അരവിന്ദ് കെജ്‌രിവാളിനെ ദില്ലിയിൽ അധികാരത്തിലേറാൻ സഹായിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് ഐ-പാക് എന്ന പബ്ലിസിറ്റി ഡിസൈൻ സ്ഥാപനത്തിന്റെ ഉടമ കൂടിയായ മുൻ ജനതാദൾ യുണൈറ്റഡ് നേതാവ് പ്രശാന്ത് കിഷോർ. പൗരത്വ നിയം ഭേദഗതിയെ പിന്തുണച്ച പാർട്ടി തലവൻ നിതീഷ് കുമാറിന്റെ നയത്തെ വിമർശിച്ചതിന് അടുത്തിടെയാണ് പാർട്ടിയിൽ നിന്ന് അദ്ദേഹം പുറത്താക്കപ്പെടുന്നത്. മികച്ച ഒരു ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് എന്ന നിലയിൽ ഇന്ത്യയിലെ ഒട്ടുമിക്ക പാർട്ടികളും വിലമതിക്കുന്ന ഒരു സംഘാടകനാണ് പ്രശാന്ത് കിഷോർ. പാർട്ടി പ്രശാന്തിനെ പിരിച്ചുവിട്ട ശേഷം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്ന വിയോജിപ്പുകൾ എല്ലാം തന്നെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. 
 
മുഖ്യമന്ത്രി പിന്തുടരുന്ന ആദർശങ്ങൾ ഗാന്ധിയുടേതാണോ അതോ ഗോഡ്സേയുടെതാണോ എന്ന് വ്യക്തമാക്കണമെന്നാണ് പ്രശാന്ത് കിഷോർ പറഞ്ഞത്. " ജെപിയുടെ ശിഷ്യനാണ് നിതീഷ്ജി . അദ്ദേഹം എന്നും പറഞ്ഞിട്ടുള്ളത് ഗാന്ധിജി, ജെപി, ലോഹ്യ എന്നിവരുടെ ആശയങ്ങളുടെ വഴിവിട്ടൊരു കളിയ്ക്കും താനില്ല എന്നായിരുന്നു. അത് പറഞ്ഞുതീരും മുമ്പ് ഗോഡ്‌സെയുടെ വിചാരധാര പിന്തുടരുന്നവർ പിന്തുണയ്ക്കാൻ എങ്ങനെയാണ് അദ്ദേഹത്തിനാകുന്നത്. രണ്ടും കൂടി ഒന്നിച്ചു പോകില്ല. ബിജെപിയെ പിന്തുണയ്ക്കരുത് എന്ന് ഞാൻ പറയില്ല. പക്ഷേ, പിന്നെ ഗാന്ധിയുടെ പേരും പറഞ്ഞുകൊണ്ട് വരരുത്. " പ്രശാന്ത് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 

2005 ബീഹാർ രാജ്യത്തെ ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു എന്നും, ഇത്രയും കാലം കഴിഞ്ഞിട്ടും, കഴിഞ്ഞ അഞ്ചു വർഷമായി നിതീഷ് ഭരിച്ചിട്ടും അതിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നും പ്രശാന്ത് പറഞ്ഞു. "വികസനം നടന്നിട്ടുണ്ട്. ഇല്ലെന്നല്ല, പക്ഷേ, മഹാരാഷ്ട്രയുമായും കർണാടകയുമായും താരതമ്യപ്പെടുത്തുമ്പോൾ അത് വളരെ കുറവാണെന്നു കാണാം " അദ്ദേഹം കൂട്ടിച്ചേർത്തു.

പട്‌ന യൂണിവേഴ്‌സിറ്റിക്ക് സെൻട്രൽ യൂണിവേഴ്സിറ്റിക്ക് കേന്ദ്ര സർവകലാശാലാ പദവി അനുവദിച്ചു നൽകണമെന്ന് നിതീഷ്‌കുമാർ  ബിജെപിയോട് മുട്ടിൽ ഇരുന്നു കെഞ്ചിയിട്ടും അവർ ഇതുവരെ തിരിച്ചൊരു  മറുപടി പോലും കൊടുത്തില്ല എന്നും, സഖ്യത്തിലിരിക്കുമ്പോൾ കാര്യങ്ങൾ ഇങ്ങനെയായാൽ എങ്ങനെ ശരിയാകും എന്നും അദ്ദേഹം ചോദിച്ചു. ഫെബ്രുവരി 20 മുതൽ 'ബാത് ബിഹാർ കി' എന്ന പേരിൽ താൻ ഒരു കാമ്പെയ്ൻ തുടങ്ങാൻ പോവുകയാണ് എന്നും പ്രശാന്ത് കിഷോർ അറിയിച്ചു. ബിഹാറിനെ ഇന്നുള്ള വികസന ഇൻഡക്സ് സ്ഥാനമായ 22 -ൽ നിന്ന് മികച്ച പത്തു സംസ്ഥാനങ്ങളുടെ ലിസ്റ്റിലേക്ക് കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും അത് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഇതിലുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

