Asianet News MalayalamAsianet News Malayalam

രവി പൂജാരി എന്ന അധോലോക 'ചാരിറ്റി' നായകൻ പിന്നിട്ട വഴികൾ

 കുടിവെള്ളം ജീവിത സമസ്യയായി നിലനിൽക്കുന്ന ആഫ്രിക്കയുടെ ഉൾപ്രദേശങ്ങളിൽ പോലും, പെട്രോൾ ബങ്കുകൾ കേന്ദ്രീകരിച്ചു കൊണ്ട് സൗജന്യമായ കുടിവെള്ളവിതരണസംവിധാനം കെട്ടിപ്പടുത്താണ് രവി പൂജാരി അവിടെ ഒരു സാമൂഹിക പ്രവർത്തകനായി അറിയപ്പെട്ടത്.

Curious Case of  Ravi Pujari the Underworld King who lead a charitable life in Africa
Author
Senegal, First Published Feb 25, 2020, 10:59 AM IST

സെനഗലിൽ ചെന്ന് രവി പൂജാരി എന്ന പേര് പറഞ്ഞാൽ ചിലപ്പോൾ ആരും അറിഞ്ഞെന്നു വരില്ല. എന്നാൽ, മുംബൈ പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസിലെ ചിത്രം കാണിച്ചാൽ ചിലപ്പോൾ പലരും തൽക്ഷണം തിരിച്ചറിഞ്ഞെന്നിരിക്കും, കാരണം അത് അവിടെ നിരവധി റസ്റ്റോറന്റുകൾ സ്വന്തമായുള്ള സാമൂഹ്യ-മനുഷ്യാവകാശപ്രവർത്തകനും, ചാരിറ്റി രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ ആന്റണി ഫെർണാണ്ടസ് ആണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ പലയിടത്തായി 'നമസ്‌തെ ഇന്ത്യ' എന്നപേരിൽ സെനഗലിൽ ഒമ്പതോളം റെസ്റ്റോറന്റുകളുടെ ഒരു ചെയിൻ തന്നെ 'ആന്റണി ഫെർണാണ്ടസ്' എന്ന രവി പൂജാരിക്കുണ്ട്.  

അതുമാത്രമല്ല, ശുദ്ധമായ കുടിവെള്ളം ജീവിത സമസ്യയായി നിലനിൽക്കുന്ന ആഫ്രിക്കയുടെ ഉൾപ്രദേശങ്ങളിൽ പോലും, പെട്രോൾ ബങ്കുകൾ കേന്ദ്രീകരിച്ചു കൊണ്ട് സൗജന്യമായ കുടിവെള്ളവിതരണസംവിധാനം കെട്ടിപ്പടുത്താണ് രവി പൂജാരി അവിടെ ഒരു സാമൂഹിക പ്രവർത്തകനായി അറിയപ്പെട്ടത്. അതിനു പുറമെ നവരാത്രി ആഘോഷവേളയിൽ പാവപ്പെട്ടവർക്ക് കുപ്പായങ്ങളും സൗജന്യമായി വിതരണം ചെയ്തു പോന്നിരുന്നു അദ്ദേഹം. തന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ പത്രങ്ങളുടെ ഒന്നാം പേജിൽ സ്ഥിരസാന്നിധ്യമായിരുന്നത്രെ സെനഗലിൽ പൂജാരി.

രവി പൂജാരി എന്ന ക്രിമിനൽ

പൂജാരി സെനഗലീസ് പൊലീസിന്റെ പിടിയിലകപ്പെട്ടിട്ട് നാളുകുറെയായിരുന്നു. സെനഗലിന്റെ തലസ്ഥാനമായ ദകാരിലെ ഒരു ബാർബർഷോപ്പിൽ നിന്ന് കഴിഞ്ഞ വർഷം ജനുവരി 21 -നാണ് ലോക്കൽ പൊലീസ് പിടികൂടുന്നത്. അന്നുമുതൽ അവിടെ നിന്ന് ഇന്ത്യയിലേക്ക് തിരികെ നാടുകടത്തുന്നതിനു വേണ്ട കടലാസുപണികൾ നടന്നുവരികയായിരുന്നു.  അവിടെ പിടിക്കപ്പെട്ടത് പൂജാരി തന്നെയാണ് എന്നുറപ്പിച്ചത് വിരലടയാളം മാച്ച് ചെയ്തു നോക്കിയിട്ടാണ്.

