ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിലനിൽക്കുന്ന പലതരം അനാചാരങ്ങളെയും പറ്റി നമ്മളൊക്കെ കേട്ടിട്ടുള്ളതാണ്. ഇത് ആരെയും ഞെട്ടിക്കുന്ന ഒരു ക്രൂരമായ ദുരാചാരമാണ്. പുരുഷകേന്ദ്രീകൃതസമൂഹങ്ങളിൽ പല അനാചാരങ്ങളുടെയും പ്രാഥമിക ഇരകൾ സ്ത്രീകളാണല്ലോ. അവരുടെ സംരക്ഷണത്തിന് എന്നമട്ടിൽ അടിച്ചേൽപ്പിക്കപ്പെടുന്ന പലതരം പീഡനങ്ങളിൽ ഒന്നാണ് കാമറൂണിൽ വ്യാപകമായി ഇന്നും നടന്നുവരുന്ന ബ്രെസ്റ്റ് അയണിങ് അഥവാ, സ്‍തനങ്ങൾ ഇസ്‍തിരിയിടൽ എന്ന അതിക്രൂരമായ അനാചാരം.

കൗമാരം എന്നത് ഒരു പെൺകുട്ടി ശാരീരികമായി ഏറ്റവുമധികം മാറ്റങ്ങൾക്ക് വിധേയയാകുന്ന കാലയളവാണ്. ശാരീരികമായി മാത്രമല്ല, മാനസികമായും അവൾ ഏറെ മാറും. കൗമാരത്തിൽ നിന്ന് യൗവ്വനത്തിലേക്കുള്ള വർഷങ്ങളിൽ അവളുടെ ശരീരത്തിൽ ഹോർമോണുകളുടെ തേരോട്ടമായിരിക്കും. ആർത്തവം എന്ന രക്തരൂഷിതമായ ശാരീരിക വിപ്ലവം സംഭവിക്കുന്നതും ആ കാലയളവിലാണ്. ലോകത്തെവിടെയുമുള്ള പെൺകുട്ടികൾക്ക് തങ്ങളുടെ കൗമാരം പ്രണയങ്ങളുടെയും പ്രണയ നഷ്ടങ്ങളുടെയും ഒക്കെ സുഖദുഃഖസമ്മിശ്രമായ സ്മരണകൾ കൊണ്ട് നിറഞ്ഞതായിരിക്കും. വിവാഹമൊക്കെ കഴിഞ്ഞ് കുടുംബപ്രാരബ്ധങ്ങളുമായി മല്ലിടുമ്പോൾ പലപ്പോഴും അവർ ആഗ്രഹിക്കുക അല്ലലേശാതെ കഴിഞ്ഞ ആ കാലത്തേക്കുള്ള ഒരു തിരിച്ചുപോകാൻ. അത്രയ്ക്ക് ഗൃഹാതുരസ്മരണകൾ അവർക്ക് തങ്ങളുടെ കൗമാരത്തെക്കുറിച്ചുണ്ടാവും. കാമറൂണിലെ പെൺകുട്ടികൾക്കൊഴിച്ച്. അവർക്കത് പീഡനങ്ങളുടെ വർഷങ്ങളാണ്. ഒരിക്കലും ഓർത്തെടുക്കാൻ ആഗ്രഹിക്കാതെ ദുരിതപർവമാണത്. ആ കാലത്താണ് ചൂടാക്കിയ കല്ലുകൾ കൊണ്ട് സ്വന്തം അമ്മമാർ തന്നെ ആ കുരുന്നു മാറിടങ്ങളെ ഇസ്തിരി ചെയ്തെടുക്കുന്നത്. ഒറ്റയ്ക്കല്ല. കൗമാരം എന്ന ആ സുവർണകാലത്തെ ഓരോ ദിവസവും ഈ പീഡനത്തിലൂടെ കടന്നു പോയേ മതിയാകൂ കാമറൂണിലെ പെൺകുട്ടികളിൽ ഭൂരിഭാഗത്തിനും. അത് അവിടത്തെ സംസ്‍കാരത്തിന്റെ ഭാഗമാണ്.

