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടണം'' ഒടുവിൽ ആ ദിവസം വന്നു. ജനലിന്റെ ചില്ലുകൾ തകർത്ത്, ഒന്നാം നിലയിൽ നിന്ന് താഴേക്ക് എടുത്തുചാടിമറിഞ്ഞ് അവൻ ആ കഞ്ചാവു ഫാക്ടറിയിൽ നിന്ന് ഓടിരക്ഷപ്പെട്ടു.

കാലുകൾ കുഴഞ്ഞ് തളർന്നുവീഴുവോളം അവൻ ഓടി. അല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. ഇനി അവരുടെ കയ്യിൽ കിട്ടിയാൽ ഒരുപക്ഷേ അവർ ജീവനോടെ വിട്ടേക്കില്ല. മറ്റുള്ളവരെ ഭയപ്പെടുത്തി നിർത്താൻ അവർ അവനെ അടിച്ചു കൊന്നുകളഞ്ഞേനെ. അതറിഞ്ഞുകൊണ്ടുതന്നെ അവൻ അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത് ആ കഞ്ചാവുതോട്ടത്തിലെ ദുരിതജീവിതം അത്രകണ്ട് അസഹ്യമായതുകൊണ്ടാണ്.

എങ്ങോട്ട് പോകണമെന്നറിയില്ലായിരുന്നു. പരമാവധി അകലേക്ക് പോകാൻ അവൻ ശ്രമിച്ചു. റെയിൽപ്പാളങ്ങൾക്ക് സമാന്തരമായിട്ടായിരുന്നു അവന്റെ നടപ്പ്. കയ്യിൽ ഒരു പാക്കറ്റ് ബിസ്കറ്റ് മാത്രം. "ഞാൻ ഇംഗ്ലണ്ടിലാണ് എന്നുപോലും എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു. ഗോഡൗണിനുള്ളിലെ ഇരുട്ടിനും, അഴുക്കുപുരണ്ട ചുവരുകൾക്കും, കഞ്ചാവു ചെടികൾക്കുമൊന്നും അതെനിക്ക് പറഞ്ഞുതരാൻ സാധിച്ചില്ല..." ബാ പറഞ്ഞു. 

Boy abducted from Vietnam ends up a slave in a UK Cannabis farm

 

പാളങ്ങളുടെ അരികുപിടിച്ച് നടന്നുനടന്ന് ബാ ഒടുവിൽ പ്രതീക്ഷിച്ചിരുന്ന പോലെ ഒരു റെയിൽവേ സ്റ്റേഷനിലെത്തി. അവിടെവെച്ചാണ് അവൻ ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസിന്റെ മുന്നിൽ ചെന്നുപെടുന്നത്. അവനോട് അവർ ഏറെ സൗമ്യമായിട്ടാണ് ഇടപെട്ടത്. ആരെങ്കിലുമൊക്കെ അവനോട് സ്നേഹമായി സംസാരിക്കുന്നത് ജീവിതത്തിൽ അതാദ്യമായിട്ടായിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവരാണ് അവനെ ഒരു ഫോസ്റ്റർ ഹോമിലേക്ക് എത്തിച്ചത്. പുതിയ കുടുംബത്തിൽ അവൻ സന്തുഷ്ടനാണ്. ഇന്നവൻ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നു. അവന്റെ ആദ്യ ക്രിസ്മസ് കഴിഞ്ഞതേയുള്ളൂ. ഇത്തവണ അവന് അവന്റെ കോളേജിലെ ഏതോ പെൺകുട്ടി ക്രിസ്മസ് സമ്മാനവും കൊടുത്തുവത്രെ. ആദ്യമായിട്ടാണ് ഇങ്ങനെ വർണ്ണക്കടലാസിൽ പൊതിഞ്ഞ്, റിബ്ബണൊക്കെ കെട്ടി ആരെങ്കിലും ഒരു സമ്മാനമൊക്കെ അവന് കൊടുക്കുന്നത്. അവൻ ഒരു സമ്മാനപ്പൊതിയഴിക്കുന്നതും ഇതാദ്യമായിട്ടായിരുന്നു. പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ, ഫ്ളഡ് ലൈറ്റിന് മുന്നിൽ അകപ്പെട്ട മുയൽക്കുഞ്ഞിനെപ്പോലെ ആയിരുന്ന ബാ ഇന്ന് ഏറെ മാറിയിട്ടുണ്ട്.

