ഒടുവിൽ ഖയ്യാം വിടവാങ്ങി. 1976-ൽ പുറത്തിറങ്ങിയ 'കഭീ കഭീ' എന്ന ചിത്രത്തിലെ ശീർഷകഗാനമാണ് അദ്ദേഹത്തെ ഇന്ത്യക്കാരുടെ, വിശിഷ്യാ മലയാളികളുടെ പ്രിയസംഗീത സംവിധായകനാക്കിയത്. തന്റെ രണ്ടാമത്തെ ചിത്രത്തിലെ ആ ഗാനത്തിന് യാഷ് ചോപ്ര ഒരുക്കിയ മഞ്ഞുവീഴുന്ന കശ്മീർ താഴ്വരയുടെ ദൃശ്യങ്ങൾ പ്രണയത്തിന്റെ ഓർമകളായി പ്രേക്ഷകരുടെ മനസ്സുകളിൽ പതിഞ്ഞു... മഞ്ഞ ഇലകൾ നിറഞ്ഞു നിൽക്കുന്ന ചിനാർ മരച്ചുവട്ടിൽ എരിയുന്ന ക്യാംപ്‌ ഫയറിന്നരികിൽ  ചാരിയിരിക്കുന്ന അമിതാഭ് ബച്ചൻ. ബച്ചന്റെ ഇടനെഞ്ചിലേക്ക് ചാഞ്ഞിരിക്കുന്ന രാഖി.   

സാഹിർ ലുധിയാൻവി എഴുതി ഖയ്യാം സംഗീതം കൊടുത്ത്, മുകേഷിന്റെ  വിഷാദമധുരസ്വരത്തിൽ നിന്നും അപൂർവമായി മാത്രം പുറപ്പെട്ട ഒരു കാല്പനിക ഗാനം.. " കഭീ കഭീ മേരെ ദിൽ മേം.. ഖയാൽ ആതാ ഹേ..  " എന്ന ഗാനം പിന്നീട് തലമുറകളുടെ പ്രണയങ്ങൾക്ക് പശ്ചാത്തലമൊരുക്കി. കാലമെത്ര കഴിഞ്ഞാലും പ്രണയത്തിന്റെ പ്രതിപദമായി നിലകൊള്ളുകയാണ് ഈ അനശ്വരഗാനം. അതടക്കം നിരവധി ഹിന്ദി സിനിമാ ഗാനങ്ങൾക്ക് ഈണം പകർന്ന ഖയ്യാം  ഇന്നലെ തന്റെ തൊണ്ണൂറ്റി മൂന്നാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.  ആ  അനുഗൃഹീത സംഗീത സംവിധായകന്റെ  ജീവിതത്തിലെ നാഴികക്കല്ലുകളിലൂടെ.. 

പാട്ടിന്റെ പിന്നാലെ പാഞ്ഞ ബാല്യകൗമാരങ്ങൾ 

1927  ഫെബ്രുവരി 18 -ന് അവിഭക്ത പഞ്ചാബിലെ രഹോണിലാണ് ഖയ്യാം ജനിച്ചത്. അന്നത്തെ പേര് സാദത്ത് ഹുസൈൻ എന്നായിരുന്നു. സംഗീതം പഠിക്കാനാഗ്രഹിച്ച് ആദ്യം വീട്ടിൽ നിന്നും ഒളിച്ചോടി ദില്ലിയിലെത്തി. അവിടെ സ്ഥിരതാമസമായിരുന്ന അമ്മാവനെ കണ്ട് എങ്ങനെയെങ്കിലും സിനിമയിൽ അവസരം ഒപ്പിക്കുകയായിരുന്നു ലക്‌ഷ്യം. മരുമകൻ നാട്ടിൽ നിന്നും ഒളിച്ചോടി വന്നതാണെന്ന് കേട്ടപ്പോൾ അമ്മാവൻ കോപം കൊണ്ട് വിറച്ച്. വയറുനിറച്ചും ചീത്ത കിട്ടി ചെന്നുകേറിയപാടെ. തിരിച്ചുപോകണം എന്നായി അമ്മാവന്റെ കല്പന. എന്നാൽ ഖയ്യാമിന്റെ ഭാഗ്യത്തിന് അവിടെ അമ്മാവനോടൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ മുത്തശ്ശി അദ്ദേഹത്തെ പിന്തുണച്ചു. മകന്റെ കോപം തണുപ്പിച്ചു. പണ്ഡിറ്റ് ഹുസ്‌നിലാലും പണ്ഡിറ്റ് അമർനാഥുമടക്കമുള്ള പലർക്കും കീഴിൽ ഹിന്ദുസ്ഥാനി അഭ്യസിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ ഹിന്ദി സിനിമാഗാനങ്ങൾക്ക് സംഗീതം പകരണം എന്ന ആഗ്രഹം തന്നെയായിരുന്നു. 

