ഇന്ത്യയിൽ ഇന്നോളം കൊവിഡ് 19 ബാധിച്ചിട്ടുള്ളത് അയ്യായിരത്തിൽ പരം പേർക്കാണ്. അതിൽ 2500 പേരുടെ രോഗവിവരങ്ങൾ അടങ്ങിയ ഡാറ്റ വിശകലനം ചെയ്തുകൊണ്ട് ലൈവ്മിന്റ് നടത്തിയ രസകരമായ ഒരു പഠനം പുറത്തുവന്നിട്ടുണ്ട്. അതിലെ ചില നിർണ്ണായകമായ വിവരങ്ങൾ ഞെട്ടിക്കുന്നവ കൂടിയാണ്.

ഇന്ത്യൻ കൊവിഡ് 19 രോഗിയുടെ ശരാശരി പ്രായം വെറും 39 വയസ്സ് മാത്രമാണ്. ഇറ്റലിയിൽ അത് 63 ആണെന്നോർക്കുക. വീട്ടിലിരിക്കുന്ന എഴുപതിലധികം സ്ത്രീകൾക്ക് നാട്ടിൽ ഇറങ്ങിനടന്ന് അസുഖം കൊണ്ടുവന്ന്  പകർന്നുകൊടുത്തത്  അവരുടെ പുരുഷന്മാരായ ബന്ധുക്കളാണ്. അതായത് ലോക്ക് ഡൗൺ കാലത്ത് സർക്കാർ പറയുന്നത് ഈ പുരുഷപ്രജകൾ കേട്ടിരുന്നെങ്കിൽ ഈ സ്ത്രീകൾക്ക് അസുഖം വരില്ലായിരുന്നു എന്ന്.ഇന്ത്യയിൽ കൊവിഡ് 19 ബാധിച്ച, അസുഖബാധയാൽ മരിച്ചുപോകുന്നവരുടെയൊക്കെ വിശദവിവരങ്ങൾ ശേഖരിക്കുന്ന ഒരു സ്ഥാപനമാണ് കൊവിഡ് 19 ഇന്ത്യ നെറ്റ് വർക്ക് ഡാറ്റബേസ് എന്നത്. ഈ ഡാറ്റാബേസിൽ രോഗിയുടെ സാമൂഹികസ്ഥിതി, മറ്റു രോഗികളുമായുള്ള ബന്ധം, യാത്രാ വിവരങ്ങൾ, ഇപ്പോഴത്തെ ആരോഗ്യസ്ഥിതി എന്നിവ പരിഗണിക്കപ്പെടുന്നുണ്ട്. ഓരോ സംസ്ഥാനങ്ങളും പുറത്തുവിടുന്ന പ്രസ് ബുള്ളറ്റിനുകളിൽ നിന്നും മറ്റും ശേഖരിക്കപ്പെടുന്ന വിവരങ്ങളാണ് ഈ ഡാറ്റ ബേസിലുള്ളത്. ഈ ഗ്രൂപ്പ് ഏപ്രിൽ മൂന്നു വരെ ശേഖരിച്ചിട്ടുള്ള ഡാറ്റ അടിസ്ഥാനപ്പെടുത്തിയാണ് ലൈവ് മിന്റ് തങ്ങളുടെ പഠനം നടത്തിയിട്ടുളളത്. അതിലാണ് ശരാശരി ഇന്ത്യൻ കൊവിഡ് രോഗിയുടെ പ്രായം ഇറ്റലിയിലേതിനേക്കാൾ 24 വയസ്സെങ്കിലും കുറവാണ് എന്ന കണ്ടെത്തലുള്ളത്. ഇതിന് ഒരുകാരണം ശരാശരി ഇന്ത്യൻ പൗരന് ഇറ്റാലിയൻ പൗരനേക്കാളുള്ള പ്രായക്കുറവ് തന്നെയാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പരിശോധിച്ചുനോക്കിയാൽ, ഇറ്റലിയിലെ പൗരന്മാരുടെ ശരാശരി പ്രായമെന്നത് 47.3 ആണ്. ഇന്ത്യയിൽ അതേ ശരാശരി എടുത്താൽ അത് 28.4 മാത്രമേ കാണൂ.

