ചൈനയിലെ കൊറോണാ വൈറസ് ബാധയുടെ മഹാമാരിസ്വഭാവം ആദ്യമായി ലോകത്തെ അറിയിച്ചത് ഡോ. ലീ വെൻ ലിയാങ് ആയിരുന്നു. അദ്ദേഹത്തെ അഭിനനന്ദിക്കുന്നതിനു പകരം പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിരട്ടുകയും, ടോർച്ചർ ചെയ്ത് വിട്ടയക്കുകയും ഒക്കെയാണ് ചെയ്തത്. അധികം താമസിയാതെ കൊറോണാവൈറസ് ബാധിച്ചു തന്നെ ഡോ. ലീ മരണത്തിനു കീഴടങ്ങുകയും ചെയ്തിരുന്നു. അന്നുതൊട്ടേ പറഞ്ഞുകേൾക്കുന്നതാണ് കൊവിഡ് 19 ബാധയെക്കുറിച്ച് ചൈന പറയുന്നത് പലതും തീരെ വിശ്വാസ്യമല്ല എന്നും, രോഗബാധയുടെയും മരണത്തിന്റെയും ഒക്കെ കണക്കുകൾ മനഃപൂർവം കുറച്ചു പറയുകയാണ് എന്നുമൊക്കെയുള്ള ആക്ഷേപങ്ങൾ. ലോകത്തോട് ഒട്ടും സുതാര്യമായല്ല ചൈനീസ് ഗവൺമെന്റ് പെരുമാറുന്നത് എന്നും, രോഗം വന്നതിനെയും രോഗം മാറിയതിനെയും രോഗത്തിനെതിരെ പോരാടിയതിനെയും പറ്റിയുള്ള ചൈനയുടെ അവകാശ വാദങ്ങളിൽ പലതും പച്ചക്കള്ളങ്ങളാണ് എന്നും ആരോപണമുണ്ട്. 

മേൽപ്പറഞ്ഞ ആരോപണങ്ങളെ ഒരു പരിധിവരെ ശരിവെക്കുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ വുഹാനിൽ നിന്ന് പുറത്തുവരുന്നത്. ഏറ്റവും പുതിയ വാർത്ത, വുഹാനിലെ ഒരു വനിതാ ഡോക്ടറുടെ തിരോധനമാണ്. ഡോ. അയ് ഫെൻ ആണ് വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട അസാധാരണമായ ന്യൂമോണിയ പോലെ തോന്നിക്കുന്ന ജ്വരത്തെപ്പറ്റി വുഹാനിലെ മെഡിക്കൽ സർക്കിളുകളിൽ വിവരം നൽകിയത്. 'സാർസ് കൊറോണ വൈറസ് ബാധിതൻ' എന്ന ലേബലോടെ തന്റെ ഒരു രോഗിയുടെ ചിത്രം ഡോ. അയ് ഫെൻ പങ്കുവെച്ചത് കണ്ടിട്ടാണ് ഡോ. ലീ വെൻ ലിയാങ് വിഷയത്തിൽ ഇടപെടുന്നതും തുടർ പഠനങ്ങൾ നടത്തി, ലോകത്തോട് വിവരം വിളിച്ചു പറയുന്നതും. അന്ന്, താൻ അങ്ങനെയൊരു ചിത്രം പ്രസിദ്ധപ്പെടുത്തിയതിന്റെ പേരിൽ പ്രാദേശിക പൊലീസ് അധികാരികൾ തന്നോട് വളരെ പരുഷമായ ഭാഷയിൽ പ്രതികരിച്ചതായും, തന്നെ താക്കീത് ചെയ്തതായും ഒക്കെ വുഹാൻ സെൻട്രൽ ആശുപത്രിയിലെ ഡോ. അയ് ഫെൻ തന്റെ സ്നേഹിതരോട് വെളിപ്പെടുത്തിയിരുന്നു. നിയമവിരുദ്ധമായി, അസത്യപ്രചാരണം നടത്തിയാൽ പിടിച്ച് ജയിലിൽ ഇട്ടുകളായും, ഇനി ഒരിക്കലും പ്രാക്ടീസ് ചെയ്യാൻ അനുവദിക്കില്ല എന്നൊക്കെയായിരുന്നു അന്നത്തെ നിലപാടുകളുടെ പേരിൽ അധികാരികളിൽ നിന്ന്  ഡോ. ലി വെൻ ലിയാങിന് നേരിടേണ്ടി വന്ന ഭീഷണി. ഇപ്പോൾ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡോ. അയ് ഫെന്നിനെ കാണാനില്ല എന്ന വിവരം കിട്ടിയിരിക്കുകയാണ്‌. ഈ തിരോധാനത്തിന് പിന്നിൽ ചൈനീസ് ഗവൺമെന്റിന്റെ ഉരുക്കുമുഷ്ടിയാണോ പ്രവർത്തിച്ചത് എന്ന സംശയത്തിലാണ് അടുത്ത സുഹൃത്തുക്കൾ.

