ദിവസത്തിലെ ഓരോ ഭക്ഷണവും നിങ്ങളുടെ ഒടുക്കത്തേതായേക്കാം എന്ന അറിവോടെ രുചിനോക്കാൻ വിധിക്കപ്പെടുക എത്ര പ്രയാസകരമായ ഒരു അനുഭവമാണ്. പ്രാതൽ, ഉച്ചയൂണ്, അത്താഴം ഇതിൽ ഏതുവേണമെങ്കിലും നിങ്ങളുടെ ജീവനെടുക്കാൻ പോന്ന വിഷം കലർന്നിട്ടുണ്ടാകാം. ആ ഒരു ബോധ്യത്തോടെ തന്നെ നിങ്ങൾക്ക് അത് കഴിക്കേണ്ടി വരും. നാസി ജർമ്മനിയിലെ പതിനഞ്ചു യുവതികളടങ്ങുന്ന ആ രുചിപരിശോധകസംഘത്തിന്റെ ഉത്തരവാദിത്തമായിരുന്നു അത്. അഡോൾഫ് ഹിറ്റ്‌ലർക്ക് വിളമ്പുന്ന ഭക്ഷണത്തിൽ വിഷാംശമില്ല എന്ന് കഴിച്ചു തന്നെ ഉറപ്പുവരുത്തുക.
 
ഹിറ്റ്‌ല
ർക്കുനേരെ നടന്ന വധശ്രമം 

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടു നടക്കുന്ന 1941 -ലാണ് ഹിറ്റ്‌ലറെ പ്രാണഭയം ആവേശിക്കുന്നത്. സഖ്യകക്ഷികളുടെ  ചാരന്മാരോ, പാളയത്തിലുള്ളവരിൽ ആരെങ്കിലും തന്നെയോ തന്നെ വിഷം തന്നുകൊല്ലാൻ ശ്രമിച്ചേക്കാം എന്ന സംശയം ഹിറ്റ്‌ലർക്കുണ്ടായിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ട് എന്ന ഹിറ്റ്‌ലറുടെ ഭയം അസ്ഥാനത്തായിരുന്നില്ല എന്ന് ബോധ്യം വന്ന ദിവസമായിരുന്നു, 1944 ജൂലൈ 20. അന്നേ ദിവസമാണ് ഹിറ്റ്‌ലറെ ലക്ഷ്യമിട്ട്, സ്വന്തം പാളയത്തിനകത്ത് നിന്നുള്ള ചില ഓഫീസർമാർ തന്നെ വുൾഫ്സ് ലയറിനുള്ളിൽ ബോംബ് സ്ഫോടനം നടത്തിയത്. "ബോംബുപൊട്ടിയ ഉടനെ ആരൊക്കെയോ, "ഹിറ്റ്‌ലർ ചത്തേ...." എന്നും പറഞ്ഞുകൊണ്ട് പാഞ്ഞുവന്നു. പക്ഷേ, അത്ര എളുപ്പത്തിൽ തീരുന്ന ജീവനൊന്നും അല്ലായിരുന്നു ഫ്യൂററുടേത്. തന്റെ ജീവനെടുക്കാനുള്ള ആ ശ്രമത്തെ ഹിറ്റ്‌ലർ അതിജീവിച്ചു. ആ സംഭവത്തിന് ഉത്തരവാദികളാകാൻ സാധ്യതയുണ്ട് എന്ന സംശയത്തിന്റെ പുറത്ത് അയ്യായിരം പേരെയാണ് അന്ന് ഹിറ്റ്‌ലർ നിഷ്കരുണം കൊന്നുതള്ളിയത്.

 

ആ ആക്രമണത്തെ തുടർന്ന് ഹിറ്റ്‌ലറുടെ മരണഭീതി അധികരിച്ചു. ഏതുവിധേനയും തന്നെ ഇല്ലാതാക്കാൻ ശത്രുക്കൾ ശ്രമിക്കുമെന്ന് ഹിറ്റ്‌ലർക്ക് തോന്നി. ഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലുകയായിരുന്നു അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒരു രീതി. അതിനെ പ്രതിരോധിക്കാനായിട്ടാണ് നാസികൾ ജർമ്മനിയിലെ നാസികളല്ലാത്ത യുവതികളിൽ നിന്നും പതിനഞ്ചുപേരെ നിർബന്ധിച്ച് ചേർത്ത് ഒരു 'ഫുഡ് ടേസ്റ്റിങ് സ്‌ക്വാഡ്' ഉണ്ടാക്കുന്നത്. അവരുടെ ചുമതല വളരെ ലളിതമായിരുന്നു. ഹിറ്റ്‌ലർക്ക് നൽകാൻ വേണ്ടി തയ്യാറാക്കുന്ന ഭക്ഷണത്തിൽ നിന്നും ഒരു സാമ്പിൾ എടുത്ത് കഴിക്കുക. അവർ കഴിച്ച് ഒരു മണിക്കൂർ നേരം കഴിഞ്ഞു പ്രത്യേകിച്ച് കുഴപ്പമൊന്നും ഇല്ല എന്നുറപ്പിച്ചു ശേഷം മാത്രമാണ് ആ ഭക്ഷണം ഹിറ്റ്‌ലർക്ക് നൽകാനായി പാക്ക് ചെയ്യപ്പെടുന്നത്.  

സസ്യാഹാരിയായ വംശഹത്യക്കാരൻ 

അഡോൾഫ് ഹിറ്റ്‌ലർ എന്ന ജർമ്മൻ ഏകാധിപതി കുപ്രസിദ്ധനായ ഒരു സസ്യാഹാരിയായിരുന്നു. അതുകൊണ്ടു തന്നെ, ജർമ്മനിയിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും നല്ല പച്ചക്കറികൾ കൊണ്ടുണ്ടാക്കിയ ഭക്ഷണം. ശതാവരിക്കിഴങ്ങും കാപ്സിക്കവും മുട്ടക്കൂസും എല്ലാം  അടങ്ങിയതായിരുന്നു ആ ഭക്ഷണം.  ആ പെണ്‍കുട്ടികളുടേത് എന്തൊരു ദുരവസ്ഥയാണത് എന്നോർക്കുക. അതിലും നല്ല ഭക്ഷണം അവർക്ക് ജർമ്മനിയിൽ കിട്ടില്ല. അത്രമേൽ നല്ല ഭക്ഷണം അവർ കഴിക്കേണ്ടിയിരുന്നത്, അത് കൊലച്ചോറാക്കാനുള്ള സാധ്യതയുണ്ട് എന്നറിഞ്ഞുകൊണ്ടാണ്. ഇങ്ങനെയൊരു സംഘത്തിന്റെ അസ്തിത്വം പോലും വളരെ വലിയൊരു രഹസ്യമായിരുന്നു. 2013 വരെ ഈ രഹസ്യം രഹസ്യമായിത്തന്നെ തുടർന്നു. ആ വർഷമാണ് 95 -കാരിയായ മാർഗറ്റ് വോൾക്ക്, ഒരു ജർമ്മൻ മാസികയായ ഡെർ സ്‌പെയ്‌ജലിന് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ അതീതകാലത്തിലെ ജോലിയുടെ വിശദാംശങ്ങൾ വിവരിക്കുമ്പോഴാണ് ഹിറ്റ്ലർക്ക് ഇങ്ങനെ ഒരു രഹസ്യ വനിതാസംഘമുണ്ടായിരുന്നു എന്നത് പുറംലോകം ആദ്യമായി കേൾക്കുന്നത്. ഇതേ വിഷയത്തിൽ 'ഹിറ്റ്‌ലേഴ്‌സ് ടേസ്റ്റേഴ്‌സ്' എന്ന പേരിൽ ഒരു നാടകവും അടുത്തിടെ അരങ്ങേറുകയുണ്ടായി. 

''ഹിറ്റ്‌ലേഴ്‌സ് ടേസ്റ്റേഴ്‌സ്'  നാടകത്തില്‍ നിന്ന് 

ഹിറ്റ്‌ലർ എന്ന ഏകാധിപതിയുടെ ജീവന്റെ സുരക്ഷിതത്വം ഉറപ്പിക്കാനുള്ള ആ ടേസ്റ്റിങ്ങ് സംഘത്തിന്റെ ഭാഗമായി മാർഗരറ്റിന് പ്രവർത്തിക്കേണ്ടി വന്നത് രണ്ടരകൊല്ലത്തോളമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ഇരുളടഞ്ഞ കാലമെന്നാണ് അവർ അതേപ്പറ്റി ഓർത്തെടുത്ത്. ഓരോ തവണ ഭക്ഷണം ഇറക്കിക്കഴിയുമ്പോഴും തങ്ങൾ, സംഘത്തിലെ ഓരോ സ്ത്രീകളും, 'പട്ടി മോങ്ങും പോലെ' കരയുമായിരുന്നു എന്ന് അവർ പറയുന്നു. എന്തിനാണെന്നോ? മരിച്ചില്ലല്ലോ എന്ന സന്തോഷത്തിൽ, ഉള്ളിൽ അടിഞ്ഞുകൂടിയ ആത്മസംഘർഷങ്ങളൊക്കെ അണപൊട്ടി പുറത്തുവരും. ആ വേവിൽ അറിയാതെ കരഞ്ഞുപോവുന്നതാണ്. പലരും കഴിക്കുന്നത് കണ്ണുനീരിന്റെ ഉപ്പും കൂട്ടിയാണ്. കാരണം, ആ അത്താഴം കഴിച്ചു മുഴുമിക്കാനാകുമോ അതോ അതേ തീൻമേശപ്പുറത്ത് വിഷബാധയേറ്റു മരിച്ചു വീഴുമോ എന്നറിവില്ലാത്ത തീറ്റയാണ്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ നേരത്തെ കാത്തിരിപ്പുണ്ട്. വിഷം പ്രവർത്തിച്ചുതുടങ്ങാൻ ചിലപ്പോൾ അത്രയും നേരമെടുത്തേക്കാമത്രേ. അങ്ങനെയാണ് നാസികളുടെ കണക്കുകൂട്ടൽ. ഒരു മണിക്കൂർ കഴിഞ്ഞും ഒന്നും പറ്റിയില്ലെങ്കിൽ ആ ഭക്ഷണം ഫ്യൂറർക്ക് കൊടുത്തയക്കും.

 

'ഹിറ്റ്‌ലേഴ്‌സ് ടേസ്റ്റേഴ്‌സ്'  നാടകത്തില്‍ നിന്ന് 

ഹിറ്റ്‌ലറുടെ രഹസ്യസങ്കേതം അന്ന് സ്ഥിതി ചെയ്തിരുന്നത് ഇന്ന് പോളണ്ടിൽ ഉൾപ്പെടുന്ന പാർക്സ് എന്ന പ്രദേശത്താണ്. അന്ന് ആ അതീവസുരക്ഷിതമായ സങ്കേതം അറിയപ്പെട്ടിരുന്നത് 'വുൾഫ്സ് ലയർ' എന്നായിരുന്നു. രണ്ടാം ലോകമഹായുദ്ധം നടന്ന എണ്ണൂറിലധികം ദിനങ്ങൾ ഹിറ്റ്‌ലർ ചെലവിട്ടത് അവിടെയായിരുന്നു. സ്വന്തം സുരക്ഷാ ബന്തവസ്സുകളുടെ കാര്യത്തിൽ ബദ്ധശ്രദ്ധനായിരുന്നു ഫ്യൂറർ. അതുകൊണ്ടുതന്നെ, തങ്ങൾ നിത്യം ജീവൻ അപകടത്തിലാക്കി ഭക്ഷണം രുചിച്ചു നോക്കിയിരുന്നത് ആർക്കുവേണ്ടിയായിരുന്നുവോ അയാളെ ഒരു നോക്ക് കാണാൻ പോലും ആ പതിനഞ്ചു യുവതികൾക്കും കഴിഞ്ഞിരുന്നില്ല. മാർഗരറ്റ് ആകെ കണ്ടിട്ടുള്ളത് ബ്ലോണ്ടി എന്ന് വിളിപ്പേരുള്ള ഹിറ്റ്‌ലറുടെ അലാസ്‌കൻ നായയെയാണ്. 

ക്ഷാമകാലത്തും സുഭിക്ഷഭോജനം 

1944 കാലം എന്നത്, യുദ്ധം അതിന്റെ പരമകാഷ്ഠയിലെത്തിയ കാലമാണ്. ക്ഷാമകാലം. ജർമ്മനിയിൽ പലർക്കും മൂന്നുനേരം വയറുനിറയെ കഴിക്കാൻ കിട്ടില്ലായിരുന്നു. പട്ടിണി സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവരെ ഒരുപോലെ ബാധിച്ചിരുന്ന ഒരു കാലമായിരുന്നു അത്. അക്കാലത്താണ് ഹിറ്റ്‌ലർക്കുവേണ്ടി തയ്യാറാക്കപ്പെട്ടിരുന്നു, ജർമ്മനിയിലെ ഏറ്റവും നല്ല വെജിറ്റേറിയൻ ഭക്ഷണം നിത്യവും കഴിക്കാനുള്ള അവസരം ഈ പെൺകുട്ടികളെ തേടിയെത്തുന്നത്. ഒരൊറ്റ പ്രശ്നം മാത്രം. ഓരോ തവണയും ഭക്ഷണം കഴിച്ച ശേഷം അടുത്ത ഒരു മണിക്കൂർ നേരം സ്വന്തം മരണത്തെയും പ്രതീക്ഷിച്ചുകൊണ്ട് കഴിച്ചുകൂട്ടണം. ഈ ഒരു സാധ്യത, സ്വാദിഷ്ടമായ ആ ഭക്ഷണം പോലും അവരുടെ തൊണ്ടയിലൂടെ ഇറങ്ങാതെ ഒരു അവസ്ഥയുണ്ടാക്കിയിരുന്നു. അത് ചിലപ്പോൾ നമുക്കൊന്നും പറഞ്ഞാൽ മനസ്സിലാവിലായിരിക്കും. കാരണം, വിഷമാകാൻ സാധ്യതയുണ്ട് എന്ന അറിവോടെ നമുക്കൊന്നും ഒരിക്കലും ഒരു നേരത്തെയും ഭക്ഷണം ഇറക്കേണ്ടി വന്നിട്ടില്ലല്ലോ..! 