ആരോഗ്യ വകുപ്പ് ശനിയാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ ഇങ്ങനെ ഒരു പരാമർശമുണ്ട്. " 8.61% രോഗികളുടെയും പ്രായം ഇരുപതിൽ താഴെ മാത്രമാണ്. 41.88% കേസുകൾ 21 നും 40 -നുമിടയിൽ പ്രായമുള്ളവരിലാണ്.  32.82% കേസുകളിലെ പ്രായം  41 നും 60 നുമിടയിലാണ്. ബാക്കി 16.69% കേസുകളിലെ രോഗികളുടെ പ്രായം 60 വയസ്സിനു മുകളിലും. എന്നാൽ, ഇന്ത്യയിലെ കൊവിഡ് മരണങ്ങളുടെ ശരാശരി പ്രായം 57 ആണ്. അതായത് മരണം സംഭവിക്കുന്നത് ഇറ്റലിയിലേതിനേക്കാൾ കുറഞ്ഞ പ്രായപരിധിക്കുള്ളിലാണ്. ഇറ്റലിയിൽ ഇതേ ശരാശരി 80 ആണ്.

ഇന്ത്യയിലെ പുരുഷരോഗികളുടെ മരണനിരക്ക് ലോകത്തിന്റെ കണക്കിനേക്കാൾ കൂടുതലാണ്. ഈ വ്യതിയാനത്തിന് നേരിട്ടുള്ള ഉത്തരവാദിത്തം തബ്‌ലീഗ് ജമാഅത്തിനാണ്. കാരണം, മരണങ്ങളിൽ പകുതിയും ജമാഅത്തിൽ പങ്കെടുത്ത ആളുകൾക്കാണ് സംഭവിച്ചിട്ടുള്ളത്. ആ സമ്മേളനം പുരുഷന്മാർ മാത്രം പങ്കെടുക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ മരിച്ചവരെല്ലാം തന്നെ പുരുഷന്മാരും ആണ്. ആയിരത്തോളം കേസുകൾക്ക് ഈ സമ്മേളനത്തോട് നേരിട്ടുള്ള ബന്ധമുണ്ട്.


സ്ത്രീകളുടെ രോഗബാധകളുടെ വിവരം പരിശോധിക്കാനായത് ഇങ്ങനെ. വിശദവിവരങ്ങൾ പബ്ലിക് ഡൊമൈനിൽ ലഭ്യമായ 202 കൊവിഡ് ബാധിത സ്ത്രീകളിൽ 90 പേരും വിദേശത്തു നിന്ന് മടങ്ങിയെത്തിയവരാണ്. 74 പേർക്ക് അസുഖം പകർന്നത് നാട്ടിലിറങ്ങി നടക്കുന്ന പുരുഷന്മാരായ ബന്ധുക്കളാണ്. 12 പേർക്ക് അസുഖം ജോലിസ്ഥലത്തുനിന്നാണ് കിട്ടിയത്. ആറുപേർ ഡോക്ടർമാരോ നഴ്സുമാരോ ആണ്.

ഇന്ത്യ ലോക്ക് ഡൗണിൽ നിന്ന് പതിയെ പുറത്തിറങ്ങാൻ ശ്രമിക്കുന്ന ഈ വേളയിൽ ഇതുവരെ രോഗം ബാധിച്ചവരെക്കുറിച്ചുള്ള പഠനങ്ങൾ ഇനിയങ്ങോട്ടുള്ള പോരാട്ടത്തിൽ ഏറെ വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകും. ഒരു കാര്യം ഉറപ്പാണ്, കുടുംബത്തിരിക്കേണ്ട ചെറുപ്പക്കാർ ഇങ്ങനെ ലോക്ക് ഡൗൺ കാലത്ത് റോഡിലിറങ്ങി തേരാപ്പാരാ നടന്ന്, രോഗബാധിതരുടെ സമ്പർക്കം പുലർത്തി, അസുഖവും പേറി വീട്ടിൽ വന്നുകൊണ്ടിരുന്നാൽ വീട്ടിൽ അടങ്ങിയൊതുങ്ങിയിരിക്കുന്ന വൃദ്ധരുടെയും, രോഗപ്രതിരോധശേഷി കുറഞ്ഞവരുടെയും സംരക്ഷണം വളരെ പ്രയാസമുള്ള ഒന്നായി മാറും.