Asianet News MalayalamAsianet News Malayalam

ഡികെ ശിവകുമാറും കുടുങ്ങി, ഭീതിയിൽ കോൺഗ്രസ് പാളയം

 'ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ്' എന്ന നിലയിൽ ഇന്ത്യയിൽ അദ്ദേഹത്തെ വെല്ലാൻ ഒരുപക്ഷേ, സാക്ഷാൽ അമിത് ഷാ മാത്രമേ കാണൂ. ഹൈക്കമാൻഡിന്റെ നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിക്കുന്ന വിശ്വസ്‌തവിധേയനായ ഒരു കോൺഗ്രസുകാരൻ എന്ന പ്രതിച്ഛായ കൂടി ഡികെ കാത്തുസൂക്ഷിക്കുന്നുണ്ട്. 

ED arrests DK Sivakumar, Congress Camp in Distress
Author
Trivandrum, First Published Sep 4, 2019, 1:03 PM IST

'ഇത് ഫുട്ബാൾ കളിയല്ല, ചതുരംഗമാണ്..' എന്ന് 2018 -ൽ  നടന്ന ഒരു രാഷ്ട്രീയ കരുനീക്കത്തിന്റെ വിജയാഹ്ളാദത്തില്‍  ഒരിക്കൽ ഡികെ ശിവകുമാർ പറഞ്ഞു. എന്നാൽ, ഇന്ന് ആനകളെയും, കുതിരകളെയും, കാലാളിനേയും ഒക്കെ ഒന്നൊന്നായി വെട്ടിവീഴ്ത്തി ഡികെ എന്ന രാജാവിനെ ഇടംവലം തിരിയാൻ അനുവദിക്കാതെ പൂട്ടിയിരിക്കുകയാണ് ബിജെപി. ചിദംബരത്തിന്റെ അറസ്റ്റിനുശേഷം സർക്കാർ അന്വേഷണ ഏജൻസികളുടെ അടുത്ത ലക്ഷ്യം ഡികെ ആയിരുന്നു. ചിദംബരത്തെ കുടുക്കിയത് സിബിഐ ആയിരുന്നു എങ്കിൽ ഡികെയ്ക്ക് വിനയായത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ്. കഴിഞ്ഞ നാലുമാസമായി തുടർന്നുവന്ന ചോദ്യം ചെയ്യലുകൾക്കൊടുവിലാണ് ഇന്നലെ എൻഫോഴ്‌സ്‌മെന്റ്, ഡി കുമാരസ്വാമി മന്ത്രിസഭയിലെ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന, ഡികെ ശിവകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. തങ്ങളുടെ മുതിർന്ന നേതാവിനെ അറസ്റ്റുചെയ്തതിന് പിന്നിൽ നിലവിലെ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കുക എന്ന അജണ്ടയാണ് ബിജെപിക്കുള്ളതെന്ന് കോൺഗ്രസ് ആരോപിച്ചു.

കര്‍ണാടക പിസിസി അധ്യക്ഷസ്ഥാനത്തേക്ക് ശിവകുമാറിനെ പരിഗണിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. 2017 ഓഗസ്റ്റില്‍ ശിവകുമാറിന്‍റെയും ബന്ധുക്കളുടെയും കര്‍ണാടകത്തിലെ വീടുകളില്‍ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് എട്ടുകോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. ഇതുസംബന്ധിച്ച് ആദായനികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇഡിയുടെ ചോദ്യം ചെയ്യൽ നടന്നത്. 

കഴിഞ്ഞ കുറേ വർഷങ്ങളായി കർണാടകയില്‍ അരങ്ങേറിയിട്ടുള്ള പല രാഷ്ട്രീയ നാടകങ്ങളുടെയും ഒടുവിൽ ട്രബിൾ ഷൂട്ടറായി അവതരിച്ചിരുന്നത് ഡികെ ശിവകുമാറായിരുന്നു. ആരാണീ 'ഡി കെ'? 'ഡി കെ' എന്നും 'ഡി കെ ശി' എന്നുമൊക്കെ ശിവകുമാർ പൊതുവേ കർണാടക രാഷ്ട്രീയവൃത്തങ്ങളിൽ അറിയപ്പെടുന്നുണ്ട്. നാക്കിന്റെ മൂർച്ചകൊണ്ടും, പേശീബലം കൊണ്ടും അദ്ദേഹം കാര്യങ്ങളെ തന്റെ വരുതിക്ക് നിർത്താറുണ്ട് എന്നാണ് പൊതുവെയുള്ള സംസാരം.

