ഇന്ന് മാർട്ടിൻ ലൂഥർ കിങ്ങ് വെടിയേറ്റുമരിച്ച ദിവസമാണ്. മെംഫിസിലുള്ള ലോറൈൻ മോട്ടലിന്റെ രണ്ടാം നിലയിലെ  തന്റെ മുറിയ്ക്കരികിലെ ബാൽക്കണിയിൽ വെടിയേറ്റു വീഴുകയായിരുന്നു ലൂഥർകിങ്ങ്.  പ്രതിയെ ഉടനടി പിടികൂടുകയും ശിക്ഷിക്കുകയും ഒക്കെയുണ്ടായി എങ്കിലും, ആ കൊലയ്ക്കു പിന്നിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുക്കളും അമേരിക്കയുടെ രഹസ്യപ്പൊലീസ് ഏജന്റുമാരും ഒക്കെ പ്രവർത്തിച്ചിട്ടുണ്ടെന്ന തരത്തിലുള്ള കഥകൾ പരന്നിരുന്നു അക്കാലത്ത്. 

 

 

ആരായിരുന്നു ഈ മാർട്ടിൻ ലൂഥർ കിങ്ങ്? അമേരിക്കയിലെ കറുത്തവർഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ധീരനായ നേതാവായിരുന്നു ലൂഥർകിങ്ങ് . അൻപത്തിയേഴു വർഷം മുമ്പ്  അദ്ദേഹം നടത്തിയ 'എനിക്കൊരു സ്വപ്നമുണ്ട്' എന്ന പ്രസംഗം ഇന്നും അമേരിക്കയിലെ ജനങ്ങൾക്ക് ഹൃദിസ്ഥമാണ്. 

ആ ചരിത്രം കണ്ടെത്തണമെങ്കിൽ ഭൂതകാലത്തിലേക്ക് അധികമൊന്നും ഊളിയിടേണ്ടതില്ല, വെറും അറുപതു വർഷങ്ങൾക്ക് മുമ്പ്  അമേരിക്കയിൽ കടുത്ത വർണ്ണവിവേചനം നിലനിന്നിരുന്നു. ലൈൻ ബസുകളിൽ കറുത്തവർഗ്ഗക്കാർക്കും വെളുത്തവർഗക്കാർക്കും വെവ്വേറെ സീറ്റുകളുണ്ടായിരുന്നു. ഒരു ദിവസം അമേരിക്കയിലെ അലബാമയിൽ  റോസാ പാർക്സ് എന്ന കറുത്ത വർഗ്ഗക്കാരി വെളുത്തവർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റിൽ ഇരിക്കുന്നു. ഒരു വെളുത്ത വർഗക്കാരൻ വന്ന് അവരോട് എഴുന്നേറ്റുകൊടുക്കാൻ ആവശ്യപ്പെടുന്നു. അതിനുവിസമ്മതിക്കുന്ന അവരെ അടുത്ത സ്റ്റോപ്പിൽ വെച്ച് പൊലീസ് അറസ്റ്റുചെയ്യുന്നു.

 

 

ഏറെ ജനരോഷത്തിനിടയാക്കിയ ആ സംഭവത്തെത്തുടർന്ന്  അലബാമയിലെ കറുത്തവർഗ്ഗക്കാർ ഐതിഹാസികമായ ഒരു ബഹിഷ്കരണ സമരം തുടങ്ങുന്നു. ഒരൊറ്റ കറുത്തവർഗക്കാരനും പ്രദേശത്തെ ബസ് സംവിധാനം ഉപയോഗിക്കില്ല എന്നതായിരുന്നു തീരുമാനം. 381  ദിവസം നീണ്ടുനിന്ന ആ സമരത്തിന് പിന്നിൽ മാർട്ടിൻ ലൂഥർ കിങ്ങായിരുന്നു. അദ്ദേഹത്തിനുള്ള പ്രചോദനമാവട്ടെ ഇന്ത്യയിൽ ഗാന്ധിജി നടപ്പിലാക്കി വിജയിച്ച സമര രീതികളും. എന്തായാലും സമരം വിജയിച്ചു. ആ വേർതിരിവ് സർക്കാർ എടുത്തുകളഞ്ഞു. 

