Asianet News MalayalamAsianet News Malayalam

'പോയി ഡിഗ്രി കഴിഞ്ഞിട്ട് വരാൻ' പറഞ്ഞ അമേരിക്കൻ ട്രഷറി ജനറലിന് ഗ്രെറ്റ ത്യുൻബേ നൽകിയ കലക്കൻ മറുപടി

മെനുച്ചിൻ ഗ്രെറ്റയെ അപഹസിക്കുന്ന രീതിയിൽ പറഞ്ഞ മറുപടി "ഗ്രെറ്റയോ?  ആരാണത് ? അവരാണോ ഇവിടത്തെ ചീഫ് എക്കോണമിസ്റ്റ് ? കോളേജിൽ പോയി കുറച്ച് എക്കണോമിക്സ് പഠിച്ചിട്ടുവരാൻ പറയൂ ആദ്യം" എന്നായിരുന്നു. 

Greta Thunberg Schools Steve Mnuchin the US Treasury General over his nasty comment about her
Author
Davos, First Published Jan 25, 2020, 1:12 PM IST

കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ പരസ്പരം കോർത്ത രണ്ടുപേർ അമേരിക്കൻ ട്രഷറി ജനറൽ സ്റ്റീവ് മെനുച്ചിനും സുപ്രസിദ്ധ സ്വീഡിഷ് പാരിസ്ഥിതിക പ്രവർത്തക ഗ്രെറ്റ ത്യുൻബേയുമാണ്. പെട്രോളിയം അടക്കമുള്ള ഹൈഡ്രോ കാർബൺ  ഫോസിൽ ഇന്ധനങ്ങളുടെ ഖനനത്തിൽ ഇനിയങ്ങോട്ട് കഴിവതും നിക്ഷേപങ്ങൾ കുറയ്ക്കണം എന്ന് സ്വിറ്റ്‌സർലണ്ടിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ ഗ്രെറ്റ പ്രമുഖ കോർപ്പറേറ്റ് ബിസിനസ് ഉടമകളോടും, ലോക നേതാക്കളോടും ആഹ്വാനം ചെയ്തിരുന്നു. 

ഗ്രെറ്റ ഇങ്ങനെ പറഞ്ഞല്ലോ എന്ന് പത്രക്കാർ ചോദിച്ചപ്പോൾ, സ്റ്റീവ് മെനുച്ചിൻ ഗ്രെറ്റയെ അപഹസിക്കുന്ന രീതിയിൽ പറഞ്ഞ മറുപടി "ഗ്രെറ്റയോ? ആരാണത് ? അവരാണോ ഇവിടത്തെ ചീഫ് എക്കോണമിസ്റ്റ് ? കോളേജിൽ പോയി കുറച്ച് എക്കണോമിക്സ് പഠിച്ചിട്ടുവരാൻ പറയൂ ആദ്യം. എന്നിട്ട് വേണമെങ്കിൽ ഗ്രെറ്റയിൽ നിന്ന് ഉപദേശം സ്വീകരിക്കുന്നതിനെപ്പറ്റി ആലോചിക്കാം." എന്നായിരുന്നു. 

അതിലെ പരിഹാസം ഉൾക്കൊണ്ടുകൊണ്ടാകണം, ഉരുളയ്ക്ക് ഉപ്പേരിപോലെ ഗ്രെറ്റ വീണ്ടും ട്വിറ്ററിലൂടെ പ്രതികരിച്ചു, "നമ്മുടെ അവശേഷിക്കുന്ന 1.5 ഡിഗ്രി കാർബൺ  ബജറ്റ് എന്ന സങ്കല്പവും, ഇപ്പോഴും പുതുതായി പ്രഖ്യാപിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ധനരംഗത്തെ ഇളവുകളും, വർധിച്ചു വരുന്ന പര്യവേക്ഷണ രംഗത്തെ നിക്ഷേപങ്ങളും രണ്ടും രണ്ടു ദിശയിലാണ് നീങ്ങുന്നത് എന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മാത്രം മതിയാകും. അതിനിനി കോളേജിൽ പോയി എക്കണോമിക്സ് ബിരുദം നേടുകയൊന്നും വേണ്ട. "

 

മെനുച്ചിനെ ആക്രമിക്കുന്ന കാര്യത്തിൽ  ഗ്രെറ്റ ത്യുൻബേ തനിച്ചായിരുന്നില്ല. ട്വിറ്ററാറ്റി മൊത്തമായി അമേരിക്കൻ ട്രഷറി ജനറലിനെ ഈ വിഷയത്തിൽ കടന്നാക്രമിക്കുകയാണ് ഉണ്ടായത്. നോബൽ പുരസ്‌കാര ജേതാവായ എക്കണോമിസ്റ്റ് പോൾ ക്രഗ്മാൻ സാമ്പത്തികശാസ്ത്രത്തിൽ മെനുച്ചിനുള്ള ഗുരുതരമായ അജ്ഞതയെപ്പറ്റി പരിഹസിച്ചുകൊണ്ട് ട്വീറ്റിട്ടു. ഗ്രെറ്റയുടെ വാദം എക്കണോമിക്സിന്റെ പരിപ്രേക്ഷ്യത്തിലും പൂർണമായും ശരിതന്നെയാണ് എന്ന് അദ്ദേഹം സാക്ഷ്യം പറഞ്ഞു.

 

പറയുന്നത് പരിസ്ഥിതിയെപ്പറ്റിക്കൂടി ആയതുകൊണ്ട് ആദ്യം മെനുച്ചിൻ പോയി ക്ലൈമറ്റോളജിയിൽ ഒരു ബിരുദമെടുത്തിട്ടു വരട്ടെ എന്നായി മറ്റൊരാൾ. പിന്നാലെ തന്റെ കരിയറിൽ മെനുച്ചിൻ പ്രവർത്തിച്ച അബദ്ധങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ശത്രുക്കൾ ഒന്നൊന്നായി ട്വിറ്ററിലൂടെ രംഗത്തെത്തിയതോടെ വീണ്ടും ഗ്രെറ്റയ്ക്കുള്ള പിന്തുണ വർധിച്ചു. ഒടുവിൽ താൻ പാതി തമാശയായിട്ടാണ് കാര്യങ്ങൾ പറഞ്ഞത് എന്ന വിശദീകരണവുമായി വരേണ്ടി വന്നു മെനുച്ചിന്..! 

Follow Us:
Download App:
  • android
  • ios