മഹാമാരിയായി മാറിക്കഴിഞ്ഞ കൊവിഡ് 19 ദിവസേന നൂറുകണക്കിന് പേരുടെ ജീവനെടുത്തുകൊണ്ടിരിക്കുകയാണ്. ദിവസേന പുതിയ സംക്രമണങ്ങൾ അധികാരികളുടെ സ്വൈരം കെടുത്തുകയാണ്. ഒപ്പം തന്നെ, കൊറോണ വൈറസ് ജീവനെടുത്തവരുടെ മൃതദേഹങ്ങളിൽ നിന്ന് മറ്റാർക്കും തന്നെ അസുഖം പകരാതെ അവ ദഹിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത വേറെയും. ഇത് ഒരു രാജ്യത്തിൻറെ മാത്രം സമസ്യയല്ല. ഈ വിഷയത്തിൽ ആശയക്കുഴപ്പത്തിലായി രാജ്യങ്ങൾ പലതുമുണ്ട്. ശ്രീലങ്ക മുതൽ ഇറ്റലി വരെ ഈ ചോദ്യത്തിന് മുന്നിൽ കൃത്യമായ ഒരു സമാധാനം പറയാൻ സാധിക്കാതെ ഉഴലുകയാണ്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കണോ അതോ മറവുചെയ്യണോ?

കൊവിഡ് 19 നെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചത് ലോകാരോഗ്യ സംഘടനയാണ്. ഈ രോഗം പകരുന്ന രീതിവെച്ച്, WHO യുടെ മാർഗനിർദേശങ്ങൾ പാലിച്ചാൽ, അസുഖബാധിതനായി ഐസോലേഷൻ വാർഡിലേക്ക് കയറുന്നതുമുതൽ, മരിച്ചുവിറങ്ങലിച്ച് ആംബുലൻസിലേക്ക് തിരികെ കയറുന്നതുവരെ ബന്ധുക്കളിൽ ഒരാൾക്കുപോലും രോഗബാധിതനെ സ്പർശിക്കാനോ, അടുത്ത് സമ്പർക്കം പുലർത്താനോ അനുവാദമില്ല. നേരിട്ട് കാണാൻ പോലും പാടില്ല. മരണം ഏതാണ്ട് അടുത്ത് എന്നുറപ്പായാൽ, പലപ്പോഴും രോഗികൾ തങ്ങളുടെ വേണ്ടപ്പെട്ടവരെ കാണണം എന്നാവശ്യപ്പെടാറുണ്ട്. ബന്ധുക്കളുടെ ഭാഗത്തുനിന്ന് നേരെ തിരിച്ചുള്ള ആവശ്യവും ഉണ്ടാകാറുണ്ട്. അങ്ങനെ കാണാനുള്ള അവസരം അനുവദിച്ചു നൽകാറില്ല കൊവിഡ് മരണങ്ങളിൽ. എന്തിന് മൃതദേഹങ്ങളുടെ ശവസംസ്കാരങ്ങളിൽ പോലും ബന്ധുക്കളെ അടുപ്പിക്കാറില്ല. 

കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കണോ അതോ മറവു ചെയ്യണോ എന്ന കാര്യത്തിൽ പലയിടത്തും വിവാദാവസ്ഥയാണ്. ചിലയിടങ്ങളിൽ മതാചാരപ്രകാരം ദഹിപ്പിക്കാനോ അല്ലെങ്കിൽ മറവു ചെയ്യണോ ഉള്ള സൗകര്യം ഗവൺമെന്റുകൾ ചെയ്തുകൊടുക്കുന്നു. എന്നാൽ ചിലയിടങ്ങളിൽ, ഉദാ. കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ മൃതദേഹത്തിന്റെ അന്തിമസംസ്കാരത്തെച്ചൊല്ലി തർക്കം പൊട്ടിപ്പുറപ്പെട്ടിരുന്നു. ചൈനയിൽ ആദ്യമായി രോഗം ബാധിച്ചു മരിച്ചവരിൽ ഒരാളായിരുന്നു വുചാങ് ആശുപത്രിയിലെ പ്രധാന ഡോക്ടർമാരിൽ ഒരാളായ ലിയു സിമിങ്ങ് മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന് ഒരു അന്ത്യചുംബനം നൽകാൻ പോലും ഭാര്യയും ആശുപത്രിയിലെ ഹെഡ് നഴ്സുമായ കായ് പിങിനെ അധികൃതർ അനുവദിച്ചിരുന്നില്ല. ഒടുവിൽ ആംബുലൻസിൽ മൃതദേഹം ക്രിമറ്റോറിയത്തിലേക്ക് കൊണ്ടുപോയപ്പോൾ  അവർ നിലവിളിച്ചുകൊണ്ട് ആംബുലൻസിനു പിന്നാലെ പായുന്ന കാഴ്ച ലോകം കണ്ണീരോടെയാണ് കണ്ടത്. 

