Asianet News MalayalamAsianet News Malayalam

'ആനകളുടെ ദൈവം', ഗുരുവായൂര്‍ പദ്‌മനാഭന്‍, ദൈവത്തിങ്കലേക്ക് യാത്രയായപ്പോൾ കണ്ണീരടങ്ങാതെ ആരാധകർ

ഉത്സവത്തിന് എഴുന്നെള്ളിച്ചു കൊണ്ടുവന്ന കൂട്ടത്തിൽ ഇനി ഏത് വമ്പൻ ഉണ്ടെങ്കിലും തേവരുടെയും ദേവിയുടേയുമൊക്കെ തിടമ്പേറ്റുന്നത് നമ്മുടെ പത്മനാഭൻ തന്നെയായിരിക്കും. അതാണ് പതിവ്.

fans bid adieu to the the god of elephants guruvayur padmanabhan one of the finest elephants of Kerala
Author
Guruvayur, First Published Feb 27, 2020, 1:22 PM IST

ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചെരിഞ്ഞതോടെ ചരിത്രത്തിന്റെ ഭാഗമാവുന്നത് കേരളം കണ്ട ഗജവീരന്മാരിൽ ഏറ്റവും ജനപ്രിയനായ ഒരു കൊമ്പന്റെ ജീവിതമാണ്. 80 വയസ്സ് പ്രായമുണ്ടായിരുന്നു പത്മനാഭന്.  ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു പത്മനാഭന്റെ അന്ത്യം.

ആനച്ചന്തത്തിന്റെ സ്ഥിരം അഴകളവുകളിൽ കേരളത്തിലെ ആദ്യപത്തിൽ പോലും ഇടം പിടിക്കാൻ 298 സെന്റിമീറ്റർ മാത്രം ഉയരമുണ്ടായിരുന്ന പത്മനാഭൻ എന്ന കൊമ്പന് പറ്റിയെന്നു വരില്ല. എന്നാൽ, ഗുരുവായൂരപ്പന്റെ പ്രതിരൂപമെന്നതായിരുന്നു പത്മനാഭനെ ആനകളിലെ 'ദൈവ'മാക്കി മാറ്റിയത്. ഉത്സവങ്ങൾക്ക് എഴുന്നെള്ളിക്കുന്ന കാര്യത്തിൽ എന്നും വലിയ ഡിമാൻഡ് ആയിരുന്നു സർവഥാ ശാന്തസ്വരൂപനായിരുന്ന ഗുരുവായൂർ പത്മനാഭന്. ഉത്സവത്തിന് എഴുന്നെള്ളിച്ചു കൊണ്ടുവന്ന കൂട്ടത്തിൽ ഇനി ഏത് വമ്പൻ ഉണ്ടെങ്കിലും തേവരുടെയും ദേവിയുടേയുമൊക്കെ തിടമ്പേറ്റുന്നത് നമ്മുടെ പത്മനാഭൻ തന്നെയായിരിക്കും. അതാണ് പതിവ്. തന്നെക്കാൾ ഇരുപതു സെന്റീമീറ്റർ എങ്കിലും ഉയരക്കൂടുതലുണ്ടായിരുന്ന കണ്ടമ്പുള്ളി ബാലനാരായണനെയും നിത്യപ്രതാപിയായിരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയുമൊക്കെ കൂട്ടാനയാക്കി നിർത്തിയിട്ടുള്ള പദ്മനാഭൻ  ആറു പതിറ്റാണ്ടിലേറെക്കാലം ഗുരുവായൂരപ്പന്റെ തിടമ്പെഴുന്നള്ളിച്ചിട്ടുണ്ട്.

ഒരു ദിവസത്തെ എഴുന്നെള്ളിപ്പിന് ഏറ്റവും കൂടിയ പ്രതിഫലം ലേലത്തിലൂടെ നേടിയ കൊമ്പൻ എന്ന റെക്കോർഡിനും ഉടമയായിരുന്നു ഈ ഗജവീരൻ. 2004 ലെ നെന്മാറ വല്ലങ്ങി വേലയ്ക്ക് ദേശക്കാർ ഗുരുവായൂർ പദ്മനാഭന്റെ സാന്നിധ്യമുറപ്പിച്ചത് 2,22,222 രൂപ എന്ന റെക്കോർഡ്  തുകയ്ക്കാണ്. ആ കാലത്ത് ചുരുങ്ങിയത് നാലു ആനകളെയെങ്കിലും ബുക്ക്‌ ചെയ്യാവുന്ന തുകയാണത് എന്നോർക്കണം. തൃശൂർ പൂരമുൾപ്പെടെയുള്ള പകിട്ടേറിയ എല്ലാ എഴുന്നള്ളത്തുകൾക്കും പദ്മനാഭൻ കൊണ്ടുവരാൻ അതാതിടങ്ങളിലെ പൂരക്കമ്മിറ്റികൾ മത്സരിച്ചിരുന്നു. ഗുരുവായൂർ ഏകാദശിയോടനുബന്ദിച്ചു ദശമി നാളിൽ നടക്കുന്ന 'ഗുരുവായൂർ കേശവൻ അനുസ്മരണത്തിന്' കേശവന്റെ പ്രതിമയിൽ എല്ലാക്കൊല്ലവും മാല ചാർത്തിയിരുന്നത് ഗുരുവായൂർ പദ്മനാഭനായിരുന്നു. ഗജരത്നം, ഗജ ചക്രവർത്തി തുടങ്ങി ഗുരുവായൂർ പത്മനാഭനെ തേടിയെത്തിയിട്ടില്ലാത്ത പുരസ്‌കാരങ്ങൾ കുറവായിരുന്നു. 
 