മിറാബെൽ എന്ന കൗമാരക്കാരി താമസിക്കുന്നത് നൈജീരിയയിലെ ക്രോസ് റിവർ സ്റ്റേറ്റിലെ ഒഗോജ എന്ന കാമറൂൺ അഭയാർത്ഥിമേഖലയിലാണ്. ആ ക്യാമ്പിനുള്ളിലും അവൾക്ക് ഈ പീഡനങ്ങൾ നിത്യം സഹിക്കേണ്ടി വരുന്നു. അയൽക്കാരിയായ സ്ത്രീ അവളുടെ അമ്മയ്ക്ക് സഹായത്തിനുണ്ട്. അമ്മ അടുപ്പിൽ വെച്ച് ചൂടാക്കിയെടുക്കുന്ന കല്ല് തുണികൊണ്ടു പിടിച്ചെടുത്ത് മിറാബെല്ലിന്റെ നെഞ്ചത്തമർത്തുമ്പോൾ അവൾ വേദനകൊണ്ട് പിടഞ്ഞെണീറ്റ് ഓടാതിരിക്കാൻ അവളുടെ കാലുകൾ പിടിച്ചു വെച്ചുകൊടുക്കുന്നത് ആ അയൽക്കാരിയാണ്. മകളുടെ മുലകൾ മുഴുത്തുവരാതിരിക്കാനാണ് അമ്മ ഈ പാടൊക്കെ പെടുന്നത്. ആ കുരുന്നു മാറിടങ്ങൾ പൊന്തിവന്നു ഭാവിയിൽ അവൾ അവശ്യമില്ലാത്ത പ്രലോഭനങ്ങൾ സൃഷ്ടിച്ച് അപകടങ്ങൾ ക്ഷണിച്ചുവരുത്താതിരിക്കാനുള്ള ഒരു അമ്മയുടെ കരുതലാണത്, അവരുടെ സംസ്‍കാരത്തിൽ. "പക്ഷേ, എനിക്കാണെങ്കിൽ നെഞ്ചത്ത് കനൽക്കട്ട വെച്ചമർത്തുന്ന നീറ്റലാണ് തോന്നാറുള്ളത്" മിറാബെൽ പറഞ്ഞു, "ആദ്യം അമ്മ എന്നോടത് ചെയ്ത അന്നുതൊട്ട് എനിക്ക് എന്നും അത് വേദനമാത്രമാണ് തന്നിട്ടുളളത്."

"ഞാൻ എന്റെ മോളെ എത്ര സ്‌നേഹിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയില്ല. അവൾ ഇവിടത്തെ ആൺകുട്ടികളുടെ കണ്ണിൽ മുലയും തെറിപ്പിച്ച് നടന്ന് അപകടത്തിൽ ചെന്ന് ചാടരുത് എന്നുമാത്രമേ എനിക്കുള്ളൂ. ഇവിടെ പല പയ്യന്മാർക്കും, ആണുങ്ങൾക്കും, എന്തിന് കിളവന്മാർക്കുവരെ കൊച്ചു പെമ്പിള്ളേരെ കണ്ടാലുള്ള ഇളക്കം എനിക്ക് നേരനുഭവമുള്ളതാണ്." അവളുടെ അമ്മ പറഞ്ഞു.

