കണ്ണൂര്‍ തയ്യിലിലെ കടലില്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരവയസുകാരനെ കൊന്നുകളഞ്ഞത് അവന്റെ 'അമ്മ തന്നെയാണ് എന്ന പൊലീസിന്റെ സ്ഥിരീകരണം ഏറെ ഞെട്ടലുണ്ടാക്കിയ ഒന്നാണ്. തന്റെ കാമുകനൊപ്പം സ്വൈരമായി ജീവിക്കാന്‍ വേണ്ടിയാണ് കുട്ടിയുടെ അമ്മ ശരണ്യ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലീസ് പറഞ്ഞത്. ശരണ്യയും ഭർത്താവ് പ്രണവും തമ്മില്‍ നേരത്തെ മുതല്‍ അസ്വരാസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തില്‍ അകപ്പെട്ട ശരണ്യ കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നത്രെ. പെറ്റകുഞ്ഞിനോട് അതും ഒന്നരവയസ്സുമാത്രം പ്രായമുള്ള ഒരു കുരുന്നിനോട് എങ്ങനെ ഇത്തരത്തിൽ ഒരു ക്രൂരത ചെയ്യാൻ ഒരു അമ്മയ്ക്ക് മനസ്സുവരുന്നു എന്ന അമ്പരപ്പിലാണ് ഇപ്പോൾ നാട്ടുകാർ. എന്നാൽ, ഇങ്ങനെ മനസ്സാക്ഷിയില്ലാതെ സ്വന്തം കുഞ്ഞിനെ വകവരുത്തുന്ന സംഭവം കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ ഇതാദ്യമല്ല. അത്തരത്തിൽ സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെ ഒരു ദാക്ഷിണ്യവുമില്ലാതെ വകവരുത്തിയതിന്റെ പേരിൽ കുപ്രസിദ്ധരായ ഈ സ്ത്രീകളിൽ ഭൂരിഭാഗത്തിനും കടുത്ത മാനസികവിഭ്രാന്തികൾ ഉണ്ടായിരുന്നു എന്നതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ ഇത്തരത്തിലുള്ള അവിശ്വസനീയമായ കൊലകൾ ചെയ്ത ചിലർ ഇനി പറയുന്നവരാണ്. 

സൂസൻ സ്മിത്ത് 

1994 -ൽ കരോലിന സ്വദേശിയായ സൂസൻ തന്റെ കുഞ്ഞുങ്ങളെ ഒരു കറുത്ത വർഗക്കാരനായ അപരിചിതൻ കാറിൽ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായാണ് പൊലീസിനെ സമീപിച്ചത്. വിശദമായ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴികൾ വന്നതോടെ പൊലീസ് അവരെ സംശയിച്ചു. താമസിയാതെ അവർ കുറ്റസമ്മതവും നടത്തി. തന്റെ മക്കളെ കാറിൽ അടച്ച് കാർ തടാകത്തിലേക്ക് ഉരുട്ടി വിട്ട് താൻ തന്നെയാണ് അവരെ കൊന്നതെന്ന് അവർ പറഞ്ഞു. ജോലി ചെയ്തിരുന്നിടത്തെ മുതലാളിയുടെ മകനുമായി സൂസൻ പ്രണയത്തിലായിരുന്നു. രണ്ടു മക്കളുള്ളത് കാരണമായി ചൂണ്ടിക്കാട്ടി കാമുകൻ ആയിടെ വിവാഹത്തിന് വിസമ്മതിച്ചിരുന്നു. കുഞ്ഞുങ്ങളെ ഒഴിവാക്കാനാണ് സൂസൻ ഇങ്ങനെയൊരു കഥയുണ്ടാക്കി അവരെ കൊന്നുകളഞ്ഞത്. അവരെ കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. 

 

ഫ്രാൻസിസ് ന്യൂട്ടൻ 

ടെക്‌സാസ് സ്വദേശിയായ ഫ്രാൻസിസ് 1987 -ൽ  സ്വന്തം ഭർത്താവിനെയും, ഏഴുമാസം പ്രായമുള്ള മകനെയും രണ്ടുവയസ്സുള്ള മകളെയുമാണ്  വെടിവെച്ചുകൊന്നത്. പ്രദേശവാസിയായ ഒരു മയക്കുമരുന്ന് വില്പനക്കാരന്റെ മേലാണ് അവർ കുറ്റം ആദ്യം കെട്ടിവെച്ചത്. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവിന്റെയും മക്കളുടെയും പേരിൽ എടുത്തിരുന്ന ഇൻഷുറൻസ് തുക കിട്ടാൻ വേണ്ടിയാണ് ഫ്രാൻസിസ് ആ ക്രൂരകൃത്യത്തിനു മുതിർന്നത് എന്ന് തെളിഞ്ഞു. അവരെ 1988 -ൽ വധശിക്ഷയ്ക്ക് വിധിച്ചു. 2005 -ൽ ശിക്ഷ നടപ്പിലാക്കപ്പെടുകയും ചെയ്തു. 

