(ഐസൊലേഷന്‍ വാര്‍ഡ് ഭയപ്പെടേണ്ട ഇടമല്ല. പനിയോ മറ്റോ ഉണ്ടെങ്കില്‍ കൃത്യമായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ആരോഗ്യപ്രവര്‍ത്തകരെ അനുസരിക്കുകയും ചെയ്യണം. ഈ മഹാമാരിയെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണം. അഞ്ച് ദിവസം ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞ അനുഭവം പാലക്കാട് നിന്നും ശ്രീജിത്ത് എഴുതുന്നു.)

ജീവിതത്തിൽ സിനിമയിലും ടിവിയിലും ഡോക്യുമെന്ററികളിലും കണ്ട കഥകൾ സ്വയം അനുഭവത്തിൽ വരുമെന്ന് അങ്ങനെ വിചാരിച്ചില്ല. പക്ഷേ, ജീവിതം അങ്ങനെ പ്രവചിക്കാനാവാത്തതാണല്ലോ? ആദ്യമേ എന്നെ പരിചയപ്പെടുത്താം. ഐടി നഗരമായ ബാംഗ്ലൂരിൽ ജീവിക്കുന്ന ഒരു സാധാരണ ഐടി തൊഴിലാളി ആണ്, നെല്ലറയായ പാലക്കാട് നിന്നാണ്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ മൂന്നുദിവസം മുമ്പ് (മാർച്ച് 20) ഫ്രണ്ടിന്റെ കാറിൽ ബാംഗ്ലൂരിൽ നിന്ന് മുങ്ങി, പാലക്കാടൻ ചൂടും മട്ടയും ഒക്കെ അടിച്ചിരിക്കുമ്പോ ആണ് ദേഹത്ത് പതുക്കെ ചൂട് വന്നു തുടങ്ങിയത്. ബാംഗ്ലൂർ യാത്ര നടത്തിയത് കാരണം ആദ്യമേ വീട്ടിൽ സെൽഫ് ക്വാറന്റൈൻ ആയിരുന്നു. പനി വന്ന ഉടനെ കേരള ഗവ. ഹെൽപ് ലൈൻ ദിശയിലേക്കും വിളിച്ചു. മാർച്ച് 23 തൊട്ട് പനി, ഡോലോ (പാരസെറ്റമോൾ മരുന്ന്) -ൽ ഒതുങ്ങില്ല എന്ന് ഉറപ്പായി. ആന്റി ബയോട്ടിക്കും തുടങ്ങി. എണ്ണി എണ്ണി ദിവസം എട്ട് കടന്നു. വിവരങ്ങൾ ആരോഗ്യ പ്രവർത്തകരെ അറിയിച്ചുകൊണ്ടേ ഇരുന്നു. തൊണ്ടവേദന, കഫം എന്നീ ലക്ഷണങ്ങൾ കാണിക്കുന്നില്ല. (അപ്പൊ തന്നെ ലോകത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ലക്ഷണങ്ങൾ കൃത്യമായി വരാത്തവർക്കും പൊസിറ്റീവ് രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു) പനി കൂടുന്നു എന്ന് മാത്രമല്ല, മാർച്ച് 30 -ന് രാത്രി തലചുറ്റി വീഴുകയും ചെയ്തു. പിന്നെ നേരെ പാലക്കാട് ഗവ. ഹോസ്പിറ്റലിലേക്ക്.