അവന് യുകെയിൽ കഴിയാനുള്ള പെർമിറ്റ് കിട്ടുമോ എന്നറിയില്ല. ഒരു കാര്യമുറപ്പാണ്, എങ്ങാനും തിരിച്ച് വിയറ്റ്നാമിലേക്ക് അയച്ചാൽ, ഇതുവരെ പിന്നിട്ടതൊക്കെ ഇനിയും ആവർത്തിക്കും. തെരുവിൽ നിന്ന് ആരെങ്കിലും അവനെ ഇനിയും തട്ടിയെടുക്കും, കടത്തും. ഇപ്പോൾ അവനെ പാർപ്പിച്ചിരിക്കുന്ന കുഞ്ഞു പട്ടണം അവന് ഏറെയിഷ്ടമാണ്. അവിടെ കല്ലുകൊണ്ടുകെട്ടിയ കുഞ്ഞു കുഞ്ഞു വീടുകളും, വലിയ മാളികകളും തോളോടുതോൾ ചേർന്ന് തലയുയർത്തി നിൽക്കുന്നുണ്ട്.  പുറത്തിറങ്ങി നടക്കാൻ ബാ'യ്ക്ക് ഇപ്പോഴും പേടിയുണ്ട്. കഞ്ചാവുതോട്ടത്തിലെ ആ മുഷ്കരനെ തെരുവിൽ വച്ചെങ്ങാനും കണ്ടുമുട്ടിയാലോ എന്ന ഭയമാണവന്. അവിടെ വെച്ച് പൊള്ളൽ ഭേദമാകാതെ നീറിക്കൊണ്ടിരുന്ന ഇടനെഞ്ചിൽ ബൂട്ട്സിനു കിട്ടിയ അയാളുടെ ചവിട്ട് അവൻ മറന്നിട്ടില്ല ഇതുവരെ.

ചിന്നിന്‍റെ അനുഭവം ഇങ്ങനെ

ബായെപ്പോലെ യുകെയിൽ വന്നുപെട്ട മറ്റൊരാളാണ് ചിൻ. ആ പതിനേഴുകാരന് വിയറ്റ്‌നാം വിട്ടോടിപ്പോരേണ്ടി വന്നത് നാട്ടിൽ രഹസ്യപൊലീസ് അധികാരികളുമായുണ്ടായ ഒരു ചെറിയ ഉരസലിന്റെ പുറത്താണ്. ഗവൺമെന്റിനെതിരെ ലഘുലേഖ വിതരണം ചെയ്തു എന്ന കുറ്റത്തിനുള്ള പത്തുവർഷത്തെ തടവിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ചിൻ യുകെയിലേക്ക് അനധികൃതമായി കടന്നത്. ജീവനോടെ നാട്ടിൽ നിന്ന് കടക്കാൻ സാധിക്കുമെന്ന് അയാൾ കരുതിയിരുന്നതല്ല. അത്രയ്ക്കുണ്ട് നാട്ടിൽ അധികാരികളുടെ ഭീകരത. അവിടെ യുവാക്കളെ സർക്കാർ പീഡിപ്പിക്കുന്നത് അവർ കൊള്ളയും കൊലയും ബലാത്സംഗവും ഒന്നും ചെയ്തിട്ടല്ല. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, സംഘടിക്കാനുള്ള അവകാശം, ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആചാരങ്ങൾ അനുഷ്ടിക്കാനുമുള്ള അവകാശം ഇതൊക്കെ വിനിയോഗിക്കുന്നതിന്റെ പേരിലാണ്. അധികാരികൾ കാണിക്കുന്ന അക്രമങ്ങളെ കുറിച്ച് ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിടുന്നത് പോലും ദേശവിരുദ്ധതയായി കണക്കാക്കപ്പെടും കടുത്ത ശിക്ഷകൾ ക്ഷണിച്ചുവരുത്തും. ആംനെസ്റ്റി ഇന്റർനാഷനലിന്റെ റിപ്പോർട്ട് പ്രകാരം 2019 -ൽ മാത്രം ഈ കുറ്റം ചാർത്തി അകത്താക്കപ്പെട്ടത് 16 പേരാണ്. 