മേഗൻ ഹണ്ട്സ്മാൻ 

അമേരിക്കയിലെ യൂട്ടാ സ്വദേശിയായ മേഗൻ 1996 -നും 2006 -നുമിടയിൽ പത്തുവർഷത്തിനിടെ കഴുത്തു ഞെരിച്ച് കൊന്നുകളഞ്ഞത് തന്റെ ആറു പിഞ്ചുകുഞ്ഞുങ്ങളെയാണ്. 2015 -ൽ കോടതിക്കുമുന്നിൽ അവർ തന്റെ കുറ്റം സമ്മതിച്ചു. മരിച്ചു എന്നുറപ്പിച്ചു ശേഷം അവരുടെ ശവശരീരങ്ങൾ പ്ലാസ്റ്റിക് ബാഗുകളിൽ ആക്കിയ ശേഷം, കാർഡ് ബോർഡ് കാർട്ടണുകളിൽ നിറച്ച് തന്റെ കാർ ഗാരേജിനുള്ളിൽ തന്നെ സൂക്ഷിച്ചുപോന്നു അവർ. 2014 -ൽ അവരുടെ ഭർത്താവുതന്നെയാണ് ഈ മൃതദേഹങ്ങൾ കണ്ടെത്തുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു മേഗൻ എന്ന് കുടുംബം കോടതിയിൽ ബോധിപ്പിച്ചു. " ഈ കൊച്ചു കുഞ്ഞുങ്ങൾക്ക് നല്ലൊരു അമ്മയാകാൻ എനിക്ക് പറ്റില്ല എന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു. അവർ വളർന്നുവരുമ്പോൾ അനുഭവിക്കേണ്ടി വന്നേക്കാവുന്ന ദുരിതങ്ങളിൽ നിന്ന് ഞാൻ അവരെ നേരത്തെ മോചിപ്പിക്കുകയായിരുന്നു " എന്നാണ് മേഗൻ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെടും മുമ്പ് കോടതിയെ ബോധിപ്പിച്ചത്.

 

ജാനെറ്റ് മിഷേൽ ഹാവ്സ് 

ജോർജിയ സ്വദേശിയായ ജാനെറ്റ് 2007 -ൽ ഒരു പെട്രോൾ ബാങ്കിന്റെ സ്റ്റോർ റൂമിലേക്ക് തന്റെ ഒരു വയസ്സുള്ള മകനെയും മൂന്നുവയസ്സുള്ള മകളെയും വിളിച്ചു കയറ്റി, അവരെ അവിടെയിട്ട് കുത്തിക്കൊന്നു. പാരനോയിഡ് ഷീസോഫ്രീനിയ എന്ന മാനസികരോഗത്തിന് അടിമയായ അവർക്ക് ഇടയ്ക്കിടെ പലതരത്തിലുള്ള ഭ്രമങ്ങളും ഉണ്ടാകുമായിരുന്നു. തന്റെ കുഞ്ഞുങ്ങളിൽ ചെകുത്താൻ ആവേശിച്ചിട്ടുണ്ട് എന്നായിരുന്നു അവർ കൊലയ്ക്ക് കാരണമായി കോടതിയിൽ പറഞ്ഞത്. അവരെ കോടതി കുറ്റക്കാരിയല്ല എന്നുകണ്ട് ജയിലിൽ അയക്കുന്നതിനു പകരം ഒരു മാനസിക രോഗാശുപത്രിയിൽ ചികിത്സയ്ക്ക് പറഞ്ഞയക്കുകയാണുണ്ടായത്.