ഏതൊരു ആളെ പോലെയും ഞാനും ഇവിടെ സ്വയം കണക്ക് കൂട്ടുകയായിരുന്നു. ഞാൻ പനി ഉള്ള ആരെങ്കിലുമായി സമ്പർക്കത്തിൽ പോയോ, എവിടുന്ന് ഈ പനി കിട്ടി എന്നൊക്കെ. മാർച്ച് 31 രാവിലെ തന്നെ പാലക്കാട് ഗവ. ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിലേക്ക്. ആദ്യം പ്രൈമറി എക്സാമിനേഷൻ. പിന്നെ "സ്വാബ്" എടുക്കൽ... തൊണ്ടയിൽ നിന്നാണ് സ്വാബ്‌ എടുക്കുന്നത് എന്നാണ് ഞാൻ ധരിച്ചുവെച്ചത്. പക്ഷേ, എന്റെ എടുത്തത് മൂക്കിൽ നിന്നാണ്. അവർ സ്വാബ്‌ എങ്ങനെയാണ് മൂക്കിൽ നിന്ന് എടുക്കുന്നത് എന്ന് വളരെ സംയമനത്തോടെ പറഞ്ഞു. എന്നിട്ട് പതുക്കെ ആണ് പ്രക്രിയ ചെയ്തത്. അവർ എടുത്ത ശ്രദ്ധയും അവധാനതയും സമ്മതിച്ച് കൊടുക്കേണ്ടതാണ്. അതിന്റെ ഇടയിൽ ഒന്ന് കൂടി പറഞ്ഞു കൊള്ളട്ടെ, എല്ലാ ആരോഗ്യ പ്രവർത്തകരും, നഴ്സുമാർ, ഭക്ഷണം തരുന്ന കുടുംബശ്രീയിലെ ചേച്ചിമാർ എല്ലാവരും PPE അണിഞ്ഞ് ഒരു ആസ്ട്രോനോട്ട്‌ പോലെ ആയിരുന്നു. അവരുടെ തിരക്കിനിടയിൽ വളരെ കുറച്ചുപേരുടെ മാത്രമേ പേര് ചോദിച്ചുള്ളൂ. അല്ലെങ്കിലും ഈ ഘട്ടത്തിൽ ഒക്കെ എന്ത് പേര്, എന്ത് മതം, അവർ എല്ലാവരും എനിക്ക് മാലാഖമാർ ആണ്.  

സ്വാബ്‌ എടുക്കൽ കഴിഞ്ഞ് നേരെ ഐസൊലേഷൻ വാർഡിലേക്ക്. ഈ മൂന്നുനേരം ഫുഡ് തരുന്നു എന്നുള്ളതോക്കെ നുണയാണ്, ഫുഡ് നാലുനേരം ആണ്. ആക്ച്വലി വൈകിട്ടത്തെ ചായയും ബിസ്കറ്റും കൂടി തരും. ഭക്ഷണം ഒക്കെ ഫുൾ ടൈം ലാവിഷ് ആണ്. ചോറും കറികളും കൂട്ടാനും ഒക്കെ രണ്ട് ഐറ്റം ഒക്കെ ഉണ്ട്. പിന്നെ കേരളത്തിന് പുറത്ത് പീജിയിലുമൊക്കെ ഭക്ഷണം തരുമ്പോ ഉള്ള കൈവിറ ഒക്കെ കുറെ കണ്ടിട്ടുള്ളത് കൊണ്ട്, ഇവിടെയുള്ള ആ സ്നേഹവും കരുതലും ഒക്കെ നന്നായി മനസ്സിലാക്കാൻ കഴിയും. 