Boy abducted from Vietnam ends up a slave in a UK Cannabis farm

 

"2019 വിയറ്റ്നാമിൽ പ്രതിഷേധങ്ങളുടെ വർഷമായിരുന്നു. അതിക്രൂരമായ അടിച്ചമർത്തലുകളുടെയും" ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്ന സംഘടനയുടെ ഏഷ്യ ഡയറക്ടർ ആയ ബ്രയാൻ ആഡംസ് പറയുന്നു. "തങ്ങളുടെ പൗരന്മാർക്ക് അത്യാവശ്യത്തിന് സ്വാതന്ത്ര്യമൊക്കെ നൽകുന്ന ഗവൺമെന്റാണ് തങ്ങളുടേത്" എന്നൊക്കെ വിയറ്റ്നാം അവകാശപ്പെടുന്നുണ്ട് എങ്കിലും അതൊന്നും പ്രവർത്തനത്തിൽ കാണാനില്ല. പതിറ്റാണ്ടുകളായി തുടർച്ചയായി രാജ്യത്ത് ഭരണം കയ്യാളുന്ന കമ്യൂണിസ്റ്റ് പാർട്ടിയെ ഒന്ന് വിമർശിക്കുന്നതുവരെ മാത്രമാണ് അവർ പറയുന്ന ഈ സ്വാതന്ത്ര്യത്തിന് നിലനിൽപ്പുള്ളൂ.

ചിന്നിന്റെ കുടുംബം അറസ്റ്റുചെയ്യപ്പെടുന്നത് വിയറ്റ്നാമിൽ വിലക്കപ്പെട്ടിരിക്കുന്ന ഹോവാ ഹാവോ എന്ന പേരിലുള്ള ബുദ്ധിസ്റ്റ് സെക്റ്റിൽ വിശ്വസിക്കുന്നതിന്റെ പേരിലാണ്. ബുദ്ധമതത്തിനു വിയറ്റ്നാമിൽ സർക്കാർ അംഗീകാരമൊക്കെ ഉണ്ട് എങ്കിലും, അതിലെ പല സെക്ടുകളും നിരോധിതമാണ്. ഗവണ്മെന്റ് അംഗീകരിച്ചിരിക്കുന്ന ഒരു പ്രത്യേകതരം ബുദ്ധിസം ഒഴികെ മറ്റൊരു മതവും രാജ്യത്ത് അനുവദനീയമല്ല. അവയുടെ ആചാരങ്ങൾ പിന്തുടരുന്നതിന്റെ പേരിൽ പട്ടാപ്പകൽ അധികാരികൾ യുവാക്കളെയും യുവതികളെയും തട്ടിക്കൊണ്ടുപോയി, ചോദ്യംചെയ്ത്, പീഡിപ്പിച്ച്, ബലാത്സംഗം ചെയ്ത്, ജയിലിലിട്ട് ഒക്കെ തങ്ങളുടെ അന്ധവിശ്വാസങ്ങൾ പൊഴിച്ചുകളയാൻ പ്രേരിപ്പിക്കുന്നു. വഴങ്ങാത്തവരെ 'ദേശീയ താത്പര്യങ്ങൾ' മുൻനിർത്തി അനിശ്ചിതകാലത്തേക്ക് തടങ്കലിൽ പാർപ്പിക്കുന്നു.