ചിസ്തി സാബിന്റെ കീഴിൽ 

അന്ന് ഇന്ത്യ വിഭജിക്കപ്പെട്ടിരുന്നില്ല. സാദത്തിന്റെ  ബന്ധുക്കളിലൊരാൾക്ക് അന്ന് ലാഹോറിൽ പ്രസിദ്ധ സംഗീതസംവിധായകനായിരുന്ന ഗുലാം അഹമ്മദ് ചിശ്തിയുമായി സൗഹൃദമുണ്ടായിരുന്നു. അദ്ദേഹം സാദത്തിനെ ലാഹോറിലെ ചിശ്തി സാബിന്റെ വീട്ടിൽ കൊണ്ടുചെന്നാക്കി. അവിടെ ഒരുപാടു യുവാക്കൾ സമാനമായ ആഗ്രഹങ്ങളുമായി വന്നുകിടന്ന് ചിശ്തി സാഹിബിന്റെ സഹായികളായി അവിടെ കൂടിയിട്ടുണ്ടായിരുന്നു. അക്കൂട്ടത്തിൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടാതെ ഒരു മൂലയിൽ സാദത്തും ഇരിപ്പുറപ്പിച്ചു. 

ചിശ്തി സാബ് പിയാനോയിൽ എന്തൊക്കെയോ ബിറ്റുകൾ വായിച്ചുകൊണ്ടിരിക്കുകയാണ്. ഈണമിട്ടുകൊണ്ടിരിക്കയാണ്. ബാക്കിയുള്ളവർ അതൊക്കെ കണ്ടും കേട്ടുമിരിക്കുന്നു.  കുറേ ട്യൂണുകളിങ്ങനെ തുരുതുരാ വായിച്ച ശേഷം അദ്ദേഹം ശിഷ്യരോടായി ചോദിച്ചു, "അല്ല.. ഞാൻ ആ... അപ്പോൾ വായിച്ച ഈണത്തിനു മുമ്പുള്ള  ആ ഇന്റര്‍ ല്യൂഡ്  ബിറ്റ് ഏതായിരുന്നു...? " 

പിന്നെ ആ മുറിയിൽ കനത്ത നിശ്ശബ്ദതയാണ്. ഒരാൾക്കും  മിണ്ടാട്ടമില്ല. "ഒരാൾക്കും ഓർമ്മയില്ല..? " ചിശ്തി സാബിന്റെ ശബ്ദത്തിൽ നീരസം നിഴലിച്ചു തുടങ്ങി.. 

"സാബ്.. .എനിക്കോർമ്മയുണ്ട്..." - അര നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം മുറിയുടെ മൂലയ്ക്കൽ നിന്നും സാദത്തിന്റെ ഒച്ച പൊങ്ങി..

 അപരിചിതമായൊരു ശബ്ദം കേട്ടപ്പോൾ  ചിശ്തി സാബ് തിരിഞ്ഞു നോക്കി. " ആരാണത്.. ?  നീയേതാ..?  ആരോട് ചോദിച്ചിട്ടാണ് അതിനകത്തു കേറിയത്.. ?" ആദ്യം സാദത്തിനു കിട്ടിയത് നല്ല ചീത്തയായിരുന്നു എങ്കിലും ചിശ്തി സാബ് അവനോട് ആ ഈണം വായിച്ചുകേൾപ്പിക്കാൻ പറഞ്ഞു. അദ്ദേഹം ഉദ്ദേശിച്ച ബിറ്റ് തന്നെ സാദത്ത് മനോഹരമായി വായിച്ചു കൊടുത്തപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷം തോന്നി.  