fans bid adieu to the the god of elephants guruvayur padmanabhan one of the finest elephants of Kerala
 

അവസാന നാളുകളിൽ വാർധക്യസഹജമായ അസുഖങ്ങൾ അലട്ടിയ പത്മനാഭന്, കിട്ടാവുന്നതിൽ വെച്ചേറ്റവും മികച്ച ചികിത്സയാണ് ഗുരുവായൂർ പത്മനാഭനു ദേവസ്വം നൽകിയത്. ഡോക്ടർമാരായ പി.ബി. ഗിരിദാസ്, ടി.എസ്. രാജീവ്, പി. വേണുഗോപാൽ, കെ.വിവേക്, ദേവൻ നമ്പൂതിരി എന്നിവരടങ്ങുന്ന വിദഗ്ധസമിതിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.  വിശദമായ പരിശോധന നടത്തി പ്രത്യേക ഷെഡിലേക്ക് മാറ്റിയ ആനയെ 6 മണിക്കൂർ കൂടുമ്പോൾ ഡോക്ടർമാർ നേരിട്ടു പരിശോധിച്ചു. ചികിത്സയുടെ സൗകര്യാർത്ഥം വെറ്ററിനറി കോളജിൽ നിന്നുള്ള ലാബ് സംവിധാനം വരെ ആനക്കോട്ടയിൽ ഏർപ്പെടുത്തിയിരുന്നു. വണപ്പറമ്പ് മഹേശ്വര‍ൻ നമ്പൂതിരിപ്പാടിന്റെയും ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും ആയുർവേദ കഷായങ്ങളും ലേപനങ്ങളും പത്മനാഭന് അവസാന കാലത്ത് നൽകിയിരുന്നു.  ഏഷ്യയിലെ  മികച്ച ആന ചികിത്സകരിലൊരാളായ കെ.കെ. ശർമയെയും വിളിച്ചു വരുത്തി  വിദഗ്ധോപദേശം തേടിയിരുന്നു.  ആരാധകവൃദ്ധം ദിനരാത്രങ്ങൾ നിർത്താത്ത പ്രാർഥനയോടെ പത്മനാഭനു വേണ്ടി  കാത്തിരുന്നെങ്കിലും  ഒടുവിൽ ആനകളുടെ ദൈവം, തന്റെ പ്രിയ ദൈവത്തിങ്കലേക്കുതന്നെ മടങ്ങിപ്പോവുകയായിരുന്നു.
  
കേരളത്തിൽ ഇന്നുള്ള പല ഗജവീരന്മാരും ബീഹാർ, അസം, ആൻഡമാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവരാണെങ്കിൽ,  അവരിൽ നിന്നൊക്കെ വ്യത്യസ്തനായി നമ്മുടെ നിലമ്പൂർ കാട്ടിനുള്ളിൽ പിറന്നുവീണ തനി 'നാടൻ' കൊമ്പനാണ് പത്മനാഭൻ.1954 നവംബർ 18 -ന്  ഒറ്റപ്പാലത്തെ ഇ.പി. ബ്രദേഴ്സ് ഉടമ എരാണ്ടത്തു പുത്തൻ വീട്ടിൽ അച്യുതൻ നായരാണ് ഗുരുവായൂരിൽ പത്മനാഭനെ നടയിരുത്തിയത്. തന്റെ പതിനാലാം വയസ്സിൽ ഗുരുവായൂരെത്തിയ പത്മനാഭൻ പിന്നെ അവിടെനിന്ന് എങ്ങും പോയില്ല. ഗുരുവായൂരപ്പന്റെ പ്രിയഭാജനമായിരുന്ന പത്മനാഭന്‍ ഓര്‍മയാവുമ്പോള്‍ വിശ്വാസികൾക്കും പത്മനാഭനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന അവന്റെ ആരാധകർക്കും അതുണ്ടാക്കുന്ന ശൂന്യത ഒരിക്കലും നികത്താവുന്ന ഒന്നല്ല. ഗുരുവായൂർ പത്മനാഭന്റെ വിയോഗത്തോടെ 'വലിയ' കേശവൻ ആകും ഇനി പുന്നത്തൂർ ആനക്കോട്ടയിലെ കാരണവസ്ഥാനത്ത് വിരാജിക്കാൻ പോകുന്നത്. 

Follow Us:
Download App:
  • android
  • ios