Asianet News MalayalamAsianet News Malayalam

'മുട്ടിനുമുട്ടിന് 'ആലിംഗനം, ചുംബനം..' എന്നൊക്കെ എഴുതിവെച്ചാൽ കവിതയാവില്ല' - ഇന്ന് കുട്ടികൃഷ്ണമാരാർ ചരമദിനം

കല കലയ്ക്കുവേണ്ടിയോ അതോ ജീവിതത്തിനു വേണ്ടിയോ എന്ന ചർച്ചകൾ നടന്നുകൊണ്ടിരിക്കെ 'കല ജീവിതം തന്നെയാണ്' എന്ന് ഉറക്കെ പ്രഖ്യാപിച്ചയാളാണ് കുട്ടികൃഷ്ണമാരാർ

Kuttikrishna marar critic 47th death anniversary
Author
Kozhikode, First Published Apr 6, 2020, 10:02 AM IST

മലയാള സാഹിത്യത്തറവാട്ടിലെ കാരണവർ കുട്ടികൃഷ്ണമാരാർ നമ്മളെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് നാല്പത്തഞ്ചു വർഷം തികയുന്നു. ഇന്നത്തെ തലമുറയ്ക്ക് ഏറെക്കുറെ അപരിചിതനാവും മാരാരെങ്കിലും, മലയാള ഭാഷാ ശൈലിയെപ്പറ്റിയുള്ള ഗൗരവതരമായ പഠനങ്ങൾ നടത്തിയ, സാഹിത്യ വിമർശനത്തെ ഒരു സാധനയെന്നോണം പിൻപറ്റിയിരുന്ന ഒരു ഭാഷാശാസ്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹത്തിന് മലയാളത്തിലുള്ള സ്ഥാനം അദ്വിതീയമാണ്. 

1900 -ല്‍ മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട്ട് കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായാണ് കുട്ടികൃഷ്ണമാരാർ ജനിച്ചത്. മാരാത്ത് കുടുംബത്തിൽ ആറ്റുനോറ്റുണ്ടായ പുരുഷ പ്രജയായിരുന്നു കുട്ടികൃഷ്ണൻ. വളരെക്കാലമായി അവിടെ ഒരു ആൺകുഞ്ഞ് വാണിട്ട്. മാരാന്മാർ, ചെണ്ടകൊട്ടഭ്യാസികൾ, അമ്പലങ്ങളെ ആശ്രയിച്ചു ജീവിച്ചു പോന്നിരുന്ന കാലമാണ്. ലക്ഷ്മിക്കുട്ടിയമ്മ അഞ്ചാറ് പ്രസവിച്ചെങ്കിലും മൂത്തമകളൊഴികെ എല്ലാവരും ചെറുപ്പത്തിലേ തന്നെ മരിച്ചുപോയ്ക്കൊണ്ടിരുന്നു. 

"ഇവിടെ ഒരു ആൺകുട്ടിയുണ്ടായി അമ്പലത്തിൽ പ്രവൃത്തി ചെയ്തു ചോറുകൊണ്ടുവന്നൂണുകഴിച്ചിട്ടു കണ്ണടയ്ക്കാൻ സാധിക്കണേ തൃപ്രങ്ങോട്ടപ്പാ..!" എന്ന് മാരാരുടെ മുത്തശ്ശി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കഴിവിൽക്കവിഞ്ഞ വഴിപാടുകൾ നേർന്നു, തീർത്ഥയാത്രകൾ ചെയ്തു. അങ്ങനെയിരിക്കെ ജനിച്ചുവീണ ആൺതരിയാണ് കുട്ടികൃഷ്ണൻ. ബാലാരിഷ്ടതകൾ പലതും അലട്ടിയെയെങ്കിലും ജീവനും പേറി കുട്ടികൃഷ്ണൻ വളർന്നുവന്നു. 