"സാബ് ഞാനിതിന്റെ 'സർഗ്ഗം' കൂടി വായിച്ചു കേൾപ്പിക്കട്ടെ.? " അങ്ങനെ സാദത്ത് ആ ഈണത്തിന്റെ  ബാക്കി കൂടി കേൾപ്പിച്ചതോടെ ചിശ്തി സാബ് ഫ്‌ലാറ്റ്. 

" നീ ആരുടെ കൂടെയാണ് ഹിന്ദുസ്‌ഥാനി പഠിച്ചത് ..?" പണ്ഡിറ്റ്  അമർനാഥിന്റെയും മറ്റും പേരുപറഞ്ഞതോടെ ചിശ്തി സാബ് ഉറപ്പിച്ചു.." ഇന്ന് മുതൽ നീയാണ്  എന്റെ ഫസ്റ്റ് അസ്റ്റിസ്റ്റന്റ്.."  അങ്ങനെ കുറേക്കാലം അവിടെ ചിശ്തി  സാബിനു കീഴിൽ സാദത്ത് ചലച്ചിത്ര സംഗീത സംവിധാനത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു കഴിച്ചുകൂട്ടി.  

'ഖയ്യാം റഫിസാബിനും സാഹിർ ലുധിയാൻവിയ്ക്കുമൊപ്പം '
 

ബി ആർ ചോപ്രയുടെ വക ആദ്യ പ്രതിഫലം 

 അങ്ങനെ ചിശ്തി സാബിന്റെ ഗസ്റ്റ് ഹൌസിൽ അദ്ദേഹത്തിന്റെ സംരക്ഷണയിൽ ഗുരുകുലസമ്പ്രദായത്തിൽ അഭ്യസനം നടന്നു കൊണ്ടിരിക്കെയാണ് അവിചാരിതമായി സാദത്തിന് തന്റെ ജീവിതത്തിലെ ആദ്യത്തെ പ്രതിഫലം കിട്ടുന്നത്.  അന്ന് ബി ആർ ചോപ്രയുടെ ചാന്ദ്നി ചൗക്ക് എന്ന സിനിമയ്ക്ക് ചിശ്തി സാബ് സംഗീതം പകരുന്ന കാലമാണ്. ഇടയ്ക്കിടെ അവിടെ വന്നുപോകുമായിരുന്ന ചോപ്രയുടെ കണ്ണിൽ കഠിനാദ്ധ്വാനിയായ സാദത്ത് എന്ന ബാലൻ ആദ്യമേ തന്നെ പെട്ടിരുന്നു. ഏറ്റവും ആദ്യം വരുന്നതും, കമ്പോസിങ്ങ് റൂം വൃത്തിയാക്കുന്നതും ചിസ്തി സാബിനു വേണ്ടതെല്ലാം കണ്ടറിഞ്ഞു ചെയ്യുന്നതും സംഗീതത്തെപ്പറ്റി എല്ലാരെക്കാളും അറിവ് പുലർത്തുന്നതും ഒക്കെ അദ്ദേഹം അറിഞ്ഞിരുന്നു. ഒടുവിൽ ശമ്പളം വിതരണം ചെയ്യുന്ന ദിവസം ബി ആർ ചോപ്ര വന്നു. മാനേജർ എല്ലാവർക്കും ഓരോ കവറുകളിൽ അവരവരുടെ ശമ്പളങ്ങൾ വിതരണം ചെയ്തു. പാവം സാദത്തിനുമാത്രം കിട്ടിയില്ല ഒന്നും. ചോപ്രാജി കിശ്തിസാബിനോട് കാരണം തിരക്കി. അദ്ദേഹം പറഞ്ഞു, " അത് സാരമില്ല.. അവൻ കാര്യങ്ങൾ പഠിച്ചുവരുന്നതല്ലേയുള്ളൂ.. പതുക്കെമതി. " 

ബി ആർ ചോപ്ര സമ്മതിച്ചില്ല. ' ഒരു ചായയ്‌ക്കോ സിഗരറ്റിനോ ഒന്നും ബ്രേക്കെടുക്കാതെ ' ജോലി ചെയ്യുന്ന അവന് കൊടുത്തിട്ടുമതി ബാക്കിയുള്ളവർക്ക് എന്ന് അദ്ദേഹം പറഞ്ഞു. തന്റെ മാനേജരെ അടുത്തുവിളിച്ച് കാതിൽ എന്തോ കുശുകുശുത്തു.. അൽപനേരം കഴിഞ്ഞപ്പോൾ മാനേജർ സാദത്തിനെ അടുത്ത് വിളിച്ച് ഒരു കവർ കൈമാറി.. തുറന്നു നോക്കിയപ്പോൾ അതിൽ 150  രൂപയുണ്ടായിരുന്നു. അന്ന് നാല്പതുകളിൽ  അത് വലിയൊരു സംഖ്യയായിരുന്നു. 