പ്രശാന്ത് കിഷോർ എന്ന പ്രഭാവശാലിയായ സംഘാടകൻ

പക്ഷഭേദമില്ലാതെ എല്ലാ പാർട്ടികൾക്കും വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ട് പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ കമ്പനി ഐ-പാകും ചേർന്ന്. 2011 -ൽ ഗുജറാത്തിലായിരുന്നു പ്രശാന്തിന്റെ ആദ്യത്തെ പ്രധാന ചുമതല. അത്തവണ മൂന്നാമതും മുഖ്യമന്ത്രിയാകാൻ തുനിഞ്ഞിറങ്ങിയ മോദിക്ക് അതിനു വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കി നൽകിയത് പ്രശാന്ത് നേരിട്ടിറങ്ങിയായിരുന്നു. 2014 -ൽ പ്രശാന്തിന്റെ കമ്പനിയാണ് മോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഡിസൈൻ ചെയ്യുന്നത്. 

 


കരൺ ഥാപ്പറുമായി മോദി നടത്തിയ വെറും ഏഴുമിനിറ്റ് നീണ്ടുനിന്ന ആ പ്രസിദ്ധമായ 'ഹാർഡ് ടോക്ക്' ഇന്റർവ്യൂ ഉണ്ടല്ലോ. മോദി അവസാനം ദേഷ്യം പിടിച്ച് ഇറങ്ങിപ്പോന്ന അതേ അഭിമുഖം. അത് ചുരുങ്ങിയത് മുപ്പതുവട്ടമെങ്കിലും കാണിച്ചാണ് അന്ന് പ്രശാന്ത് കിഷോർ, കുനുഷ്ട് പിടിച്ച ചോദ്യങ്ങളെ എങ്ങനെ നേരിടണം എന്നതിൽ മോദിക്ക്  ആവശ്യമായ പരിശീലനം നൽകിയത്. 2014 -ലെ പ്രചാരണത്തിനായി ബിജെപിക്ക് 'സിറ്റിസൺസ് ഫോർ അക്കൗണ്ടബ്ൾ ഗവെർണൻസ്(Citizens for Accountable Governance - CAG) എന്ന ഒരു സ്ഥാപനം തന്നെ പ്രശാന്ത് രൂപീകരിച്ചുനൽകി.  പ്രധാനമന്ത്രിയുടെ 'ചായ് പേ ചർച്ച' തുടങ്ങിയ പല ജനപ്രിയ പരിപാടികളും പ്രശാന്ത് കിഷോറിന്റെ ആശയങ്ങളാണ്.


 
2015 -ൽ അദ്ദേഹം നിതീഷ് കുമാറിനെ ഭരണത്തിലേറാൻ സഹായിച്ചു. അതിനു ശേഷം 2016 -ൽ പഞ്ചാബിൽ അമരീന്ദർ സിങിന്റെ പ്രചാരണവും പ്രശാന്ത് നടത്തി വിജയിപ്പിച്ചു. 2017 -ൽ കോൺഗ്രസിനുവേണ്ടി നടത്തിയ പ്രചാരണം പരാജയപ്പെട്ടു എങ്കിലും, 2019 -ൽ വൈഎസ്ആർ കോൺഗ്രസിന്റെ ജഗൻ മോഹൻ റെഡ്ഢിയെ ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച പ്രചാരണപദ്ധതിക്ക് ചുക്കാൻ പിടിച്ചത് പ്രശാന്ത് കിഷോർ ആയിരുന്നു. അതിനു ശേഷമാണ് 2020 നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രചാരണം ഡിസൈൻ ചെയ്യാൻ വേണ്ടി ആം ആദ്‌മി പാർട്ടി പ്രശാന്ത് കിഷോറിന്റെ ഐ പാകിനെ ചുമതലപ്പെടുത്തുന്നത്. വരും വർഷങ്ങളിൽ തമിഴ് നാട്ടിൽ ഡിഎംകെയെയും ബംഗാളിൽ തൃണമൂലിനെയുമാണ് പ്രശാന്തിന്റെ സ്ഥാപനം സഹായിക്കാമെന്ന് ഏറ്റിട്ടുള്ളത്.