1959 -ൽ മാർട്ടിൻ ലൂഥർ കിങ്ങ് ഒരു മാസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ വന്നിരുന്നു. അഹിംസയുടെ നാട്ടിലേക്കുള്ള രാഷ്ട്രീയ തീർത്ഥാടനം എന്നായിരുന്നു അദ്ദേഹം ആ സന്ദർശനത്തെ വിശേഷിപ്പിച്ചത്. ഇവിടെ നിന്നുമാർജ്ജിച്ച ഊർജ്ജമാണ് അറുപതുകളിലെ അമേരിക്കയിലെ അദ്ദേഹത്തിന്റെ സമരങ്ങളിൽ പ്രകടമാവുന്നത്.  പറഞ്ഞാൽ ചിലപ്പോൾ വിശ്വസിച്ചെന്നു വരില്ല, ഇന്ന് ഒരു വൻ ശക്തിയായി മാറിയ അമേരിക്കയിൽ, അറുപതുകളുടെ തുടക്കത്തിൽ കറുത്തവരും വെറുത്തവരും തമ്മിലുള്ള വംശീയ വിദ്വേഷത്തിന്റെ വന്മതിൽ തകർക്കാൻ പെടാപ്പാടു പെടുകയായിരുന്നു. ആഭ്യന്തര യുദ്ധത്തിലൂടെ അമേരിക്കയിൽ അടിമത്തം അവസാനിപ്പിക്കപ്പെട്ടെങ്കിലും, തുല്യമായ ജനാധിപത്യാവകാശങ്ങൾ അനുവദിച്ചു കിട്ടാനായി പിന്നെയും ഒരുപാടുകാലം എടുത്തു. ഒരുപാട് ചോര ചിന്തേണ്ടി വന്നു പിന്നെയും. കറുത്ത വർഗക്കാരുടെ സ്വാതന്ത്ര്യസ്വപ്നങ്ങളുടെ പതാകാവാഹകനായിരുന്നു മാർട്ടിൻ ലൂഥർ കിങ്ങ്. 

 

 

1963 -ലാണ്, കറുത്ത വർഗ്ഗക്കാരുടെ മൗലികാവകാശങ്ങൾക്കുവേണ്ടിയുള്ള 'വാഷിങ്ങ്ടൺ സിവിൽ റൈറ്റ്സ്  മാർച്ച്' നടക്കുന്നത്. ഇതിനിടെ 1963  ആഗസ്റ്റ് 28 -ന് മാർട്ടിൻ ലൂഥർ കിങ്ങ്, അമേരിക്കയെ അടിമത്തത്തിൽ നിന്നും മോചിപ്പിച്ച എബ്രഹാം ലിങ്കന്റെ സ്മാരകത്തിന്റെ  പടികളിൽ നിന്നുകൊണ്ട് ഐതിഹാസികമായ ഒരു പ്രസംഗം നടത്തുന്നു. " I have a  dream..' എന്നാണ് ആ പ്രസംഗം അറിയപ്പെട്ടത്. മഹാത്മാ ഗാന്ധിയുടെ ആശയങ്ങളിൽ പ്രചോദിതമായിട്ടുള്ള വലിയൊരു പൗരാവകാശ സമരത്തിന്റെ തന്നെ സ്ഥാപക ശിലയായിരുന്നു ഈ പ്രസംഗം. 1964 -ൽ, നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാർട്ടിൻ ലൂഥർ കിങ്ങ്. 

ലൂഥർ കിങ്ങിന്റെ അതി പ്രസിദ്ധമായ ഈ പ്രഭാഷണം പിന്നീട് വാഷിങ്ങ്‌ടൺ പോസ്റ്റിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലെ വരികൾ ഇന്നും ലോകത്തിലെവിടെയും അതിജീവനത്തിനായുള്ള, അവകാശസംരക്ഷണത്തിനായുള്ള, വിവേചനങ്ങൾക്കെതിരായുള്ള സമരങ്ങൾക്ക് ഉത്തേജനമാണ്.  

