ബഹിരാകാശത്തെത്തിയ ഏക ഭാരതീയൻ. ഇന്ത്യൻ വ്യോമസേനയിൽ 'ഡെക്കറേറ്റഡ്' വിങ്ങ് കമാൻഡർ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ ഏറ്റവും വിദഗ്ദ്ധനായ എക്സ്പെരിമെന്റൽ ടെസ്റ്റ് പൈലറ്റ്. രാകേഷ് ശർമ്മ ഇതൊക്കെയാണ്. ഏറെ സംഭവബഹുലമായ ഔദ്യോഗികജീവിതത്തിനു ശേഷം കൂനൂരിൽ വിശ്രമ ജീവിതം നയിക്കുന്ന രാകേഷ് ശർമ്മ, ഡിസി ബുക്സിന്റെ സ്‌പേസസ് ഫെസ്റ്റിവലിന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലെ ബാബു രാമചന്ദ്രനുമായി നടത്തിയ സംഭാഷണത്തിൽ നിന്നും.

ഒരു തലമുറയുടെ ടെക്സ്റ്റ്ബുക്ക് ഹീറോ ആയിരുന്നു അങ്ങ്. ഇപ്പോഴത്തെ തലമുറ അങ്ങയുടെ ബഹിരാകാശവിജയത്തിന്റെ പ്രസക്തി തിരിച്ചറിയുന്നുണ്ടോ..? ഏതെങ്കിലും ഒരു ഷോപ്പിങ്ങ് മോളിൽ വെച്ച് അവർ അങ്ങയെ ഇപ്പോഴും തിരിച്ചറിയുകയും അച്ഛനമ്മമാരെ വിളിച്ചു കാണിക്കുകയും ചെയ്യുന്നുണ്ടോ..? 

രാകേഷ് ശർമ്മ : തിരിച്ചാണ് പതിവ്. അവർക്ക് എന്നെ അറിയില്ല. എന്നാൽ അവരുടെ അമ്മമാർക്കും അച്ഛൻമാർക്കും രാകേഷ് ശർമയെ അറിയാം. അവർ മക്കളെ വിളിച്ച് കാണിച്ചുകൊടുക്കും. " ദേ നോക്ക്.. രാകേഷ് ശർമ്മ.. ഇദ്ദേഹമാണ് ഇന്ത്യക്കുവേണ്ടി ബഹിരാകാശത്ത് പോയത്..' എന്ന്. ആദ്യമൊന്നും വിശ്വസിക്കില്ല അവരെങ്കിലും, ഇതേപ്പറ്റി പറഞ്ഞുകൊടുക്കുമ്പോൾ അവര്ക് സന്തോഷമാകാറുണ്ട്.

ഇന്നത്തെ മക്കൾക്ക് രോഹിത് ശർമയെ അറിയാം, ഇഷാന്ത് ശർമയേയും. എന്നാൽ ഭൂരിഭാഗം പേർക്കും രാകേഷ് ശർമയെ പരിചയമില്ല. അതേ സമയം അവരുടെ ടെക്സ്റ്റ് ബുക്കുകളിൽ രാകേഷ് ശർമയ്ക്ക് മുമ്പ് നീൽ ആംസ്ട്രോങ് വരുന്നുണ്ട്. നമ്മുടെ ദേശീയ ഹീറോകളോട് അവഗണനയുണ്ട് എന്ന് തോന്നിയിട്ടുണ്ടോ..?

അതൊന്നും സാരമില്ല. അവർ ഏതെങ്കിലും ഒരു കോമ്പിറ്റീറ്റിവ് പരീക്ഷ എഴുതും വരെ കാത്തിരുന്നാൽ മതി നിങ്ങൾ . ആദ്യ ചോദ്യം എല്ലാ പരീക്ഷയിലും ഇതുതന്നെയാണ്. 

കുട്ടിക്കാലത്ത് പൈലറ്റാവണം എന്ന മോഹമുണ്ടായിരുന്നോ..? ആകാശത്ത് ജെറ്റ് വിമാനം മൂളിയകലുന്നത് കാണുമ്പൊൾ, ഒരുനാൾ അത് പറത്തണം എന്ന മോഹമുണ്ടായിട്ടുണ്ടോ..? 