 

 

2019 ഡിസംബർ രണ്ടാം വാരം തൊട്ടുതന്നെ, വൈറസിനെപ്പറ്റിയുള്ള തങ്ങളുടെ ആകുലതകൾ വിളിച്ചു പറഞ്ഞ ഡോ. ലീ വെൻലിയാങിനെയും, ഡോ. അയ് ഫെന്നിനെയും പോലെയുള്ള ഡോക്ടർമാരെ പേടിപ്പിച്ചു നിർത്താനും ഒരു പകർച്ചവ്യാധി ആകാനുള്ള സാധ്യതകളെപ്പറ്റി തുടർച്ചയായി നിഷേധിച്ചുകൊണ്ടിരിക്കാനുമാണ് ചൈനീസ് ഗവൺമെന്റ് തുടക്കം മുതൽ ശ്രമിച്ചത്. പിന്നീട് ആദ്യത്തെ രോഗിയ്ക്ക് അസുഖം സ്ഥിരീകരിച്ച് 45 ദിവസം കഴിഞ്ഞ്, സംഗതി പൂർണ്ണമായും കൈവിട്ടുപോയി എന്നുറപ്പിച്ചപ്പോഴാണ് ഇതൊരു മഹാമാരിയാണ് എന്ന് ചൈന സമ്മതിക്കുന്നതും ലോകരാജ്യങ്ങൾക്കും ലോകാരോഗ്യ സംഘടയ്ക്കും ഒക്കെ മുന്നറിയിപ്പ് നൽകുന്നതും. അതിനു പിന്നാലെ, കൊവിഡ് 19 ഒരു അമേരിക്കൻ ഗൂഢാലോചനയാണ് എന്നും, 2019 ലെ വുഹാൻ സൈനിക ഗെയിംസിൽ പങ്കെടുക്കാൻ വന്ന അമേരിക്കൻ സൈനികർ വഴിയാണ് അത് വുഹാനിൽ എത്തിയത് എന്നൊക്കെയുള്ള ആരോപണങ്ങളും ചൈനയുടെ ഭാഗത്തുനിന്നുണ്ടായി.  

തുടക്കത്തിലെ നിഷേധത്തിനും, ഒളിച്ചുവെക്കലിനും പകരം, ആദ്യം മുതൽ തന്നെ ഫലപ്രദമായ യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ലോകത്തോട് സത്യങ്ങൾ തുറന്നു പറയുകയും ചെയ്തിരുന്നെങ്കിൽ ഇന്ന് കാണുന്നത്ര മോശം അവസ്ഥയിലേക്ക് കാര്യങ്ങൾ പോകില്ലായിരുന്നു കാര്യങ്ങൾ എന്ന് സതാംപ്റ്റൻ സർവകലാശാലയിലെ ഗവേഷകർ മാർച്ചിൽ നടത്തിയ പഠനത്തിന്റെ ഫലങ്ങൾ സൂചിപ്പിച്ചിരുന്നു. നാട്ടിൽ പടർന്നുപിടിച്ച ന്യൂമോണിയയുടെ കൊറോണാസ്വഭാവം തിരിച്ചറിഞ്ഞ്, ചൈനീസ് ഗവൺമെന്റ് കൃത്യമായ രോഗ നിർണ്ണയം, രോഗം കണ്ടെത്തുന്നവരുടെ കോൺടാക്റ്റ് ട്രേസിങ്, അവരുടെ ഫലപ്രദമായ ഐസൊലേഷൻ,  യാത്രാ നിയന്ത്രണങ്ങൾ, രോഗാണുക്കളെ കൊന്നൊടുക്കാനുള്ള ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ നോൺ ഫാർമസ്യൂട്ടിക്കൽ ഇന്റർവെൻഷൻസ് മൂന്നാഴ്ച മുമ്പേ തുടങ്ങിയിരുന്നു എങ്കിൽ ഇന്നുള്ളതിനേക്കാൾ 95% കുറവായിരുന്നേനെ ഈ പകർച്ച വ്യാധിയുടെ തീവ്രത എന്നാണ് ആ പഠനം പറഞ്ഞത്. അതായത് ചൈനയ്ക്ക് മൂന്നാഴ്ച മുമ്പേ വിവേകോദയം ഉണ്ടായിരുന്നു എങ്കിൽ എന്നുള്ളതിന്റെ അഞ്ചു ശതമാനം തീവ്രത മാത്രമേ ഈ മാരകമായ പകർച്ച വ്യാധിക്ക് കാണുകയുള്ളായിരുന്നു എന്ന്. 


 


ഒരു ചൈനീസ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ, കൊറോണവൈറസിനെപ്പറ്റി ഡിസംബർ രണ്ടാം വാരം തൊട്ടുതന്നെ താൻ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ പേരിൽ ആശുപത്രി അധികൃതരെ വിമർശിച്ചു കൊണ്ട് ഡോ. അയ് നടത്തിയ പരാമർശങ്ങളാണ് അധികൃതരെ ചൊടിപ്പിച്ചതെന്നു പറയപ്പെടുന്നു. ഇപ്പോൾ എന്തായാലും ഡോ. അയ് ഫെന്നുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. അവർ എവിടെയാണ് എന്ന് ആർക്കുമറിയില്ല. അവരുടെ വീബോ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്യപ്പെട്ട, " ഒരു നദി, ഒരു പാലം, ഒരു പാത, പാതയോരത്തെ ഒരു മണിമുഴക്കം" എന്ന ഏറെ നിഗൂഢമായൊരു സന്ദേശത്തോടൊപ്പം വുഹാനിലെ ജിംഗാൻ റോഡിന്റെ ഒരു ചിത്രം മാത്രമാണ് അവസാനത്തെ തുമ്പ്. 

ഡോ. അയ് ഫെൻ ഇപ്പോൾ എവിടെയാണ്? അവരെ ഗവൺമെന്റ് തടവിൽ പാർപ്പിച്ചിരിക്കുകയാണോ? അവർ പീഡിപ്പിക്കപ്പെടുന്നുണ്ടോ ഇപ്പോൾ ? അവർ ഇനി എന്നെങ്കിലും പകൽ വെളിച്ചം കാണുമോ? ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം തേടുകയാണ് നിറഞ്ഞ ആശങ്കയോടെ ഡോ. അയ് ഫെന്നിന്റെ സ്നേഹിതരും ബന്ധുക്കളും.