Asianet News MalayalamAsianet News Malayalam

കേരളത്തിലും 'മൈക്രോ ഫോറസ്റ്റ്' ഉണ്ടാക്കൂ, പ്രകൃതിദുരന്തങ്ങളെ ചെറുക്കാം; മിയാവാക്കി കേരളത്തോട് പറയുന്നു...

പരമാവധി ജനങ്ങളിലേക്ക് ഈ വിവരമെത്തിക്കാനും അവര്‍ക്ക് പരിശീലനം നല്‍കാനും ഞങ്ങള്‍ തയ്യാറാണ്. അതൊരു വലിയ മുന്നേറ്റമായി മാറും എന്നാണ് കരുതുന്നത്. 

miyawaki project in kerala
Author
Thiruvananthapuram, First Published Aug 20, 2019, 3:51 PM IST

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ഇനി കേരളത്തിന് അയല്‍പ്പക്കങ്ങളിലെ കഥയല്ല, പൊള്ളുന്ന അനുഭവങ്ങളായി അത് നമ്മുടെ മുന്നിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയം, ഈ വര്‍ഷത്തെ കനത്ത മഴയും ഉരുള്‍പൊട്ടലും... ഇതെല്ലാം അനുഭവിച്ചും അതിജീവിച്ചും കടന്നുപോവാന്‍ നോക്കുകയാണ് കേരള ജനത. ഒപ്പംതന്നെ എന്തുകൊണ്ടാണീ ദുരന്തങ്ങളുണ്ടാകുന്നത്, അതില്ലാതെയാക്കാന്‍ എന്താണിനി ചെയ്യേണ്ടത് എന്നെല്ലാമുള്ള ചിന്തകളും ചര്‍ച്ചകളും കൂടിയുണ്ടാകുന്നുണ്ട്. 

പ്രളയവും ഉരുള്‍പൊട്ടലും പ്രതിരോധിക്കുന്നതിനായി കേരളത്തിലും മൈക്രോ ഫോറസ്റ്റുണ്ടാക്കണമെന്ന് പറയുകയാണ് ജാപ്പനീസ് പ്രകൃതി ശാസ്ത്രജ്ഞന്‍ അകിരാ മിയാവാകി. അദ്ദേഹമാണ് ഈ മിനിയേച്ചര്‍ ഫോറസ്റ്റ് എന്ന ആശയത്തിന്‍റെ പ്രവക്താവ്. അതിനാല്‍ത്തന്നെ അത് അറിയപ്പെടുന്നത് മിയാവാക്കി പ്രൊജക്ട് എന്നാണ്. ലോകത്താകെ ശ്രദ്ധ നേടിയ ആശയമായിരുന്നു മിനിയേച്ചര്‍ ഫോറസ്റ്റ് എന്നത്. പരിസ്ഥിതി പ്രവർത്തകരും സർക്കാരുകളും മിയാവാക്കിയുടെ ആശയത്തെ പിന്തുടര്‍ന്ന് ഭൂമിയിലാകെയായി 4000 ഏക്കറിലധികം ഇത്തരം വനമേഖല ഉണ്ടാക്കിയിട്ടുണ്ട്.

എന്താണ് മിയാവാക്കി പ്രൊജക്ട്: കുറഞ്ഞ സമയം കൊണ്ട് കുറച്ച് സ്ഥലത്ത് കൂടുതല്‍ മരങ്ങള്‍ നട്ടുവളര്‍ത്തി സ്വാഭാവികമായ വനത്തിനു സമാനമായ കാടുണ്ടാക്കിയെടുക്കുന്ന രീതിയാണ് മിയാവാക്കി കാടുവളര്‍ത്തല്‍ രീതി. മിയാവാക്കി പ്രൊജക്ടിന്‍റെ അടിസ്ഥാനം നമ്മുടെ കാവുകളുടെ രീതി തന്നെയാണ്. അടിക്കടി പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന ഇടം കൂടിയാണ് ജപ്പാന്‍. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ സ്വാഭാവികമായി കാവുകളിലും മറ്റും വളരുന്ന മരങ്ങള്‍ അവിടെത്തന്നെ നിലനില്‍ക്കുന്നു. അടിവേര് എത്രത്തോളം ഇറങ്ങിയിരിക്കുന്നോ അവിടെ പ്രകൃതിദുരന്തങ്ങളെ ചെറുക്കാനുള്ള കഴിവും കൂടുതലായിരിക്കുമെന്ന് ഇതിലൂടെ ബോധ്യപ്പെടുന്നു. അങ്ങനെയുള്ള സ്വാഭാവികമായ വനങ്ങളുണ്ടാക്കിയെടുക്കുകയാണ് മിയാവാക്കി പ്രൊജക്ടിന്‍റെ ഭാഗമായി ചെയ്യുന്നത്. 