ആ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ: 

" 'സ്വാതന്ത്ര്യത്തിനു വേണ്ടി നമ്മുടെ രാജ്യത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ ജനകീയമുന്നേറ്റ'മെന്ന് ചരിത്രം രേഖപ്പെടുത്താൻ പോകുന്ന ഒന്നിനായി നിങ്ങളോടൊപ്പം പങ്കുചേരാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. 

നാമിപ്പോൾ ആരുടെ പ്രതീകാത്മകമായ നിഴലിലാണോ നിൽക്കുന്നത് ആ മഹാനായ മനുഷ്യൻ, ഒരു നൂറ്റാണ്ട് മുൻപ്, ഒരു അടിമത്ത നിരോധന വിളംബരത്തിൽ ഒപ്പുവെയ്ക്കുകയുണ്ടായി. ആ മഹത്തായ പ്രഖ്യാപനം, അനീതിയുടെ തീജ്വാലയിൽ വെന്തുരുകിയ അനേക ലക്ഷംപേരടങ്ങിയ നീഗ്രോജനതയ്ക്ക് മഹത്തായ പ്രതീക്ഷയുടെ ദീപസ്തംഭമായി മാറി. അടിമത്തത്തിന്റെ അതിദീർഘമായ ഘോരാന്ധകാരം അവസാനിച്ച് സന്തോഷകരമായ ഒരു പ്രഭാതം വന്നണയുന്നതുപോലെയായിരുന്നു അത്. 

എന്നാൽ നൂറുവർഷം കഴിഞ്ഞിട്ടും, നീഗ്രോ സ്വതന്ത്രനായിട്ടില്ല എന്ന യാഥാർത്ഥ്യത്തെ നാം അഭിമുഖീകരിക്കുന്നു. നൂറുവർഷമായിട്ടും നീഗ്രോ ഇപ്പോഴും അതേ വിവേചനങ്ങളുടെ ചങ്ങലകളിൽ, ഒറ്റപ്പെടുത്തലിന്റെ കൈവിലങ്ങുകളിൽ ബന്ധിതനായി, അതിദയനീയമായി മുടന്തിക്കൊണ്ടിരിക്കുന്നു. 

എനിക്കൊരു സ്വപ്നമുണ്ട്... തൊലിയുടെ നിറത്തിന്റെ  പേരിലല്ലാതെ, സ്വന്തം ചെയ്തികളുടെ പേരിൽ മാത്രം വിലയിരുത്തപ്പെടുന്ന ഈ ഒരു രാജ്യത്ത്, എന്റെ നാലുമക്കളും ജീവിക്കണം.

എനിക്കൊരു സ്വപ്നമുണ്ട്, ഒരുനാൾ ഈ നാട് ഉയർന്നു വരും.. മനുഷ്യരെല്ലാം തുല്യരാണ് എന്ന സങ്കല്പത്തെ അത് സ്വീകരിക്കുന്ന ആ സുവർണദിനത്തെക്കുറിച്ച് ഞാൻ സ്വപ്നം കാണുന്നുണ്ട്.. 

എനിയ്ക്കൊരു സ്വപ്നമുണ്ട്.. ഒരുനാൾ ജോർജിയയിലെ ചുവന്ന മലകൾക്കു മുകളിൽ ഇന്നത്തെ അടിമകളുടെയും ഉടമകളുടെയും അടുത്ത തലമുറ, സാഹോദര്യ ഭാവത്തോടെ ഒരു മേശയ്ക്ക് ചുറ്റുമിരുന്നു കൊണ്ട് അത്താഴമുണ്ണുന്ന ആ ദിനത്തെപ്പറ്റി ഞാൻ സ്വപ്നം കാണുന്നുണ്ട്..''