വടക്കൻ വിയറ്റ്നാമിലെ ഹായ് ഡുവോങ് എന്ന പട്ടണത്തിലായിരുന്നു ചിൻ ജീവിച്ചിരുന്നത്. അവന് തന്റെ അയല്പക്കത്തെ പല കുട്ടികളെയും പോലെ വളർന്നുവരുമ്പോൾ ഒരു സോക്കർ താരമാകാനായിരുന്നു ആഗ്രഹം. ക്രിസ്റ്റിയാനോ റൊണാൾഡോ എന്ന CR7 'ന്റെ കടുത്ത ഫാനായിരുന്നു അവൻ. സ്‌കൂൾ വിട്ടുവന്നാൽ കുടുംബം നടത്തുന്ന പലചരക്കുകടയിലും അവൻ സഹായിക്കാൻ ചെല്ലുമായിരുന്നു. അമ്മയോടും അപ്പൂപ്പനോടും അവന് വല്ലാത്ത അടുപ്പമായിരുന്നു.

ഒരു ദിവസം തന്റെ അപ്പൂപ്പനോടൊപ്പം ഒരു പ്രകടനത്തിൽ പങ്കെടുത്തത് ചിൻ ഓർക്കുന്നു. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ അനുവദിക്കുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഏതാണ്ട് നൂറോളം പേർ, കൊടിയൊക്കെ പിടിച്ചുകൊണ്ട് നടത്തിയ ഒരു സാധാരണ പ്രകടനമായിരുന്നു അത്. അന്നത്തെ ദിവസത്തെപ്പറ്റി പറയുമ്പോൾ ഇന്നും ചിന്നിന്റെ തൊണ്ടയിടറും. " അപ്പൂപ്പനെ അവർ പിടിച്ചോണ്ടുപോയി. ജയിലിൽ കിടന്നാ അപ്പൂപ്പൻ മരിക്കുന്നെ. അവിടെ ഞങ്ങൾ കാണാൻ ചെന്നിരുന്നു ഒരിക്കൽ. ആകെ അവശനായിരുന്നു അപ്പൂപ്പൻ. അവരപ്പൂപ്പനെ ഒരുപാട് ഉപദ്രവിച്ചിരുന്നു ജയിലിനുള്ളിൽ. "

Boy abducted from Vietnam ends up a slave in a UK Cannabis farm

 

ചിന്നും അമ്മയും കൂടി അപ്പൂപ്പനെ ജയിലിൽ പോയി കണ്ടതിന്റെ അടുത്ത ദിവസം അപ്പൂപ്പൻ മരിച്ചുപോയി. അപ്പൂപ്പൻ മരിച്ചുപോയതോടെ അദ്ദേഹത്തിന്റെ സമരങ്ങൾ ചിന്നും ഏറ്റെടുത്തു. ഒരുദിവസം ലഘുലേഖകൾ വിതരണം ചെയ്തതിന് ചിന്നിനെ പൊലീസ് അറസ്റ്റുചെയ്തു. മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഒടുവിൽ കോടതിയിൽ കൊണ്ടുചെന്നപ്പോൾ അവർ പത്തുവർഷത്തെ ശിക്ഷയും വിധിച്ചു. പതിനെട്ടുവയസ്സായാൽ ശിക്ഷ തുടങ്ങും എന്ന് പറഞ്ഞുകൊണ്ട് ജാമ്യത്തിൽ വിട്ടു കോടതി. ആ ഗ്യാപ്പിലാണ് അവന്റെ അമ്മ പണം സ്വരൂപിച്ച് അവനെ യുകെയിലേക്ക് കടത്തുന്നത്. അവർ ചിന്നിനോട് പറഞ്ഞ അവസാന വാക്കുകൾ ഇപ്രകാരമായിരുന്നു, "എങ്ങനെയെങ്കിലും അങ്ങോട്ട് കടക്ക്. അവിടെ ആരെയെങ്കിലും സഹായത്തിന് കണ്ടെത്ത്. പിന്നെ ഒരിക്കലും തിരികെ വരരുത് നീ..."  എത്ര വേദനയോടെയാകും ആ അമ്മ തന്റെ കരളിന്റെ കഷ്ണത്തെ പറിച്ചെറിഞ്ഞു കാണുക എന്ന് ഓർക്കുമ്പോഴാണ് ചിന്നിന്റെ സങ്കടം ഇരട്ടിക്കുന്നത്.

