Asianet News MalayalamAsianet News Malayalam

കൂലിപ്പണിക്കാരന്റെ മകൻ, ദാരിദ്ര്യം പിടിച്ചുലച്ച ബാല്യം, ഇന്ന് പാവപ്പെട്ട കുട്ടികൾക്കായി സ്കൂൾ നടത്തുന്നു

ആ പ്രതിജ്ഞ വെറുതെയായില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളിലെയായി അഞ്ഞൂറോളം വിദ്യാര്‍ത്ഥികളെയാണ് നായിക്ക് പഠിപ്പിച്ചത്. അവരെല്ലാം കൂലിപ്പണിക്കാരുടെയോ മാലിന്യമെടുക്കുന്നവരുടെയോ മക്കളായിരുന്നു. 
 

Irappa Naik who run school for kids
Author
Maharashtra, First Published Apr 4, 2020, 5:02 PM IST

നായിക്കിന്‍റെ അമ്മയും അച്ഛനും കൂലിപ്പണിക്കാരായിരുന്നു. പണമില്ലാതെ വല്ലാതെ ബുദ്ധിമുട്ടിലായിരുന്നു അവരുടെ ജീവിതം. വിദ്യാഭ്യാസത്തിനൊന്നും അവിടെ യാതൊരു പ്രാധാന്യവുമില്ലായിരുന്നു. പട്ടിണിയില്ലാതെ ഓരോ ദിവസവും എങ്ങനെ കഴിഞ്ഞുകൂടാം എന്ന ഒറ്റച്ചിന്തയെ അവരെ മഥിച്ചിരുന്നുള്ളൂ. നായിക്കിന്‍റെ മൂത്ത രണ്ട് സഹോദരന്മാരും ദാരിദ്ര്യം കാരണം നേരത്തെ പഠനം നിര്‍ത്തി. അതിലൊരാള്‍ പഠിക്കാന്‍ വളരെ മിടുക്കനുമായിരുന്നു. തനിക്ക് വന്ന അവസ്ഥ തന്‍റെ അനിയന് വരരുത് എന്ന് തോന്നിയിട്ടാവണം നായിക്കിനോട് എന്തായാലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കണം എന്ന് അദ്ദേഹം നിരന്തരം പറഞ്ഞിരുന്നു. 

ജ്യേഷ്ഠന്‍റെ ആ നിര്‍ബന്ധം നായിക്ക് പഠിക്കുന്നതിന് കാരണമായി. മാത്രവുമല്ല, പത്താം ക്ലാസ് കഴിഞ്ഞതോടെ നായിക്ക് ഒരു തീരുമാനവുമെടുത്തു. തനിക്ക് കഴിയുന്നകാലത്ത് മഹാരാഷ്ട്രയിലെ ആ ഗ്രാമപ്രദേശത്ത് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സ്കൂള്‍ തുടങ്ങണം. അത്, അവനെ പഠിപ്പിച്ച ജ്യേഷ്ഠനോടുള്ള ആദരവ് കൂടിയായിരുന്നു. 

ആ പ്രതിജ്ഞ വെറുതെയായില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളിലെയായി അഞ്ഞൂറോളം വിദ്യാര്‍ത്ഥികളെയാണ് നായിക്ക് പഠിപ്പിച്ചത്. അവരെല്ലാം കൂലിപ്പണിക്കാരുടെയോ മാലിന്യമെടുക്കുന്നവരുടെയോ മക്കളായിരുന്നു. 

ആ യാത്ര ഇങ്ങനെ

1987, നായിക്ക് എലക്ട്രോണിക് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി. നായിക്ക് കുടുംബത്തെ സംബന്ധിച്ച് അത് വളരെ വലിയൊരു നേട്ടമായിരുന്നു. കാരണം, ആ കുടുംബത്തില്‍ വേറെയാർക്കും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. അവന്‍ നല്ല വരുമാനമുള്ളൊരു ജോലി ചെയ്യണമെന്ന് വീട്ടുകാര്‍ ആഗ്രഹിച്ചിരുന്നു. അതുപോലെ തന്നെ നായിക്ക് ഒരു ജോലി കണ്ടെത്തി. അതിനൊപ്പം തന്നെ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക കൂടി ചെയ്യാനുറച്ചു നായിക്ക്. എന്നാല്‍, അദ്ദേഹത്തിന്‍റെ വീട്ടില്‍ ഒരു ക്ലാസ് നടത്താനുള്ള സ്ഥലമുണ്ടായിരുന്നില്ല. 

പിന്നീട് ഗവ. കോണ്‍ട്രാക്ടറായി ജോലി തുടങ്ങിയപ്പോഴാണ് ഒരു സ്കൂള്‍ പണിയുക എന്ന സ്വപ്നം അദ്ദേഹത്തിലുറച്ചു തുടങ്ങിയത്. കൃത്യമായ ക്ലാസ്മുറികളും യൂണിഫോമും ഒക്കെയുള്ള ഒരു സ്കൂള്‍ നടത്തുന്നതിനായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനായി പണമെല്ലാം സ്വരുക്കൂട്ടി വച്ചുതുടങ്ങി അദ്ദേഹം. ആ സ്വപ്നത്തിനായി മാതാപിതാക്കളും അദ്ദേഹത്തെ അകമഴിഞ്ഞു പിന്തുണച്ചു. ആവശ്യത്തിന് പണമായി എന്ന് തോന്നിയപ്പോള്‍ കുറച്ച് സ്ഥലം വാങ്ങി. അവിടെ 10 ക്ലാസ് മുറികളോട് കൂടിയ ഒരു കെട്ടിടം പണിതു. അടുത്തുള്ള ഒരു എംഎല്‍എ -യുടെ സഹായത്തോടെ അദ്ദേഹം മഹാരാഷ്ട്ര എജ്യുക്കേഷന്‍ ബോര്‍ഡില്‍ അത് രജിസ്റ്റര്‍ ചെയ്തു. ആ മറാത്തി മീഡിയം സ്കൂളിന്‍റെ പേര് ക്രാന്തിവീര്‍ ഉമാജി നായിക്ക് ഹൈസ്കൂള്‍ എന്നായിരുന്നു. അന്ന് 20 വിദ്യാര്‍ത്ഥികളായിരുന്നു സ്കൂളിലുണ്ടായിരുന്നത്. 

Irappa Naik who run school for kids

 

രക്ഷിതാക്കളോട് അനുവാദം വാങ്ങി കുട്ടികളെ തന്‍റെ സ്കൂളിലെത്തിക്കുക എന്നത് വലിയ പരീക്ഷണം തന്നെയായിരുന്നു നായിക്കിന്. കാരണം, പലര്‍ക്കും സ്കൂള്‍ വളരെ ദൂരത്തായിരുന്നു. അത് പരിഹരിക്കാനായി കുട്ടികളെ സ്കൂളിലെത്തിക്കാനായി ഒരു ബസും അദ്ദേഹം ഏര്‍പ്പെടുത്തി. അപ്പോഴും പ്രശ്നം തീര്‍ന്നിരുന്നില്ല. വളരെ ദരിദ്രരായിരുന്നുവെന്നത് കൊണ്ടുതന്നെ പല കുട്ടികളും രക്ഷിതാക്കളുടെ കൂടെ പണിക്ക് പോകുന്നുണ്ടായിരുന്നു. അവസാനം അതില്‍ നിന്നും അവരെ പിന്തിരിപ്പിച്ച് സ്കൂളിലെത്തിക്കാനായി ബാലവേലയുടെ നിയമപ്രശ്നങ്ങളും വിദ്യാഭ്യാസം എങ്ങനെ ജീവിതം മാറ്റുന്നുവെന്നതിന് തന്‍റെ ജീവിതവും എല്ലാം അവരോട് സംസാരിക്കേണ്ടി വന്നു നായിക്കിന്. 

Irappa Naik who run school for kids

 

അങ്ങനെ സ്കൂളില്‍ കുട്ടികളുടെ എണ്ണം കൂടി. അധ്യാപകരേയും കൂടുതലായി നിയമിക്കേണ്ടി വന്നു. മൂന്നു വര്‍ഷം മുമ്പ് ജോലിയില്‍ നിന്നു വിരമിക്കുന്നതുവരെ നായിക്ക് തന്നെയാണ് അധ്യാപകരുടെ ശമ്പളം നല്‍കിയിരുന്നത്. അതിനുശേഷം സ്റ്റേറ്റ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്മെന്‍റ് മൂന്ന് അധ്യാപകരുടെ ശമ്പളം നല്‍കുന്നുണ്ട്. ബാക്കിമാത്രം അദ്ദേഹത്തിന് നല്‍കിയാല്‍ മതി. ചെലവ് നടത്താനായി കുടുംബത്തിന്‍റെ പേരിലുണ്ടായിരുന്ന ഭൂമി വരെ അദ്ദേഹത്തിന് വില്‍ക്കേണ്ടി വന്നിട്ടുണ്ട്. അധ്യാപകരുടെ ശമ്പളത്തിന് പുറമെ കുട്ടികളുടെ യൂണിഫോം മറ്റ് സ്റ്റേഷനറി എന്നിവയ്ക്ക് കൂടി അദ്ദേഹത്തിന് പണം കണ്ടെത്തേണ്ടതുണ്ടായിരുന്നു. പക്ഷെ, അദ്ദേഹം എന്നിട്ടും സ്കൂൾ മുന്നോട്ട് കൊണ്ടുപോയി.

നായിക്കിന്റെ വിദ്യാര്‍ത്ഥികളില്‍ 200 പേര്‍ ഇതുവരെ പത്താം ക്ലാസ് ജയിച്ചുപോയി. പലരും കൂടുതല്‍ പഠിക്കാന്‍ ചേര്‍ന്നു. ആ സന്തോഷവും ഊര്‍ജ്ജവും അദ്ദേഹത്തിന് കൂടുതല്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള പ്രചോദനമാവുകയാണ്. 

Follow Us:
Download App:
  • android
  • ios