ഹോങ്കോങ്ങിൽ അണപൊട്ടിയൊഴുകുന്ന പ്രതിഷേധത്തിന്റെ അലകൾ അടങ്ങുന്നമട്ടില്ല. തെരുവിലിറങ്ങിക്കൊണ്ടിരിക്കുന്നത് ലക്ഷക്കണക്കിന് ജനങ്ങളാണ്. ഒട്ടുമിക്കപ്പോഴും തികച്ചും സമാധാനപരമായി നടത്തപ്പെടുന്ന ആ പ്രകടനങ്ങൾ ഇടക്കൊക്കെ അക്രമാസക്തവുമാകുന്നു. വെറും പതിനൊന്ന് ചതുരശ്രകിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ കുഞ്ഞുപ്രദേശത്തേക്ക് ഇന്ന് ലോകം മുഴുവനും ഉറ്റുനോക്കുകയാണ്.

 

ഹോങ്കോങ്ങിന്റെ ഇന്നത്തെ അവസ്ഥ മനസ്സിലാകണമെങ്കിൽ നമ്മള്‍ കുറച്ചു കൊല്ലം പിന്നോട്ട് പോവേണ്ടി വരും. 1842 - ഒന്നാം കറുപ്പുയുദ്ധം കഴിഞ്ഞ്, ഹോങ്കോങ്ങിന്മേലുള്ള അവകാശം ചൈനയ്ക്ക് നഷ്ടപ്പെട്ട്, അതൊരു ബ്രിട്ടീഷ് കോളനിയായി മാറിയകാലം. ചൈനയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ മനംമടുത്ത് നാടുവിട്ട പലരും ഒടുവിൽ ചെന്നടിഞ്ഞത് ഹോങ്കോങ്ങിലാണ്. 1898 -ൽ ബ്രിട്ടനും ചൈനയും തമ്മിൽ ഒരു ധാരണയുണ്ടാക്കുന്നു. അതിൻപ്രകാരം ബ്രിട്ടന് ഹോങ്കോങ്ങിനെ 99 വർഷത്തേക്ക്‌ ചൈന പാട്ടത്തിന് വിട്ടുനൽകുന്നു. പിന്നീട് 1939 -ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നു. ജപ്പാൻ ഹോങ്കോങ് പിടിച്ചെടുക്കുന്നു. യുദ്ധം കഴിഞ്ഞതോടെ ബ്രിട്ടൻ വീണ്ടും ഹോങ്കോങ് തിരിച്ചു പിടിച്ചു. അവിടെ ഒരു സർക്കാരുണ്ടാക്കി. ടെക്സ്റ്റൈൽ വിപ്ലവം നടന്നു. ഹോങ്കോങ് പച്ചപിടിച്ചു. സമ്പൽസമൃദ്ധമായ ഈ പ്രദേശം  ഏഷ്യൻ ടൈഗർ എന്നറിയപ്പെട്ടു. ചൈന വീണ്ടും ഹോങ്കോങ്ങിന്റെ മേൽ കണ്ണുവെച്ചു. ബ്രിട്ടനുമായി പിന്നെയും ചർച്ചകൾ നടന്നു. ഹോങ്കോങ് ചൈനയ്ക്ക് വിട്ടുനൽകാൻ ബ്രിട്ടൻ തയ്യാറായി. ഒരൊറ്റ ഉപാധി മാത്രം. 'ഒരു രാജ്യം, രണ്ടു സംവിധാനം' എന്ന പേരിൽ, കമ്യൂണിസ്റ്റ് ചൈനയുടെ ഭാഗമായിരിക്കെത്തന്നെ ഹോങ്കോങ്ങിൽ അത്രയും കാലം നിലനിന്നിരുന്ന പാർലമെന്ററി ജനാധിപത്യ ഭരണസംവിധാനങ്ങളും കാപ്പിറ്റലിസ്റ്റിക് വിപണിയും മറ്റും നിലനിർത്തപ്പെടും. ഇത് ഹോങ്കോങ് കൈമാറ്റം ചെയ്യപ്പെടുന്ന അന്നുതൊട്ട് അമ്പത് വർഷത്തേക്കായിരുന്നു. 