അമ്മ പണം നൽകി കണ്ടെത്തിയ ഏജന്റുമാർ അവനെ പല രാജ്യങ്ങൾ കറക്കി ഒടുവിൽ ഫ്രാൻസിൽ എത്തിച്ചു. ഫ്രാൻസിൽ നിന്നാണ് ഒരു കണ്ടെയ്‌നർ ലോറിയിൽ അവനെ കയറ്റുന്നത്. യുകെയിൽ എത്തിയതിന്റെ അടുത്ത ദിവസം അവനെ ഏജന്റുമാർ പേരും ജനനത്തീയതിയുമെഴുതിയ കടലാസും കയ്യിൽ കൊടുത്തത് വിയറ്റ്നാമീസ് എംബസിക്ക് പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. ഒരക്ഷരം പോലും ഇംഗ്ലീഷ് അറിയാതിരുന്നിട്ടും അവന് പേടിയൊന്നും ഇല്ലായിരുന്നു. ഇത് വിയറ്റ്നാം അല്ലല്ലോ, യുകെ അല്ലേ... അവന്റെ സമാധാനം അതായിരുന്നു. ചിൻ ഭാഗ്യവാനായിരുന്നു. അവന് യുകെ അഭയം അനുവദിച്ചു. അവന് പൗരത്വം നൽകപ്പെട്ടു. അവന്റെ മതം അവന് പൗരത്വം അനുവദിക്കുന്നതിന് എന്തായാലും ഒരു തടസ്സമായി നിന്നില്ല. അവനിനി അവിടെ അവന്റെ അമ്മ ആഗ്രഹിച്ചപോലെ ഒരു ജീവിതം തുടങ്ങാം. ഒക്കെ ഒന്ന് പച്ചപിടിച്ച ശേഷം പറ്റുമെങ്കിൽ അമ്മയെയും അങ്ങോട്ട് കൊണ്ടുപോരാം. നാട്ടിലെ നരകത്തിൽ നിന്ന് അവരെ എന്നെന്നേക്കുമായി രക്ഷിക്കാം.

കൂലിയില്ലായ്‍മയും അഴിമതിയും

വിയറ്റ്‌നാമിൽ പൊതുവെ ചെയ്യുന്ന ജോലിക്ക് ലഭിക്കുന്ന കൂലി മറ്റുരാജ്യങ്ങളിൽ ഉള്ളതിനേക്കാൾ കുറവാണ്. കുടുംബാംഗങ്ങളെ മുഴുവൻ പോറ്റാൻ ചിലപ്പോൾ ഒരാൾ ജോലിചെയ്തുകിട്ടുന്ന പണം തികഞ്ഞെന്നു വരില്ല. എന്നാൽ, കൂലിയിലെ കുറവിന് ആനുപാതികമായി ജീവിതച്ചെലവിൽ കാര്യമായ കുറവൊന്നുമില്ല. രാഷ്ട്രീയവും മതവിശ്വാസവുമടക്കം ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സർക്കാരിന്റെയും കമ്യൂണിസ്റ്റുപാർട്ടിയുടെയും കടുത്ത നിയന്ത്രണങ്ങൾ നിലവിലുള്ള രാജ്യത്ത് ഉദ്യോഗസ്ഥരുടെ അഴിമതിയും സർവ്വവ്യാപിയാണ്. അതിൽ നിന്നൊക്കെ രക്ഷപ്പെട്ടോടാനുള്ള പരാക്രമത്തിനിടെ എന്ത് ദുരിതവും സഹിക്കാനുളള മാനസികാവസ്ഥ അവർക്ക് കൈവരും. 

