അധോലോകപോരാട്ടങ്ങൾ പതിവാണ് കേപ്പ് ടൗണിൽ. ഹാർഡ് ലിവിങ്‌സ് ഗാങ്ങും 28'സ് ഗാങ്ങും തമ്മിലുള്ള പോരാട്ടം അവിടെ നിരവധി പേരുടെ ജീവനെടുത്തു കഴിഞ്ഞിരിക്കുന്നു. കൊവിഡ് 19 പടർന്നു പിടിച്ചതോടെ സർക്കാർ നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അധോലോകത്തെ നേർവഴിക്ക് നയിക്കാൻ അവർക്കിടയിൽ പ്രവർത്തിക്കുന്ന ഒരാളായിരുന്നു പാസ്റ്റർ ആൻഡി സ്റ്റീൽ സ്മിത്ത്. ലോക്ക് ഡൗൺ പുരോഗമിക്കെ സ്ഥലത്തെ പാസ്റ്റർ സ്മിത്തിന് രണ്ടു ഗ്യാങ് ലീഡർമാരിൽ നിന്നും ഫോൺ വന്നു. 

ഫോൺ വന്നപ്പോൾ അങ്ങേത്തലയ്ക്കൽ വളരെ ദയനീയമായ സ്വരം, " ആൻഡി.. ഞങ്ങൾ ഇന്നുവരെ നിങ്ങളോട് എന്തെങ്കിലും വേണമെന്ന് പറഞ്ഞു വന്നിട്ടില്ല, പക്ഷേ, ഞങ്ങൾ ഇവിടെ പട്ടിണിയിലാണ്. " 

അപ്പോൾ പാസ്റ്റർ സ്മിത്ത് ചിന്തിച്ചത് ഇതായിരുന്നു. എല്ലാത്തരത്തിലും സ്വാധീനവും പണവുമുള്ളവരാണ് ഈ അധോലോകസംഘാംഗങ്ങൾ. ഭക്ഷണ ശൃംഖലയുടെ ഏറ്റവും മുകളിലുള്ള അവർക്ക് ഭക്ഷണത്തിന് മുട്ട് വന്നിട്ടുണ്ടെങ്കിൽ,  അങ്ങ് താഴെക്കിടയിലുള്ള സാധാരണക്കാരന് എന്തുമാത്രം പട്ടിണിയിൽ ആയിരിക്കും..? 

അതോടെ തെരുവിലേക്ക് ഇറങ്ങിച്ചെല്ലാൻ തീരുമാനിച്ച പാസ്റ്റർ, ഭക്ഷണത്തിനു വേണ്ട ഫണ്ട് ശേഖരിച്ചു. ഭക്ഷണം ഉണ്ടാക്കി. വിതരണം ചെയ്യാൻ വേണ്ടി സഹായം അഭ്യർത്ഥിച്ചപ്പോഴാണ്, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്ന് പാസ്റ്റർ കണ്ടത്. പ്രദേശത്ത് തമ്മിൽ ആഴ്ചയിൽ രണ്ടു വട്ടമെങ്കിലും മല്ലുപിടിച്ചിരുന്ന, പരസ്പരം വെടിവെച്ചു കൊല്ലാൻ പോലും മടിയില്ലാതെ നടന്നിരുന്ന അധോലോകത്തിലെ ഷാർപ്പ് ഷൂട്ടർമാർ, ശത്രു മിത്ര ഭേദമില്ലാതെ നാട്ടിലെ ജനങ്ങൾക്ക് ഭക്ഷണം അവരുടെ വീട്ടുപടിക്കലെത്തിക്കാൻ വേണ്ടി തങ്ങളുടെ ശത്രുതയ്ക്ക് വിശ്രമം നൽകി തല്ക്കാലം ഒന്നിച്ചിരിക്കുന്നു.

 

 

അന്നുവരെ പരസ്പരം പോരിന് നടന്നിരുന്ന, തങ്ങളെ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നു അധോലോകത്തിന്റെ കയ്യാളുകൾ ഒരേ വാഹനത്തിൽ വന്നിറങ്ങി തങ്ങളുടെ വിശപ്പടക്കാനുള്ള ഭക്ഷണം വിതരണം ചെയ്യുന്ന കാഴ്ച കണ്ടപ്പോൾ പ്രദേശവാസികളും അമ്പരപ്പോടെ മൂക്കത്ത് വിരൽ വെച്ച് നോക്കി നിന്നുപോയി. 

എന്നാൽ, ഇതൊന്നും തന്റെ മനസ്സിൽ ഒരു ചലനവും ഉണ്ടാക്കുന്നില്ല എന്നാണ് കേപ്പ് ടൗൺ മേയറുടെ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി കൌൺസിൽ ചെയർമാൻ ജെപി സ്മിത്ത് പറഞ്ഞു. ഇത്രയും കാലം തങ്ങളുടെ ഉരുക്കുമുഷ്ടികൾ കൊണ്ട് സമൂഹത്തെ ആകെ ഭീഷണിപ്പെടുത്തിയിരുന്ന, പരസ്പരം കൊന്നു തിന്നുകൊണ്ടിരുന്ന ക്രിമിനലുകളാണ് ഇവർ. നാട്ടിലൊരു പകർച്ചവ്യാധി വന്നപ്പോൾ അവർ എന്തോ നല്ല കാര്യം ചെയ്തു എന്നത് പതിറ്റാണ്ടുകൾ നീണ്ടുനിന്ന അവരുടെ അപരാധങ്ങളുടെ ഉത്തരവാദിത്തം ഇല്ലാതെയാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

എന്തായാലും, ഈ അപ്രഖ്യാപിത വെടിനിർത്തൽ, പ്രാദേശിക ഗ്യാങ്ങുകൾക്കിടയിലെ താത്കാലിക യുദ്ധവിരാമം, സൗഹൃദത്തിന്റേതായ ഈ സൽപ്രവൃത്തികൾ ഒക്കെ കേപ്പ് ടൗൺ നിവാസികൾക്ക് ഒരു പുതുമയാണ്. അസുഖത്തിന്റെ അല്ലലുകൾ അകന്നാലും, രണ്ടു ഗ്യാങ്ങിലെയും അംഗങ്ങൾ ഇതുപോലെ സമാധാനം നിലനിർത്തിയിരുന്നെങ്കിൽ എന്ന പ്രതീക്ഷയിലാണ് അവരിപ്പോൾ.