 1947-ൽ തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ബോംബെയിൽ ഉസ്താദ് ഹുസ്ൻലാൽ ഭഗത് റാംജിയുടെ കീഴിൽ ഹിന്ദുസ്ഥാനി അഭ്യസിച്ചുകൊണ്ടിരിക്കെയാണ് ഖയ്യാമിന് ഹിന്ദി സിനിമയിൽ ആദ്യമായി ഒരവസരം കിട്ടുന്നത്.   'ശർമ്മാജി-വർമ്മാജി' എന്നൊരു കൂട്ടുകെട്ടിൽ റഹ്‌മാൻ വർമയുമൊത്ത് 'ശർമ്മാജി' എന്ന അപരനാമത്തിൽ  'ഹീർ റാൻജാ' എന്ന ചിത്രത്തിലായിരുന്നു അത്. വിഭജനത്തോടെ വർമ്മാജി പാക്കിസ്ഥാനിലേക്ക് വെച്ചുപിടിച്ചതോടെ ശർമ്മാജി ഒറ്റയ്ക്കായി. അതോടെ അദ്ദേഹം ആ പേരും ഉപേക്ഷിച്ചു. പിന്നീടിറങ്ങിയ 'ബീവി' എന്ന ചിത്രമാണ് ഖയ്യാമിന് ആദ്യത്തെ ബ്രേക്ക് നൽകുന്നത്. അതിൽ റഫി സാഹബ് ആലപിച്ച 'അകേലേ മേം വോ ഖബ്‌റാതെ തോ ഹോംഗേ.' എന്ന ഗാനം ഹിറ്റായതോടെ ഖയ്യാമിനെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. 

രാജ് കപൂറിന്റെ 'ഫിർ  സുബ്ഹാ ഹോഗി' എന്ന ചിത്രമാണ് അദ്ദേഹത്തിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുന്നത്. അതിലൂടെയാണ് സാഹിർ  എന്ന കവിയോടൊപ്പം അദ്ദേഹം ആദ്യമായി ഒന്നിക്കുന്നതും. ആ ചിത്രത്തിലെ, 'വോ സുബ്ഹാ കഭീ തോ ആയേഗി..' എന്ന പാട്ട് മുകേഷ് അനശ്വരമാക്കി. 1953ലിറങ്ങിയ ദിലീപ് കുമാർ ചിത്രം ഫൂട്ട്പാത്തിലെ 'ശാമേ ഗം കീ കസം..' എന്ന ഗാനത്തോടെ ഖയ്യാം തന്റെ സ്ഥാനം ഹിന്ദി ചലച്ചിത്ര ലോകത്ത് അരക്കിട്ടുറപ്പിച്ചു. 

1961 -ൽ ഒരു സംഗീത പരിപാടിയിൽ വെച്ചാണ് ഖയ്യാം  ഭാവി വധുവും ഗായികയുമായ ജഗ്‌ജിത്  കൗറിനെ കണ്ടുമുട്ടുന്നത്. അന്ന് അവരുടെ സ്വരമാധുരിയിൽ അനുരക്തനായ ഖയ്യാം അവരെ ആദ്യം തന്റെ ഷോലാ ഔർ ശബ്നം എന്ന ചിത്രത്തിലേക്കും പിന്നീട്  ജീവിതത്തിലേക്കും ക്ഷണിച്ചു. ആ സിനിമയിൽ അവർ പാടിയ  'തും അപ്നാ രൻജോ ഗം.. ' എന്നുതുടങ്ങുന്ന ഗാനം അനശ്വരമായിരുന്നു. 