അച്ഛൻ കൃഷ്ണമാരാർ നന്നേ ചെറുപ്പത്തിൽത്തന്നെ മോനെ താളവാദ്യങ്ങൾ പഠിപ്പിച്ചു തുടങ്ങി. ആറോ ഏഴോ വയസ്സായപ്പോഴേക്കും തന്നെ കുട്ടികൃഷ്ണൻ ക്ഷേത്രത്തിൽ അരങ്ങേറി. അന്നേ ദിവസം നടയടച്ച് ഒരിലക്കീറിൽ ആദ്യത്തെ നിവേദ്യച്ചോറുമായി വീട്ടിൽ തിരിച്ചുചെന്ന്  മുത്തശ്ശിയെ ഊട്ടി. അന്നു വൈകുന്നേരം അവർ ക്ഷേത്രനടയ്ക്കൽ ചെന്നു നിന്ന് തൊഴുതു പൊട്ടിക്കരഞ്ഞുവത്രേ.. ഏറെത്താമസിയാതെ അവർ കൃതാർത്ഥയായി മരിച്ചുപോവുകയും ചെയ്തു. 

അങ്ങനെ  ബാല്യകാലത്ത് തന്നെ ചൂഴ്ന്നു നിന്നിരുന്ന മരണത്തെ അതിജീവിച്ചു വളർന്നുവന്ന കുട്ടികൃഷ്ണന് കുലത്തൊഴിലായിരുന്ന ചെണ്ടകൊട്ടഭ്യാസത്തോട് കാര്യമായ പ്രതിപത്തിയൊന്നും ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല, കടുത്ത വെറുപ്പുമായിരുന്നു. എന്നാലും അച്ഛൻ തന്നാലാവും വിധം ശാസനകളോ ശിക്ഷകളോ ഒന്നും കൂടാതെ ഒരുവിധം കൊട്ടിത്തെളിയിച്ചു മകനെ. ഓർമവെച്ച കാലം മുതൽക്കേ കുട്ടികൃഷ്ണന് ചിത്രമെഴുത്തിനോടായിരുന്നു കമ്പം. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, "ക്ഷേത്രങ്ങളിൽ ചെല്ലുമ്പോൾ അവിടത്തെ വിണ്ടടർന്ന ചുമരുകളിൽ ഏറെക്കുറെ അവശേഷിച്ചിട്ടുള്ള പഴയ ചിത്രങ്ങളെ ഉറ്റുനോക്കി പോരാത്ത ഭാഗങ്ങളെ ഭാവനകൊണ്ട് ചേർത്തു രസിച്ചു നിൽക്കുന്ന" കൗമാരാഹ്ളാദങ്ങളായിരുന്നു കുട്ടികൃഷ്ണന്. അയൽഗൃഹങ്ങളിൽ ആണ്ടുതോറും നടന്നിരുന്ന ഭഗവതിപ്പാട്ടിനും വേട്ടക്കാരൻ പാട്ടിനും മറ്റും കല്ലാറ്റക്കുറുപ്പ് വന്നിരുന്ന് കളമെഴുതുന്നത് നോക്കിനിൽക്കാൻ തരപ്പെട്ടില്ലെങ്കിൽ ആകെ സങ്കടപ്പെട്ടു പോവുമായിരുന്നു അവൻ. 

കുട്ടികൃഷ്ണന്റെ വരയിലുള്ള ജന്മവാസനയെ വളർത്തിക്കൊണ്ടുവരാനുള്ള പരിസ്ഥിതിയൊന്നും അന്ന് ആ പ്രദേശത്തുണ്ടായിരുന്നില്ല. അത് വളർത്തിക്കൊണ്ടു വരേണ്ട ഒരു വാസനയാണ് എന്ന് വിചാരിക്കാൻ പോലും അവനാരുമുണ്ടായിരുന്നില്ല. എന്നിട്ടും, അവന്റെ ഔത്സുക്യം വളർന്നുതന്നെ വന്നു. കയ്യിൽ കിട്ടിയ കടലാസ്സിലും വീട്ടിലെ ചുവരുകളിലുമൊക്കെ ഓരോ രൂപങ്ങൾ വരച്ചും അതിനു പലപ്പോഴും പെറ്റമ്മയുടെയും ഉടപ്പിറന്നോളുടെയും ശകാരം കേട്ടും ആ കമ്പത്തെ അവൻ പരിലാളിച്ചുപോന്നു.