അകിരാ മിയാവാകി കേരളത്തിലെ സര്‍ക്കാരിനോടും ജനങ്ങളോടും പറയുന്നതും ഇങ്ങനെ പരമാവധി മരങ്ങള്‍ നടാനാണ്. 'പരമാവധി ജനങ്ങളെ ഉപയോഗിച്ചുകൊണ്ട് പരമാവധി മരങ്ങള്‍ നടൂ' എന്നാണ് അദ്ദേഹം കേരളത്തോടും പറയുന്നത്. അതുപോലെ തന്നെ മൈക്രോ- ഫോറസ്റ്റുകള്‍ നിര്‍മ്മിക്കാനായി ജനങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും മിയാവാകി പറയുന്നു. 92 -ാമത്തെ വയസ്സില്‍ ഗുരുതരമായ ഒരു രോഗത്തില്‍നിന്നും മുക്തിനേടി വരികയാണ് മിയാവാകി. മിയാവാകിയുടെ സന്ദേശം അറിയിച്ചിരിക്കുന്നത് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍വിസ് മള്‍ട്ടിമീഡിയ എം ഡി, എം ആര്‍ ഹരിയാണ്.  മിയാവാക്കി പ്രൊജക്ട് നടപ്പിലാക്കുന്നതിനായി പരിശീലനം നല്‍കാന്‍ തയ്യാറാണെന്നും ഹരി പറയുന്നു. നിലവില്‍ കേരളത്തില്‍ 15 മിയാവാക്കി പ്രൊജക്ടുകള്‍ ഇവര്‍ നടപ്പിലാക്കിയിട്ടുണ്ട്. 

miyawaki project in kerala

എം ആര്‍ ഹരി, അകിരാ മിയാവാക്കി

Nature's Green Guardian Foundation, Culture Shoppe -എന്നിവയുമായി ചേര്‍ന്ന് കൊണ്ടായിരിക്കും പരിശീലനം നല്‍കുന്നത്. സര്‍ക്കാരിന്‍റെ കീഴിലുള്ള സ്ഥലങ്ങളിലും സ്വകാര്യവ്യക്തികളുടെ കൈവശമുള്ള സ്ഥലങ്ങളിലും ഇത്തരത്തില്‍ ഫോറസ്റ്റുകളുണ്ടാക്കുന്നത് പ്രകൃതിദുരന്തങ്ങളെ ചെറുക്കാന്‍ സഹായകമാകും എന്ന് എം ആര്‍ ഹരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

പരമാവധി ജനങ്ങളിലേക്ക് ഈ വിവരമെത്തിക്കാനും അവര്‍ക്ക് പരിശീലനം നല്‍കാനും ഞങ്ങള്‍ തയ്യാറാണ്. അതൊരു വലിയ മുന്നേറ്റമായി മാറും എന്നാണ് കരുതുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ തന്നെ തൈകള്‍ ശേഖരിക്കാനും നട്ടുപിടിപ്പിക്കാനും എല്ലാം മുന്നോട്ട് വരികയാണെങ്കില്‍ ചെലവും കുറയും. താല്‍പര്യമുള്ള ആളുകളെ സംഘടിപ്പിച്ച് നവംബര്‍ മുതല്‍ രണ്ടുദിവസത്തെ പരിശീലനം നല്‍കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. പത്തോ ഇരുപത്തഞ്ചോ പേര്‍ക്ക് പുളിയറക്കോണത്ത് ഇപ്പോള്‍ മൂന്നോ നാലോ മിയാവാക്കി പ്രൊജക്ട് നടപ്പിലാക്കിയിട്ടുണ്ട്, അതടക്കം കാണിച്ചുകൊടുത്തുകൊണ്ട് പരിശീലനം നല്‍കാനാണ് കരുതുന്നത്. 

മിനിയേച്ചര്‍ ഫോറസ്റ്റ് എന്നത് കേരളത്തില്‍ വലിയ പണച്ചെലവുള്ള കാര്യമാണ്. പലയിടത്തും ഏക്കറ് കണക്കിനാണ് ഇത് നടപ്പിലാക്കുന്നത്. ഇവിടുത്തെ സാമൂഹ്യ-സാമ്പത്തിക നിലയനുസരിച്ച് ഒന്നോ രണ്ടോ സെന്‍റുകളില്‍ മരം നടുക എന്നതാണ് പ്രായോഗികം. പരമാവധി വീടുകളിലേക്കും സ്കൂള്‍ പോലെയുള്ള ഇന്‍സ്റ്റിറ്റിയൂട്ടുകളിലേക്കും ഇത് വ്യാപിപ്പിക്കുക എന്നതാണ് കേരളത്തില്‍ ചെയ്യാനാവുക. കൂടുതല്‍ സ്ഥലമുള്ളവര്‍ കൂടുതല്‍ സ്ഥലത്ത് മിയാവാക്കി പ്രൊജക്ട് നടപ്പിലാക്കുക എന്നതാണ് ഇവിടെ ചെയ്യാനാവുക. 

15 മിയാവാക്കി പ്രൊജക്ടുകള്‍ നിലവില്‍ കേരളത്തില്‍ ചെയ്തിട്ടുണ്ട്. അതിലേറ്റവും കൂടുതല്‍ തിരുവനന്തപുരത്താണ്. കൂടാതെ, തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെല്ലാം മിയാവാക്കി മോഡല്‍ പ്രൊജക്ട് ചെയ്ത് വരുന്നു. ഇത് ബിസിനസായി ചെയ്യുന്നതല്ല. കേരളത്തിലെ നിലവിലെ സാഹചര്യത്തിലെന്ത് ചെയ്യാനാകുമെന്നതിന്‍റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനം മാത്രമാണ്. 

Follow Us:
Download App:
  • android
  • ios