'ഖയ്യാം, പത്നി ജഗ്‌ജിത് കൗറുമൊത്ത് '

 

'കഭീ കഭീ..'യിലൂടെ കൈവന്ന പ്രസിദ്ധി 

അങ്ങനെയിരിക്കെയാണ്, 1976 -ൽ യശ് ചോപ്ര 'കഭീ കഭീ' പിടിക്കാനിറങ്ങുന്നത്. അതിലെ ഖയ്യാം-സാഹിർ ലുധിയാൻവി ഗാനങ്ങൾ ആസ്വാദക ഹൃദയങ്ങളിൽ അനശ്വരപ്രതിഷ്ഠ നേടി. പിന്നീട് എൺപതുകളിൽ 'ഥോഡി സി ബേവഫായി' യിലെ ആപ് യൂം ഫാസ് ലോം..', ബാസാറിലെ ' ദിഖായീ ദിയേ  യൂം..', നൂറിയിലെ 'ആജാ രേ ഓ മേരെ ദിൽബർ.. ' , റസിയാ സുൽത്താനയിലെ ' ഏ  ദിലേ നാദാൻ.. ' 'ഛൂ ലേനേ ദോ.. ' എന്നീ ഗാനങ്ങളും  പ്രസിദ്ധിയാര്ജിച്ചു.  1981-ൽ പുറത്തിറങ്ങിയ  മുസഫർ അലിയുടെ ഉമ്രാവോ ജാന്‍ എന്ന ചിത്രത്തിലെ ഖയ്യാമിന്റെ ഗാനങ്ങളാണ് ആശാ ഭോസ്ലെ എന്ന ഗായികയെ ഹിന്ദി സിനിമയിൽ ശ്രദ്ധേയയാക്കുന്നത്. ആ ചിത്രത്തിലെ 'ഇൻ ആംഖോം കെ മസ്തീ കെ..', ' ദിൽ ചീസ് ക്യാ ഹെ.. ', 'ജുസ്തുജു ജിസ്‌കി ഥി, യെഹ് ക്യാ ജഗാ ഹേ തുടങ്ങിയ ഗാനങ്ങൾക്ക്  ആശയ്ക്ക് ദേശീയ അവാർഡ് കിട്ടുകയുണ്ടായി. അതേചിത്രത്തിൽ തന്നെ അമീർ ഖുസ്രുവിന്റെ 'കാഹേ കോ ബ്യാഹേ ബിദേസ്..' എന്ന ഗാനം അദ്ദേഹം പത്നിയായ ജഗ്‌ജിത് കൗറിനെക്കൊണ്ട് പാടിക്കുകയുണ്ടായി. 

സിനിമാ ഗാനങ്ങൾക്ക് പുറമെ ഖയ്യാം അർദ്ധശാസ്ത്രീയ ഗാനങ്ങളും ഗസലുകളും  ചിട്ടപ്പെടുത്തിയിട്ടുണ്ട്. 'പാവ് പഡൂം തോരെ ശാം..', 'ബ്രിജ് മേം ലോട്ട് ചലോ..', 'ഗസബ് കിയാ തെരെ വാദേ  പേ.. '  എന്നിവയും മീനാ കുമാരിയുടെ  'ഐ റൈറ്റ് , ഐ റീസൈറ്റ്'  എന്ന കവിതാ ആൽബവും അതിലുൾപ്പെടും. 

" ഞാൻ എന്റെ പാട്ടുകൾക്ക് സംഗീതം പകരുന്നത് ഒരിക്കലും ഒരു സംഗീത ഉപകരണത്തിലുമല്ല.."  എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സംഗീതം ഉടലെടുത്തിരുന്നത് അദ്ദേഹത്തിന്റെ ഹൃദയത്തിനുള്ളിലായിരുന്നു. ഗസലിൽ തന്റെ ഈണങ്ങളുടെ ആത്മാവിനെ വ്യാപരിപ്പിച്ചിരുന്നെങ്കിലും  ഖയ്യാമിന്റെ സംഗീതത്തിന്റെ അടിവേരുകൾ ഹിന്ദുസ്ഥാനി ക്ലാസ്സിക്കൽ സംഗീതത്തിൽ തന്നെയായിരുന്നു. ആ ശക്തമായ അടിത്തറയിൽ നിന്നും അദ്ദേഹം ഒരുക്കിയ പാട്ടുകൾ കാലത്തെ  അതിവർത്തിക്കുന്നവയായിരുന്നു.