ഡീന ഷ്ലോസർ 

അമേരിക്കയിലെ ടെക്സസ് സ്വദേശിയായ ദീന 2001 -ൽ തന്റെ പതിനൊന്നുമാസം പ്രായമുള്ള മകന്റെ ഇരു കൈകളും ഒരു കത്തികൊണ്ട് അറുത്തുമാറ്റിയാണ് അവനെ കൊന്നത്. തന്റെ മ്യൂസിക് സിസ്റ്റത്തിൽ പള്ളിയിലെ ഭക്തിഗാനങ്ങൾ ഇട്ടുകൊണ്ടാണ് അവർ അത് ചെയ്തത്. അവർക്ക് ബൈപോളാർ ഡിസോർഡർ ഡയഗ്‌നോസ് ചെയ്യപ്പെട്ടിരുന്നു. പ്രസവാനന്തരം അവർ പോസ്റ്റ് പാർട്ടം സൈക്കോസിസിനും അടിമയായി. അവരുടെ വീട്ടിനുള്ളിൽ നിന്ന് കുഞ്ഞിന്റെ കരച്ചിലും ഉച്ചത്തിലുള്ള പാട്ടും കേൾക്കുന്നുണ്ടെന്ന് അയൽക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് വന്നെത്തിയ പോലീസ് കണ്ടത് ദേഹം മുഴുവൻ ചോരയിൽ കുളിച്ച്," കർത്താവിന് സ്തോത്രം" എന്നും പറഞ്ഞുകൊണ്ടിരുന്ന ഡീനയെയായിരുന്നു. അപ്പോഴേക്കും ചോരവാർന്ന് അവളുടെ കുഞ്ഞ് മരിച്ചുകഴിഞ്ഞിരുന്നു. ഡീനയെയും മാനസികമായ വിഭ്രാന്തി കാരണമാക്കി ജയിൽ ശിക്ഷയിൽ നിന്നൊഴിവാക്കി മനസികരോഗാശുപത്രിയിലേക്ക് അയക്കുകയാണ് ഉണ്ടായത്.

ആൻഡ്രിയ യേറ്റ്‌സ്

തന്റെ അഞ്ചു കുഞ്ഞുങ്ങളെയും ബാത്ത് ടബ്ബിലെ വെള്ളത്തിൽ മുക്കിക്കൊന്നു എന്നാണ് 2006 -ൽ ഹൂസ്റ്റൺ പൊലീസിനോട് പറഞ്ഞത്. ആറുമാസം മുതൽ ഏഴുവയസ്സുവരെയായിരുന്നു ആ കുഞ്ഞുങ്ങളുടെ പ്രായം. അവരും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന ഗർഭാനന്തര മനസികാസ്വാസ്ഥ്യത്തിന്റെ അടിമയായിരുന്നു. ഒപ്പം കടുത്ത ഷീസോഫ്രീനിയയും ആത്മഹത്യാ പ്രവണതയും ആൻഡ്രിയയ്ക്ക് ഉണ്ടായിരുന്നു. "എന്റെ മക്കൾ പിഴച്ചവരായിരുന്നു. അവരെ ഞാൻ നേരത്തെ നരകത്തിലേക്ക് പറഞ്ഞുവിട്ടു" എന്നാണ് അവർ ഡോക്ടറുടെ മുന്നിൽ വെളിപ്പെടുത്തിയത്. അവരെയും കോടതി മാനസികരോഗാശുപത്രിയിലേക്കാണ് അയച്ചത്. 

സൂസൻ യൂബാങ്ക്സ് 

കാലിഫോർണിയ സ്വദേശിയായ സൂസൻ 1997 -ൽ തന്റെ നാലുമക്കളെയും വെടിവെച്ചു കൊന്നുകളയുകയായിരുന്നു. ബോയ് ഫ്രണ്ടിനൊപ്പം ബാറിൽ പോയി, മദ്യപിച്ച്, കഞ്ചാവും വലിച്ച്, അതിനു പുറമെ മയക്കുമരുന്നും സേവിച്ച് തിരിച്ചെത്തിയ ഉടനെയാണ് സൂസൻ ഈ ക്രൂരകൃത്യം ചെയ്തത്. കുഞ്ഞുങ്ങളെ വധിച്ച ശേഷം സ്വന്തം വയറ്റിലും തന്റെ ഷോട്ട് ഗൺ കൊണ്ട് വെടിവെച്ചെങ്കിലും അവർ മരിച്ചില്ല. ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടതിലുള്ള മാനസികസംഘർഷമാണ് അവരെക്കൊണ്ട് അത് ചെയ്യിച്ചത്. കോടതി സൂസനെ വധശിക്ഷയ്ക്ക് വിധിച്ചു.