Curious Case of  Ravi Pujari the Underworld King who lead a charitable life in Africa

1994-ൽ ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടു മുംബൈ പൊലീസ് പൂജാരിയെ അറസ്റ്റു ചെയ്തിരുന്നു. അന്ന് പൊലീസ് ശേഖരിച്ച വിരലടയാളങ്ങൾ ഇന്നാണ് ഗുണം ചെയ്തത്. അന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് പൂജാരി. നേപ്പാൾ വഴി ആദ്യം ബാങ്കോക്കിലേക്കും, പിന്നീട് അവിടെ നിന്ന് ഉഗാണ്ടയിലേക്കും അയാൾ പലായനം ചെയ്തു. ബുർക്കിനാ ഫാസോയിൽ 12 വർഷം കഴിഞ്ഞ രവി പൂജാരി സെനഗലിലേക്ക് താമസം മാറിയിട്ട് അധികകാലമായിട്ടില്ല. അവിടെ നിരവധി ക്രിക്കറ്റ് ടൂർണ്ണമെന്റുകളും സാംസ്‌കാരിക സന്ധ്യകളും ഗാനമേളകളും ഒക്കെ രവി പൂജാരി ഇന്ത്യൻ സെലിബ്രിറ്റികളെ കൊണ്ടുവന്നുതന്നെ നടത്തിയിട്ടുണ്ട്.  

എന്നാൽ ബുർക്കിനാഫാസോയിലും സെനഗലിലും ഇരുന്നുകൊണ്ടുപോലും ഇവിടെ മഹാരാഷ്ട്ര, കർണാടകം, കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന തൊഴിൽ രവി പൂജാരി തുടർന്നുപോന്നു. പുജാരിക്കെതിരെ മക്കോക്ക (MCOCA - Maharashtra Control of Organized Crime Act) ചുമത്തിയിരുന്നത് United Nations Convention against Transnational Organized Crime അഥവാ UNCTOC പ്രകാരം അയാളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്ന പ്രക്രിയ കൂടുതൽ എളുപ്പമാക്കി.

ആരാണ് രവി പൂജാരി?

കർണാടകയിലെ ഉഡുപ്പി ജില്ലയിലുള്ള മാൽപെയിൽ ജനനം. പഠിത്തം പാതിവഴി നിന്നപ്പോൾ മുംബൈയിലേക്ക് കുടിയേറി. അവിടെ അന്ധേരിയിലെ ഒരു ചായത്തട്ട് തുടങ്ങി. പതുക്കെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് നടന്നുകയറിയ രവി പൂജാരി തന്റെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത് ഡോംബിവിലി കേന്ദ്രീകരിച്ചായിരുന്നു. എൺപതുകളുടെ അവസാനത്തിൽ, ബാലാ സാൾട്ടെ എന്ന ലോക്കൽ ദാദയെ കൊന്നുതള്ളും വരെ ഒരു 'തെറിച്ച' ചെറുക്കൻ എന്ന പെരുമാത്രമേ രവിയ്ക്കുണ്ടായിരുന്നുള്ളു. എന്നാല്‍ ഈ വധത്തോടെ അധോലോകത്തെ കാസ്റ്റിംഗ് ഏജന്റുകളുടെ കണ്ണിൽ രവി പൂജാരിയും പെട്ടു. അന്ധേരിയിലെ ചേരികളിൽ തന്റെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട രവി താമസിയാതെ ഛോട്ടാ രാജന്റെ സംഘത്തില്‍ ചേരുകയും, വളരെപ്പെട്ടന്ന് രാജന്റെ വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു.  ഛോട്ടാ രാജന്റെ വലംകൈയായി മാറാന്‍ പൂജാരിക്ക് ഏറെ സമയം വേണ്ടി വന്നില്ല. അതോടെ രവി പൂജാരി എന്ന അധോലോക ഷാർപ്പ് ഷൂട്ടറെപ്പറ്റിയുള്ള കഥകൾ മുംബൈയിൽ പ്രചരിച്ചു തുടങ്ങി. 1993ലെ മുംബൈ ബോംബ് സ്ഫോടനപരമ്പരയിൽ ദാവൂദ് ഇബ്രാഹിം വഹിച്ച പങ്ക് തിരിച്ചറിഞ്ഞതോടെ ഛോട്ടാരാജനും രവിപുജാരിയുമൊക്കെ ഡി കമ്പനി വിട്ടു സലാം പറഞ്ഞിറങ്ങി. അന്ന് രാജന്റെ അടുത്ത അനുയായികളായിരുന്ന സന്തോഷ് ഷെട്ടി, ഭരത് നേപ്പാളി എന്നിവരെപ്പോലെ രവി പൂജാരിയും 'ദേശസ്നേഹ'ത്തിന്റെ തീവണ്ടി പിടിക്കാനുള്ള പലവിധത്തിലുള്ള പരിശ്രമങ്ങളും നടത്തി.  1993 ബോംബെ ബോംബ് ബ്ലാസ്റ്റ് കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തു എന്ന പേരിൽ സുപ്രസിദ്ധ വക്കീൽ ഷാഹിദ് ആസ്മിയെ വെടിവെച്ചു കൊന്നത് രവി പൂജാരിയുടെ ആളുകളാണ് എന്ന് കരുതപ്പെടുന്നു.

Curious Case of  Ravi Pujari the Underworld King who lead a charitable life in Africa

2000-ൽ ബാങ്കോക്കിൽ വെച്ച് വെച്ച്  ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജനെ കൊല്ലാൻ ഒരു ശ്രമം നടത്തുകയുണ്ടായി. അന്ന് ആ ശ്രമത്തിൽ നിന്നും തലനാരിഴയ്ക്ക് രാജൻ രക്ഷപ്പെട്ടു. ദാവൂദുമായി ചേർന്ന്, തന്നെ ഒറ്റുകൊടുത്തു എന്ന സംശയത്തിൽ രാജൻ തന്റെ അനുയായികളായ വിനോദ് ഷെട്ടി, മോഹൻ കോട്യൻ എന്നിവരെ പൻവേലിൽ വെച്ച് വെടിവെച്ചുകൊന്നിരുന്നു.   തങ്ങളുടെ നിരപരാധിത്വം രാജനെ ബോധ്യപ്പെടുത്താനാവാതെ വന്നപ്പോൾ, രവി പൂജാരിയും, ഗുരു സാത്താമും ചേർന്ന്, ചോട്ടാ രാജൻ സംഘത്തിൽ നിന്നും വേർപിരിഞ്ഞ് തങ്ങളുടേതായ ഒരു സംഘം തുടങ്ങുകയായിരുന്നു.

അതിനുശേഷം ഇന്ത്യയിലെ പല രാഷ്ട്രീയ നേതാക്കൾക്കും ബിസിനസ് ടൈക്കൂണുകൾക്കും ഫോണിലൂടെ വധഭീഷണികൾ കിട്ടിത്തുടങ്ങി. പണം തന്നില്ലെങ്കിൽ തട്ടിക്കളയും എന്നായിരുന്നു ഭീഷണി. രവി പൂജാരി ഭീഷണിപ്പെടുത്തിയവരിൽ ഷെഹ്‌ലാ റഷീദ്, ഉമർ ഖാലിദ്, ജിഗ്നേഷ് മേവാനി, മുൻ കർണാടകം വിദ്യാഭ്യാസ മന്ത്രി തൻവീർ സേട്ട് എന്നിവരും പെടും. തന്നോട് പത്തുകോടി ചോദിച്ചു പൂജാരി എന്നാണ് തൻവീർ സേട്ട് പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ  കുറെ വർഷമായി ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, സൽമാൻ ഖാൻ തുടങ്ങിയ താരങ്ങളെയും പൂജാരി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മംഗലുരുവിലെ ശബ്നം ഡെവലപ്പേഴ്സിന്റെ ഓഫീസിൽ നടന്ന വെടിവെപ്പിലും രവിപുജാരിയുടെ പേരാണ് എഫ്‌ഐആറിൽ ഉണ്ടായിരുന്നത്.

അതിനിടെ 2018 -ൽ കൊച്ചിയിലെ ലീന മാറിയ പോൾ എന്ന മോഡലിന്റെ ഉടമസ്ഥതയിലുള്ള നെയിൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടി പാർലറിൽ വിളിച്ചും പണം ആവശ്യപ്പെട്ടു ഭീഷണി മുഴക്കിയിരുന്നു പൂജാരി. പണം കിട്ടാതെ വന്നപ്പോൾ കാസർകോട്ടെ തന്റെ സംഘത്തെ ഉപയോഗിച്ച് സലൂണിനു നേർക്ക് വെടിയുതിർക്കുകയും ചെയ്തു രവി പൂജാരി. കൊച്ചിയിലെ വെടിവയ്പിൽ താൻ ക്വൊട്ടേഷൻ ഏറ്റെടുത്തത് സലൂൺ ഉടമയായ ലീന മരിയ പോളിന്റെ സ്നേഹിതനായ സുകേഷ് ചന്ദ്രശേഖർ പലരെയും കോടിക്കണക്കിനു രൂപ വെട്ടിച്ച സംഭവത്തിൽ നീതി നേടിക്കൊടുക്കാനാണെന്ന് പൂജാരി പിന്നീട് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ  ഫോൺ ചെയ്ത് അറിയിച്ചിരുന്നു. കർണാടകത്തിൽ മാത്രം രവി പുജാരിക്കെതിരെ നിലവിലുള്ളത് 97 വധഭീഷണിക്കേസുകളാണ്. അതിൽ രണ്ടെണ്ണത്തിൽ ജീവപര്യന്തം കഠിനതടവ് ശിക്ഷയും പുജാരിക്ക് വിധിച്ചു കിട്ടിയിട്ടുണ്ട്. ഇതിനു പുറമെ മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡസൻ കണക്കിന് ക്രിമിനൽ കേസുകൾ വേറെയുണ്ട്. ആകെ 200 -ലധികം വധഭീഷണിക്കേസുകൾ.  

Curious Case of  Ravi Pujari the Underworld King who lead a charitable life in Africa

എന്തായാലും, ഇപ്പോൾ രവി പൂജാരിയെ തിരികെ ഇന്ത്യയിലേക്ക് നാടുകടത്തിക്കൊണ്ടുവരാണ് കഴിഞ്ഞത് ഒരു നയതന്ത്ര നേട്ടം കൂടി ആയാണ് കണക്കാക്കപ്പെടുന്നത്.  കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, ഇന്ത്യയില്‍ നിന്നും കടന്നുകളഞ്ഞ് പല വിദേശരാജ്യങ്ങളിലും  ഒളിച്ചിരിക്കുന്ന പിടികിട്ടാപ്പുള്ളികളായ പലരെയും തിരിച്ചു കൊണ്ടുവരുന്നതില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്. അവരില്‍ കൊടും കുറ്റവാളികളും, വഴിതെറ്റി തീവ്രവാദത്തിലെത്തിയ യുവാക്കളും, കൊലപാതകികളും, ദാവൂദ് ഇബ്രാഹിമിന്റെ അരഡസനോളം കിങ്കരന്മാരും ഉള്‍പ്പെടും. കണക്കുകള്‍ പ്രകാരം, 2014 മുതല്‍ക്കിങ്ങോട്ട് ഇന്ത്യന്‍ പൗരന്മാരായ ഏതാണ്ട് നൂറോളം പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലേക്കെത്തിച്ചിട്ടുണ്ട്. തായ്ലന്‍ഡ്, നേപ്പാള്‍, യു എ ഇ, സൗദി അറേബ്യ, സിംഗപ്പൂര്‍, മ്യാന്‍മാര്‍, ബംഗ്‌ളാദേശ്, ടര്‍ക്കി, ഒമാന്‍, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍, ഫ്രാന്‍സ്  തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം ഇന്ത്യയിലേക്ക് കുറ്റവാളികളെ തിരിച്ചെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇന്റലിജന്‍സ് സഹകരണത്തിലുണ്ടായ പുരോഗതിയാണ് ഇത് സാധ്യമാക്കിയത്.

1993ലെ ബോംബുസ്‌ഫോടനക്കേസിലെ പിടികിട്ടാപ്പുള്ളിയായ  മന്‍സൂര്‍ മുഹമ്മദ് ഫാറൂഖ് അഥവാ 'ഫാറൂഖ്  ടക്ലാ' എന്ന കുപ്രസിദ്ധ ഡി കമ്പനി ഷൂട്ടര്‍, സ്ഫോടനത്തിനു പിന്നാലെ ദുബായിലേക്ക് കടക്കുകയും മുഷ്താഖ് മുഹമ്മദ് മിയാ എന്ന പേര് സ്വീകരിച്ച് അവിടെ രഹസ്യജീവിതം തുടങ്ങുകയും ചെയ്തിരുന്നു. ദുബായില്‍ നിന്നും ഇടയ്ക്കിടെ പാക്കിസ്ഥാനിലേക്ക് വന്നുപോയ്‌ക്കൊണ്ടിരുന്ന ഫാറൂഖ്, ഡി ഗ്യാങിലെ പലരുമായി ചേര്‍ന്ന് ഭീകരപ്രവര്‍ത്തനത്തിന്റെ ലോജിസ്റ്റിക്‌സ് ഓപ്പറേഷനുകള്‍ പലതിനും മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.  2011ല്‍ ദുബായിലിരുന്ന് വ്യാജ ഐഡന്റിറ്റിയില്‍ ഒരു ഇന്ത്യന്‍ പാസ്പോര്‍ട്ട് വരെ അയാള്‍ സംഘടിപ്പിച്ചു. 2017ല്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ടീം ഫാറൂഖിനെ ട്രാക്ക് ചെയ്യുകയും ഈ വര്‍ഷമാദ്യം അയാളെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരികയും ചെയ്തു. ഇന്ത്യയില്‍ ഇപ്പോള്‍ ടാഡാ നിയമപ്രകാരം വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ് ഫാറൂഖ്. അതുപോലെ,  2000 കോടി രൂപയുടെ ബിറ്റ് കോയിന്‍ അഴിമതി കാണിച്ച് ഒടുവിൽ പിടിക്കപ്പെടുമെന്നായപ്പോൾ തായ്ലണ്ടിലേക്ക് കടന്നിരുന്ന അമിത് ഭരദ്വാജിനെ ഈ വര്‍ഷമാദ്യം പിടികൂടി നാട്ടിലെത്തിച്ചിരുന്നു. 

വിജയ് മല്യ  അടക്കം ഇന്ത്യയിൽ അറസ്റ്റുചെയ്യപ്പെടും എന്നായപ്പോൾ വിദേശത്തേക്കു കടന്ന പല പിടികിട്ടാപ്പുള്ളികളും ഇനി വരുന്ന നാളുകളില്‍ അറസ്റ്റു ചെയ്യപ്പെട്ട് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇനിയങ്ങോട്ട്, നാട്ടില്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത് മറുനാടുകളില്‍ പോയി രക്ഷപ്പെടാമെന്ന അധോലോകനായകരുടെ മോഹം അതിമോഹമായി മാറുമെന്നാണ് കരുതേണ്ടത്.

 

Follow Us:
Download App:
  • android
  • ios