കർണാടകത്തിലെ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞുതന്നെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചയാളാണ് 'ഡി കെ'. ഗ്രാനൈറ്റ് മൈനിങ്, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിങ്ങനെ നീളുന്ന പലവിധ ബിസിനസുകളിലൂടെ ചുരുങ്ങിയകാലം കൊണ്ട് ഒരു കോടീശ്വരനായി അദ്ദേഹം. പ്രായോഗിക രാഷ്ട്രീയത്തിലുള്ള കേളീവൈഭവം കൊണ്ട് തന്റെ ശത്രുപാളയത്തിലുള്ളവർ പോലും ആരാധനയോടെയാണ് ഡികെ ശിവകുമാറിനെ  കാണുന്നത്. ഇക്കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം നടത്തിയ പ്രവർത്തങ്ങൾ ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു.


ED arrests DK Sivakumar, Congress Camp in Distress

'ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ്' എന്ന നിലയിൽ ഇന്ത്യയിൽ അദ്ദേഹത്തെ വെല്ലാൻ ഒരുപക്ഷേ, സാക്ഷാൽ അമിത് ഷാ മാത്രമേ കാണൂ. ഹൈക്കമാൻഡിന്റെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കുന്ന വിശ്വസ്‌തവിധേയനായ ഒരു കോൺഗ്രസുകാരൻ എന്ന പ്രതിച്ഛായ കൂടി ഡികെ കാത്തുസൂക്ഷിക്കുന്നുണ്ട്. ബിജെപിക്ക് കർണാടകത്തിൽ ആരെയെങ്കിലും ഭയമുണ്ടെങ്കിൽ അത്, ഡികെ ശിവകുമാറിനെ മാത്രമാണ്. അദ്ദേഹത്തെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി തോൽവി സമ്മതിച്ചിരുന്നു, ബിജെപി. അമിത് ഷാ നേരിട്ട് പ്രലോഭിപ്പിക്കാൻ ശ്രമിച്ചിട്ടുപോലും ഡികെയ്ക്ക് ഒരു ചാഞ്ചാട്ടവും ഉണ്ടായിരുന്നില്ല.

ഗുജറാത്തിൽ 2017 -ൽ അഹമ്മദ് പട്ടേലിന്റെ രാജ്യസഭാംഗത്വത്തിനായുള്ള തെരഞ്ഞെടുപ്പിന്റെ സമയത്ത് വിവാദമുണ്ടായപ്പോള്‍, രക്ഷാപ്രവർത്തനത്തിന് ഹൈക്കമാൻഡ് പറഞ്ഞുവിട്ടത് ഡികെയെ. അന്ന് അവിടത്തെ 44  കോൺഗ്രസ് എംഎൽഎമാരെ ഒരാൾക്കും വിട്ടുകൊടുക്കാതെ ചിറകിനടിയിൽ പിടിച്ചുനിർത്തിയത് ഡികെ ആയിരുന്നു. പ്രലോഭനം നടപ്പില്ല എന്നുകണ്ട്‌, അടുത്തപടിയായി ഇൻകം ടാക്സ് റെയ്ഡുകൾ കൊണ്ട് സമ്മർദ്ദം ചെലുത്തിനോക്കി ശത്രുക്കൾ. എന്നാൽ, അതിനെയൊക്കെ അന്ന് ഡികെ അതിജീവിച്ചു. റെയിഡുകൾ നടന്നപ്പോൾ മുന്നൂറ് കോടിയിലധികം രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെടുത്തു എന്നമട്ടിലാക്കി പ്രചാരണങ്ങൾ വന്നു. അന്ന് ഡികെ ഒന്നേ പറഞ്ഞുള്ളൂ. 'അവർ ഔപചാരികമായി ഒരു റെയ്ഡ് റിപ്പോർട്ട് തരട്ടെ, എന്നിട്ടു നോക്കാം' എന്ന്. ഒടുവിൽ റിപ്പോർട്ടുവന്നപ്പോഴോ റിസോർട്ടിൽ നിന്നും ആകെ 20  കോടി പിടിച്ചെടുത്തതിന്റെ കണക്കുകൾ മാത്രം. പിന്നെ കുറെ നികുതിവെട്ടിപ്പിന്റെ കേസുകളും. അന്നും, ഡികെയെ ഏല്പിച്ചത് നടന്നു, അഹമ്മദ് പട്ടേൽ അനായാസം രാജ്യസഭയിലെത്തി. 
ED arrests DK Sivakumar, Congress Camp in DistressED arrests DK Sivakumar, Congress Camp in Distress


