Asianet News MalayalamAsianet News Malayalam

അമ്പലക്കമ്മിറ്റികൾ ആർഎസ്എസിന് വിട്ടുകൊടുക്കാനാവില്ല എന്ന സിപിഎം പ്ലീനം റിപ്പോർട്ട് പ്രത്യയശാസ്ത്ര വ്യതിയാനമോ?

ഇതുവരെ പിന്തുടർന്നിരുന്ന നിലപാട് ഇനിയും തുടർന്നാൽ ശരിയാവില്ല. അമ്പലങ്ങൾ ആർഎസ്എസുകാരുടെ ഇഷ്ടത്തിന് വിട്ടുനൽകിയതിനെ മുതലെടുത്ത്, ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാൻ അമ്പലത്തിന്റെ പരിസരങ്ങൾ അവർ ദുർവിനിയോഗം ചെയ്യുന്നു.

CPI(M) to make entry to temple management committees, deviation from the past line?
Author
Kolkata, First Published Feb 22, 2020, 3:04 PM IST

കൊൽക്കത്ത: മതതീവ്രവാദത്തെയും വർഗീയമായി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെയും ചെറുക്കാൻ അമ്പലക്കമ്മിറ്റികളിൽ തങ്ങളുടെ സാന്നിധ്യമുറപ്പിക്കേണ്ടതുണ്ട് എന്ന നയവുമായി പശ്ചിമ ബംഗാളിലെ സിപിഎം. കഴിഞ്ഞ മാസം പാർട്ടിയുടെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ പ്രാദേശിക കമ്മിറ്റികളിൽ ചർച്ചചെയ്യപ്പെട്ട ഒരു റിപ്പോർട്ടാണ് ‘Review Report on Implementation of Plenum Tasks’ എന്നത്. കഴിഞ്ഞ പാർട്ടി പ്ലീനത്തിൽ നൽകപ്പെട്ട കർത്തവ്യങ്ങൾ നടപ്പിലാക്കേണ്ടതെങ്ങനെ എന്നത് സംബന്ധിച്ച ഒരു വിലയിരുത്തൽ റിപ്പോർട്ടാണ് അത്. "മതേതരത്വമൂല്യങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്ന മതവിശ്വാസികളും, ഭക്തന്മാരുമായ ഇടതുസഹയാത്രികരുടെ സാന്നിധ്യം അമ്പലക്കമ്മിറ്റികളിൽ ഇനിയങ്ങോട്ടെങ്കിലും ഉണ്ടാകും എന്നുറപ്പിക്കേണ്ടതുണ്ട് എന്നാണ്. ഇതുവരെ പിന്തുടർന്നിരുന്ന നിലപാട് ഇനിയും തുടർന്നാൽ ശരിയാവില്ല. അമ്പലങ്ങൾ ആർഎസ്എസുകാരുടെ ഇഷ്ടത്തിന് വിട്ടുനൽകിയതിനെ മുതലെടുത്ത്, ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാൻ അമ്പലത്തിന്റെ പരിസരങ്ങൾ അവർ ദുർവിനിയോഗം ചെയ്യുന്നു. ക്ഷേത്രോത്സവങ്ങളെ അവർ അവരുടെ കാവിക്കൊടികൾ കൊണ്ട് ഹൈജാക്ക് ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്." എന്ന് റിപ്പോർട്ട് പറയുന്നു. 

"സംഘപരിവാർ സംഘടനകൾക്ക് ക്ഷേത്രങ്ങൾ വിട്ടുകൊടുത്തുകൊണ്ട്, അവർ അവിടെ നടത്തുന്ന ശരികേടുകൾ കയ്യുംകെട്ടി നോക്കിനിൽക്കുന്നത് തുടരാനാവില്ല. ക്ഷേത്രങ്ങളുടെ നിർവാഹക സമിതികളിൽ ഇടതുസഹയാത്രികര്‍ക്കും ഇടമുണ്ടാവേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു." എന്നും റിപ്പോർട്ട് പറയുന്നുണ്ട്. പശ്ചിമ ബംഗാളിൽ കഴിഞ്ഞ കുറേക്കാലമായി പാർട്ടി ഉത്സവങ്ങളിൽ പുസ്തകശാലകളും, മെഡിക്കൽ ക്യാമ്പുകളും മറ്റും സംഘടിപ്പിച്ച് ഭക്തരെ കൂടെ നിർത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അത് പോരെന്നാണ് ഈ ഉൾപ്പാർട്ടി റിപ്പോർട്ടിൽ പറയുന്നത്. "താത്കാലിക പുസ്തകശാലകൾക്ക് പകരം സ്ഥിരം പുസ്തകക്കടകൾ വേണം. ജലവിതരണവും വൈദ്യസഹായ സൗകര്യങ്ങളും കുറേക്കൂടി ഫലപ്രദമാണെന്നുറപ്പിക്കണം. അത് ക്ഷേത്രങ്ങളുടെ തൊട്ടടുത്തുതന്നെ വേണം, എങ്കിലേ ഹിന്ദുത്വത്തെ ചെറുക്കാൻ പാർട്ടിക്ക് സാധിക്കൂ." എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതേസമയം, പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്ന സഖാക്കൾ നേരിട്ട് അമ്പലക്കമ്മിറ്റിയിൽ അംഗമാവുന്നതിനെയോ, സ്ഥാനങ്ങൾ വഹിക്കുന്നതിനെയോ പാർട്ടി അനുകൂലിക്കുന്നില്ല. വേണ്ടത് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന വർഗീയ ശക്തികളുടെ വൻ മുന്നേറ്റത്തോടുള്ള ആസൂത്രിതമായ ചെറുത്തുനിൽപ്പാണ് എന്ന് റിപ്പോർട്ട് പറയുന്നു.