കാലചക്രം കറങ്ങി. 1997 -ൽ ബ്രിട്ടന്റെ ലീസ് തീർന്നു. ബ്രിട്ടൻ ചൈനയ്ക്ക് ഹോങ്കോങ് വിട്ടുനൽകി. അതിനുശേഷം പലപ്പോഴും തങ്ങളുടെ ജനാധിപത്യത്തിനുമേലും, മൗലികാവകാശങ്ങൾക്കു മേലും ചൈനയുടെ ഭീഷണി നിഴലിച്ചപ്പോഴൊക്കെ ഹോങ്കോങ്ങുകാർ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇപ്പോൾ ഈ നടക്കുന്ന പ്രതിഷേധങ്ങളുടെ പ്രകോപനം 2019 ഏപ്രിൽ 3 -ന് ഹോങ്കോങ്ങിലെ ചീഫ് എക്സിക്യൂട്ടീവ് ആയ കാരി ലാം അവതരിപ്പിച്ച ഒരു ബിൽ ആണ്. പ്രസ്തുത ബിൽ, കുറ്റക്കാരായ ഹോങ്കോങ് പൗരന്മാരെ ചൈനയിലേക്ക് നാടുകടത്തുന്ന പ്രക്രിയ എളുപ്പമാക്കുന്ന ഒന്നായിരുന്നു. തങ്ങളുടെ ജനാധിപത്യപരമായ ഇടത്തിലേക്കുള്ള ചൈനയുടെ അധിനിവേശമായാണ് ഹോങ്കോങ് പൗരന്മാർക്ക് ഇത് അനുഭവപ്പെട്ടത്. ആദ്യത്തെ പ്രതിഷേധം  ജൂൺ 9 -നായിരുന്നു. പത്തുലക്ഷം പേർ പങ്കെടുത്ത ഒരു വൻ റാലിയായിരുന്നു അന്ന് ഹോങ്കോങ് ഗവണ്മെന്റ് ആസ്ഥാനത്ത് നടന്നത്. പൊലീസുമായി നടന്ന നേരിയ ചില ഉന്തും തള്ളും ഒഴിച്ചാൽ ഏറെക്കുറെ സമാധാനപൂർണമായ ഒരു പ്രതിഷേധമായിരുന്നു അത്. 

മൂന്നു ദിവസത്തിനകം, അതായത് ജൂൺ 12 -ന് അടുത്ത റാലി നടക്കുന്നു. ഇത്തവണ പൊലീസ് റാലിക്കുനേരെ ടിയർ ഗാസ് പൊട്ടിക്കുന്നു. റബ്ബർ ബുള്ളറ്റുകൾ പായിക്കുന്നു. അത്, കഴിഞ്ഞ കുറെ ദശാബ്ദങ്ങൾക്കിടയിൽ ഹോങ്കോങ്ങിൽ നടന്ന ഏറ്റവും അക്രമാസക്തമായ ഒരു തെരുവുസമരമായി മാറി. ഈ പ്രതിഷേധ സമരങ്ങളിൽ പതറിപ്പോയി കാരി ലാം ജൂൺ 15 -ന്, അവർ പ്രസ്തുതബില്ലിനെ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുന്നതായി പ്രഖ്യാപിച്ചു. അത് വിശ്വാസത്തിലെടുക്കാൻ കൂട്ടാക്കാതെ അടുത്ത ദിവസം, ഇരുപതു ലക്ഷത്തോളം പേർ പങ്കെടുത്ത അടുത്ത റാലി നടക്കുന്നു. നീട്ടിവെച്ചാൽ പോരാ, റദ്ദാക്കണം ബിൽ എന്നതായിരുന്നു ആവശ്യം. പ്രതിഷേധത്തിന് ദിനംപ്രതി ശക്തി കൂടിക്കൂടി വന്നു. ജൂൺ 21 -ന് പ്രതിഷേധക്കാർ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് വളഞ്ഞ്, 15  മണിക്കൂറോളം ഉപരോധിച്ചു. മുൻദിവസങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ പൊലീസ് അറസ്റ്റു ചെയ്തവരെ നിരുപാധികം വിട്ടയക്കണമെന്നതായിരുന്നു ഇത്തവണത്തെ ആവശ്യം. 