ഏറ്റവുമൊടുവിൽ 2019 -ൽ രാജിവെച്ചിറങ്ങിപ്പോയ കർണാടകയിലെ വിമത എംഎൽഎമാർ സംഘംചേർന്ന് മുംബൈക്ക് പറന്നപ്പോൾ അവരെ എയർപോർട്ടിലിട്ടു പിടിക്കാൻ ഡികെ ഒരു ശ്രമം നടത്തി നോക്കിയിരുന്നു. പക്ഷേ, വിവരമറിഞ്ഞ് ഡികെ ഓടിപ്പിടിച്ച് എയർപോർട്ടിൽ എത്തിയപ്പോഴേക്കും ഒരു ചാർട്ടേഡ് വിമാനത്തിൽ അവർ 'രക്ഷപ്പെട്ടു' കഴിഞ്ഞിരുന്നു. അങ്ങനെ എളുപ്പം തോൽവി സമ്മതിക്കുന്ന ശീലമില്ലാത്ത ഡികെ അടുത്ത വിമാനത്തിൽ അവർക്കു പിന്നാലെ മുംബൈയ്ക്ക് വച്ചുപിടിച്ചു. പക്ഷേ, മുംബൈയിൽ നിന്നും അവരെ അനുനയിപ്പിക്കാനാകാതെ പോലീസിനാൽ അറസ്റ്റുചെയ്തു നീക്കപ്പെട്ട് തിരിച്ചു പോരേണ്ടി വന്നു ഡി കെ ശിവകുമാറിന്. അവർ പോയി ഒളിച്ചിരുന്ന മുംബൈയിലെ പവൈയിലുള്ള റിനൈസൻസ് ഹോട്ടലിനു വെളിയിൽ ഡികെ ശിവകുമാർ എന്ന കർണാടക രാഷ്ട്രീയത്തിലെ അതികായൻ തന്റെ കാറിൽ വന്നിറങ്ങിയപ്പോൾ അദ്ദേഹത്തെ തടയാൻ സായുധരായ ഒരു ബറ്റാലിയൻ പൊലീസ് തന്നെയുണ്ടായിരുന്നു. അവരോട് അദ്ദേഹം ചോദിച്ചു," നിങ്ങളാരെയാണ് ഹേ പേടിക്കുന്നത്..? എന്റെ കയ്യിൽ ഒരായുധവുമില്ല.. ഞാൻ ഈ നെഞ്ചിനുള്ളിൽ ഒരു ഹൃദയം മാത്രമെടുത്തുകൊണ്ടാണ് ഇങ്ങോട്ടു പുറപ്പെട്ടുപോന്നത്.." എന്ന്. 
ED arrests DK Sivakumar, Congress Camp in Distress


ശരിയാണ്. അരയിൽ കത്തിയോ, തോക്കോ ഒന്നും തിരുകിക്കൊണ്ട് നടക്കാത്ത ഒരാളെ എന്തിനാണ് വിമതര്‍ അന്ന് ഇത്ര ഭയന്നത്..? ഒരു കമ്പനി പൊലീസ് അന്ന് റിനൈസൻസ് ഹോട്ടലിന്റെ മുറ്റത്ത് വന്നിറങ്ങിയത്, ഡികെ ശിവകുമാർ വരുന്നു എന്നുകേട്ട് പേടിച്ചരണ്ടുപോയ വിമത എംഎൽഎമാർ സ്റ്റേഷനിൽ വിളിച്ച് അദ്ദേഹത്തിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു. അത്രയ്ക്ക് അപകടകാരിയായിരുന്നുവോ വെറുമൊരു രാഷ്ട്രീയക്കാരൻ മാത്രമായ ശിവകുമാർ..? 

ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം വന്ന് അടുത്ത അഞ്ചു വർഷത്തേക്ക് കേന്ദ്രത്തിൽ ഭരണം ഉറപ്പായതോടെ കോൺഗ്രസിലെ നേതാക്കൾക്കെതിരെ പ്രതികാരനടപടികളുമായി ഇറങ്ങിയിരിക്കുകയാണ് ഭരണപക്ഷം എന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇത്തരത്തിലുള്ള നീക്കങ്ങളെ നിയമപരമായിത്തന്നെ നേരിടും എന്നാണ് കോൺഗ്രസിന്റെ പ്രതികരണം. തന്നെ ‘അറസ്റ്റ് ചെയ്യിക്കുന്നതിൽ വിജയിച്ച’ ബിജെപി സുഹൃത്തുക്കളോട് നന്ദി ഡികെ തന്റെ നന്ദി അറിയിച്ചിട്ടുണ്ട്. ഒടുവിൽ നിങ്ങൾ വിചാരിച്ചിടത്ത് കാര്യങ്ങളെത്തി എന്നാണ് അറസ്റ്റിലായ ശേഷം അദ്ദേഹം പ്രതികരിച്ചത്.

Follow Us:
Download App:
  • android
  • ios