 

 

ശ്രീലങ്കയിൽ ആകെ സ്ഥിരീകരിക്കപ്പെട്ടത്. 159 പേർക്കാണ്. ഇന്നുവരെ മരിച്ചിരിക്കുന്നത് ആകെ അഞ്ചു പേരും. ശ്രീലങ്കയുടെ പടിഞ്ഞാറുഭാഗത്തുള്ള നെഗോമ്പോ പട്ടണത്തിൽ നിന്നുള്ള ഒരാൾക്ക് കൊവിഡ് ബാധിച്ച് അയാൾ മരണപ്പെട്ടു. അയാളുടെ മൃതദേഹം അധികൃതർ ബന്ധുക്കളുടെ ഇച്ഛയ്ക്ക് വിരുദ്ധമായി, ക്രിമറ്റോറിയത്തിൽ കൊണ്ടുചെന്ന് ദഹിപ്പിച്ചു കളഞ്ഞു. മരിച്ചയാളിന്റെ ബന്ധുക്കളും ശ്രീലങ്കയിലെ മുസ്ലിം കോൺഗ്രസ് നേതാവ് റൗഫ് ഹക്കീം ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ട് ട്വീറ്റ് ചെയ്യുകയുണ്ടായി. മരിച്ചയാളിന്റെ കുടുംബത്തിന് അയാളെ മതാനുഷ്ഠാനങ്ങൾ പ്രകാരം മറവു ചെയ്യാനുള്ള അനുമതി നിഷേധിച്ചത് നിർഭാഗ്യകരമായ എന്ന് അദ്ദേഹം പറഞ്ഞു. താൻ അധികാരികളെ ബന്ധുക്കളുടെ ആവശ്യം ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ പരമാവധി നടത്തിയെന്നും, അവർ ചെവിക്കൊണ്ടില്ല എന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം മറവു ചെയ്യാൻ അധികാരികൾ കാണിച്ച തിടുക്കം ബന്ധുക്കളുടെ ചേതോവികാരങ്ങളോടുള്ള അവഹേളനമാണ് എന്നും അദ്ദേഹം പറഞ്ഞു. 

 

കൊറോണാ വൈറസ് ബാധിതരുടെ മൃതദേഹങ്ങളുടെ അന്തിമസംസ്കാരം എങ്ങനെ വേണമെന്നുള്ള കാര്യത്തിൽ ലോകാരോഗ്യ സംഘടനാ രാജ്യങ്ങൾക്ക് പാലിക്കാൻവേണ്ടി വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മൃതദേഹം കൈകാര്യം ചെയ്യേണ്ടത് മോർച്ചറി ജീവനക്കാർ തന്നെ. മൃതദേഹത്തിന് ഒരു കെമിക്കൽ ട്രീട്മെന്റും നടത്താൻ അനുമതിയില്ല. സമ്പർക്കം പരമാവധി കുറക്കുന്നതിനാണ് ഈ മുൻകരുതൽ. മൃതദേഹം ബന്ധുക്കളിൽ ആരും തന്നെ തൊടാനോ, ചുംബിക്കാനോ പാടില്ല. മൃതദേഹം കൈകൾ കൊണ്ട് തൊടുന്നവർ എല്ലാവരും തന്നെ കയ്യുറകൾ ധരിച്ചിരിക്കണം. മറവുചെയ്യൽ കഴിഞ്ഞാലുടൻ സ്വന്തം ദേഹം സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതുണ്ട്. എന്നിങ്ങനെ പല നിർദേശങ്ങളും WHO പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, ഇങ്ങനെ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കാനുള്ള ബാധ്യത ഒരു രാജ്യത്തിനുമില്ല. ചിലരാജ്യങ്ങളിൽ കൃത്യമായ മുൻകരുതലുകൾ പാലിച്ചുകൊണ്ട് മതാചാരങ്ങളോടെ തന്നെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ മറവുചെയ്യാനും അനുവദിക്കുന്നുണ്ട്.

 

 

ശ്രീലങ്കയിൽ WHO -യുടെ മാർഗനിർദേശങ്ങളെക്കാൾ, പാലിക്കേണ്ടത് അവിടത്തെ എപ്പിഡമോളജി യൂണിറ്റിന്റെ നിർദേശങ്ങളാണ്. അതിൽ ആദ്യത്തേത് മൃതദേഹം ക്രിമറ്റോറിയത്തിൽ ദഹിപ്പിച്ചു കളയണം എന്നതാണ്. പോസ്റ്റ് മോർട്ടം ചെയ്യുന്നതിന് വിലക്കുണ്ട്. ഒരു മതചടങ്ങുകൾക്കും അനുമതിയില്ല. മൃതദേഹം സീൽ ചെയ്ത പ്ലാസ്റ്റിക് ബാഗിലേക്ക് എത്രയും പെട്ടെന്ന് കയറ്റണം. അതിനു ശേഷം സീൽ തുറക്കാൻ അനുമതിയില്ല. പരമാവധി 24 മണിക്കൂറിനുള്ളിൽ അന്തിമസംസ്കാരം പൂർത്തിയാക്കണം എന്നും നിർദേശമുണ്ട്.