എന്താണ് മുല ഇസ്തിരിയിടൽ അഥവാ ബ്രെസ്റ്റ് അയണിങ് എന്ന ദുരാചാരം

ഇങ്ങനെ ഒരാചാരം ഇന്നത്തെക്കാലത്ത് പരിഷ്‍കൃതമെന്നു നാം ധരിക്കുന്ന നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി പ്രയാസമാകും. ചുടുകല്ലുകൊണ്ട് അമർത്തിയും, ചൂടാക്കിയ ചട്ടുകം കൊണ്ട് തേച്ചെടുത്തും, ചൂടാക്കിയ അമ്മിക്കല്ലുകൊണ്ട് ഉരുട്ടിയുമൊക്കെ കൗമാരക്കാരിയുടെ മാറിടങ്ങൾ 'പരത്തി'യെടുക്കുക എന്നത് കാമറൂണിൽ ഇന്നും നിലനിൽക്കുന്ന ഒരു ദുരാചാരമാണ്. അതിന്റെ പേരിലുള്ള പീഡനങ്ങൾക്ക് ഇന്നും അവിടത്തെ പെൺകുട്ടികൾ ഇരയാക്കപ്പെടുന്നുണ്ട്. ആ പീഡനമേൽപ്പിക്കുന്നത് സ്വന്തം അമ്മമാർ തന്നെയാണ് എന്നതിനാൽ അതിനെതിരെ യാതൊരുവിധത്തിലുള്ള നടപടികളും ഉണ്ടാവാറുമില്ല.

ആഫ്രിക്കയിലെ പെൺകുട്ടികൾക്ക് പരമ്പരാഗതമായ സ്തനവളർച്ച കുറച്ച് കൂടുതലാണ്. അതുകൊണ്ടുതന്നെ നൈസർഗികമായ നടക്കുന്ന ഈ വളർച്ചയെ തടയുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ ഇസ്തിരിയിടീൽ പെൺകുട്ടികൾക്ക് വല്ലാതെ വേദന പകരുന്ന ഒന്നാണ്. പ്രായപൂർത്തിയാകും മുമ്പുള്ള ലൈംഗികബന്ധങ്ങൾക്ക് തടയിടുക എന്നതാണ് അമ്മമാർ ഈ പ്രവൃത്തിയിലൂടെ നേടാൻ ഉദ്ദേശിക്കുന്ന കാര്യം. വേണ്ടത്ര വീണ്ടുവിചാരമില്ലാത്ത പ്രായത്തിൽ ഇങ്ങനെ ബന്ധങ്ങളിൽ ഏർപ്പെട്ട ഗർഭം ധരിക്കുന്നത് ഒഴിവാക്കാനാണ്, തങ്ങളുടെ സ്വന്തം മക്കളുടെ മനസ്സുകളിൽ ഒരിക്കലുമാറാത്ത മുറിവുകൾ ഉണ്ടാക്കുന്ന, അവരുടെ ശരീരത്തിന്റെ സ്വാഭാവികമായ വളർച്ചയ്ക്ക് മനഃപൂർവ്വമായ തടസ്സം സൃഷ്ടിച്ചുകൊണ്ട് അവരുടെ ശാരീരിക ഭംഗിക്ക് ഉടവുതട്ടിക്കുന്ന ഈ ക്രൂരപീഡനങ്ങൾക്ക് അവരെ വിധേയരാക്കുന്നത്. ആൺകുട്ടികൾ തങ്ങളുടെ പെണ്മക്കളിലേക്ക് ആകൃഷ്ടരാകുന്നത് തടയാൻ അവരുടെ ആകർഷണീയത കുറയ്ക്കുക എന്ന നയമാണ് അവർ സ്വീകരിച്ചു പോരുന്നത്. തേനീച്ചയെയും വണ്ടിനേയും ഭയന്ന് പൂവിന്റെ ഇതളുകൾ വെട്ടിയൊതുക്കുന്ന തരത്തിലുള്ള ഒരു പരിപാടി.