ജൂലൈ ഒന്നാം തീയതി, ഹോങ്കോങ് ചൈനയ്ക്ക് തിരികെ കൈമാറ്റം ചെയ്യപ്പെട്ടതിന്റെ വാർഷികത്തിന്റെ അന്ന്, ലെജിസ്ലേറ്റീവ് കൗൺസിൽ കോംപ്ലക്സിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ സ്പ്രേ പെയ്ന്റുകൊണ്ട് ചുവരുകളിൽ മുദ്രാവാക്യങ്ങളെഴുതിവെച്ചു. കോളനിഭരണകാലത്തെ കൊടികളുമേന്തി ഹോങ്കോങ്ങിന്റെ ചിഹ്നങ്ങളും പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു സമരക്കാർ വന്നത്. ജൂലൈ 7 -ന്  ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾ വന്നുപോകുന്ന കോവ്ലൂൺ എന്ന പ്രദേശത്തേക്ക് നിരവധി പ്രതിഷേധക്കാർ തങ്ങളുടെ നിലപാടുകൾ വിശദീകരിക്കാനായി കടന്നുചെന്നു. ജൂലൈ 9 -ന് ബിൽ മരവിപ്പിച്ചുകഴിഞ്ഞെന്നും പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്നും കാരി ലാം ആവശ്യപ്പെട്ടു. ജൂലൈ 21 -ന്  പ്രതിഷേധക്കാർ ഹോങ്കോങ്ങിലെ ചൈനയുടെ ലെയ്‌സൺ ഓഫീസ് ചായം പൂശി വികൃതമാക്കി. അന്നേദിവസം രാത്രി യൂൻ ലോങ്ങ് മെട്രോ സ്റ്റേഷനിൽ വെള്ളവസ്ത്രമണിഞ്ഞ പ്രക്ഷോഭകാരികൾ യാത്രക്കാരെ ആക്രമിച്ചു. ഈ അക്രമണത്തിനെതിരെ ആയിരക്കണക്കിന് പേർ പങ്കെടുത്ത പ്രതിഷേധം നടന്നു. 

ഓഗസ്റ്റ് 2 - ഇതുവരെ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാതിരുന്ന സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ള പലരും പരസ്യമായി റാലികളിൽ മുദ്രാവാക്യം വിളിച്ചുകൊണ്ട് തെരുവിലേക്കിറങ്ങി. ഓഗസ്റ്റ് 3 -ന് തുടർച്ചയായ ഒമ്പതാം വാരാന്ത്യത്തിലും പ്രതിഷേധറാലി അരങ്ങേറി. പോലീസ് വീണ്ടും ടിയർഗ്യാസും, റബ്ബർ വെടിയുണ്ടകളും പ്രയോഗിച്ചു. എന്നാൽ, കഴിഞ്ഞ തവണത്തെ പൊലീസ് ആക്രമണങ്ങളിൽ നിന്നും പാഠം പഠിച്ചുകൊണ്ട് പ്രതിഷേധക്കാർ ഗ്യാസ് മാസ്കും, റബ്ബർ ബുള്ളറ്റിനെ തടയാനുള്ള സുരക്ഷാ വസ്ത്രങ്ങളും ധരിച്ചായിരുന്നു പ്രതിഷേധത്തിന് ഇറങ്ങിപ്പുറപ്പെട്ടിരുന്നത്. ഓഗസ്റ്റ് 5 -ന് നടന്ന മറ്റൊരു പ്രതിഷേധത്തിൽ ഹോങ്കോങ് നഗരം പൂർണ്ണമായും നിശ്ചലമായി. അവശ്യസർവീസുകൾ എല്ലാം നിലച്ചു. "ഹോങ്കോങ് അപകടാവസ്ഥയുടെ വക്കിലാണ്...'' എന്ന് കാരി ലാം പ്രസ്താവിച്ചു. 