എനിക്ക് ഒരു കസിൻ ചേട്ടനുണ്ടായിരുന്നു വ്യോമസേനയിൽ ഫൈറ്റർ പൈലറ്റായി. എന്റെ ആറാമത്തെ വയസ്സിൽ അദ്ദേഹമെന്നെ ഒരിക്കൽ എയർഫോഴ്‌സ് ബേസിനുള്ളിൽ കൊണ്ടുപോയി. അന്നൊക്കെ വാംപയർ യുദ്ധവിമാനങ്ങളായിരുന്നു. അദ്ദേഹം എന്നെ ഒരു വാംപയറിന്റെ കോക്ക്പിറ്റിനുള്ളിൽ കയറ്റി. ആ ഡയലുകളും ഗേജുകളും ഒക്കെ കണ്ടപ്പോൾ ഞാൻ ആകെ മോഹിതനായിപ്പോയി. അത് അധികം താമസിയാതെ തന്നെ എന്റെ കൗമാര സ്വപ്നങ്ങളുടെ ഭാഗവുമായി. 

എത്രാമത്തെ വയസ്സിലാണ് വ്യോമസേനയിൽ ചേരുന്നത്..?

സീനിയർ കേംബ്രിഡ്ജ് പഠനം പൂർത്തിയാക്കിയ ഉടനെ പതിനഞ്ചാമത്തെ വയസ്സിലാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം കിട്ടുന്നത്. അവിടത്തെ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റാവുന്നത്. എന്റെ ഇരുപത്തൊന്നാമത്തെവയസ്സിൽ, 1971-ൽ ഞാനൊരു യുദ്ധത്തിൽ ശത്രുരാജ്യത്തിന്റെ വിമാനങ്ങൾക്കെതിരെ അക്രമണദൗത്യങ്ങളുമായി പറക്കാൻ  തുടങ്ങിയിരുന്നു. 

അന്ന് ഏതെങ്കിലും 'ഡോഗ് ഫൈറ്റുകൾ' നടന്നിരുന്നു പാക് വിമാനങ്ങളുമായി ആകാശത്ത്..?

ഇല്ല.. കാരണം പാക് സൈന്യത്തിന് യുദ്ധം എത്രനാൾ നീണ്ടുനിൽക്കും എന്നറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ അവർ ആകാശത്ത് ഒട്ടും ഒഫൻസീവ് അല്ലായിരുന്നു. ആകാശത്തുവച്ച് അവരെ ഒന്ന് പിന്തുടരുമ്പോഴേക്കും അവർ തിരികെ സ്വന്തം അതിർത്തിക്കുള്ളിലേക്ക് പിന്മടങ്ങുമായിരുന്നു അന്നൊക്കെ. എനിക്ക് എയർ ഡിഫൻസ് വിഭാഗത്തിലായിരുന്നു ഉത്തരവാദിത്തം എന്നതുകൊണ്ട് പിന്നാലെ പോയിരുന്നില്ല.

അങ്ങ് വ്യോമസേനയിൽ ചേരുന്നത് എഴുപതുകളിലാണ്. പ്രൊപ്പല്ലർ ടൈപ്പ് വിമാനങ്ങൾ തൊട്ട് മിഗ് 21  സൂപ്പർ സോണിക് ഫൈറ്റർ ജെറ്റുകൾ വരെ അങ്ങ് പറത്തിയിട്ടുണ്ട്. ഇന്നുവരെ പറത്തിയ വിമാനങ്ങളിൽ വെച്ച് അങ്ങേക്ക് ഏറ്റവും സംതൃപ്തി തന്നത് ഏതായിരുന്നു..? 

ഞാനെന്റെ ഓപ്പറേഷണൽ ഫ്ളയിങ്ങ് കരിയർ തുടങ്ങുന്നത് ഒരു മിഗ് 21-ലാണ്. എന്നാൽ ടെസ്റ്റ് പൈലറ്റ് എന്ന നിലക്ക് ഞാൻ ഒരു വിധം എല്ലാ തരത്തിലുള്ള വിമാനങ്ങളും പറത്തിയിട്ടുണ്ട്. 

അങ്ങ് കുഞ്ഞായിരിക്കുമ്പോൾ കണ്ട അതേ വിമാനം പറത്താൻ ഒരു അവസരമുണ്ടായോ..?

ഏത്..? വാംപയറോ..? ഉവ്വ്.. എന്റെ പരിശീലനപ്പറക്കലുകൾ പലതും വാംപയറിൽ ആയിരുന്നു. വ്യോമസേനയിൽ ഫൈറ്റർ ആകുന്നതിനു മുമ്പുള്ള പഠനം വാംപയർ വിമാനങ്ങളിലായിരുന്നു.

