Asianet News MalayalamAsianet News Malayalam

പൗള്‍ട്രി ഫാം തുടങ്ങി പരാജയമാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ബിസിനസിനായി തനതായ ഒരു ലോഗോ ഉണ്ടാക്കണം. മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ ലോഗോ ആണ് ഉത്പന്നത്തിന് മുകളില്‍ കാണുന്നത്. അതുപോലെ വിസിറ്റിങ്ങ് കാര്‍ഡുകളിലും വെബ്‌സൈറ്റുകളിലും ലോഗോ പതിപ്പിക്കണം.
 

Essential tips for successful Poultry Farming
Author
Thiruvananthapuram, First Published Jan 22, 2020, 12:34 PM IST

എത്രയോ പേര്‍ സ്വന്തമായി പൗള്‍ട്രി ഫാം തുടങ്ങി പരാജയപ്പെട്ടിരിക്കുന്നു. പലരും വ്യക്തമായ ധാരണയില്ലാതെ ബിസിനസ് ചെയ്യാനിറങ്ങുന്നവരാണ്. പൗള്‍ട്രി ഫാമിങ്ങ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിവിധ തരത്തിലുള്ള പക്ഷികളെ മുട്ടയ്ക്കും മാംസത്തിനുമായി വളര്‍ത്തുകയെന്നതാണ്. കോഴിയും താറാവും കാടയുമെല്ലാം ഇതില്‍ ഉള്‍പ്പെടും. തുടക്കക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

ആദ്യമായി മറ്റുള്ള പൗള്‍ട്രി ഫാമുകള്‍ സന്ദര്‍ശിച്ച് അവര്‍ എങ്ങനെയാണ് ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് മനസിലാക്കണം. ചെറിയ രീതിയില്‍ തുടങ്ങി പിന്നീട് വലിയ ബിസിനസ് ആയി വളര്‍ത്താന്‍ ശ്രമിക്കുന്നതാണ് നല്ലത്.

പൗള്‍ട്രി ഫാം നന്നായി പരിപാലിക്കാന്‍ അറിയാമെങ്കില്‍ നിങ്ങള്‍ക്ക് ലാഭം നേടാന്‍ പറ്റിയ ബിസിനസ് തന്നെയാണിത്.

എങ്ങനെ ഒരു പൗള്‍ട്രി ഫാം തുടങ്ങാം?

1. താല്‍പര്യമുള്ള ഇനം തിരഞ്ഞെടുക്കുക

ബ്രോയിലറും ലെയറുമാണ് രണ്ടു തരത്തിലുള്ള കോഴികള്‍. ബ്രോയിലറുകള്‍ ഇറച്ചിയ്ക്കായാണ് വളര്‍ത്തുന്നത്. ലെയറുകള്‍ മുട്ട ഉത്പാദിപ്പിക്കുന്നതിനും. ഏതുതരത്തിലുള്ള കോഴികളെയാണ് നിങ്ങള്‍ക്ക് വളര്‍ത്തേണ്ടതെന്ന് ആദ്യം തീരുമാനിക്കണം.

നിങ്ങള്‍ വിവിധ മേഖലകളില്‍ താല്‍പര്യമുള്ളവരാണെങ്കില്‍ താഴെ പറയുന്ന ഏതും സ്വീകരിക്കാം.

A) ഇറച്ചി ഉത്പാദനം
B) മുട്ട ഉത്പാദനം
C) തീറ്റ ഉത്പാദനം
D) കോഴിക്കുഞ്ഞുങ്ങളുടെ ഹാച്ചറി
E) മുട്ടയും ഇറച്ചിയും പ്രോസസ് ചെയ്യുന്ന യൂണിറ്റ്


2. വളര്‍ത്താന്‍ താല്‍പര്യമുള്ള പക്ഷികള്‍

തുടക്കത്തില്‍ കുറച്ച് പക്ഷികളുമായി പൗള്‍ട്രി ഫാം തുടങ്ങാം. ബിസിനസ് വളരുന്നതിനനുസരിച്ച് കൂടുതല്‍ പക്ഷികളെ ഉള്‍പ്പെടുത്താം.

താറാവ്, കാട, പ്രാവ് എന്നിവയേയും വളര്‍ത്തിനോക്കാം.