യഥാകാലത്ത് എഴുത്തിനിരുന്ന് ഒരു കുടിപ്പള്ളിക്കൂടത്തിൽ പോയി എഴുതാനും വായിക്കാനും പഠിച്ചു കുട്ടികൃഷ്ണൻ. അതുകഴിഞ്ഞ് അടുത്തുള്ള ഒരു സംസ്കൃത പണ്ഡിതന്റെ അടുക്കൽ ചെന്ന് സംസ്കൃതകാവ്യപാഠം തുടങ്ങി. അക്കാലത്ത് നാട്ടിലാകെ സംസ്കൃത വിദ്യാഭ്യാസത്തിന്റെ ഒരു പാരമ്പര്യമുണ്ടായിരുന്നു. താത്പര്യമില്ലാതിരുന്ന ചെണ്ടകൊട്ടഭ്യാസത്തിൽ നിന്നും ഒഴിവുനേടാൻ വേണ്ടി മാത്രം കുട്ടികൃഷ്ണൻ  അറു മുഷിപ്പനായ ആ സംസ്കൃത കാവ്യങ്ങൾ ഹൃദിസ്ഥമാക്കി. സ്‌കൂളിലും മറ്റുമായി കുറെയൊക്കെ ഓതിപ്പഠിച്ചു കഴിഞ്ഞപ്പോള്‍ കോളേജിൽ ചേർന്നു പഠിക്കാൻ വേണ്ടി ഗുരുവായൂരോ പട്ടാമ്പിയോ ചെന്നുനിൽക്കേണ്ടി വരുമെന്നു വന്നു. 

എന്തായാലും വീട്ടിൽ നിന്നും വിട്ടുനിൽക്കണം, അപ്പോൾ പിന്നെ ഗുരുവായൂരുള്ള ഒരു കലാകാരന് ശിഷ്യപ്പെട്ട് ചിത്രകല കൂടി അഭ്യസിച്ചേക്കാം എന്നു കരുതി അതിനായി ഉത്സാഹിച്ചു കൃഷ്ണൻ. അപ്പോഴാണ് അമ്മ പറയുന്നത് അവൻ കേൾക്കുന്നത്, "ഗുരുവായൂര് തന്നെയാ നല്ലത്, അതാവുമ്പോ കൊച്ചമ്മാന്റെ അടുക്കൽ മന്ത്രവാദവും പഠിക്കാം കുട്ടികൃഷ്ണന്.." അത് അവനെ ഭയഭീതനാക്കി. ഭൂതപ്രേതപിശാചുക്കളിന്മേൽ ആധിപത്യം സ്ഥാപിച്ച പേരുകേട്ട മന്ത്രവാദിയായിരുന്നു കുട്ടികൃഷ്ണന്റെ കൊച്ചമ്മാൻ. അദൃശ്യമായ മാട്ടുമാരണങ്ങളുടെ  പശ്ചാത്തലത്തിൽ കറുത്ത് വാർധക്യശുഷ്കമായ കൊച്ചമ്മാന്റെ മുഖം പോലും ഭയപ്പെടുത്തുന്ന ഒരോർമ്മയായിരുന്നു അവന്റെ മനസ്സിൽ. ഗുരുവായൂർക്ക് പോയാൽ ആഗ്രഹിച്ചാലും ഇല്ലെങ്കിലും മന്ത്രവാദം പഠിക്കേണ്ടി വരുമെന്നുള്ള ഉൾഭയം വന്നുകേറിയതോടെ കുട്ടികൃഷ്ണന്റെ ചിത്രകലാഭിരുചി എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷമായി. സംസ്കൃതം എന്ന ഒരൊറ്റ സാധനയുമായി അവൻ പട്ടാമ്പിയിലേക്ക് വണ്ടികയറി. പിൽക്കാലത്ത് അദ്ദേഹം തന്റെ ചിത്രകലാഭ്യാസം തുടരുകയും ചുവർ ചിത്രങ്ങൾ പലതും വരയ്ക്കുകയും ചെയ്തു. തന്റെ പിതൃഗ്രാമക്ഷേത്രമായ കരിക്കാട് സുബ്രഹ്മണ്യക്ഷേത്രത്തിൽ അയ്യപ്പന്റെ ശ്രീകോവിൽചുമരിൽ കുട്ടികൃഷ്ണമാരാര് വരച്ച ചിത്രം പ്രശസ്തമാണ്.