ഏതാണ് കൂടുതൽ അങ്ങയെ ആകർഷിച്ചിട്ടുള്ളത്..? ഒരു ഫൈറ്റർ വിമാനത്തിലേറി, വ്യോമാതിർത്തികളിൽ ശത്രുക്കളുമായി ഡോഗ് ഫൈറ്റിൽ ഏർപ്പെടുന്നതോ ? അതോ ഡിസൈൻ ടേബിളിലെ ഇനിയും പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു ഡിസൈൻ ആദ്യമായി പറത്തി, അറിയാത്ത ഡിസൈൻ പിഴവുകൾ കണ്ടെത്തുന്നതോ..? 

ടെസ്റ്റിംഗിൽ തന്നെ രണ്ടു തരത്തിലുള്ള പറക്കലുകൾ ഉണ്ട്. ഒന്ന്, ഒരു പ്രൂവൺ ഡിസൈൻസ്. പ്രൊഡക്ഷൻ ലൈനിൽ നിന്നും വരുന്ന ആ വിമാനങ്ങൾ പറപ്പിച്ച് നോക്കുക. രണ്ട്, എക്സ്പെരിമെന്റൽ ടെസ്റ്റ് പൈലറ്റ്. അത് മുമ്പ് പറത്തിയിട്ടേയില്ലാത്ത വിമാനങ്ങൾ ആദ്യമായി ആകാശത്തേക്കുയർത്തി ഡിസൈൻ പിഴവുകൾക്കായി പരിശോധനകൾ നടത്തുക. ഈ പരിശീലനപ്പറക്കലുകൾ ഒരു ഫൈറ്റർ പൈലറ്റിനെ  ഒരു ഡിസൈനറുടെ ഭാഷയിൽ സംസാരിക്കാൻ പഠിപ്പിക്കും. 

1961-ൽ റഷ്യ ആദ്യമായി ഒരാളെ ബഹിരാകാശത്തേക്കയച്ചു. എട്ടുവർഷങ്ങൾക്കു ശേഷം, 1969-ൽ  അമേരിക്ക ആദ്യമായി ഒരാളെ ചന്ദ്രനിലിറക്കി. അക്കൊല്ലം തന്നെയാണ് ഇന്ത്യ ISRO സ്ഥാപിക്കുന്നത്. അതിനും പതിനഞ്ചു വർഷങ്ങൾക്കിപ്പുറമാണ് ഇന്ത്യയ്ക്ക് റഷ്യയോട് സഹകരിച്ചുകൊണ്ട് ഒരാളെ ആദ്യമായി ബഹിരാകാശത്തേക്കയക്കാൻ അവസരം കിട്ടുന്നത്, ഒരു റിസർച്ച് കോസ്മണോട്ടിന്റെ റോളിൽ. അതെന്തുകൊണ്ട് ഒരു എയർഫോഴ്സ് ഫൈറ്റർ പൈലറ്റായി..? എന്തുകൊണ്ട് ISRO തങ്ങളുടെ ഒരു ശാസ്ത്രജ്ഞനെ റിസർച്ച് കോസ്മണോട്ടായി പറഞ്ഞയിച്ചില്ല..? 

 രാകേഷ് ശർമ്മ : അതിനുള്ള പ്രധാനകാരണം ISROക്ക് അന്നൊരു 'മാൻ ഇൻ സ്‌പേസ്' പ്രോഗ്രാം ഉണ്ടായിരുന്നില്ല എന്നതാണ്. വിക്രം സാരാഭായിയുടെ ദർശനം വളരെ കൃത്യമായിരുന്നു. അദ്ദേഹം ആഗ്രഹിച്ചത് ഇന്ത്യയിലെ സാധാരണക്കാരനും ഗുണം ചെയ്യുന്ന തരത്തിലുള്ള ഉപഗ്രഹാധിഷ്ഠിതമായ ഒരു സ്വപ്നമായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ ഇന്ദിരാഗാന്ധി ഇങ്ങനെ ഒരു അവസരത്തെപ്പറ്റി പറഞ്ഞപ്പോൾ അവർ താത്പര്യം പ്രകടിപ്പിച്ചില്ല. അപ്പോൾ അത് സ്വാഭാവികമായും അത് ഇന്ത്യൻ വ്യോമസേനയിലേക്ക് വരികയായിരുന്നു. 


അങ്ങ് ബഹിരാകാശത്ത് ഏകദേശം എട്ടു ദിവസത്തോളം തങ്ങുകയുണ്ടായല്ലോ. മൈക്രോ ഗ്രാവിറ്റി അങ്ങയുടെ ശരീരത്തെ വല്ലാതെ ബാധിച്ചുവോ ? 