ക്രിമിനൽ സംഘങ്ങളുടെ മോഹനവാഗ്ദാനങ്ങളിൽ പെട്ട് നാട്ടിൽ ഏതുവിധേനയും രക്ഷപ്പെടാനുള്ള യാത്രക്കിറങ്ങിപ്പുറപ്പെടുന്ന പാവങ്ങളാണ് പലരും. നാട്ടിലുള്ള സകല സമ്പാദ്യങ്ങളും വിറ്റിട്ടായിരിക്കും കടത്തുകാർക്ക് നൽകേണ്ട വൻതുക അവര്‍ സംഘടിപ്പിക്കുന്നത്. യുകെയിൽ ചെന്നാലുടൻ നല്ല ശമ്പളത്തോടുകൂടിയ ജോലി നിങ്ങളെയും കാത്തിരിക്കുന്നുണ്ട് എന്ന് പലരെയും പറഞ്ഞു വിശ്വസിപ്പിച്ചിട്ടുമുണ്ടാകും. ചുരുങ്ങിയത് അഞ്ചു മുതൽ പത്തുലക്ഷം വരെയെങ്കിലും ഒരാൾക്ക് ചെലവാകും യാത്രക്ക്. എന്നാൽ, പറുദീസ തേടിയുള്ള യാത്ര തുടങ്ങുന്നതോടെ ദുരിതങ്ങളും തുടങ്ങുകയായി. ആ ദുരിതങ്ങളെപ്പറ്റി പരാതിപ്പെടുകയോ, വെള്ളമോ ഭക്ഷണമോ ചോദിക്കുകയോ ഒക്കെ ചെയ്‌താൽ കൊടിയ മർദ്ദനമാകും പലപ്പോഴും കടത്തുകാരുടെ ഗുണ്ടകളിൽ നിന്ന് ഏൽക്കേണ്ടി വരിക. അതോടെ പേടിച്ചുപോകുന്ന മറ്റുള്ളവർ പിന്നെ ഒരക്ഷരം മിണ്ടാതെ യാത്ര തീരുംവരെ എല്ലാം സഹിച്ചിരിക്കും. പക്ഷേ, എസ്സെക്സിലേതുപോലുള്ള അപൂർവം അവസരങ്ങളിൽ യാത്ര തീരും വരെ ആ പാവങ്ങൾ ചിലപ്പോൾ ഉയിരോടിരുന്നെന്നു വരില്ല!

Boy abducted from Vietnam ends up a slave in a UK Cannabis farm

 

ഇങ്ങനെ കണ്ടെയ്നറിലും മറ്റും കയറി അനധികൃതമായി യുകെയിലേക്കും മറ്റും കടന്നു വരുന്നവർക്കൊന്നും തന്നെ ആഡംബരജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങളൊന്നും കാണില്ല. തങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് അടിസ്ഥാനപരമായ ജീവിതസൗകര്യങ്ങൾ ഒരുക്കാൻ ജനിച്ചുവളർന്ന നാട്ടിൽ സാധിക്കില്ല എന്ന തോന്നൽ ബലപ്പെടുമ്പോഴാണ് അവർ ഇത്തരത്തിലുള്ള പലായനങ്ങൾക്കും, കുടിയേറ്റ ജീവിതങ്ങൾക്കും മനസ്സിനെ പാകപ്പെടുത്തി, ഇറങ്ങിപ്പുറപ്പെടുന്നത്.  

Follow Us:
Download App:
  • android
  • ios