'ദൈവത്തോട് കൂടുതൽ അടുക്കുന്നത്' ഒരിക്കലും പാർട്ടിയുടെ പുരോഗമന മുഖത്തിന് ക്ഷീണം ചെയ്യില്ല എന്നും അത് തങ്ങളുടെ പ്രഖ്യാപിത പ്രത്യയശാസ്ത്രത്തിൽ നിന്ന് ഒരു കാരണവശാലും വ്യതിചലിക്കലാവില്ല എന്നും പാർട്ടിയിലെ ഉന്നത കേന്ദ്രങ്ങൾ കരുതുന്നു. "ആളുകള്‍ കൂടുന്ന ഇടങ്ങൾ പാർട്ടിയുടെ നയങ്ങൾ പ്രചരിപ്പിക്കാൻ പ്രയോജനപ്പെടുത്തുന്നതിൽ തെറ്റില്ല. പാർട്ടി സഖാക്കൾ നേരിട്ട് കമ്മിറ്റികൾ നിയന്ത്രിക്കണം എന്നല്ല പാർട്ടി കരുതുന്നത്. മറിച്ച്, സംഘപരിവാർ ശക്തികളെ ഈ ആരാധനാലയങ്ങളെയും അവിടെ ഭക്തിമാർഗത്തിൽ വന്നുചേരുന്ന ജനാവലിയെയും ദുരുപയോഗപ്പെടുത്താൻ അനുവദിച്ചുകൂടാ'' എന്നുമാണ് മുൻ സിപിഎം എംപിയും പോളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലിം 'ദ പ്രിന്റി'നോട് പറഞ്ഞത്. "മുമ്പ് പൂജകളിൽ പങ്കുചേരാനോ വഴിപാടുകൾ നടത്താനോ, ഉത്‌സവങ്ങളിൽ പങ്കുചേർന്ന് ആഘോഷിക്കാനോ ഒന്നും സഖാക്കൾക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ, അത്തരം കമ്മിറ്റികളിൽ ഇടത് ആശയങ്ങൾ പിൻപറ്റുന്നവർ കൂടി ഇല്ലെങ്കിൽ അവിടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥ ആയിട്ടുണ്ട്. അതേസമയം ഇത് അമ്പലങ്ങൾക്ക് മാത്രമല്ല, പള്ളികൾക്കും, ഗുരുദ്വാരകൾക്കും, ചർച്ചുകൾക്കും ഒക്കെ ബാധകമാണ് " അദ്ദേഹം പറഞ്ഞു. 

CPI(M) to make entry to temple management committees, deviation from the past line?

"ഞങ്ങളിൽ പലരും നാസ്തികരാണെങ്കിലും, മറ്റുള്ളവരുടെ  വിശ്വാസ സ്വാതന്ത്ര്യത്തിൽ ഞങ്ങൾ ഇടപെടാറില്ലായിരുന്നു. നാസ്തികതയുടെ പേരും പറഞ്ഞ് അമ്പലങ്ങൾക്കുള്ളിലേക്ക് കയറാതിരുന്നാൽ, ആ ശൂന്യത മുതലെടുത്ത് അവിടം ദുരുപയോഗപ്പെടുത്താൻ പോകുന്നത് വർഗീയ വാദികൾ ആയിരിക്കും." മറ്റൊരു മുതിർന്ന പോളിറ്റ് ബ്യൂറോ അംഗമായ നീലോത്പൽ ബസു പറഞ്ഞു. വർഷാവർഷം കൊൽക്കത്തയിൽ നടക്കുന്ന 3500 -ൽ പരം ഉത്സവങ്ങളിൽ ഇനിയങ്ങോട്ട് സിപിഎമ്മിന്റെ പ്രവർത്തകരിൽ നിന്ന് വർധിത വീര്യത്തോടുള്ള സഹകരണങ്ങളും സഹായങ്ങളും പ്രതീക്ഷിക്കാം.
 
എന്നാൽ, സിപിഎമ്മിന്റെ ഈ നയവ്യതിയാനത്തെ മുതലെടുപ്പ് എന്നാണ് പ്രതിപക്ഷത്തു നിൽക്കുന്ന കോൺഗ്രസ് കാണുന്നത്. സ്വന്തം വോട്ടുബാങ്കിൽ ഉണ്ടായ ക്രമാതീതമായ ചോർച്ചയാണ് ഇപ്പോൾ ക്ഷേത്രങ്ങളുടെ കാര്യത്തിൽ സിപിഎമ്മിനുണ്ടായിരിക്കുന്ന താത്പര്യക്കൂടുതലിന് കാരണമെന്ന് കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. വോട്ടുകൾ ഇനിയും ചോരാതിരിക്കാൻ ജനങ്ങളുടെ മതവിശ്വാസത്തെ പ്രീണിപ്പിച്ചുകൊണ്ടുള്ള മുതലെടുപ്പുകൾക്ക് ശ്രമിക്കുകയുമാണ് സിപിഎം ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios