"എന്റെ മുന്നിൽ ആരെങ്കിലും അവിടെ മരിച്ചു വീണിരുന്നെങ്കിൽ എനിക്കത് വല്ലാത്ത വിഷമുണ്ടാക്കിയേനെ" ഇത് ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ്. ആ പറഞ്ഞതിന് ഒരു ദിവസം മുമ്പ് മരണത്തെ കണ്മുന്നിൽ കണ്ട്, അതേപ്പറ്റി ലോകത്തോട് പറയാൻ പാകത്തിന് അതിനെ അതിജീവിച്ചയാള്‍ കൂടിയാണ് ഈ ധീരനായ പൊലീസ് ഓഫീസർ.

ദില്ലിയുടെ തെരുവുകളിൽ കലാപത്തീ പടർന്നു തുടങ്ങിയ നാളിൽ, ഫെബ്രുവരി 24 -നാണ്, നോർത്ത് ഈസ്റ്റ് ദില്ലിയിലെ ജാഫറാബാദ് എന്ന സ്ഥലത്തെ റോഡുകളിൽ ഒന്നിൽ വെച്ച് മുഹമ്മദ് ഷാരൂഖ് എന്ന് മാധ്യമങ്ങൾ പിന്നീട് തിരിച്ചറിഞ്ഞ ഒരു മുപ്പത്തിമൂന്നുകാരൻ നിറതോക്കും ചൂണ്ടി ദീപക് ദഹിയയുടെ നേർക്ക് നടന്നടുക്കുന്നത്. തോക്കുചൂണ്ടിവന്ന ആ അക്രമി അദ്ദേഹത്തിന്റെ നെറ്റിയിൽ തോക്കിന്റെ ബാരൽ അമർത്തി 'സ്ഥലം വിട്ടോ, ഇല്ലെങ്കിൽ ഇപ്പൊ നിന്നെയും ചുട്ടുകളയും' എന്ന ഭീഷണി മുഴക്കി. പറഞ്ഞു കഴിഞ്ഞ് അയാൾ ജനക്കൂട്ടത്തെ ലക്ഷ്യമാക്കി ബാരിക്കേഡിനു മുകളിലൂടെ കയ്യിട്ടുകൊണ്ട് എട്ടു റൗണ്ട് വെടിയുതിർത്തു. ഭാഗ്യവശാൽ അതൊന്നും ആർക്കും ചെന്നുകൊണ്ടില്ല. 

ജാഫറാബാദിൽ ക്രമസമാധാനപാലനത്തിനായി നിയുക്തനായിരുന്നു എങ്കിലും മറ്റു പല പോലീസുകാരെയും പോലെ ഒഴിഞ്ഞു മാറാമായിരുന്നു ദീപക്കിനും. തനിക്കു പിന്നിലുള്ള അപരിചിതരായ ജനങ്ങൾക്ക് എന്തും സംഭവിച്ചോട്ടെ എന്നുകരുതി നിഷ്ക്രിയനായി നിൽക്കാമായിരുന്നു. എന്നാൽ, അയാളത് ചെയ്തില്ല. തന്റെ നേർക്ക് നടന്നടുത്ത ആ അപരിചിതനായ അക്രമിയുടെ ഉദ്ദേശ്യം എന്താണെന്ന് അദ്ദേഹത്തിന് നിശ്ചയമില്ലായിരുന്നു. ദീപക്കിന്റെ രണ്ടിരട്ടിയെങ്കിലും ശരീരപുഷ്ടിയും കായബലവുമുണ്ടായിരുന്നു ആ അക്രമിക്ക്. ദേഷ്യം കൊണ്ട് വിറച്ചു തുള്ളിയായിരുന്നു അയാളുടെ വരവ്. അയാൾക്ക്‌ മുന്നിൽ നെഞ്ചും വിരിച്ച് ചെന്ന് നിൽക്കാനും അയാളെ തടയാനുമുള്ള ധൈര്യം തനിക്കെവിടെനിന്നാണ് അപ്പോൾ കിട്ടിയതെന്ന് അദ്ദേഹത്തിനറിയില്ല.  

 

 
ഹരിയാനയിലെ സോനിപത് നിവാസിയായ ദീപക് ദഹിയ 2010 -ലാണ് കോൺസ്റ്റബിളായി ദില്ലി പൊലീസ് സർവീസിൽ എൻറോൾ ചെയ്യുന്നത്. സർവീസിൽ ചേർന്ന ശേഷം ഹെഡ് കോൺസ്റ്റബിൾ ആകാനുള്ള പരീക്ഷ പാസായി വസീറാബാദിൽ പരിശീലനത്തിലാണ് അദ്ദേഹം. സംഭവം നടക്കുമ്പോൾ മൗജ്‌പൂർ ചൗക്കിൽ നിയുക്തനായിരുന്നു ദീപക്. ഏറെക്കുറെ ശാന്തമായിരുന്ന അന്തരീക്ഷം വളരെപ്പെട്ടെന്നാണ് ഇരു പക്ഷത്തുനിന്നുമുള്ള കല്ലേറോടെ ഏറെ വഷളാകുന്നത് എന്ന് ദീപക് ഓർക്കുന്നു. " ജനക്കൂട്ടത്തിനു നേരെ നടന്നു ചെല്ലുമ്പോഴാണ് ഞാൻ ഒരു വെടിപൊട്ടുന്ന ഒച്ച കേൾക്കുന്നത്. നോക്കിയപ്പോൾ ചുവന്ന ടിഷർട്ട് ധരിച്ച താടിക്കാരനായ ഒരു മല്ലൻ തോക്കും ചൂണ്ടി നടന്നു വരുന്നത് കണ്ടു. അയാളുടെ ശ്രദ്ധ തിരിച്ചില്ലെങ്കിൽ അവിടെ ഇപ്പോൾ ആരെങ്കിലും ചാവും എന്നെനിക്ക് മനസിലായി. അതാണ് ഞാൻ അയാളെ എൻഗേജ് ചെയ്തത്" ദീപക് മാധ്യമങ്ങളോട് പറഞ്ഞു. 

 അത്തരം സാഹചര്യങ്ങളിൽ സ്വന്തം ജീവനേക്കാൾ കൂടുതൽ പൊതുജനങ്ങളുടെ ജീവന് പരിഗണന നൽകണം എന്ന പരിശീലനമാണ് തനിക്ക് കോൺസ്റ്റബിൾ ട്രെയിനിങ്ങിൽ കിട്ടിയിട്ടുള്ളത് എന്ന് ദീപക് പറഞ്ഞു. "അയാളുടെ മുന്നിലേക്ക് മറ്റേതെങ്കിലും സിവിലിയൻസ് ആണ് ചെന്നിരുന്നതെങ്കിൽ അയാൾ അവരെ പോയിന്റ് ബ്ലാങ്കിൽ ചുട്ടുകളഞ്ഞേനെ. ഞാൻ പൊലീസ് യൂണിഫോമിൽ ആയതുകൊണ്ടാണ് അയാൾ നേരെ വെടിയുതിർക്കാൻ അറച്ചു നിന്നതും പിന്നെ ദൂരേക്ക് വെടിയുതിർത്തതും. അതുകൊണ്ടാണ് ആരുടെയും ജീവൻ നഷ്ടപ്പെടാതിരുന്നത്. അപ്പോൾ ഞാൻ മറ്റൊന്നും ഓർത്തില്ല. എന്റെ ഉത്തരവാദിത്തമാണ്, ചെയ്തേ പറ്റൂ... എന്നുമാത്രമാണ് അന്നേരം മനസ്സ് പറഞ്ഞത്" ദീപക് കൂട്ടിച്ചേർത്തു.
 

 

ദീപകിന്റെ വീട്ടിൽ ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമുണ്ട്. അവർ സോനിപതിലാണ് സ്ഥിരതാമസം. അവരോട് ഇക്കാര്യങ്ങളൊന്നും തന്നെ അദ്ദേഹം പങ്കുവെച്ചിരുന്നില്ല. പക്ഷേ, ലഹളയ്ക്കിടെ ദീപക് മരണത്തെ കണ്മുന്നിൽ കണ്ടു തിരിച്ചു പോന്നതിനെപ്പറ്റി, നിറതോക്കുമായി കുതിച്ചു വന്ന അജ്ഞാതനായ അക്രമിയുടെ ശ്രദ്ധതിരിച്ച് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കാണിച്ച ധീരതയെപ്പറ്റി ഒക്കെ സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ സജീവമായിരുന്നു. ദീപക് ദഹിയയുടെ ഫോട്ടോ സഹിതമുള്ള ആ പോസ്റ്റുകൾ കണ്ടാണ് ബന്ധുക്കൾ വിവരമറിയുന്നതും അദ്ദേഹത്തിന്റെ ഭാര്യയെ അറിയിക്കുന്നതും. ദീപകിന്റെ കുടുംബം പരമ്പരാഗതമായി ഒരു പൊലീസ് കുടുംബമാണ്. അച്ഛൻ ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിന്ന് വിരമിച്ചയാളാണ്. രണ്ടു സഹോദരന്മാരിൽ ഒരാൾ ദില്ലി പോലീസിലും മറ്റെയാൾ കോസ്റ്റ് ഗാർഡിലും രാജ്യത്തെ സേവിക്കുക തന്നെയാണ്.
 
ആ അക്രമി ആരായിരുന്നു എന്നോ, അയാൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നോ, അയാൾ അറസ്റ്റിലായോ എന്നോ ഉള്ള ഒരു വിവരവും ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മുഹമ്മദ് ഷാരൂഖ് എന്നൊരു പെരുമാത്രമാണ് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്. അക്രമി  അനുരാഗ് മിശ്ര എന്നൊരാളാണ് എന്നും പറഞ്ഞു കൊണ്ട് ഫേസ്ബുക്ക് പ്രൊഫൈൽ ഒക്കെ വെച്ചുകൊണ്ട് ഒരു വ്യാജപ്രചാരണവും അതിനിടെ സജീവമായിരുന്നു. എന്നാൽ പിന്നീട് ഈ അനുരാഗ് മിശ്ര മുംബൈ നിവാസിയായ ഒരു മോഡൽ/നടൻ ആണെന്നും, അത്തരത്തിൽ പ്രചരിച്ച വാർത്ത വ്യാജമാണ് എന്നും തെളിഞ്ഞു.

എന്തായാലും, ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയയുടെ ധീരമായ ഇടപെടൽ, കെടുകാര്യസ്ഥതയുടെയും നിഷ്ക്രിയത്വത്തിന്റെയും ആരോപണങ്ങൾക്കിടെ ദില്ലി പൊലീസിന് ആശ്വാസം പകരുന്നതാണ്.