എന്റെ അടുത്ത മുറിയിൽ ഗൾഫിൽ നിന്നുവന്ന ഒരു കുടുംബവും, അവരുടെ 10 മാസം പ്രായമുള്ള കൈക്കുഞ്ഞും ആണ്. കുഞ്ഞ് ചോറ് കഴിക്കുന്നില്ല എന്ന് നഴ്‌സിനോട് പറഞ്ഞപ്പോൾ, അവിടെ ഉള്ള ഒരു ഹെൽത്ത് ഇൻസ്പെക്ടർ ചേട്ടൻ (പേര്: ഡെന്നിസ് പോൾ) ഉടൻ തന്നെ പോയി, ഒരു ഫ്രൂട്ട് സ്റ്റാൾ ഒക്കെ തുറപ്പിച്ചു മാതള നാരങ്ങയും, കുറെ ഫ്രൂട്സും ഒക്കെ മേടിച്ച് കൊടുത്തു. ഒരു രോഗിയെ പൂർണാർത്ഥത്തിൽ നോക്കുന്ന ആ കരുതൽ എടുത്ത് പറയേണ്ടിയിരിക്കുന്നു. എന്റെ ആദ്യ റൂട്ട് മാപ്പ് തയ്യാറാക്കാൻ വിളിച്ച ഡോക്ടറും (ഡോ‌. റോഷിൻ) വളരെ ക്ഷമയോടെ എന്റെ വിവരങ്ങൾ അന്വേഷിക്കുകയും, എനിക്ക് ആവശ്യത്തിന് ഓർത്തെടുക്കാൻ ഉള്ള സമയം തരികയും ചെയ്തു. എന്റെ ഡ്യൂടി ഡോക്ടറും (ഡോ. ശ്രീജിത്ത്) വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചത്. പാലക്കാട് ഗവ. ഹോസ്പിറ്റൽ കൊവിഡ് നോഡൽ ഓഫീസർ ഡോ. സോനയും എല്ലാ കോളുകൾക്കും സംശയങ്ങൾക്കും കൃത്യമായി മറുപടി തരാൻ ശ്രദ്ധിച്ചിരുന്നു.

ബ്ലഡ് ടെസ്റ്റിൽ കൗണ്ട് ഒക്കെ നോർമൽ ആയതുകൊണ്ട് ഡെങ്കിപ്പനി അല്ല എന്ന് രണ്ടാംദിനം ഉറപ്പിച്ചു. പിന്നെ, കൊറോണയുടെ ടെസ്റ്റ് റിസൽറ്റിനുള്ള കാത്തിരിപ്പായി. രണ്ടാംദിനം തന്നെ എന്റെ പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കുറഞ്ഞുതുടങ്ങി. ഞാൻ മൂന്നാം ദിവസം തന്നെ റിക്കവർ ചെയ്തും തുടങ്ങി. മരുന്നുകളുടെ എണ്ണം കുറച്ചു. ഈ ലക്ഷണങ്ങൾ കൊണ്ട് തന്നെ രോഗം കൊറോണ ആയിരിക്കില്ല എന്നൊരു ചിന്ത ഉണ്ടായി, എന്നാലും ടെസ്റ്റ് റിസൽറ്റ് വരാതെ ഒന്നും ഉറപ്പിക്കാൻ പറ്റില്ലല്ലോ. 

ഏപ്രിൽ 4 -ന് രാവിലെ ടെസ്റ്റ് റിസൽറ്റ് വന്നു, നെഗറ്റീവ് ആയി. മഹാമാരി അല്ല രോഗം എന്നതിൽ സന്തോഷിച്ചു. അപ്പോഴും ഞാൻ ആലോചിച്ചു, കുറെ ആന്റി ബയോട്ടിക് മാറ്റി കഴിച്ചോ, ബാംഗ്ലൂരുകാരൻ അല്ല എന്ന് ഒരു പത്ത് നുണ പറഞ്ഞു വേറെ പ്രൈവറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയോ എനിക്ക് കൊറോണ ഐസോലേഷൻ വാർഡിൽ നിന്ന് രക്ഷപ്പെടാമായിരുന്നു. എന്നെപ്പോലെ ഒരു അപ്പർ മിഡിൽ ക്ലാസ് മലയാളിക്ക് ഇതൊക്കെ ചെയ്യാൻ എളുപ്പവുമാണ്. പക്ഷേ, നമ്മുടെ ആരോഗ്യ വകുപ്പും, സർക്കാരും ഒക്കെ ഉള്ളപ്പോ എന്തിന് ഒളിച്ചോടണം? 

അങ്ങനെ അഞ്ച് ദിവസത്തെ ഏകാന്തവാസവും, കുറേ നല്ല ഓർമകളുമായി ഏപ്രിൽ നാലിന് വീടെത്തി. ഐസൊലേഷൻ വാർഡിനെ ഭയക്കാതിരിക്കുക, ഇറ്റ്സ് എ വെരി നോർമൽ പ്ലേസ്.