ഒരു തെറ്റും ചെയ്യാതെയാണ് 1991 -ൽ ചെസ്റ്റർ ഹോൾമാനെ പൊലീസ് ഇരുമ്പഴിക്കുളിലാക്കിയത്. അദ്ദേഹത്തിന്റെ  നിരപരാധിത്വം കോടതിക്ക് ബോധ്യമാകാൻ നീണ്ട 28 വർഷം വേണ്ടിവന്നു. മൂന്ന് ദശാബ്ദകാലം ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കഴിഞ്ഞ അദ്ദേഹത്തെ കോടതി ഇപ്പോൾ കുറ്റവിമുക്തനാക്കി. കൂടാതെ പെൻ‌സിൽ‌വാനിയ നഗരം അദ്ദേഹത്തിന് നഷ്ടപരിഹാരമായി ഒരു തുക നൽകുകയും ചെയ്തു. അത് എത്രയാണെന്നോ? 9.8 ദശലക്ഷം ഡോളർ, അതായത് ഏകദേശം 71.63 കോടി രൂപ. അദ്ദേഹത്തിന് ഉണ്ടായ നഷ്ടങ്ങൾക്ക് ഒരിക്കലും അത് പരിഹാരമാവില്ലെങ്കിലും, പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന അദ്ദേഹത്തിന് ഇത് ഒരു സഹായമാവുമെന്നതിൽ സംശയമില്ല. എല്ലാം പ്രതീക്ഷയും നഷ്ടപ്പെട്ട ഇടത്തുനിന്ന് ആ 49 -കാരൻ വീണ്ടും എല്ലാം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയാണ്.    

പെൻ‌സിൽ‌വാനിയ സർവകലാശാലയിലെ ഒരു വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് കൊലപതാക കുറ്റത്തിന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അന്ന് ചെസ്റ്റർ ഹോൾമാന് 21 വയസ്സായിരുന്നു. പിന്നീട് വർഷങ്ങളോളം നീണ്ട പോരാട്ടത്തിനൊടുവിൽ 2019 ജൂലൈയിലാണ് കോടതി അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിടുന്നത്. തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിൽ കെട്ടിച്ചമച്ച ഒരു കേസാണ് അതെന്ന് ജഡ്ജിയ്ക്ക് അവസാനം ബോധ്യപ്പെട്ടു. യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ പൊലീസും, പ്രോസിക്യൂട്ടർമാരും ചേർന്ന് ഒത്തുകളിച്ചതാണെന്ന് ജഡ്ജിയ്ക്ക്  മനസ്സിലായി. തനിക്ക് പറ്റിയ തെറ്റിന് അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്‌തു. 

"ഞാൻ ചെസ്റ്റർ ഹോൾമാനോട് ക്ഷമ ചോദിക്കുന്നു. അദ്ദേഹത്തെ ജയിലിലാക്കിയതിലൂടെ ഞങ്ങൾ ഇരയെ പരാജയപ്പെടുത്തി, ഫിലാഡൽഫിയ നഗരത്തിലെ ജനങ്ങളെ ഞങ്ങൾ പരാജയപ്പെടുത്തി" അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി പട്രീഷ്യ കമ്മിംഗ്സ് കോടതിയിൽ പറഞ്ഞു. ഹോൾമാനെ പുറത്ത് കൊണ്ടുവരാൻ അദ്ദേഹത്തിന്റെ കുടുംബം വർഷങ്ങളോളം പൊരുതിക്കൊണ്ടിരുന്നു. “നിന്നെ തോൽപ്പിക്കാൻ നീ ആരെയും അനുവദിക്കരുത്. ധൈര്യമായിക്കൂ” ഹോൾമാന്റെ അമ്മ എപ്പോഴും അദ്ദേഹത്തോട് പറയുമായിരുന്നു. 1999 -ൽ വൃക്ക തകരാറുമൂലം പക്ഷേ അമ്മ മരിച്ചു. ശവസംസ്കാര ചടങ്ങിന് പോലും മകന് പങ്കെടുക്കാൻ സാധിച്ചില്ല. എന്നെങ്കിലും മകൻ പുറത്ത് വരുമെന്ന് ആ അമ്മ ഉറച്ച് വിശ്വസിച്ചിരുന്നു. 

പഴയതെല്ലാം ഒരു ദുഃസ്വപ്നം പോലെ മറക്കാനും, ഇന്ന് പുതിയ ഒരു അധ്യായം ആരംഭിക്കാനും ഹോൾമാൻ ആഗ്രഹിക്കുന്നു. “എനിക്ക് ഉണ്ടായ കഷ്ടതകൾ പറഞ്ഞറിയിക്കാൻ സാധിക്കില്ല. എന്നാൽ, ഈ നഷ്ടപരിഹാര തുക എന്റെ കുടുംബത്തിലെ എന്റെ ദുഷ്‌കരമായ ഒരു അധ്യായത്തെ അവസാനിപ്പിക്കും. പുതിയൊരു ജീവിതം ആരംഭിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" ഹോൾമാൻ പ്രസ്താവനയിൽ പറഞ്ഞു.