പത്രത്തിലെ ജീവിതം..

പട്ടാമ്പി സംസ്കൃത കോളേജിൽ മഹാപണ്ഡിതൻ പുന്നശ്ശേരി നമ്പിയുടെ കീഴിൽ അഭ്യസിച്ച സംസ്കൃതമാണ് കുട്ടികൃഷ്ണൻമാരാർ എന്ന ഭാഷാ പണ്ഡിതന്റെയും നിരൂപകന്റെയും അടിസ്ഥാന ശില. 1923 -ൽ സാഹിത്യശിരോമണി പരീക്ഷ പാസായ ശേഷം കോഴിക്കോട്ട് മാതൃഭൂമി പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. കുട്ടികൃഷ്ണമാരാരുടെ പ്രധാനപ്പെട്ട സാഹിത്യരചനകളിൽ പലതും സംഭവിക്കുന്നത് 'പ്രൂഫ് റീഡർ' എന്ന തസ്തികയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിനിടെയാണ്. 

 

Kuttikrishna marar critic 47th death anniversary
 

അക്കാലങ്ങളിൽ കോഴിക്കോട്ട് പ്രചരിച്ചിരുന്ന രസകരമായൊരു മാരാർപുരാണം പങ്കുവെക്കാം. ഉഗ്രപ്രതാപിയായ കെ പി കേശവമേനോൻ മാതൃഭൂമി അടക്കിവാഴുന്ന കാലമാണ്. അന്ന് അദ്ദേഹം തന്റെ 'നാം മുന്നോട്ട്..' എന്ന കൃതി എഴുതിപ്പൂർത്തിയാക്കി പ്രസിദ്ധീകരിക്കാൻ തയ്യാറെടുക്കുന്ന കാലം. കാര്യം, മാരാർ അദ്ദേഹത്തിന്റെ കൂലിത്തൊഴിലാളികളിൽ  ഒരുവനാണെങ്കിലും, ഒരു എഴുത്തുകാരൻ എന്ന നിലയിൽ മേനോന് അദ്ദേഹത്തെ നല്ല ബഹുമാനമായിരുന്നു. പുസ്തകത്തിന്റെ അവതാരിക മാരാരെക്കൊണ്ടുതന്നെ എഴുതിക്കണം എന്ന  മോഹം കലശലായപ്പോൾ മേനോന്‍ തന്റെ ഒരു ശിങ്കിടി മുഖാന്തിരം ആവശ്യം അറിയിച്ചു. സംഭവം ഒന്നോടിച്ച് വായിച്ച ശേഷം, എഴുതിയത് തന്റെ മേലാളനായ കെ പി കേശവമേനോനാണ് എന്ന പരിഗണനയൊന്നും കൂടാതെ മുഖത്തടിച്ച പോലെ മാരാര്‍ മറുപടി പറഞ്ഞു, "ഞാൻ ബാല സാഹിത്യത്തിന് അവതാരിക എഴുതാറില്ല.." 