ആ ഒരു മണിക്കൂർ എങ്ങനെയാകും ആ പതിനഞ്ചു പേരും ചെലവിട്ടു കാണുക. മരണത്തെ മുന്നിൽ കണ്ടുകൊണ്ടങ്ങനെ ഇരിക്കുമ്പോൾ അവർക്കെന്താണ് തമ്മിൽ പറയാൻ പറ്റുക..? പരസ്പരം മുടി മെടഞ്ഞു കെട്ടിക്കൊടുത്തുകൊണ്ട് അവർ നുറുങ്ങു തമാശകൾ പറഞ്ഞു രസിക്കും. ഒരുപക്ഷേ, മരണത്തെക്കുറിച്ചുള്ള തമാശകൾ..!

ഒടുവിൽ ഫ്യൂററുടെ മരണം 

ആ സ്ത്രീകൾ ആരും തന്നെ മരിച്ചത് ഭക്ഷണത്തിൽ വിഷം കലർന്നതുകൊണ്ടായിരുന്നില്ല. ഹിറ്റ്‌ലറുടെ മരണത്തിന്റെ കാരണവും അതായിരുന്നില്ല. തോൽവി ഉറപ്പായപ്പോൾ, റഷ്യൻ സൈനികരുടെ പിടിയിൽ അകപ്പെടാതിരിക്കാൻ വേണ്ടി ആത്മാഹുതി ചെയ്യുകയായിരുന്നു ഫ്യൂറർ. 1945  ഏപ്രിൽ 30 -നായിരുന്നു ഹിറ്റ്‌ലറുടെ മരണം. മരിക്കുന്നതിന് ഇരുപത്തിനാലു മണിക്കൂർ മുമ്പ് സ്വന്തം കാമുകി ഇവാ ബ്രൗണിനെ വിവാഹം ചെയ്ത്, അവൾക്ക് സയനൈഡ് കലക്കിക്കൊടുത്ത് ആത്മഹത്യചെയ്യാൻ സഹായിച്ച്, സ്വന്തം ചെന്നിക്ക് പിസ്‌റ്റളമർത്തി നിറയൊഴിച്ചു അദ്ദേഹം.

ഹിറ്റ്‌ലര്‍, ഈവാ ബ്രൗണ്‍

ഹിറ്റ്‌ലറുടെ മരണാനന്തരം ഈ പതിനഞ്ചംഗ സംഘത്തിലെ പല സ്ത്രീകളെയും അധിനിവേശം നടത്തിയ റഷ്യൻ റെഡ് ആർമി സൈനികർ പതിനാലു ദിവസത്തോളം തുടർച്ചയായി ബലാത്സംഗം ചെയ്തു. മാർഗരറ്റും ആ ക്രൂരതകൾക്ക് വിധേയയായി. ഒടുവിൽ അന്നത്തെ പ്രൊപ്പഗാണ്ടാ ഓഫീസർ ആയിരുന്ന ഗീബൽസ് പലായനം ചെയ്ത അതേ തീവണ്ടിയിൽ കേറി ഒരു  വിധം ജീവൻ രക്ഷിച്ചെടുക്കുകയായിരുന്നു മാർഗരറ്റ്. 

'മലയോളമാകുമ്പോൾ മനുഷ്യന്റെ കുറ്റകൃത്യങ്ങൾ അദൃശ്യമാകാൻ തുടങ്ങും' എന്ന് പറഞ്ഞുവെച്ചത് ബെർടോൾട് ബ്രെഹ്ത് ആയിരുന്നു. ഇതും അത്തരത്തിലൊരു ക്രൂരകൃത്യമായിരുന്നു. ഹിറ്റ്‌ലർ എന്ന ഏകാധിപതി കുന്നോളം കുറ്റം ചെയ്തുകൂട്ടിയപ്പോൾ അതിനടിയിൽപ്പെട്ട് ചരിത്രത്തിൽ തന്നെ അദൃശ്യമായിപ്പോയ ഒരു കൊടും ക്രൂരത. 2014 -ൽ, മരിക്കുന്നതിന് ഒരു വർഷം മുമ്പ്, ഈ കഥകൾ ഒരു പത്രക്കാരനോട് പങ്കുവെക്കാൻ മാർഗരറ്റിന് തോന്നിയില്ലായിരുനെങ്കിൽ ഒരിക്കലും നമ്മളൊന്നും അറിയുകപോലും ചെയ്യില്ലായിരുന്ന, അവിശ്വസനീയമായ ഒരു ജീവിതസത്യം!