കൊറോണാ വൈറസ് പടർന്നു പിടിക്കുന്നത് തടയാൻ പ്രധാനമന്ത്രി മാർച്ച് 24 മുതൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ചങ്കിടിച്ചത് രാജ്യത്തെ പല സംസ്ഥാനങ്ങളിലേക്കും ഉപജീവനാർത്ഥം വന്നെത്തിയിരുന്ന അതിഥി സംസ്ഥാന തൊഴിലാളികളുടെയായിരുന്നു. അന്നന്നത്തെ അന്നം അന്നന്ന് അദ്ധ്വാനിച്ച് കണ്ടെത്തിയിരുന്നവരായിരുന്നു അവരിൽ ഭൂരിഭാഗവും. ഭയന്നിരുന്നപോല, അടുത്ത ദിവസം മുതൽ തന്നെ അവർ തൊഴില്ലായ്മയിലേക്കും പട്ടിണിയിലേക്കും വലിച്ചെറിയപ്പെട്ടു. എന്നാൽ, വീട്ടിൽ തിരിച്ചു ചെന്ന് കുടുംബത്തോടൊപ്പം പട്ടിണിയെങ്കിൽ പട്ടിണി പങ്കിട്ട് അരവയർ കഴിക്കാം എന്ന് വിചാരിച്ചാൽ അതിനും അവർക്ക് സാധിച്ചില്ല. എവിടെയാണോ ചെന്നുപെട്ടത്, അവിടെ കുടുങ്ങി അവർ. 

തൊഴിലെടുപ്പിക്കാൻ പറ്റില്ല എന്ന അവസ്ഥ വന്നപ്പോൾ പലരും അവരെ കിടപ്പാടങ്ങളിൽ നിന്നുപോലും ഇറക്കി വിട്ടു. അതോടെ അത് അവരുടെ വൻതോതിലുള്ള ഒരു പലായനത്തിന് വഴിവെച്ചു. ഉത്തർപ്രദേശ്, ബീഹാർ, അസം. പശ്ചിമബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു അവരിൽ പലരും. സ്വന്തം നാട്ടിലേക്ക് ചെല്ലാൻ ആഗ്രഹിച്ച് റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും ഒക്കെ ചെന്നപ്പോഴാണ് അവർ ഞെട്ടിക്കുന്ന ആ സത്യമറിഞ്ഞത്. നാട്ടിലേക്ക് പോകാനുള്ള ബസ്, ട്രെയിൻ ഒക്കെ സർക്കാർ റദ്ദാക്കിയിരുന്നു എന്ന്. കഴുത്തറുക്കും എന്നറിഞ്ഞുകൊണ്ടുതന്നെ അവർ ടാക്സിക്കാരുടെ അടുത്തും ചെന്നുനോക്കി. ഓരോരുത്തരിലും നിന്നും അവർ ആവശ്യപ്പെട്ടത് 4000 രൂപ വീതമാണ്. അതോടെ ഗതികെട്ട അവർ അടുത്ത മാർഗ്ഗം അന്വേഷിച്ചു. പലരുടെ കയ്യിലും സ്വന്തമായി സൈക്കിൾ ഉണ്ടായിരുന്നു. അവർ ആ സൈക്കിളിൽ കയറി നേരെ വീട് ലക്ഷ്യമാക്കി വെച്ചു പിടിച്ചു. ചണ്ഡീഗഡിൽ നിന്ന് അങ്ങനെ ഉത്തർപ്രദേശിലെ ബെഹ്‌റാം പൂറിലേക്ക് വെച്ചുപിടിച്ച ഒരു സംഘത്തിന് സൈക്കിൾ ചവിട്ടിതത്തീർക്കാനുണ്ടായിരുന്നത് 960 കിലോമീറ്റർ ദൂരമായിരുന്നു. അവരുടെ കഥ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുകയുണ്ടായി. 

 

 

ഈ പെടാപ്പാടിന് മടിച്ച് ചണ്ഡീഗഡിൽ തുടർന്ന പലരും കടുത്ത പട്ടിണിയിലാണ്. പലരും കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ആകെ ഭക്ഷണം കഴിച്ചത് രണ്ടുവട്ടം മാത്രമാണ്. ചണ്ഡീഗഡിൽ പാൻ സിഗരറ്റ് ഷോപ്പുകൾ നടത്തുന്ന മുസഫർ നഗർ സ്വദേശികൾക്കാണ് ഈ ദുര്യോഗമുണ്ടായത്. ഡിഗ്രി പാസായിട്ടും ചണ്ഡീഗഡിൽ റിക്ഷ ഓടിക്കുന്ന യുപി സ്വദേശിയാണ് രാജേന്ദ്ര. അദ്ദേഹത്തെപ്പോലെ തന്നെയാണ് സുനിൽ ശുക്ലയുടെയും കാര്യം. ഇരുവരുടെയും റിക്ഷകൾ കഴിഞ്ഞ ഒരാഴ്ചയായി കട്ടപ്പുറത്താണ്. റോഡിൽ ഇറക്കാൻ നിവൃത്തിയില്ല. 

നിത്യതൊഴിൽ ചെയ്തുണ്ടാക്കുന്ന നാമമാത്രമായ വരുമാനത്തിന്മേലാണ് ഉദരപൂരണം നടന്നിരുന്നത്. ലോക്ക് ഡൗൺ വന്നതോടെ അതും മുട്ടി. അവരുടെ ക്ഷേമം അന്വേഷിക്കാൻ അവിടെ ആരുമില്ലെന്നാണവർ പറയുന്നത്. സ്വന്തം വീട്ടിനുള്ളിലാണെങ്കിൽ പച്ചവെള്ളം കുടിച്ചു കിടന്നാലും കുഴപ്പമില്ല എന്നവർ പറയുന്നു. ഇനി ഒരു നേരത്തേക്ക് കൂടി വെക്കാനുള്ള അരിയേ അവരുടെ പക്കൽ ബാക്കിയുള്ളൂ. അതുകഴിഞ്ഞാൽ എന്തുചെയ്യണം എന്നറിയില്ല. അധികാരികൾ തങ്ങളെ സ്വന്തം നാട്ടിലെത്തിക്കാൻ വേണ്ട സംവിധാനമെങ്കിലും ചെയ്തു തന്നിരുന്നെങ്കിൽ എന്നാണ് അവർ കരഞ്ഞു കൊണ്ട് പറഞ്ഞത്.