മാരാരുടെ ഈ 'വെട്ടൊന്ന് മുറി രണ്ട് ' എന്ന സ്വഭാവം സ്ഥാപനത്തിൽ ഏറെ പ്രസിദ്ധമായിരുന്നു. കവിതയോ മറ്റോ കൊടുക്കാനായി ആയിടെ പത്രത്തിലെ എഡിറ്ററെ കാണാൻ വന്ന ഒരു കവി, അവരിരുന്ന മുറിയിലൂടെ തന്റെ മുറിയിലേക്ക് പോകുകയായിരുന്ന മാരാരെ കണ്ടപ്പോൾ, എഡിറ്ററോട് ചെണ്ടകൊട്ടുന്ന ആംഗ്യം കാണിച്ചുകൊണ്ട് ചോദിച്ചു, " മാരാരല്ലേ..? "  അപ്പോൾ എഡിറ്റർ, "കൊട്ടുന്ന മാരാരല്ല, ഇത് ആളോളെ ചെണ്ട കൊട്ടിയ്ക്കുന്ന ജാതി മാരാരാണ്.." എന്നും പറഞ്ഞ് കുലുങ്ങിച്ചിരിച്ചുപോലും..!

എൻ വി കൃഷ്ണവാര്യരായിരുന്നു മാതൃഭൂമിയിലെ അക്കാലത്തെ പ്രധാന എഡിറ്ററെങ്കിലും, ഇടയ്ക്കൊക്കെ ആൾ അവധിക്കും മറ്റും പോയിരുന്ന ഇടവേളകളിൽ രണ്ടാമനായ മാരാർക്കാണ് ടി  ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നിരുന്നത്. ഏറിവന്നാൽ ഒരാഴ്ച നീണ്ടുനിന്നിരുന്ന ആ അവധിദിനങ്ങൾ കഴിഞ്ഞ് എൻ വി തിരികെ ഓഫീസിൽ വന്ന് ചാർജ്ജേറ്റെടുത്താൽ ആദ്യം ചെയ്തിരുന്നത് തന്റെ മേശച്ചുവട്ടിലെ ചവറ്റുകുട്ട പരതുകയായിരുന്നത്രെ..! എന്തിനെന്നോ..? അത് ചികഞ്ഞുനോക്കിയാൽ 'പാലാഴിമഥനത്തിനിടെ അമൃതകുംഭ'മെന്നപോലെ  പി കുഞ്ഞിരാമൻ നായർ, ജി ശങ്കരക്കുറുപ്പ്, കക്കാട്, ഇടശ്ശേരി തുടങ്ങിയ മഹാകവികളുടെ ശരാശരി കവിതകൾ വെളിപ്പെടുമത്രേ. കവിയുടെ പേരിനേക്കാൾ കവിതയുടെ നിലവാരത്തിനായിരുന്നു മാരാർ പരിഗണന കൊടുത്തിരുന്നതെന്നു സാരം. 

വള്ളത്തോൾ, നാലപ്പാട്ട് നാരായണമേനോൻ തുടങ്ങി പലരുമായും പരിചയം സ്ഥാപിക്കുന്നു മാരാർ അക്കാലത്ത്. അവരുടെ എഴുത്തുകൾക്ക് പ്രൂഫ് വായിക്കുന്നു. മഹാഭാരതത്തെ ആസ്പദമാക്കിയുള്ള 'ഭാരതപര്യടന'മെന്ന തന്റെ വിഖ്യാതമായ കൃതി രചിക്കുന്നു മാരാർ. സാഹിത്യ നിരൂപണ സംബന്ധിയായ പല ചിന്തകളും അദ്ദേഹത്തിൽ ഉടലെടുക്കുന്നതും അക്കാലത്തുതന്നെ. സൗന്ദര്യബോധമാണ്, യുക്തിബോധമല്ല സാഹിത്യത്തിൻറെ അധിഷ്ഠാനമെന്നായിരുന്നു അദ്ദേഹത്തിന്റെ ബോധ്യം. കവിയുടെ ഭാവാത്മകമായ സൗന്ദര്യബോധത്തിൽ നിന്നും ഉറവയെടുത്ത് സഹൃദയന്റെ ഭാവാത്മകമായ സൗന്ദര്യബോധത്തിൽ ചെന്ന് ലയിക്കുന്നതാണ് സാഹിത്യത്തിന്റെ വായനാനുഭവമെന്നാണ് അദ്ദേഹം മനസ്സിലുറപ്പിച്ചിരുന്നത്. 