"നിങ്ങളീ കളിക്കുന്നത് തീക്കളിയാണ്..." ഓഗസ്റ്റ് 6 -ന്  ചൈന ഹോങ്കോങിന് അവസാനമായി മുന്നറിയിപ്പ് നൽകി. ചൈനയുടെ ശക്തി ഹോങ്കോങിനറിയില്ല, സംയമനത്തെ ദുർബലതയായി കാണരുത്, സൈന്യത്തെ വിന്യസിച്ചിരിക്കുന്ന അതിർത്തിയിൽ നിന്നും വെറും പത്തുമിനിറ്റുമതി ഹോങ്കോങ്ങിലെത്താൻ തുടങ്ങി പല ഭീഷണികളും ചൈന മുഴക്കി. 

ഓഗസ്റ്റ് 11 - ചൈനാ വിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടർച്ചയായ പത്താം വാരം. ഞായറാഴ്ച ദിവസം ഒരു പ്രതിഷേധ പ്രവർത്തകയുടെ കണ്ണിനു പരിക്കേറ്റു. അടുത്ത ദിവസം, പ്രകടനക്കാർ എയർപോർട്ട് ഉപരോധിച്ചു. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു. ചൈന ഈ പ്രക്ഷോഭങ്ങളെ 'തീവ്രവാദ' സ്വഭാവമുള്ളത് എന്ന് ആദ്യമായി വിശേഷിപ്പിച്ചു. പ്രക്ഷോഭകാരികൾക്കിടയിൽ സിവിൽ ഡ്രെസ്സിൽ പൊലീസുകാരെ നിയോഗിച്ചിരുന്നു എന്ന് ഹോങ്കോങ് പൊലീസ് സമ്മതിച്ചു. ഇത്തരത്തിലുള്ള പൊലീസുകാരെന്ന് സംശയിക്കുന്ന രണ്ടുപേരെ പ്രക്ഷോഭകാരികൾ വിമാനത്താവളത്തിൽ വെച്ച് ആക്രമിച്ചത് പ്രതിഷേധസമരങ്ങൾക്ക് ക്ഷീണമായി. 

പ്രക്ഷോഭകാരികളുടെ ഇപ്പോഴത്തെ ആവശ്യങ്ങൾ എന്തൊക്കെ? 

- കുറ്റവാളികളെ ചൈനയിലേക്ക് നാടുകടത്താനുള്ള ബിൽ പൂർണ്ണമായും റദ്ദാക്കണം.
- ജൂൺ 12 -ലെ സമരത്തിനെ കലാപം എന്ന് വിളിച്ചത് പിൻവലിക്കണം. 
- പ്രക്ഷോഭകാരികൾക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകൾ പിൻവലിക്കണം.
- പ്രക്ഷോഭകാരികൾക്കുനേരെ പൊലീസ് നടത്തിയ ക്രൂരതകൾ സ്വതന്ത്രമായി അന്വേഷിക്കപ്പെടണം.
- ചീഫ് എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പിൽ ഹോങ്കോങ്ങുകാർക്കെല്ലാം തന്നെ പ്രായപൂർത്തി വോട്ടവകാശം ലഭ്യമാക്കണം.

 

ഇക്കഴിഞ്ഞ ഞായറാഴ്ച, അതായത് ഓഗസ്റ്റ് 18 -നും പത്തുലക്ഷത്തിലധികംപേർ പങ്കെടുത്ത ഒരു റാലി ഹോങ്കോങ്ങിൽ നടന്നിരുന്നു. എന്നാൽ, അത് തികച്ചും സമാധാനപരമായിരുന്നു. അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ചും, കലാപനിയന്ത്രണ പരിശീലനത്തിൽ ഏർപ്പെടുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചും ചൈനീസ് സർക്കാർ നിരന്തരം ഭീഷണികൾ മുഴക്കുന്നതുകൊണ്ട്, സദാ സംഘർഷ ഭരിതമാണ് ഇന്നും ഹോങ്കോങ്ങിലെ ജീവിതം. എന്താണ് ഇനി അവിടെ നടക്കുക എന്നത് കാത്തിരുന്നുതന്നെ കാണാം!