ഉറപ്പായും ബാധിച്ചിരുന്നു. എന്നാൽ മനുഷ്യന്റെ ശരീരം എന്തുതരം മാറ്റത്തോടും എളുപ്പത്തിൽ പൊരുത്തപ്പെടുന്ന ഒന്നാണ്. എന്റെ ശരീരവും താമസിയാതെ ആ ഒരു സവിശേഷാവസ്ഥയോട് പൊരുത്തപ്പെട്ടു. 


അങ്ങ് അവിടെ ബഹിരാകാശ നിലയത്തിൽ വെച്ച് കൂടെയുണ്ടായിരുന്ന റഷ്യൻ കോസ്മണട്ടുകൾക്ക് 'സീറോ ഗ്രാവിറ്റി' യോഗയിൽ പരിശീലനം നൽകുകയുണ്ടായി എന്ന് കേട്ടിട്ടുണ്ട്. എന്താണ് സീറോ ഗ്രാവിറ്റി യോഗയും സാധാരണ യോഗാഭ്യാസവും തമ്മിലുള്ള വ്യത്യാസം. 

സീറോ ഗ്രാവിറ്റിയിൽ എന്ത് ചെയ്യാനും ഏറെ പ്രയാസമാണ്. ഇന്ത്യയിലെ ഒരു ഏവിയേഷൻ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഒരു യോഗാഗുരുവിന്റെ കീഴിൽ യോഗ പഠിച്ചെടുക്കുകയും പിന്നീട്  ബഹിരാകാശത്ത് പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾക്ക് അനുസൃതമായി ആ ആസനങ്ങളെ മാറ്റിയെടുക്കുകയുമാണ് ഉണ്ടായത്. 


ബഹിരാകാശത്തേക്കുള്ള യാത്രകൾ എന്നും അപകടങ്ങൾ നിറഞ്ഞതാണ്. അങ്ങ് പോകുന്നതിനു മുമ്പ് നിരവധി അപകടങ്ങളിൽ നിരവധി സഞ്ചാരികൾ മരണപ്പെട്ടിട്ടുണ്ട്. ആ ഒരു സാഹചര്യത്തിൽ ബൈക്കന്നൂരിൽ നിന്നും ലോഞ്ചിന് മുമ്പുള്ള ഒരു മാനസികാവസ്ഥ എന്തായിരുന്നു ? 

പതിനെട്ടുമാസം നീണ്ടുനിന്ന എന്റെ റഷ്യൻ പരിശീലനകാലത്ത്, നാട്ടിൽ എന്റെ കൂടെ വ്യോമസേനയിൽ സേവനമാരംഭിച്ചവരിൽ ഏഴുപേർ വിമാനാപകടങ്ങളിൽ മരണപ്പെട്ടിരുന്നു. യുദ്ധത്തിലും, സാധാരണ പരിശീലനപ്പറക്കലുകളിലും വരെ ജീവാപായമുണ്ടാവുക പതിവാണ്. ഒരു വ്യോമസേനാ പൈലറ്റിന്റെ ജീവിതത്തിലെ നിത്യസന്ദർശകനാണ് മരണം. ഞങ്ങളുടെ കുടുംബങ്ങളും അന്ന് ആ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെട്ടുതന്നെയാണ് ജീവിച്ചിരുന്നത്. 

'സാരേ ജഹാം സെ അച്ഛാ..' നിമിഷത്തെപ്പറ്റി ചോദിക്കാതെ ഒരു രാകേഷ് ശർമ്മ അഭിമുഖം പൂർണമാകില്ലല്ലോ. അന്ന് മുകളിൽ നിന്നും അക്ഷരാർഥത്തിൽ ലോകത്തിൽ മറ്റെന്തിനേക്കാളും നന്നായി തോന്നിയിരുന്നോ ?

ബഹിരാകാശത്തുനിന്നും എളുപ്പത്തിൽ കാണാവുന്ന ഭൂഭാഗങ്ങളാണ് ഏഷ്യയും ആഫ്രിക്കയും. നമ്മുടെ നാട്ടിൽ അത്രമാത്രം വൈവിധ്യമുണ്ട്. കാടുകൾ, മരുഭൂമികൾ, മലകൾ, പുഴകൾ, കടൽത്തീരങ്ങൾ, പീഠഭൂമികൾ, തടാകങ്ങൾ. അക്ഷരാർത്ഥത്തിൽ, ഈ ലോകത്തെ മറ്റെന്തിനേക്കാളും ഭംഗിയുണ്ടായിരുന്നു അപ്പോൾ ഇന്ത്യയെക്കാണാൻ.. ഞാൻ പറഞ്ഞത് തീർത്തും സത്യം മാത്രമാണ്..!