3. നിങ്ങളുടെ ഫാമിന്റെ ലോഗോ തയ്യാറാക്കുക

ബിസിനസിനായി തനതായ ഒരു ലോഗോ ഉണ്ടാക്കണം. മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ നിങ്ങളുടെ ലോഗോ ആണ് ഉത്പന്നത്തിന് മുകളില്‍ കാണുന്നത്. അതുപോലെ വിസിറ്റിങ്ങ് കാര്‍ഡുകളിലും വെബ്‌സൈറ്റുകളിലും ലോഗോ പതിപ്പിക്കണം.

4. മാര്‍ക്കറ്റിലെ നിലവാരം അറിയുക

നിങ്ങളുടെ ഉത്പന്നം ആരാണ് വാങ്ങുന്നതെന്ന ബോധമുണ്ടായിരിക്കണം. പ്രാദേശികമായി മുട്ടയും മാംസവും വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കളെ കണ്ടെത്തണം. നിങ്ങളുടെ ഫാമില്‍ നിന്ന് നേരിട്ട് ആവശ്യക്കാര്‍ക്ക് ഉത്പന്നങ്ങള്‍ നല്‍കുകയാണോ നിങ്ങള്‍ ചെയ്യുന്നതെന്ന് സ്വയം തീരുമാനമെടുക്കണം. അതുപോലെ ആവശ്യക്കാര്‍ക്ക് നിങ്ങളുടെ കൈയിലുള്ള ഉത്പന്നങ്ങളെക്കുറിച്ച് എങ്ങനെ വിവരം നല്‍കുമെന്നതിനെക്കുറിച്ചും ധാരണ ഉണ്ടാക്കണം. ഹോട്ടലുകളില്‍ നല്‍കാന്‍ തയ്യാറാണോ എന്നും ചിന്തിക്കണം.

5. ബിസിനസ് പ്ലാന്‍ തയ്യാറാക്കുക

മാര്‍ക്കറ്റിനെക്കുറിച്ച് മനസിലാക്കിയാല്‍ എത്ര ബ്രോയിലര്‍ ഇനങ്ങളെ നിങ്ങള്‍ തുടക്കത്തില്‍ വളര്‍ത്തി വില്‍പ്പനയ്‌ക്കെത്തിക്കുമെന്നതിനെക്കുറിച്ച് ആലോചിച്ച് ഉറപ്പിക്കണം. വിപണിയിലെ ഡിമാന്റ് അറിയണം. തീറ്റയ്ക്കും കൂടുണ്ടാക്കുന്നതിനും വെള്ളം നല്‍കുന്നതിനും ഏതുതരം ഉപകരണങ്ങള്‍ ആവശ്യമാണെന്നത് മനസിലാക്കണം.

ബിസിനസ് തുടങ്ങാനാവശ്യമായ മൂലധനത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം. നിങ്ങളുടെ കൈയില്‍ എത്ര പണമുണ്ടെന്ന് സ്വയം നല്ല ബോധമുണ്ടാക്കിയ ശേഷമേ ബിസിനസില്‍ ഇറങ്ങാവൂ. തീറ്റയ്ക്ക് ആവശ്യമായ ചിലവ് അറിഞ്ഞിരിക്കണം. അതുപോലെ പക്ഷികള്‍ക്ക് അസുഖം വന്നാല്‍ എങ്ങനെ ചികിത്സിക്കുമെന്നും ആവശ്യമാകുന്ന പണത്തെക്കുറിച്ചും അറിയണം.

6. ഫാം സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തുക

ടൗണില്‍ നിന്നും അല്‍പം അകലെയായി പൗള്‍ട്രി ഫാം സ്ഥാപിക്കണം. ആവശ്യമായ എല്ലാ സൗകര്യങ്ങളും ഫാമിന് ഉണ്ടാകണം. ആവശ്യക്കാരെക്കൂടി കണക്കിലെടുത്തായിരിക്കണം സ്ഥലം തിരഞ്ഞെടുക്കുന്നത്.

7. കോഴിക്കുഞ്ഞുങ്ങള്‍

ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ വാങ്ങി ആറ് ആഴ്ച വളര്‍ത്തിയ ശേഷം ജീവനോടെയോ അല്ലാതെയോ വില്‍ക്കാം. തീറ്റയും മരുന്നും കൃത്യമായി നല്‍കിയിരിക്കണം.

8. ഉത്പന്നം വിപണിയില്‍

വെബ്‌സൈറ്റ്, വിസിറ്റിങ്ങ് കാര്‍ഡ്, പരസ്യം, പാംഫ്‌ലെറ്റുകള്‍ എന്നിവ വഴി നിങ്ങളുടെ ഉത്പന്നം വിപണിയിലെത്തിക്കാം

Follow Us:
Download App:
  • android
  • ios