തങ്ങളുടെ മക്കൾ രജസ്വലകളാകുന്നതോടനുബന്ധിച്ചാണ് കാമറൂണിലെ അമ്മമാർ കല്ലുകളും ചൂടാക്കി അവരുടെ പിന്നാലെ ഇറങ്ങിപ്പുറപ്പെടുന്നത്. പതിനൊന്നിനും പതിനഞ്ചിനും ഇടയിൽ വയസ്സുള്ള പെൺകുട്ടികളാണ് അവിടെ ഈ ക്രൂരതയ്ക്ക് ഇരയാക്കപ്പെടുന്നത്. ബലാത്സംഗത്തിൽ നിന്നും ലൈംഗിക ചൂഷണത്തിൽ നിന്നുമൊക്കെ സ്വന്തം മകളെ സംരക്ഷിക്കുകയാണ് അവളെ ഇങ്ങനെ ഉപദ്രവിക്കുന്നതിലൂടെ തങ്ങൾ ചെയ്യുന്നത് എന്ന മിഥ്യാധാരണയാണ് കാമറൂണിലെ അമ്മമാരെ ഈ ദുരാചാരത്തിനു പ്രേരിപ്പിക്കുന്നത്. ഇത് ആ പെൺകുട്ടികളിൽ ഏൽപ്പിക്കുന്ന ശാരീരികപീഡയും മാനസികവ്യഥകളും അളവറ്റതാണ്. അത് അവരുടെ മാറിടങ്ങളിൽ മുഴകളും, പൊള്ളലും, അണുബാധയുമുണ്ടാക്കുന്നു. അവരിൽ അടിച്ചേൽപ്പിക്കുന്ന തീർത്തും അനാവശ്യമായ ഈ നടപടിക്ക് കാൻസർ വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

മുലകൾ പൊന്തിത്തുടങ്ങിയ പെൺകുട്ടികളിൽ അവയെ താഴ്ത്താനും, പരത്താനും, വളർച്ചയുടെ തുടക്കത്തിലുള്ളവരുടെ വളർച്ച മുരടിപ്പിക്കാനുമാണ് ഈ ക്രൂരമായ അനാചാരം അവരിൽ അടിച്ചേൽപ്പിക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ഇന്നുവരെ 38 ലക്ഷം ആഫ്രിക്കൻ പെണ്കുട്ടികളെങ്കിലും ഈ ദുരാചാരത്തിന്റെ ഇരകളാണ് എന്ന് ഐക്യരാഷ്ട്ര സഭ നടത്തിയ ഒരു പഠനത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറേ ആഫ്രിക്കയിലെ കാമറൂൺ, ഗിനിയ-ബിസാവു, ഛാഡ്, ടോഗോ, ബെനിൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് വ്യാപകമായി ഇന്നും നടന്നുവരുന്നത്. കാമറൂണിലെ ജെൻഡർ എംപവര്‍മെന്‍റ് ആൻഡ് ഡെവലപ്പ്മെന്‍റ് (GeED) എന്ന എൻജിഒ കാമറൂണിൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത്, 60% കേസുകളിലും ഈ ക്രൂരത പെൺകുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അവരുടെ സ്വന്തം അമ്മമാർ തന്നെയാണ് എന്നാണ്.

പെൺകുട്ടികളുടെ സ്‍തനങ്ങൾക്ക് ആകർഷകത്വം കൂടുതലാണ് എന്നാരോപിച്ച് അവ ഛേദിച്ചു കളയുന്ന സംഭവങ്ങൾ വരെ കാമറൂണിൽ സ്ഥിരമായി നടക്കുന്നുണ്ട്. സ്ത്രീകളുടെ ജനനേന്ദ്രിയങ്ങൾ ഛേദിച്ച് വികൃതമാക്കുന്ന മറ്റൊരു ദുരാചാരവും ആഫ്രിക്കയിൽ വ്യാപകമായി നടന്നുവരുന്നുണ്ട്. ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ ഉള്ള മനുഷ്യാവകാശസംഘടനകൾ സ്ത്രീകളെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും തുല്യതയോടെ പരിഗണിക്കണം എന്ന ആവശ്യമുന്നയിച്ച് അവരുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്നതിനിടയിലും തീർത്തും അവിശ്വസനീയം എന്നുതന്നെ തോന്നിക്കാവുന്ന ഇത്തരത്തിലുള്ള ദുരാചാരങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട് എന്നത് ഏറെ വേദനാജനകമായ ഒരു സത്യമാണ്. അവയ്‌ക്കെതിരെ അന്താരാഷ്ട്രതലത്തിൽ തന്നെ മനുഷ്യാവകാശ പ്രവർത്തകർ സംഘടിച്ച് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. 

(നല്‍കിയിരിക്കുന്നത് പ്രതീകാത്മകചിത്രം. കടപ്പാട്: PIXABAY)