അക്കാലത്ത് ഏറെ പ്രചാരം സിദ്ധിച്ചിരുന്ന ഹാസ്യസാഹിത്യത്തെ അദ്ദേഹം നിശിതമായി വിമർശിക്കുന്നുണ്ട്. നർമബോധത്തെയും പരകുത്സനതൃഷ്ണയെയും തമ്മില്‍ വേർതിരിച്ചറിയാൻ കഴിയണം എഴുത്തുകാർക്കെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.  'കല ജീവിതം തന്നെ' എന്ന തന്റെ പ്രസിദ്ധമായ ഗ്രന്ഥത്തിൽ അദ്ദേഹം ഹാസ്യസാഹിത്യകാരനായ സഞ്ജയനെ ഉദ്ധരിച്ചുകൊണ്ട് അതിനെ ഇങ്ങനെ വിശദീകരിക്കുന്നുണ്ട്, "നിങ്ങളുടെ പരിഹാസത്തിനു ലാക്കായിത്തീരുന്ന ഒരാൾക്ക് അത്യാപത്തുവന്നു എന്നറിഞ്ഞാൽ, അതിനെക്കുറിച്ച് അയാളുടെ പരമബന്ധുവിനുള്ളതുപോലെ ഉള്ളഴിഞ്ഞ സഹതാപം നിങ്ങൾക്കുണ്ടാവുമെന്നു ധൈര്യമുണ്ടോ..? ഉണ്ടെങ്കിൽ മാത്രം ഹാസസാഹിത്യകാരന്റെ തൂലിക തൊട്ടാൽ മതി."  

കുമാരനാശാന്റെ ലീലയെന്ന കൃതിയെ വിമർശിച്ചുകൊണ്ട് മാരാരെഴുതിയ 'ആശാന്റെ ലീല' എന്ന ലേഖനം ഏറെ പ്രശസ്തമാണ്. ലീലയിൽ നായികയുടെ പിതാവും ഭർത്താവും ആകസ്മികമായി മരിച്ചുപോവുകയാണല്ലോ.   'നായികയെ സ്വതന്ത്രയാക്കുവാൻ വേണ്ടി കവി രണ്ടു കൊലപാതകങ്ങൾ ചെയ്തതായാണ് തോന്നുക' എന്ന് 'ഗ്രന്ഥവിഹാരം' എന്ന കൃതിയിലൂടെ വള്ളത്തോൾ ആശാനെതിരെ ഉന്നയിച്ച വിമർശനത്തിന്‌, യുക്തിയുടെ പിൻബലമുള്ള വിശകലനങ്ങൾ നൽകി വിപുലീകരിക്കുകയാണ് ഈ ലേഖനത്തിലൂടെ. ലീലാകാവ്യത്തിൽ ലീലാഭർത്താവിന്റെ മരണം, 'വൈക്കോൽവണ്ടിയിൽ നിന്നും വഴിക്ക് ഒരിഴ ഊരിവീഴും പോലെ' നിസ്സാരമായി തള്ളാവുന്നതല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതുപോലെ തന്നെ, സ്വതവേ ചങ്ങമ്പുഴയെന്ന കവിയെ സഞ്ജയനെപ്പോലുള്ള ഒരു വിമർശകന്റെ നിരന്തരമായ ആക്രമണങ്ങളിൽ നിന്നും വകഞ്ഞുപിടിച്ച് രക്ഷിക്കുമ്പോഴും, അതേ ചങ്ങമ്പുഴയിലെ കുറവുകൾ ചൂണ്ടിക്കാണിക്കാനും മാരാർ മടിച്ചിരുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം 'ധ്വനി' എന്നുപറയുന്നത്, കവിതക്കൂട്ടിലെ ഒഴിച്ചുനിർത്താനാവാത്ത ഒരു ചേരുവയായിരുന്നു. ഗ്രഹണി പിടിച്ച കുട്ടി ഇടയ്ക്കിടെ 'അരി, പഴം, പപ്പടം..' എന്നിങ്ങനെ പറയുന്നതുപോലെ, മുട്ടിനുമുട്ടിന് 'ആലിംഗനം, ചുംബനം..' എന്നൊക്കെ എഴുതിവെച്ചാൽ കവിതയാവില്ല എന്നായിരുന്നു മാരാരുടെ അഭിപ്രായം. ജയദേവകവിയുടെ ഗീതഗോവിന്ദം തന്നെ ധ്വന്യാത്മകമല്ലാത്തതിനാൽ മാരാർക്ക് പഥ്യമല്ലാത്ത ഒരു കൃതിയാണ്. അതിലും ഒരു ഗ്രേഡ് കുറഞ്ഞ 'ദേവഗീതി' എന്ന കൃതി ചങ്ങമ്പുഴ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ മാരാർ എഴുതിയത് ഇങ്ങനെയായിരുന്നു. " സ്വതവേ നേർത്ത ആ കൃതിയെ നമ്മുടെ നാട്ടിലെ ഒരു യുവകവി ഒരാവർത്തി കൂടി നേർപ്പിച്ചിരിക്കുന്നു.." 

മാരാർക്ക് കേരള, കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരങ്ങൾ  നേടിക്കൊടുത്ത കൃതിയായിരുന്നു, 'കല ജീവിതം തന്നെ'. കല കലയ്ക്കുവേണ്ടിയോ അതോ ജീവിതത്തിനു വേണ്ടിയോ എന്ന ചർച്ചകൾ നടന്നുകൊണ്ടിരിക്കെ 'കല ജീവിതം തന്നെയാണ്' എന്ന് ഉറക്കെ പ്രഖ്യാപിച്ചയാളാണ് കുട്ടികൃഷ്ണമാരാർ. സാഹിത്യസംബന്ധിയായ മാരാരുടെ ആദ്യ കൃതിയായ  സാഹിത്യഭൂഷണം, പിന്നീട് മലയാള വിദ്യാർത്ഥികൾക്ക് ഭാഷാപഠനത്തിന് സഹായകമാവുന്ന മലയാളശൈലി, സാഹിത്യ സല്ലാപം, രാജാങ്കണം, സാഹിത്യ വിദ്യ, ചര്‍ച്ചായോഗം, ദന്തഗോപുരം, ഋഷിപ്രസാദം, വൃത്ത ശില്പം എന്നിങ്ങനെ ഒന്നിനൊന്നു പ്രൗഢമായ സാഹിത്യഗ്രന്ഥങ്ങൾ മാരാർ രചിച്ചു. മാരാർ അക്കാലത്ത് പലർക്കുമെഴുതിയിരുന്ന കത്തുകളും മരണാനന്തരം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. തന്റെ തന്നെ പ്രസിദ്ധീകരണ സ്ഥാപനമായ 'മാരാർ സാഹിത്യ പ്രകാശ'ത്തിൽ അതെല്ലാം അച്ചടിപ്പിച്ച്  വിറ്റഴിച്ചു. കാളിദാസന്റെ പല കൃതികൾക്കും മാരാർ രചിച്ചിട്ടുള്ള പരിഭാഷകൾ ഉത്‌കൃഷ്ടങ്ങളാണ്. 

അവസാനകാലത്ത് അൽഷിമേഴ്‌സ് ബാധിതനായിരുന്നു അദ്ദേഹം . 1974  ഏപ്രിൽ 4-ന് തന്റെ എഴുപത്തിനാലാമത്തെ വയസ്സിൽ മാരാർ നമ്മളെ വിട്ടുപോയി. 

അവലംബം : മാരാർ കൃതികൾ

Follow Us:
Download App:
  • android
  • ios